3 Tuesday
December 2024
2024 December 3
1446 Joumada II 1

മെഡിക്കല്‍ അനാസ്ഥ


കേരളത്തില്‍ ഏറ്റവും തിരക്കുപിടിച്ച ആശുപത്രികളിലൊന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ബെഡ്ഡുകളുടെ എണ്ണമനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ കോളേജുകളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഒന്നാണിത്. എം ബി ബി എസ് പ്രവേശനത്തിന്റെ കാര്യത്തിലാണെങ്കില്‍ വിദ്യാര്‍ഥികളുടെ ആദ്യ ചോയ്‌സുകളിലൊന്ന്. ആരോഗ്യരംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പ്രാഥമികമായി വേണ്ടത് വിവിധ തരം രോഗികളെ പരിചരിക്കാനുള്ള അവസരമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നത് രോഗികളുടെ ഈ വൈവിധ്യമാണ്. എന്നാല്‍, ഈ അവസരങ്ങളെല്ലാം ഉണ്ടായിട്ടും മെഡിക്കല്‍ അനാസ്ഥ തുടരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പിഴവുകള്‍ സംബന്ധിച്ചു മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴും നിയമനടപടികളുമായി മുന്നോട്ടു പോകുന്ന ഹര്‍ഷീനയുടെ പരാതി മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവെച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം വേദന സഹിച്ചാണ് അവര്‍ കഴിഞ്ഞിരുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അങ്ങേയറ്റം വേദനാജനകമാണ്. നാലു വയസ്സുകാരിയുടെ കൈവിരലില്‍ നടത്തേണ്ട സര്‍ജറി നാവില്‍ നടത്തുകയാണുണ്ടായത്. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നീട് വിരലിലും സര്‍ജറി നടത്തി. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് കൈയ്യില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കമ്പി മാറി ഇട്ടുവെന്നാണ് പരാതി. വേദന അസഹനീയമായപ്പോള്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞപ്പോഴാണ് കമ്പി മാറിപ്പോയിട്ടുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടര്‍ പറയുന്നത്. ഈ കുടുംബവും പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഈ കേസില്‍ പിഴവ് സംഭവിച്ചിട്ടില്ല എന്നതാണ് ഡോക്ടര്‍മാരുടെ പക്ഷത്തു നിന്നുള്ള വിശദീകരണം
കേരള വികസന മാതൃകയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളിലൊന്നാണ് ആരോഗ്യം. മറ്റൊന്ന് വിദ്യാഭ്യാസമാണ്. ആരോഗ്യ മേഖലയില്‍ നാം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന നേട്ടങ്ങള്‍ ഭൂരിഭാഗവും പ്രാഥമിക ആരോഗ്യ മേഖലയിലാണ്. സാര്‍വത്രികമായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തിന്റെ ഒരു പ്രത്യേകതയാണ്. സൗജന്യമായി ചികിത്സയും മരുന്നും നല്‍കാന്‍ സാധിക്കുന്നുണ്ട്. അതുപോലെ, ഗുരുതരമല്ലാത്ത പകര്‍ച്ച വ്യാധികളെയും സീസണല്‍ അസുഖങ്ങളെയും ഫലപ്രദമായി നേരിടാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, തൃതീയ ആരോഗ്യ മേഖലയിലേക്ക് വരുമ്പോള്‍ പല മേഖലകളിലും കേരളം പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ക്കു വേണ്ടി കീലോമീറ്ററുകള്‍ യാത്ര ചെയ്യണമെന്നത് യാഥാര്‍ഥ്യമാണ്.
എന്നാല്‍, അങ്ങനെ ദൂര സ്ഥലങ്ങളില്‍ പോയി ചികിത്സ തേടുമ്പോള്‍ പോലും അതില്‍ മെഡിക്കല്‍ അനാസ്ഥ വ്യാപകമാവുന്നു എന്നത് ദുഃഖകരമാണ്. സര്‍ജറി പോലെയുള്ള തൃതീയ സേവനങ്ങളില്‍ കൃത്യമായ പ്രോട്ടോക്കോളുകള്‍ നിശ്ചയിച്ചിട്ടുള്ളതാണ്. അത് പാലിച്ചാല്‍ തന്നെ മെച്ചപ്പെട്ട ആരോഗ്യ സേവനം നല്‍കാനാവും. മെഡിക്കല്‍ കോളേജിലെ തിരക്കും സൗകര്യക്കുറവും കാരണം ഇന്‍ഫെക്ഷന്‍ സാധ്യതകള്‍ ഒരു വശത്തുണ്ട്. എന്നാല്‍, ഓരോ ആരോഗ്യ സേവനത്തിനും നിര്‍ദേശിക്കപ്പെട്ട നടപടിക്രമങ്ങള്‍ സ്വീകരിച്ചാല്‍ തന്നെ മതിയായ ചികിത്സ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് സാധിക്കും. തൃതീയ സേവനങ്ങള്‍ നല്‍കുമ്പോള്‍ ഓരോ രാഗിയുടെയും സ്ഥിതിയനുസരിച്ച് ഒരു ടീമായി മുന്നോട്ടുപോവുകയാണ് വേണ്ടത്. ഒന്നിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ മാത്രമേ മികച്ച ചികിത്സ നല്‍കാനാവൂ. അതിനാല്‍ തന്നെ കൃത്യമായ പ്ലാനിംഗും ടീം വര്‍ക്കും ഇത്തരം ചികിത്സാ രംഗത്ത് അനിവാര്യമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഈ അനാസ്ഥ ബോധപൂര്‍വമാണെന്നും സ്വകാര്യ ലോബികളെ സഹായിക്കാനുള്ള പദ്ധതിയാണെന്നും ആരോപണമുണ്ട്. അത് മുഖവിലക്കെടുക്കേണ്ടതാണ്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ആശുപത്രികളാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍. ആക്‌സിഡന്റ് പോലെയുള്ള കേസുകള്‍ക്ക് വിശ്വസിക്കാവുന്ന അഭയകേന്ദ്രം കൂടിയാണത്. ചെലവേറിയ സര്‍ജറികള്‍ക്കും സങ്കീര്‍ണമായ ഓപ്പറേഷനുകള്‍ക്കും സാധാരണ എല്ലാവരും ആശ്രയിക്കുന്നത് മെഡിക്കല്‍ കോളേജുകളെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജാവട്ടെ നിരവധി ജില്ലകളുടെ റഫറല്‍ കേന്ദ്രവുമാണ്.
സ്വാഭാവികമായും അത്തരം ആശുപത്രികളെ സംബന്ധിച്ചു സംശയം ജനിപ്പിക്കുന്നത് സ്വകാര്യ മെഡിക്കല്‍ ലോബികളെ സഹായിക്കാനാണ് ഉപകരിക്കുക. അതിന് പര്യാപ്തമായ വിധത്തില്‍ ഡോക്ടര്‍മാര്‍ പെരുമാറുന്നുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുവാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. അതേസമയം, ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളും ഇല്ലാതെയാണ് മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലിഭാരവുമുണ്ട്. ഇതിന് പരിഹാരം കാണേണ്ടതും ആരോഗ്യവകുപ്പാണ്. കേരള മോഡല്‍ വികസനമെന്ന വാഴ്ത്തുപാട്ടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അടിയന്തിരമായി ഇക്കാര്യങ്ങള്‍ പരിഹരിക്കണം.

Back to Top