8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മെഡിക്കല്‍ പ്രൊഫഷണലിസവും കോടികളുടെ കോച്ചിംഗ് വ്യവസായവും

സാനിക അത്താവാലെ


ജസ്റ്റിസ് എ കെ രാജന്‍ തലവനായ ഒരു ഉന്നതതല സമിതി നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. നീറ്റ് പരീക്ഷ തമിഴ്‌നാട്ടിലൊന്നാകെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്ന് ഗവണ്മെന്റ്-സ്വകാര്യ രംഗങ്ങളിലൊട്ടാകെ എംബിബിഎസ് നേടാനായി തയ്യാറെടുക്കുന്നവരിലും അത് നേടിയെടുക്കുന്നവരിലും ഗണ്യമായ കുറവു വരുത്തിയിരിക്കുന്നു എന്നാണ് അതിന്റെ കണ്ടെത്തല്‍.
റിപ്പോര്‍ട്ട്, മെഡിക്കല്‍ ഉദ്യോഗാര്‍ഥികളെ ഒന്നിലധികം പ്രവേശന പരീക്ഷകളുടെ ഭാരത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പു പ്രക്രിയയില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് നീറ്റ് ഉദ്ദേശിക്കുന്നതെന്ന വാദം തെറ്റാണെന്ന് അടിവരയിടുന്നുണ്ട്.
തമിഴ്‌നാട് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനില്‍ (ഠചടആടഋ) നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അപേക്ഷകരുടെ ശതമാനം നീറ്റിനു മുമ്പുള്ള കാലയളവില്‍ (2017നു മുമ്പ്) 95 ശതമാനമായിരുന്നെങ്കില്‍ നീറ്റ് വന്നതിനു ശേഷം 64.27 ശതമാനമായി കുറഞ്ഞു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്ന്. മൂന്നു വര്‍ഷം മാത്രമുള്ള കാലയളവു കൊണ്ട് 31 ശതമാനമാണ് എന്റോള്‍മെന്റില്‍ ഇടിവു സംഭവിച്ചത്.
കണക്കുകളുടെയും ട്രെന്‍ഡുകളുടെയും പിന്തുണയോടെ, നീറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം തമിഴ്‌നാട്ടിലെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്ത അവസ്ഥ വന്നേക്കാമെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്ത അവസ്ഥ വന്നേക്കാമെന്നും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ദരിദ്രര്‍ക്ക് മെഡിക്കല്‍ കോഴ്‌സുകള്‍ അപ്രാപ്യമായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നുണ്ട്.
റിപ്പോര്‍ട്ട് കാതലായും മുന്നോട്ടുവെക്കുന്ന പത്തു പോയിന്റുകള്‍ ഇവയാണ്:

നീറ്റിനെതിരെ അധഃസ്ഥിതര്‍
ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കായി 2021 ജൂലൈയില്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 86,342 മറുപടികള്‍ അതിനു ലഭിക്കുകയുണ്ടായി. 18,966 പേര്‍ നീറ്റ് സംവിധാനത്തെ അനുകൂലിച്ചപ്പോള്‍ 65,007 പേര്‍ നീറ്റിനോട് എതിര്‍പ്പു പ്രകടിപ്പിച്ചതായാണ് കാണാന്‍ കഴിഞ്ഞത്. ഈ മറുപടികളില്‍ നിന്ന് നീറ്റിന് അനുകൂലമായി 7 വാദങ്ങള്‍ ശേഖരിക്കാനായപ്പോള്‍, തികച്ചും വ്യത്യസ്തമായ 20 വാദമുഖങ്ങള്‍ നീറ്റിന് എതിരായി സമിതിക്ക് കണ്ടെത്താന്‍ കഴിഞ്ഞു.

വിദ്യാര്‍ഥി മൂല്യനിര്‍ണയം
സമഗ്രമല്ല

ടെസ്റ്റ് പേപ്പറുകളുടെ സ്‌കോര്‍, വ്യക്തിഗത അഭിപ്രായങ്ങള്‍, ഹയര്‍സെക്കന്‍ഡറി മാര്‍ക്കുകള്‍, ഇന്റര്‍വ്യൂകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി എംബിബിഎസ് യോഗ്യത നിശ്ചയിക്കുന്ന വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഉദ്യോഗാര്‍ഥികളുടെ പഠന-മനന കഴിവുകളും അഭിരുചിയും അളക്കാന്‍ നീറ്റ് ക്രിയാത്മകമായി പരിശ്രമിക്കുന്നില്ല. എംബിബിഎസ് കോഴ്‌സിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏക മാനദണ്ഡം നീറ്റ് സ്‌കോറാണെന്നത് എല്ലാ ശാസ്ത്രീയ രൂപങ്ങളെയും പരീക്ഷാ തത്വങ്ങളെയും മറികടക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പഠനത്തേക്കാള്‍
കോച്ചിങിന്
പ്രോത്സാഹനം

കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചുപൊന്താന്‍ നീറ്റ് കാരണമായെന്നും അതില്‍ 400 എണ്ണം 2017 മുതല്‍ തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 5750 കോടി രൂപയുടെ വ്യവസായമായി കോച്ചിംഗ് ബിസിനസ് വളര്‍ന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിക്കുന്നു.
കോച്ചിംഗിലുള്ള ഊന്നല്‍ സാമ്പത്തികമായും സാമൂഹികമായും സവിശേഷാധികാരം കൈയാളുന്ന കുടുംബങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കു മേല്‍ അധിക മൈലേജ് നേടാന്‍ സഹായകമാകും. മെഡിക്കല്‍ പഠനത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് അത്യന്താപേക്ഷിതമായ വൈജ്ഞാനിക യുക്തി, സര്‍ഗാത്മക, സാമൂഹിക, പെരുമാറ്റ വൈദഗ്ധ്യം എന്നിവ ഉള്‍പ്പെടെയുള്ള സര്‍വതല വൈദഗ്ധ്യം നേടാനുള്ള അവസരം വരാനിരിക്കുന്ന മെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

സിബിഎസ്ഇ
അനുകൂലത

സിബിഎസ്ഇ 12ാം ക്ലാസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ തമിഴ്‌നാട്ടില്‍ നീറ്റ് ആരംഭിച്ചതിനു ശേഷം ആനുപാതികമല്ലാത്ത ഉയര്‍ന്ന നിരക്കില്‍ എംബിബിഎസ് പ്രവേശനം നേടുന്നുണ്ടെന്ന് പഠനം കണ്ടെത്തി. 2015-16 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്ന സിബിഎസ്ഇ വിദ്യാര്‍ഥികളുടെ നിരക്ക് പൂജ്യമായിരുന്നിടത്തുനിന്ന് 2020-21 വര്‍ഷത്തില്‍ 26.83 ശതമാനമായി ഉയര്‍ന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍, സിബിഎസ്ഇ വിദ്യാര്‍ഥികളുടെ എന്റോള്‍മെന്റിന്റെ എണ്ണം 2015-16ല്‍ 0.07 ശതമാനത്തില്‍ നിന്ന് 2020-21ല്‍ 12.01 ശതമാനമായി ഉയര്‍ന്നു.

നീറ്റ് സിലബസ്
സ്റ്റേറ്റ് ബോര്‍ഡുകകളെ
അപ്രസക്തമാക്കുന്നു

മുന്‍കൂട്ടി നിശ്ചയിച്ച പഠനനിലവാരങ്ങളുടെയോ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തെ വിലയിരുത്താനുള്ള ഒരു ക്രമീകൃത റഫറന്‍സ് ടെസ്റ്റാണ് നീറ്റ്. പഠനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എന്തെല്ലാം അറിയാനും ചെയ്യാനും കഴിയുമെന്ന് ഈ സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കും. എല്ലാവരും നിര്‍ബന്ധമായി എഴുതേണ്ട +2 പഠനത്തിലും ഇതേ സ്റ്റാന്‍ഡേര്‍ഡുകള്‍ തന്നെയാണ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ നീറ്റ് ബോര്‍ഡുകള്‍ ഇരട്ടിയാക്കുന്നു എന്നു മാത്രമല്ല, കുട്ടികളുടെ പ്രയാസത്തെ ഇരട്ടിയാക്കുകയും ചെയ്യുന്നു. ഇതാകട്ടെ ഒരുതരത്തിലും ബോര്‍ഡ് പരീക്ഷകളേക്കാള്‍ മികച്ച പരീക്ഷയല്ലെന്നും ബോര്‍ഡ് നിരീക്ഷിക്കുന്നു.

റിപീറ്റ് ചെയ്യുന്നവര്‍ക്ക്
പ്രയോജനം

കോച്ചിംഗ് സെന്ററുകള്‍ നീറ്റ് വിജയത്തിനുള്ള ഒരു മാര്‍ഗമായി മാറിയതിനാല്‍ തന്നെ സാമ്പത്തികമായി ഉന്നതി കൈവരിച്ച വിദ്യാര്‍ഥികള്‍ വര്‍ഷാവര്‍ഷം ഫീസടച്ച് ആവര്‍ത്തിച്ച് പരീക്ഷ എഴുതുന്നു. ഇങ്ങനെ എഴുതുന്നവരുടെ എണ്ണം വര്‍ധിക്കുകയും മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ ശതമാനം ആളുകള്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുകയും ചെയ്യുന്നു. എംബിബിഎസ് പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ ആവര്‍ത്തനക്കാരുടെ ശതമാനം 2016-17ല്‍ 12.47 ആയിരുന്നത് 2020-21ല്‍ 71.42 ആയി ഉയര്‍ന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, അവരുടെ കോച്ചിംഗിനായി മാത്രം ഒരു റിപ്പീറ്റര്‍ ശരാശരി 10 ലക്ഷം രൂപ നിക്ഷേപിക്കണം. അതുകൊണ്ടുതന്നെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കടിഞ്ഞാണ്‍ സമ്പന്നരുടെ കൈകളിലേക്ക് എത്തപ്പെടുന്നു.

കാര്യക്ഷമത
പരിശോധിക്കുന്നില്ല

നീറ്റ് ടെസ്റ്റിംഗ് മെക്കാനിസം അതിന്റെ വികാസഘട്ടത്തില്‍ തന്നെ സാധുത, സത്യസന്ധത, പക്ഷപാതം എന്നിവ സ്വയം പരിശോധിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. കോളജ് എന്‍ട്രന്‍സ് ടെസ്റ്റുകള്‍ അധഃകൃതര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും എതിരില്‍ ബയാസ്ഡാണ് എന്ന 2019ലെ ലോ സ്യൂട്ടിനു ശേഷം യുഎസിലെ പകുതിയിലേറെ യൂനിവേഴ്‌സിറ്റികളും എസ്എടി, എസിടി പോലുള്ള പരീക്ഷാ സ്‌കോറുകള്‍ മാനദണ്ഡമാക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണ്.
ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന് ഉപയോഗിക്കുന്ന ഏതൊരു ടെസ്റ്റിംഗ് ചട്ടക്കൂടും എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, വംശം അല്ലെങ്കില്‍ ലിംഗഭേദം എന്നിവ പരിഗണിക്കാതെ അക്കാദമിക് സാധുത, പ്രവചനാത്മകത, വിശ്വാസ്യത, തുല്യത എന്നിവ നല്‍കണം. നീറ്റിന്റെ കാര്യത്തില്‍ ഇത്തരം നിര്‍ബന്ധിത പരിശോധനകള്‍ നടത്തിയിട്ടില്ല.

മെഡിക്കല്‍
അഡ്മിഷനുകള്‍
അസോസിയേഷനുകള്‍
നിയന്ത്രിക്കരുത്

മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിയന്ത്രിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും അധികാരമില്ലെന്ന് 2013ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു.
2012ല്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് അസോസിയേഷനുകളുടെ ഇടപെടലുകള്‍ അഡ്മിഷനുകളില്‍ ന്യൂനപക്ഷാവകാശങ്ങളെ ലംഘിക്കുന്നു എന്നാരോപിച്ചു സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി അസോസിയേഷനുകള്‍ക്ക് അത്തരം അധികാരമില്ല എന്നു വിധിക്കുകയായിരുന്നു. 2016ല്‍ എംസിഐ ഈ ഉത്തരവിനെതിരെ പുനഃപരിശോധനാ ഹരജികള്‍ നല്‍കിയപ്പോള്‍ അഞ്ചംഗ ബെഞ്ച് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് കേസിലെ വിധി തിരിച്ചുവിളിക്കുകയും നീറ്റ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ഇതിനെ ഒരു ‘ഇന്‍ക്യൂറിയം പ്രതിവിധി’ എന്നാണ് വിശേഷിപ്പിച്ചത്. അതായത്, പ്രസക്തമായ ഒരു നിയമവ്യവസ്ഥയെ അവഗണിച്ചുകൊണ്ടോ വലിയ ബെഞ്ചിന്റെ മുമ്പത്തെ വിധി പരിഗണിക്കാതെയോ പുറപ്പെടുവിച്ച വിധി.

ഫെഡറലിസത്തെ
ബാധിക്കുന്നു

സംസ്ഥാന നിയമസഭകള്‍ സ്ഥാപിച്ച എല്ലാ സര്‍വകലാശാലകളുടെയും പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ കീഴ്‌പ്പെടുത്തുന്നതിനും തുല്യമായിരിക്കും നീറ്റ് നടത്തിപ്പ്. ഇത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ദുഷിപ്പിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മെഡിക്കല്‍
പ്രൊഫഷണലിസത്തിന്റെ
വാണിജ്യവത്കരണവും
തരംതാഴ്ത്തലും

വൈദ്യശാസ്ത്ര പരിശീലനത്തില്‍ നിര്‍ണായകമായ വൈജ്ഞാനിക, യുക്തി, സര്‍ഗാത്മക, സാമൂഹിക പെരുമാറ്റ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ നീറ്റ് നിരുത്സാഹപ്പെടുത്തുന്നു. നീറ്റിന്റെ സംസ്‌കാരം വിദ്യാഭ്യാസ വിചക്ഷണരെ സമഗ്രമായ വിദ്യാഭ്യാസം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ആധുനിക കോച്ചിംഗ് ട്രെന്‍ഡുകളുടെ പശ്ചാത്തലത്തില്‍ ഒരു വിദ്യാര്‍ഥി മാര്‍ക്ക് സ്‌കോറിംഗ് മെഷീനായി ചുരുക്കപ്പെടുന്നു.
അത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന വലിയ സാമ്പത്തിക നിക്ഷേപങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തെ വാണിജ്യവത്കരണത്തിലേക്ക് നയിക്കുന്നു. അമിത വിലയ്ക്ക് സീറ്റുകള്‍ വില്‍ക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ എണ്ണം വര്‍ധിക്കുന്നത് സാഹചര്യത്തെ സഹായിക്കില്ല. ഇത് ആത്യന്തികമായി മെഡിക്കല്‍ പ്രൊഫഷന്റെ തകര്‍ച്ചയ്ക്കും രാജ്യത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ മേഖലയുടെ കോര്‍പറേറ്റുവത്കരണത്തിനും കാരണമാകുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
.
കടപ്പാട്: ദി ക്വിന്റ്
വിവ: ഷബീര്‍ രാരങ്ങോത്ത്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x