മാധ്യമ സ്വാതന്ത്ര്യം: 161ാം റാങ്കിലേക്ക് കൂപ്പുകുത്തി ഇന്ത്യ
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയും കൂടുതല്‍ അപകടത്തിലേക്കെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്). സംഘടനയുടെ ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ റാങ്ക് 11 പോയിന്റ് ഇടിഞ്ഞു. 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 161-ാം റാങ്കിലേക്കാണ് ഇന്ത്യ ഇത്തവണ കൂപ്പുകുത്തിയത്. 2022-ല്‍ 150-ാം റാങ്ക് ആയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആര്‍എസ്എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഇടം പിടിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍, രാഷ്ട്രീയപരമായി പക്ഷംപിടിക്കുന്ന മാധ്യമങ്ങള്‍, മാധ്യമങ്ങളുടെ ഉടമസ്ഥതാ കേന്ദ്രീകരണം തുടങ്ങിയവയാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാന്‍ കാരണമായി ആര്‍എസ്എഫ് ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, നിയമനിര്‍മാണം, സാമൂഹികം, സുരക്ഷ എന്നീ അഞ്ച് സൂചകങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ രാജ്യങ്ങള്‍ക്ക് റാങ്ക് നിര്‍ണയിക്കുന്നത്. സുരക്ഷാ സൂചികയിലാണ് ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത്.