ഗര്‍ഭഛിദ്ര ഗുളിക വില്‍പന യുഎസ് കോടതി തടഞ്ഞു
യുഎസില്‍ 2 ദശകമായി ഉപയോഗത്തിലുള്ള ഗര്‍ഭഛിദ്ര ഗുളികയുടെ വില്‍പന തടഞ്ഞ് ടെക്‌സസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. രാജ്യമെങ്ങും ഈ വിധി ബാധകമാകും. തൊട്ടുപിന്നാലെ ഈ ഗുളികയുടെ വില്‍പന തടയരുതെന്നു നിര്‍ദേശിച്ച് വാഷിങ്ടന്‍ ഫെഡറല്‍ ജഡ്ജിയും ഉത്തരവു നല്‍കി. 17 സംസ്ഥാനങ്ങള്‍ക്കാണ് ഇതു ബാധകമാകുക. ഇതോടെ ഗര്‍ഭഛിദ്രം സംബന്ധിച്ച് യുഎസില്‍ നടക്കുന്ന രാഷ്ട്രീയ, നിയമ പോരാട്ടം കൂടുതല്‍ സങ്കീര്‍ണമായി. കഴിഞ്ഞ വര്‍ഷം യുഎസ് സുപ്രീം കോടതി ഗര്‍ഭഛിദ്രം സ്ത്രീയുടെ ഭരണഘടനാപരമായ അവകാശമാണെന്നതു റദ്ദാക്കിയിരുന്നു.
സര്‍ക്കാര്‍ ഏജന്‍സിയായ എഫ്ഡിഐ (ദ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകരിച്ച മിഫെപ്രിസ്റ്റോണ്‍ എന്ന ഗര്‍ഭഛിദ്രഗുളികയുടെ വില്‍പന തടഞ്ഞാണ് ടെക്‌സസ് ഡിസ്ട്രിക്ട് ജഡ്ജി മാത്യു കാസ്മരെക് ഉത്തരവിട്ടത്. ഇതിനെതിരെ ജോ ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കിയിട്ടുണ്ട്.
ഗര്‍ഭഛിദ്രത്തിന്റെ നിയമസാധുത റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെ യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കിയിരുന്നു. ഡെമോക്രാറ്റുകള്‍ ഗര്‍ഭഛിദ്രാവകാശം അംഗീകരിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതിനെതിരാണ്.