21 Saturday
December 2024
2024 December 21
1446 Joumada II 19

കരുണയുടെ മഴയില്‍ മനം കുളിരട്ടെ

ഇബ്‌റാഹീം ശംനാട്‌


മനുഷ്യമനസ്സില്‍ നിന്ന് കാരുണ്യം നീങ്ങിപ്പോയ ഒരു കരാള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം രക്ഷിതാക്കളോടും സഹധര്‍മ്മിണിയോടും സന്താനങ്ങളോടു പോലും കാരുണ്യം കാണിക്കാത്ത ആസുര കാലമാണിത്. മനുഷ്യത്വം വറ്റി വരണ്ട് മനസ്സ്
മരുഭൂമിയായി മാറിയ കാലം. സ്വയം അനുഭവിക്കുന്ന സമൃദ്ധിയുടെ ആധിക്യത്താല്‍ പലര്‍ക്കും കാരുണ്യം എപ്പോള്‍, എവിടെ, ആര്‍ക്ക് ചെയ്ത് കൊടുക്കണം എന്ന് അറിയാത്ത അവസ്ഥ. എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ കാരുണ്യത്തിന്റെ സ്പര്‍ശം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്?
ഈ അവസ്ഥക്ക് മാറ്റം വരുത്താനും ആര്‍ദ്രതയുള്ള മനസിന്റെ ഉടമയായിത്തീരാനും കൂടിയാണ് നാം വ്രതമനുഷ്ഠിക്കുന്നത്. റമദാനിലെ മുപ്പത് ദിവസത്തെ മൂന്നായി പകുത്ത് ആദ്യ പത്ത് കാരുണ്യത്തിനും രണ്ടാമത്തെ പത്ത് പാപമോചനത്തിനും മൂന്നാമത്തെ പത്ത് നരക വിമുക്തിക്കുള്ള പ്രാര്‍ഥനക്കും വേണ്ടി പ്രതീകാത്മകമായി നീക്കിവെച്ചിരിക്കുന്നതിന്റെ പൊരുള്‍ അല്ലാഹുവിന്റെ അതിരില്ലാത്ത കാരുണ്യം നമ്മില്‍ വര്‍ഷിക്കേണമേ എന്ന് പ്രാര്‍ഥിക്കുവാനായിരുന്നുവല്ലോ. അല്ലാഹുവിന്റെ കാരുണ്യം നമുക്ക് ലഭിക്കണമെന്നുണ്ടെങ്കില്‍, ആ കാരുണ്യം നാം ഭൂമിയിലുള്ളവരോട് കാണിക്കണമെന്നാണ് പ്രവാചകന്‍ ആവശ്യപ്പെട്ടത്. കാരുണ്യം ചൊരിയാന്‍ കാല്‍ചുവട്ടില്‍ തന്നെ നിരവധി അവസരങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ അത് ശ്രദ്ധിക്കാറില്ല.
സമൂഹത്തിലെ മര്‍ദിതരും പീഡിതരും അവശരുമായ വിഭാഗമാണല്ലോ സ്ത്രീകളും കുട്ടികളും അടിമകളും. ഇവരുടെ പ്രശ്‌നങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഖുര്‍ആനിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് സൂറത്ത് നിസാഅ്. വിധവകള്‍ ഉള്‍പ്പടെയുള്ള സമൂഹത്തിലെ ദുര്‍ബലരോട് കാരുണ്യത്തോടും ആര്‍ദ്രതയോടും പെരുമാറേണ്ടതിന്റെ അനിവാര്യതയും അവരുടെ അവകാശങ്ങളുമാണ് ആ അധ്യായത്തിലെ പ്രതിപാദ്യം. ഇതിലെ ഓരോ സൂക്തവും ദുര്‍ബലരോട് കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നുന്നത്. ആ നിലക്ക് നമ്മുടെ കാരുണ്യത്തിന്റെ കണ്ണുകള്‍ പതിയേണ്ടവരാണ് ഈ മൂന്ന് വിഭാഗം ആളുകളും.
കാരുണ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും വൃദ്ധസദനങ്ങളും പതിവായി സന്ദര്‍ശിക്കാം. സമൂഹത്തിലെ ആ ദുര്‍ബലര്‍ നമ്മുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. ഒരു പുഞ്ചിരി തൂകുന്ന മുഖത്തിനായി. ഒരു ആശ്വാസ വചനത്തിനായി. ജീവിത തിരക്കിനിടയില്‍ അവരോടൊപ്പം അല്‍പം സമയം ചിലവഴിക്കാന്‍ സമയം കണ്ടത്തെുന്നത് മനസ്സിലെ കാരുണ്യത്തിന്റെ ഉറവ വറ്റാതിരിക്കാന്‍ സഹായകമാവും.

Helping the Elderly


മനുഷ്യ ജീവിതത്തിന്റെ അനിവാര്യ തേട്ടമാണല്ലോ യാത്ര. കുത്തിനിറച്ചുള്ള ബസ് യാത്രയും തീവണ്ടി യാത്രയും എന്നെങ്കിലും നാട് നീങ്ങുമെന്ന് ആര്‍ക്കെങ്കിലൂം തോന്നുന്നുണ്ടോ? എന്നാല്‍ നമ്മെക്കാള്‍ കഷ്ടപ്പെടുന്നവരെ ഈ യാത്രയില്‍ നാം കാണാറില്ലേ? നാം കൈവശപ്പെടുത്തിയ സീറ്റില്‍ അമര്‍ത്തി ഒരു ഇരുത്തം. മണിക്കുറുകള്‍ ഇരുന്നാലും തൊട്ടടുത്ത് ദീര്‍ഘനേരം നില്‍ക്കുന്ന ഒരാളോട് സ്വമേധയാ ഇരിക്കേണമോ എന്ന ഉപചാര വാക്കെങ്കിലും ചോദിക്കുന്നവര്‍ എത്ര പേരാണുള്ളത്? സീറ്റ് കൊടുക്കരുത് എന്ന ദുഷ്ട മനസ്സൊന്നും നമുക്കുണ്ടാവാനിടയില്ല. യാത്രക്കാരായ കിടപ്പ് രോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് അല്‍പ നേരത്തേക്കെങ്കിലും സീറ്റൊഴിഞ്ഞ് കൊടുക്കുന്നത്് കാരുണ്യം ചൊരിയാനുള്ള ഒരു വഴിയും ഒപ്പം നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ ആര്‍ദ്രത തളിരിടാനും സഹായകമാവും.
നമ്മുടെ ആദ്യത്തെ കടമയും കടപ്പാടും കുടുംബത്തോടും അയല്‍ക്കാരോടും സ്‌നേഹിതന്മാരോടുമാണ്. Charity begins at home എന്നാണല്ലോ പ്രമാണം. അതിനാല്‍ മറ്റുള്ളവരിലേക്ക് കാരുണ്യത്തിന്റെ ഹസ്തം നീട്ടുന്നതിന് മുമ്പായി അത് സ്വന്തക്കാരിലേക്ക് തന്നെ നീളട്ടെ. സ്‌നേഹമസൃണമായ രീതിയില്‍ രക്ഷിതാക്കളോടും കുട്ടികളോടും സഹധര്‍മ്മിണിയോടും വീട്ടുവേലക്കാരോടും പെരുമാറുക. ഒരിക്കല്‍ ഒരു അനുചരന്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, വേലക്കാരന് ഒരു ദിവസം എത്ര പ്രാവശ്യം മാപ്പ് കൊടുക്കണം? നബി മൗനം പാലിച്ചു. ചോദ്യം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: എഴുപത് പ്രാവശ്യം അവന് മാപ്പ് നല്‍കുക.
സഹായം ആവശ്യമുള്ള ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ആഹാരം, വസ്ത്രം, ചികില്‍സ, ഭവന നിര്‍മ്മാണം, വിവാഹം, വിദ്യാഭ്യാസം തുടങ്ങി എണ്ണമറ്റ ജീവിതാവശ്യങ്ങള്‍ക്കായി കൈനീട്ടുന്നവര്‍ നമുക്ക് പുതുമയുള്ള കാര്യമല്ല. പത്ര ദ്വാര ഇത്തരം ആവശ്യങ്ങള്‍ക്കായി സഹായം അഭ്യര്‍ഥിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ധാരാളം. അവരെ സഹായിക്കുക. ചോദിക്കുന്നവരെ ആട്ടി അകറ്റരുതെന്ന് ഖുര്‍ആന്‍ കല്പിക്കുമ്പോള്‍, കുതിര പുറത്ത് സവാരി ചെയ്ത് ഭിക്ഷ യാചിക്കുന്നവനെ പോലും ആട്ടി അകറ്റരുതെന്ന്് പ്രവാചക വചനവും ഓര്‍മ്മപ്പെടുത്തുന്നു. ഒന്നിനും കഴിയുന്നില്ലെങ്കില്‍, ഒരു പുഞ്ചിരി, ഒരു സ്പര്‍ശം, ഹൃദ്യമായ സംസാരം. ഇതും കാരുണ്യ പ്രകടനത്തിന്റെ ഭാഗം തന്നെ. കേരളീയരായ നാം സാക്ഷരത കൊണ്ട് സമ്പന്നരാണെങ്കില്‍ കാരുണ്യത്തിന്റെ വൈകാരിക ഭാഷകൊണ്ട് സഹജീവികളോട് സംവദിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
നമ്മുടെ കാരുണ്യം ആവശ്യമായ മറ്റൊരു മേഖലയാണ് പരിസ്ഥിതിയും മൃഗങ്ങളും. നവ മുതലാളിത്ത സംസ്‌കാരത്തിന്റെ യുദ്ധോത്സുക വികസന ത്വരയുടെ ഫലമായി നാം ജീവിക്കുന്ന പ്രകൃതിയും തിര്യക്കുകളും ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണല്ലോ. കുന്നുകളും നീര്‍തടങ്ങളും അരുവികളും മറ്റ് അനേകം ജീവജാലങ്ങളുമെല്ലാം മനുഷ്യന്റെ അതിക്രമത്തിന്റെ ഫലമായി നശിച്ച് കൊണ്ടിരിക്കുകയാണ്. കാരുണ്യമുള്ള സുമനസ്സുകള്‍ക്ക് ഈ കാഴ്ചപണ്ടങ്ങള്‍ കണ്ട് നിശ്ചലനായിരിക്കുക സാധ്യമല്ല.
മനുഷ്യാവകാശങ്ങള്‍ക്ക് എന്ന പോലെ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. കോഴി പോരും കാളപൂട്ട് മല്‍സരവും ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്നത് അജ്ഞാത യുഗത്തിന്റെ ലക്ഷണമല്ലാതെ മറ്റെന്താണ്? അതിനെതിരെ നമ്മുടെ യുവജന സംഘടനകള്‍ പോലും ശബ്ദിക്കുന്നില്ല എന്നതാണ് ഖേദകരം. ദാഹിച്ച നായക്ക് വെള്ളം കൊടുത്ത ദുര്‍വൃത്തയായ സ്ത്രീ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതും സദ്‌വൃത്തയായ സ്ത്രീ പൂച്ചയെ ബന്ധിച്ചതിന്റെ പേരില്‍ നരകത്തില്‍ കടക്കുന്ന കാര്യവും ഒരു പ്രവാചക വചനത്തില്‍ സുപ്രസിദ്ധമാണല്ലൊ.
എല്ലാവര്‍ക്കും ആവശ്യമുള്ളതും എന്നാല്‍ എല്ലാവരും നല്‍കേണ്ടതുമായ അടിസ്ഥാനപരമായ ഒരു മാനുഷിക ഗുണമാണ് കാരുണ്യം. കാരുണ്യം ചൊരിയാനുള്ള വഴികള്‍ ഒരിക്കലും പരിമിതപ്പെടുത്തുക സാധ്യമല്ല. അത് കാണാനുള്ള കാരുണ്യത്തിന്റെ കണ്ണ് ഉണ്ടാവണമെന്ന് മാത്രം. എത്രമാത്രം ആ കാരുണ്യം നമുക്ക് മറ്റുള്ളവരിലേക്ക് ചൊരിയാന്‍ കഴിയുന്നുവോ അത്രമാത്രം അത് നമുക്ക് പലവഴിക്കായി തിരിച്ച് ലഭിച്ച് കൊണ്ടേയിരിക്കും; അലംഘനീയമായ ഒരു പ്രകൃതി നിയമം എന്ന പോലെ. അല്ലാഹു കാരുണാമയനാണ്്. പ്രവാചകന്‍ കാരുണ്യവാനാണ്. ആ കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ അവതീര്‍ണമായ വേദമാണ് ഖുര്‍ആന്‍.
കാരുണ്യം ചെയ്യാന്‍ അനേകം വഴികള്‍ തുറന്നിട്ടിരിക്കുന്ന മാസമാണ് റമദാന്‍. ബാഹ്യമായ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ആന്തരികമായി കാരുണ്യമുള്ള മനസ്സിന്റെ ഉടമകളായി നാം മാറുന്നതാണ്. അത് നമ്മുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നു. കാലം നമ്മോട് ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. ഉപവാസമനുഷ്ഠിച്ചിരുന്ന സഹാബി വനിത തന്റെ വീട്ട് വേലക്കാരിയോട് കയര്‍ത്ത് സംസാരിക്കുന്നത് കണ്ട പ്രവാചകന്‍ നിന്റെ നോമ്പ് മുറിച്ച് കളഞ്ഞോളൂ എന്നു പറഞ്ഞു. ഞാന്‍ വ്രതമനുഷ്ഠിക്കുന്നുണ്ടല്ലോ എന്ന് അവള്‍ തിരുദൂതരെ അറിയിച്ചപ്പോള്‍ വീട്ട് വേലക്കാരിയോട് അപമര്യാദയായി പെരുമാറിയതിലൂടെ നിന്റെ നോമ്പ് മുറിഞ്ഞുപോയിരിക്കുന്നു എന്നായിരുന്നു അവിടുത്തെ പ്രതികരണം.
റമദാന്‍ അവസാനിക്കുന്നതോടെ നമ്മുടെ സ്വഭാവ ഘടനയില്‍ വലിയ മാറ്റം ഉണ്ടാവണം. ഒരു കാര്യം പതിവായി ഇരുപത്തിയൊന്ന് പ്രാവശ്യം ചെയ്താല്‍ അത് നമ്മുടെ ദിനചര്യയാവുമെന്നാണ് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ സിദ്ധാന്തിക്കുന്നത്. സദ്ഗുണങ്ങള്‍ സ്വാംശീകരിക്കാന്‍ തുടര്‍ച്ചയായ മുപ്പത് ദിനങ്ങള്‍ക്കാണ് റമദാന്‍ മാസം അവസരം നല്‍കുന്നത്. മരുഭൂമിയായി മാറിയ മനസ്സ് ആര്‍ദ്രമാവാന്‍ ഇതിനെക്കാള്‍ ഉത്തമമായ മറ്റൊരു ചികിത്സയുമില്ല. ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ നമ്മുടെ ഈ സ്വഭാവ മാറ്റം സൃഷ്ടിക്കുന്ന പ്രതിഫലനം വിവരണാതീതമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Back to Top