2 Monday
December 2024
2024 December 2
1446 Joumada II 0

മാധ്യമങ്ങള്‍ ആര്‍ക്കാണ് കാവലൊരുക്കുന്നത്‌

റന ചേനാടന്‍


ജനാധിപത്യത്തിന്റെ കാവല്‍ സ്തംഭമായാണ് മാധ്യമങ്ങളെ പരിഗണിച്ചു പോന്നിരുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതങ്ങനെത്തന്നെയായിരുന്നു താനും. പൗരാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോഴും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിലമറക്കുമ്പോഴും ശക്തമായ ഭരണകൂട വിമര്‍ശനങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഭരണകൂടത്തിനു വിധേയപ്പെടുക എന്നത് മാധ്യമങ്ങളുടെ അജണ്ടയുടെ ഭാഗമേ ആയിരുന്നില്ല. എന്നാല്‍ 2014 നു ശേഷമോ അതോടനുബന്ധിച്ചോ മാധ്യമങ്ങളുടെ സമീപനങ്ങളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി. ഭരണകൂടം പൗരാവകാശങ്ങളെ തൃണവല്‍ഗണിച്ച് ആനന്ദനൃത്തമാടുമ്പോള്‍ പശ്ചാത്തല സംഗീതമൊരുക്കി നല്കുന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ മാറിയതായുള്ള കാഴ്ചകള്‍ പൊതു സമൂഹത്തെ തെല്ലൊന്നുമല്ല ഭീതിയിലാഴ്ത്തിയത്. ഒരു ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യം നടന്നു കയറുമ്പോള്‍ മാധ്യമങ്ങള്‍ എന്തു ചെയ്യുന്നുവെന്ന ചോദ്യം പ്രസക്തമാവും. പൗരാവകാശങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ നടന്ന ഏറെ പ്രസക്തമായ ചര്‍ച്ചയുടെ സംഗ്രഹം:

ഇനി വേണ്ടത് മാധ്യമ വിചാരണ
ആര്‍ രാജഗോപാല്‍

മാധ്യമ വിചാരം എന്നതിലുപരി ഒരു മാധ്യമ വിചാരണയാണ് ഇനി നടക്കേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തെയും പൗരാവകാശത്തെയും പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ആരാണ് പൗരന്‍ എന്നതിന് മാധ്യമങ്ങള്‍ക്ക് വേറിട്ട ഒരു നിര്‍വചനമാണുള്ളത്. 33 കോടിയോളം വരുന്ന മധ്യവര്‍ഗം മാത്രമാണ് മാധ്യമങ്ങളെ സംബന്ധിച്ച് പൗരന്മാര്‍. കാറും ബൈക്കും ഓടിക്കാന്‍ കഴിയുന്ന, കൊക്കക്കോളയും പെപ്‌സിയും വാങ്ങി കുടിക്കാന്‍ കഴിവുള്ള വായനക്കാര്‍ മാത്രമാണ് അവര്‍ക്ക് പൗരന്മാര്‍. മറ്റു ജനവിഭാഗങ്ങളെ മാധ്യമങ്ങള്‍ തങ്ങളുടെ വായനക്കാരായി കണക്കാക്കുന്നു പോലുമില്ല. അത്തരത്തില്‍ അവര്‍ ലക്ഷ്യംവെച്ച ഒരു വിഭാഗത്തിനു വേണ്ടി മാത്രം പത്രം ഇറക്കുന്നവര്‍ എന്തിന് കര്‍ഷകരുടെ ബുദ്ധിമുട്ടും പീഡിതരുടെ അവസ്ഥകളും പറയണം!
പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ മാധ്യമങ്ങള്‍ പല വിഷയങ്ങളെയും അവഗണിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ മാധ്യമ സ്ഥാപന ഉടമസ്ഥര്‍ വിചാരിച്ചാല്‍ മാത്രമേ ഒരു പത്രത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയൂ. അത്തരത്തിലുള്ള ഒരു ഇടപെടല്‍ ഒരിക്കലും രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തുനിന്ന് വരുന്നുമില്ല. സത്യസന്ധവും നിഷ്പക്ഷവുമായി മാധ്യമപ്രവര്‍ത്തനം നടത്തിയ ന്യൂസ് ക്ലിക്ക് പോലുള്ള സ്ഥാപനങ്ങള്‍ക്ക് സമകാലിക രാഷ്ട്രീയാവസ്ഥയില്‍ വിലങ്ങുവീഴുകയാണുണ്ടായത്. ജയിലിലാക്കപ്പെട്ട സിദ്ദീഖ് കാപ്പനെ പോലുള്ളവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ പോലും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ഏത് വിവാദ വിഷയവും വെട്ടിത്തുറന്ന് എഴുതുന്ന മലയാളത്തിലെ ‘മറുവാക്ക്’ എന്ന മാസികക്കെതിരെ കേരള പോലീസ് കഴിഞ്ഞ ദിവസം കേസെടുക്കുകയുണ്ടായി. സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷം കേരളത്തില്‍ പോലുമില്ല എന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. മിക്കവാറും മാധ്യമങ്ങളെയൊക്കെ മുമ്പേ നിയന്ത്രിച്ചിരുന്നത് കോര്‍പറേറ്റുകളാണ്. എന്നാല്‍ ഇന്ന് കോര്‍പറേറ്റ് മുതലാളിമാര്‍ക്കുള്ളിലുണ്ടായിരുന്ന വര്‍ഗീയത ജനിപ്പിക്കുന്ന വിഷം പുറത്തുവരുകയാണ്.
ഇന്ന് ന്യൂസ് റൂമുകളില്‍ ദലിതരുടെയും മുസ്‌ലിംകളുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രാതിനിധ്യം പോലുമില്ലാത്ത അവസ്ഥയില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആര് മുന്നോട്ടുവരും? ന്യൂനപക്ഷങ്ങളുടെ സംസ്‌കാരത്തെയും സാഹചര്യത്തെയും മനസ്സിലാക്കി അവരോട് സംസാരിക്കാന്‍ പര്യാപ്തരായ മാധ്യമപ്രവര്‍ത്തകര്‍ പോലും പല മുഖ്യധാരാ മാധ്യമങ്ങളിലുമില്ല. ഇതിനെ തരണം ചെയ്യാനുള്ള ഏക മാര്‍ഗം അധികാരികള്‍ പ്രൈവറ്റ് റിസര്‍വേഷന്‍ കൊണ്ടുവരിക എന്നത് മാത്രമാണ്. മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് ശുഭാപ്തിവിശ്വാസം ഉണര്‍ത്തുന്ന ചില കാര്യങ്ങളും നമുക്കു മുന്നിലുണ്ട്. അംബേദ്കര്‍ തുടങ്ങിവെച്ച, തുടരാന്‍ കഴിയാതെപോയ മൂകനായക് എന്ന പത്രം ഇന്ന് ഒരു വെബ്‌സൈറ്റ് രൂപത്തില്‍ പുറത്തിറങ്ങുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നു പുറത്തിറങ്ങുന്ന ദലിത് ദസ്തക്, ആര്‍ട്ടിക്കിള്‍ 98, കര്‍ണാടകയില്‍ നിന്ന് പുറത്തിറങ്ങുന്ന ഈദിന തുടങ്ങിയ പത്രങ്ങള്‍ ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ വളരെ മനോഹരമായി എടുത്തുകാട്ടാറുണ്ട്.

എന്തു കാണണമെന്ന്
നിങ്ങള്‍ തീരുമാനിക്കണം

വെങ്കിടേഷ് രാമകൃഷ്ണന്‍

സാധാരണഗതിയില്‍ മാധ്യമസംബന്ധമായ വിഷയം വരുന്ന സദസ്സുകളില്‍ പൗരാവകാശവും മാധ്യമപ്രവര്‍ത്തനവുമായുള്ള ബന്ധം ഇത്ര പ്രത്യക്ഷമായി ചര്‍ച്ച ചെയ്യാറില്ല. മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റിയും മാധ്യമപ്രവര്‍ത്തനത്തിന്റെ വഴിയില്‍ ജനാധിപത്യത്തെ മുറുകെപ്പിടിക്കുന്നതിനെ പറ്റിയും പൊതുവേ ചര്‍ച്ച ചെയ്യാറുണ്ട്.
പൗരാവകാശത്തിന്റെ തലത്തില്‍ നിന്ന് നോക്കിക്കാണുകയാണെങ്കില്‍, ആത്യന്തികമായി മാധ്യമങ്ങളുടെ ദൗത്യം ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു മാധ്യമത്തെ ഭരിക്കുന്നതില്‍ പല ഘടകങ്ങളുമുണ്ട്. ഒന്നാമതായി അതിന് നടത്താന്‍ വേണ്ട മൂലധനം കിട്ടുന്ന സ്രോതസ്സിന്റെ സ്വഭാവം. മറ്റൊന്ന് കൂടുതല്‍ പൊതുശ്രദ്ധയും പ്രചാരവും നേടിയെടുക്കുന്നതിലൂടെ കൈവരുന്ന വരുമാനം. ഇത്തരത്തിലുള്ള പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു മാധ്യമത്തിന്റെ പുറത്തേക്കുള്ള ഛായയെ നിര്‍ണയിക്കുന്നത്.
എല്ലാ വര്‍ഷവും മാധ്യമ സ്വാതന്ത്ര്യ സൂചിക പുറത്തുവിടാറുണ്ട്. 2022-23 വര്‍ഷങ്ങളില്‍ മൊത്തം 180 രാജ്യങ്ങള്‍ വരുന്ന ഈ സൂചികയില്‍ 161ാം സ്ഥാനത്താണ് ഇന്ത്യ! അതിനു തൊട്ടുമുമ്പുള്ള വര്‍ഷം 150ാം സ്ഥാനത്തായിരുന്നു. ഇതില്‍ നിന്ന് ഒരു വര്‍ഷം കൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കാര്യമായ പതനം ഉണ്ടായതായി കാണാം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയാന്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല.
ഉദാഹരണത്തിന്, ജനുവരി 31ന് അര്‍ധരാത്രി മിന്നല്‍ വേഗത്തില്‍ പുറപ്പെടുവിച്ച ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു ആരാധനകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കോടതിവിധി നിര്‍ഭാഗ്യവശാല്‍ പത്രമാധ്യമങ്ങളില്‍ ഒരു വലിയ വാര്‍ത്തയായി വന്നില്ല. കോടതി തന്നെ പറഞ്ഞത്, എല്ലാ ഘടകങ്ങളും വേണ്ട വിധത്തില്‍ പരിശോധിച്ച ശേഷം ഒരാഴ്ചയ്ക്കകം വിധി നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണം എന്നാണ്. എന്നാല്‍ ഉച്ചയ്ക്ക് വന്ന വിധിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ പള്ളിയുടെ ബാരിക്കേഡ് പൊളിക്കുകയും രാത്രി 12 മണിയോടുകൂടി അവിടെ പൂജകള്‍ ആരംഭിക്കുകയും ചെയ്തു.
മൂന്നു ദിവസം കഴിഞ്ഞാണ് അതിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. പൂജയ്ക്ക് നേതൃത്വം കൊടുത്തത് പൂജാരിമാര്‍ ആരുമായിരുന്നില്ല, ഐഎഎസ് പദവിയിലിരിക്കുന്ന വാരണാസി മേഖലാ കമ്മീഷണര്‍ ആയിട്ടുള്ള രാംരാജ് കൗശല്‍ എന്ന ബ്രാഹ്മണ ഉദ്യോഗസ്ഥനാണ്. പലവുരു അന്വേഷിച്ച് ഉറപ്പിച്ച ശേഷം ഈ വിവരം ഒരു വാര്‍ത്തയാക്കി പുറത്തുകൊണ്ടുവരാന്‍ ചില മുഖ്യധാരാ മാധ്യമങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അതിനു കഴിയില്ലെന്ന രൂപത്തിലാണ് പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഇത്തരത്തിലുള്ള പരിമിതികള്‍ ഏറെയുണ്ട്.
ഇക്കാലത്ത് ശരിയായ മാധ്യമപ്രവര്‍ത്തനരംഗത്ത് പ്രതീക്ഷയേകുന്ന പ്രധാന മാധ്യമപ്രവര്‍ത്തകനാണ് പി സായ്‌നാഥ്. അദ്ദേഹം രണ്ടാഴ്ച മുമ്പ് നടത്തിയ ഒരു പ്രസംഗത്തില്‍ രാജ്യത്തിന്റെ സമകാലികാവസ്ഥയെ വിശകലനം ചെയ്യുന്ന രീതിയില്‍ ചില പ്രധാന പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. ഒരു രാജ്യത്തെ സാമ്പത്തികാവസ്ഥയും ജനങ്ങളുടെ ജീവിതനിലവാരവും കണക്കാക്കുന്നതിനു വേണ്ടിയുള്ള മാനദണ്ഡങ്ങളില്‍ ഒന്നാണ് ഒരു കാലയളവില്‍ അവിടെയുണ്ടായ ‘അധിക മരണം’ (ലഃരല ൈറലമവേ). ഇത് കോവിഡ് കാലത്ത് ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്നതായിരുന്നു. എന്നാല്‍ ഇത് പല മാധ്യമങ്ങളും വെളിപ്പെടുത്താതെ മൂടിവെച്ചതായിരുന്നു.
1980കളിലാണ് സായ്‌നാഥ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. മൂന്നു സഹപ്രവര്‍ത്തകര്‍ക്കൊപ്പം തുടങ്ങിയ കൗണ്ടര്‍ മീഡിയ മറ്റു ചില മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് പഠനം നടത്തി. അതില്‍ ‘ദ ഹിന്ദു’ ഒഴിച്ച് എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും മറ്റു വാണിജ്യ താല്‍പര്യങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രധാന കണ്ടെത്തല്‍. ഇത്തരത്തിലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയില്ല എന്നായിരുന്നു കണ്ടെത്തിയത്.
എന്നാല്‍ 80കള്‍ക്കു ശേഷം സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടന്നത് ഹിന്ദു പത്രവുമായി ബന്ധപ്പെട്ടായിരുന്നു. അന്നത്തെ ദ ഹിന്ദുവിന്റെ അസോസിയേറ്റ് എഡിറ്റര്‍, രാജീവ് ഗാന്ധി ഭരണകാലത്തെ ബോഫേഴ്‌സണ്‍, എച്ച് ടി ഡബ്ല്യൂ തുടങ്ങിയ അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട കരാറില്‍ വന്ന അഴിമതിയെ പുറത്തുകൊണ്ടുവന്നു. എന്നാല്‍ തുടര്‍ന്ന് ഹിന്ദു പത്രത്തിന്റെ മുതലാളി കസ്തൂരി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.
ഇനിയുള്ള കാലത്ത് ഓരോ മാധ്യമത്തിന്റെയും ശ്രോതാക്കള്‍ വേണം മാധ്യമങ്ങളുടെ സ്വഭാവം നിര്‍ണയിക്കാനും, അതിന് പൗരാവകാശങ്ങളെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നു തീരുമാനിക്കാനും. എന്തു കാണണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരും തന്നെയാണ്. കേവലം കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ വേണ്ടി മാത്രമുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് പിറകെ പോകുന്ന സമൂഹം ഒരു മികച്ച മാധ്യമപ്രവര്‍ത്തനത്തെ സൃഷ്ടിക്കുകയില്ല, അതിന് പൗരാവകാശങ്ങളെ സംരക്ഷിക്കാനുമാകില്ല.

നേരെ ചൊവ്വെ പറയാനാകുന്നില്ല
വി എം ഇബ്‌റാഹീം

പൗരാവകാശ ധ്വംസനങ്ങള്‍ ഭരണകൂടത്തിന്റെ പോളിസിയായി മാറിക്കഴിഞ്ഞ ഭീകരതയും അതിനെതിരെ സംസാരിക്കാന്‍ ആളുകള്‍ കുറഞ്ഞുപോയ അതിഭീകരതയും മുറ്റി നില്‍ക്കുന്ന ഒരു ഇന്ത്യന്‍ സാഹചര്യത്തില്‍ നടക്കുന്ന ഈ മാധ്യമ വിചാരം നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കും എന്ന് ആണയിട്ട് പറയുകയാണ്. നേരെ ചൊവ്വേ എല്ലാം ഉറക്കെ തുറന്നുപറഞ്ഞുള്ള മാധ്യമപ്രവര്‍ത്തനം നടത്താമെന്ന് കരുതിയാല്‍ അത് ഇന്ന് ഏറെ സങ്കീര്‍ണമായ കാര്യമാണ്.
ഇപ്പോള്‍ ഡല്‍ഹിയില്‍ വലിയ കര്‍ഷകപ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ തീവ്രത എത്രകണ്ട് മാത്രമേ നമുക്ക് അറിയാന്‍ സാധിക്കുന്നുള്ളൂ എന്നത് ആലോചിക്കേണ്ടതാണ്. ഗ്യാന്‍വാപിയില്‍ പൂജ നടത്തിയത് ഒരു ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ടാണ് എന്ന വിവരം മാധ്യമങ്ങള്‍ വഴി പുറത്തു വരാന്‍ എത്ര സമയമെടുത്തു?
ജമ്മുകശ്മീരിലെ ലാല്‍ചൗക്കില്‍ ഒരു പ്രസ് കോളനി ഉണ്ടായിരുന്നു. വെടിവെപ്പുകള്‍ക്കിടയില്‍ പോലും വളരെ സജീവമായി നിന്നിരുന്ന ആ പ്രസ് കോളനി ഇന്ന് പാടെ ഇല്ലാതായിട്ടുണ്ട്. കാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ അഷ്ടിക്കുപോലും വകയില്ലാത്ത വിധം ദാരുണമായ ഒരു അവസ്ഥയിലേക്ക് ഇന്ന് മാറിയിട്ടുണ്ട്. ഇതൊന്നും വെറുതെ സംഭവിച്ചതല്ല. 2018 സെപ്റ്റംബര്‍ 22ന്, അന്നത്തെ പാര്‍ലമെന്റ് ഇലക്ഷന് തൊട്ടുമുന്‍പായി ഉത്തര്‍പ്രദേശില്‍ കൂടിയ ഒരു പാര്‍ട്ടി യോഗത്തില്‍ അമിത് ഷാ അണികളോട് പറഞ്ഞു, ‘എരിവും പുളിയും നേരും നെറിയുമൊന്നും നോക്കാതെ കിട്ടിയത് അപ്പാടെ പ്രചരിപ്പിക്കണം’ എന്ന്. അതിനെ വിശദീകരിക്കാന്‍ അദ്ദേഹം അവര്‍ക്ക് ഒരു കഥ കൂടി പറഞ്ഞു കൊടുത്തു. ‘നമ്മുടെ പാര്‍ട്ടിയില്‍ പെട്ട ഒരാള്‍ രാവിലെ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിടുകയുണ്ടായി. അതില്‍ പറയുന്നത് അഖിലേഷ് യാദവ് പിതാവ് മുലായം സിംഗിന് അടിച്ചു എന്നാണ്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. പക്ഷേ അത് പെട്ടെന്ന് തന്നെ വലിയ സംഭവമായി പടര്‍ന്നു. അത് ജനങ്ങള്‍ ഏറ്റെടുത്തു. പ്രതികരണങ്ങളൊക്കെ വന്നു. ഇതുകൊണ്ട് കാര്യമുണ്ടാകുന്നുണ്ട്. പക്ഷെ ഇത്തരത്തില്‍ ഒന്ന് നിങ്ങള്‍ ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. മനസ്സിലായിരിക്കുമല്ലോ.’ ഇത്തരം കുതന്ത്രങ്ങള്‍ പയറ്റുന്നവരാണ് ഇന്ന് രാജ്യത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്.
സമാന്തര മാധ്യമപ്രവര്‍ത്തകരില്‍ ആയിരുന്നു ഒരിക്കല്‍ നമുക്ക് പ്രതീക്ഷ. എന്നാല്‍ ഇന്ന് നിഷ്പക്ഷമായി രാജ്യത്തിന്റെ അവസ്ഥ വിശകലനം ചെയ്ത് എഴുതാന്‍ കഴിയുന്ന കോളമിസ്റ്റുകളും ലേഖകരും ജയിലറകളിലാണ്. ഭീമ കൊറഗാവ് വിഷയവുമായി ബന്ധപ്പെട്ട് തന്നെ ഒരുപാട് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കാരവന്‍ മാഗസിനുമായി ബന്ധപ്പെട്ട ഒരാളെ അധികാരികള്‍ വിളിച്ചിട്ട്, ഐടി ആക്ട് പ്രകാരം നിങ്ങളുടെ സ്റ്റോറി പിന്‍വലിക്കണമെന്ന ഉത്തരവ് അറിയിച്ചു. സ്റ്റോറിയിലെ ആശയം ഇതായിരുന്നു, പൂഞ്ച് മേഖലയില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടി നാല് സൈനികര്‍ മരിച്ചതിനെ തുടര്‍ന്ന് ആ പ്രദേശത്തുള്ള ഗ്രാമീണരെ മുഴുവന്‍ പട്ടാളം വേട്ടയാടി. മൂന്നുപേരെ ആ നാട്ടില്‍ കൊന്നു കളഞ്ഞു. ഇത് റിപ്പോര്‍ട്ട് ചെയ്തതിനാണ് കാരവന്‍ മാഗസിന് സര്‍ക്കാറിന്റെ താക്കീതു വന്നത്.
പത്തുമാസമായി മണിപ്പൂര്‍ കത്തിയെരിയുകയാണ്. അവിടുത്തെ സത്യാവസ്ഥകള്‍ വിലയിരുത്തുന്നതിന് വേണ്ടി എഡിറ്റേഴ്‌സ് ഗില്‍ഡ് ചുമതലപ്പെടുത്തിയ ഫാക്ട് ഫൈന്‍ഡിങ് ടീം അവിടെ പോയി. അവര്‍ക്കെതിരെയും കേസ് വരികയാണുണ്ടായത്. ഇത്തരത്തിലുള്ള സംഭവങ്ങളൊക്കെ അധികാരികള്‍ക്ക് മാധ്യമത്തെ വേണ്ട വിധം നിയന്ത്രിക്കാന്‍ കഴിയും എന്ന് എടുത്തു കാട്ടുകയാണ്. ഇത് മാധ്യമപ്രവര്‍ത്തകരിലും പേടിയുളവാക്കുന്നു. ഒരു വാര്‍ത്ത കിട്ടിക്കഴിഞ്ഞാല്‍ അത് പുറത്തു വിടണോ വേണ്ടയോ, എങ്കില്‍ എങ്ങനെ കൊടുക്കണം എന്ന് പലവുരു മാധ്യമങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന രൂപത്തിലേക്ക് ഇന്ന് അവസ്ഥകള്‍ മാറിയിട്ടുണ്ട്. വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചാലും അത് ജനങ്ങളിലേക്ക് എത്താതെ തടയപ്പെടുന്നുണ്ട്. ലഡാക്കില്‍ കഴിഞ്ഞദിവസം സംസ്ഥാന പദവി തിരിച്ചു വേണമെന്ന് പറഞ്ഞ് നടത്തിയ കൂറ്റന്‍ റാലി നമ്മളാരും അറിഞ്ഞിട്ടില്ല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബാലറ്റിലേക്ക് മടങ്ങണം എന്ന് ആവശ്യം ഉന്നയിച്ച് നടന്ന ജനകീയ പ്രക്ഷോഭങ്ങളൊന്നും നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടില്ല. ഇത്തരത്തില്‍ കാര്യങ്ങള്‍ അറിയാതെ പോകുന്ന സാഹചര്യം വളരെ സാധാരണമായ ഒന്നായി മാറികൊണ്ടിരിക്കുകയാണ്.
സാധാരണക്കാരായ ജനങ്ങളുടെ പൗരാവകാശങ്ങളാണ് ഇവിടെയൊക്കെ ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ന്യൂനപക്ഷങ്ങളെ അപ്രസക്തമാക്കാനും അരികുവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ പലയിടത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ചെറുത്തുനില്‍പ്പ് എന്നോണം ഉയരേണ്ടത് ജനകീയ ശബ്ദങ്ങള്‍ തന്നെയാണ്. എന്താണ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതെന്ന് മതേതര കക്ഷികളോട് ചോദിക്കാം, മാധ്യമങ്ങളോട് ദൗത്യ നിര്‍വഹണത്തെക്കുറിച്ച് ചോദിക്കാം, അങ്ങനെ പരസ്പരം കുറ്റപ്പെടുത്താം. എന്നാല്‍ ആത്യന്തികമായി മാറ്റം വരേണ്ടത് നമ്മള്‍ ഓരോരുത്തരിലും തന്നെയാണ്. ഗുജറാത്ത് വംശഹത്യയില്‍ 14 മൃതദേഹങ്ങള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു വന്ന അഞ്ചുമാസം ഗര്‍ഭിണിയായ ബല്‍ക്കീസ് ബാനുവാണ് പിന്നീട് നിയമ പോരാട്ടം നടത്തി ചരിത്രം കുറിച്ചത്. അത്രമേല്‍ ഇരവല്‍ക്കരിക്കപ്പെട്ടിട്ടും, മനുഷ്യത്വമുള്ള മനുഷ്യര്‍ എവിടെയെങ്കിലും കാണുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഡല്‍ഹിയിലെ ബില്‍കീസ് ദീദിയെ പോലുള്ളവരാണ് എന്‍ആര്‍സി പ്രക്ഷോഭങ്ങള്‍ക്ക് അവിടെ നേതൃത്വം കൊടുത്തത്. അവകാശലബ്ധിക്കായി മറ്റുള്ളവരെ ആശ്രയിക്കുകയല്ല വേണ്ടത്.
തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഓരോ പൗരനും ആലോചിക്കണം. തങ്ങളുടെ ഒച്ചയടപ്പിക്കാനുള്ള ശ്രമങ്ങള്‍ ചുറ്റും നടക്കുമ്പോള്‍ ഒന്ന് ഒച്ച ഉയര്‍ത്താന്‍, ഒരിറ്റു വെളിച്ചമെങ്കിലും കത്തിച്ചു വയ്ക്കാന്‍ പറ്റുന്ന വഴി ഏതാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് അതിജയിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തിനും ഒരു കണക്കുണ്ട് എന്നാണ് ദൈവനിശ്ചയം. എന്നാല്‍ ആ കണക്കിലേക്ക് എത്താന്‍ ഓരോരുത്തരും എത്ര പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സ്വയം വിലയിരുത്തണം.

ശരിയായ വാര്‍ത്തകള്‍ക്ക്
പ്രേക്ഷകരുണ്ടോ?

പി ജെ ജോഷ്വോ

ഇപ്പോഴും നമുക്ക് ലോകത്തെത്തന്നെ മികച്ച ഒരു ഭരണഘടനയുണ്ട് എന്ന് നമ്മള്‍ അഭിമാനം കൊള്ളുന്നു. അതുകൊണ്ടുള്ള വളരെ ഐഡിയലായ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ നമ്മുടെയൊക്കെ മനസ്സിലുണ്ട്.
ആ സങ്കല്‍പങ്ങളെയൊക്കെ എപ്പോഴും തകര്‍ത്തെറിഞ്ഞുകൊണ്ടുള്ള, നമ്മള്‍ വിശ്വാസം ഏല്‍പിച്ച ഭരണഘടനയുടെ അടിത്തറ പോലുമിളക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട് എന്നത് ഒരു വസ്തുതയാണ്. ജനാധിപത്യം എന്നത് മനുഷ്യകുലത്തിന് സ്വാഭാവികമായും പാകമാകുന്ന ഒരു സംവിധാനമല്ല എന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉറക്കെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. എല്ലാ മനുഷ്യരെയും തുല്യരായി കണ്ടുകൊണ്ടുള്ള ജനാധിപത്യം എന്ന രാഷ്ട്രീയ സംവിധാനം മനുഷ്യര്‍ക്കിടയില്‍ പ്രാവര്‍ത്തികമല്ല എന്നൊരു പറഞ്ഞു പഠിപ്പിക്കല്‍ ഈയിടെയായി ചുറ്റും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
അതിന്റെ പ്രതിഫലനമായി തന്നെ ലോകത്തിന്റെ ഓരോ ഭാഗത്തും ഇപ്പോള്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനു സമാനമായ സ്വേച്ഛാധിപത്യ ഭരണരീതികള്‍ വീണ്ടും വരുകയും അതില്‍ അവര്‍ അഭിരമിക്കുകയും അത് ശക്തമായ ഒരു ഭരണരീതിയാണെന്ന് കാണിച്ചു മുന്നോട്ടുവെക്കാനും അവര്‍ക്ക് കഴിയുന്നുണ്ട്. 2036 വരെ അധികാരത്തില്‍ ഇരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പുടിന്‍ ചെയ്തിരിക്കുന്നു എന്നത് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ തൊട്ടില്‍ എന്നു പറയുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലെയും നിലവിലെ സാഹചര്യം അത്ര ശുഭകരമായതല്ല. അതിനെ പകര്‍ത്തി പിന്‍പറ്റാനുള്ള ഒരു ശ്രമം ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നമ്മള്‍ പൗരാവകാശ സംരക്ഷണത്തെക്കുറിച്ചും അതില്‍ മാധ്യമത്തിനുള്ള പങ്കിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത്.
ഭരണഘടനയുടെ കാവല്‍ക്കാരാണ് മാധ്യമങ്ങള്‍ എന്നാണ് പൊതുവില്‍ വിശേഷിപ്പിക്കാറ്. എന്നാല്‍ ജനാധിപത്യത്തിന്റെ നിലനില്‍പിനും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി നമ്മള്‍ ഓരോ മനുഷ്യരും തന്നെ ഇറങ്ങേണ്ടതുണ്ട്. ഭരണകൂടം പൗരന്മാരെ സമ്മര്‍ദത്തിലാക്കുന്നതുപോലെത്തന്നെ മീഡിയയും ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ആര്‍ക്കാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കഴിയുക? മാധ്യമങ്ങളെക്കൊണ്ടു മാത്രം അത് സാധ്യമാണോ?
തങ്ങള്‍ക്ക് തെറ്റു പറ്റിയേക്കാമെന്നു ബോധ്യമുള്ള, നാലാം എസ്റ്റേറ്റിനു വിമര്‍ശിക്കാനുള്ള അധികാരം കൊടുത്തിരുന്ന ഭരണാധികാരികളല്ല ഇപ്പോഴുള്ളത്. മറിച്ച്, തങ്ങള്‍ക്ക് തെറ്റു പറ്റില്ലെന്നു ചിന്തിക്കുന്ന, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികളുള്ള സാഹചര്യമാണ് ഇന്നുള്ളത്. ഈയൊരു അവസ്ഥയില്‍ ഏത് പത്രമാധ്യമങ്ങളാണ് ഭരണകൂടത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെടുക? എവിടെയും എണ്ണപ്പെടാതെ പോകുന്ന, അവഗണിക്കപ്പെട്ട ഒരുകൂട്ടം ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പിലൂടെ മാത്രമേ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെ എതിര്‍ക്കാനാകൂ. ആ മുന്നേറ്റം രക്തം ചിന്താത്ത ഒന്നാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.
പൗരാവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ചിന്ത ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ഉയര്‍ന്ന ചില ഘടകങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നുണ്ട്.
പലപ്പോഴും നമ്മള്‍ തന്നെ അറിയാതെ അടിയറവ് വെച്ചുപോയ പല പൗരാവകാശങ്ങളുമുണ്ട്. അത് നിഷേധിക്കപ്പെടുന്നതുപോലും നമ്മള്‍ അറിയുന്നില്ല. പല പൊതുഇടങ്ങളിലും പൗരന്മാര്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ ഹനിക്കപ്പെടുന്നത് ഇതിന് ഉദാഹരണമാണ്. സാധാരണക്കാരന് പൊതുഇടങ്ങളില്‍ ലഭിക്കേണ്ട പല അവകാശങ്ങളെയും ഹനിച്ചുകൊണ്ടാണ് ഉന്നതര്‍ മറ്റു പലയിടങ്ങളിലെയും അപാകതകള്‍ ചൂണ്ടിക്കാട്ടുന്നത്.
പൊതുജനങ്ങളുടെ സ്വീകാര്യതയും സഹകരണവുമില്ലാതെ ഒരു മാധ്യമത്തിനും നിലനില്‍ക്കാനാകില്ല. കടലാസിന്റെയും മഷിയുടെയും ഗുണമേന്മ നോക്കി പത്രം വാങ്ങുന്നവരാണ് മിക്കവാറും ജനങ്ങള്‍. ഇങ്ങനെയൊരു പൊതുചിന്ത നിലനില്‍ക്കുമ്പോള്‍, ജനാധിപത്യത്തിന്റെ ബോധം കൊണ്ടും പൗരാവകാശത്തിന്റെ ആവേശം കൊണ്ടും സത്യസന്ധമായ വാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഒരു കല്ലച്ചിലടിക്കുന്ന പത്രം ഇറങ്ങിയാല്‍ അതിനെ സ്വീകരിക്കാന്‍ നിങ്ങളില്‍ എത്ര പേരുണ്ടാകും? വായനക്കാരുടെ കൈകള്‍ മാധ്യമങ്ങള്‍ക്കായി നീട്ടുന്നില്ല എങ്കില്‍ അതിന് നിലനില്‍പ്പുമുണ്ടാകില്ല.

ഹിന്ദുത്വയുടെ
സാംസ്‌കാരിക പ്രസരണം

കെ ജയദേവന്‍

മാധ്യമം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും നമ്മുടെയൊക്കെ ചിന്ത പത്രങ്ങളിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും ന്യൂസ് ചാനലുകളിലേക്ക് ആയി ചുരുങ്ങാറുണ്ട്. മാധ്യമങ്ങള്‍ ഭരണകൂടത്തെ താങ്ങി നിര്‍ത്തുന്ന നാലാമത്തെ തൂണാണെന്ന പ്രസ്താവന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വെറും വാക്കായി മാറിയിരിക്കുകയാണ്. എണ്‍പത് – തൊണ്ണൂറുകള്‍ക്ക് ശേഷം ലോകത്താകമാനം ഉള്ള മാധ്യമ ശൃംഖല വലിയതോതില്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്.
മാധ്യമങ്ങളുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കി മനസ്സിലാക്കിയാല്‍ അതിനെക്കുറിച്ചുള്ള ആശങ്ക ഒരു പരിധി വരെ ഒഴിവാക്കാനാകും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാധ്യമങ്ങളുടെ ദൗത്യം ഭരിക്കുന്നവര്‍ക്കും അവരെ പിന്തുണക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും അനുകൂലമായിട്ടുള്ള സമ്മതങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ്. ആ സമ്മത നിര്‍മിതിയാണ് വാസ്തവത്തില്‍ ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എപ്പോഴും മാധ്യമങ്ങളെ ശ്രോതാക്കളെക്കാള്‍ ഒരുപടി മുകളിലായിട്ടാണ് സാധാരണ ജനങ്ങള്‍ തന്നെ കണക്കാക്കാറ്. വിവരങ്ങള്‍ കിട്ടാനായി മാധ്യമത്തെ ആശ്രയിക്കുമ്പോള്‍ തന്നെ ശ്രോതാവ് ഒരുപടി താഴെയായി എന്ന് സ്വയം വിശ്വസിക്കുന്നു. എന്നാല്‍ ഇക്കാലത്തെ മാധ്യമ വിമര്‍ശനത്തിനും വിശകലനത്തിനും വേണ്ടി സാധാരണക്കാരും മാധ്യമത്തിന്റെ അതേ തലത്തിലേക്ക് ഉയരേണ്ടതുണ്ട്. ജനങ്ങള്‍ ഏത് നവ-ഇതര മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോഴും മാധ്യമത്തെ അതേ തലത്തില്‍ ഇരുന്നു കൊണ്ടായിരിക്കണം നോക്കിക്കാണേണ്ടത്. ഇതിനായി മാധ്യമങ്ങളെ സമീപിക്കുന്നതിനു മുന്‍പ് തന്നെ അതിന്റെ മൂലധന സ്രോതസ്സിനെ കുറിച്ച് നമ്മള്‍ അന്വേഷിക്കണം. വളരെ പൊളിറ്റിക്കല്‍ ആയ ഈ ഒരു അന്വേഷണം ഒരുപക്ഷേ ആ മാധ്യമത്തിന്റെ മൂടുപടം അപ്പാടെ മാറ്റാന്‍ പോന്നതാകും. ഒരു മാധ്യമത്തെ മനസ്സിലാക്കാന്‍ വേണ്ട നിര്‍ണായകമായ ഈ ചോദ്യത്തെ പലപ്പോഴും നമ്മള്‍ മറക്കുന്നത് എന്തുകൊണ്ടാണ്?… ഇന്നത്തെ പോലെ ഹിന്ദു രാഷ്ട്രീയത്തിനും മാര്‍ക്കറ്റ് കേന്ദ്രീകൃതമായുള്ള വലിയ പരിപാടികള്‍ക്കും മേല്‍കൈ കിട്ടിയിട്ടുള്ള ഇക്കാലത്ത് നമുക്കീ ചോദ്യം സ്വാഭാവികമായി വരില്ല. ഈ ചോദ്യം നിരന്തരമായി സാധാരണക്കാരെ കൊണ്ട് ഉന്നയിപ്പിക്കുന്നതാണ് ശക്തമായ മാധ്യമ വിമര്‍ശനം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട അവകാശ ധ്വംസനങ്ങളും നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തുവല്ലോ. ഹിന്ദുത്വം എന്നത് കേവലം ഒരു പൊളിറ്റിക്കല്‍ പ്രോജക്ട് മാത്രമാണ്. ഇതിന് ഹിന്ദു ഇസവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുത്വം എന്ന രാഷ്ട്രീയ പദ്ധതി അഞ്ചോ പത്തോ വര്‍ഷം കൊണ്ട് പിറവികൊണ്ട ഒന്നല്ല. ആധുനിക ഇന്ത്യയുടെ രൂപീകരണത്തിന്റെ ആദ്യഘട്ടമായ 1920കള്‍ മുതല്‍ തന്നെ ഹിന്ദുത്വ അജണ്ടകള്‍ ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന സങ്കല്‍പ്പത്തിന് സമാന്തരമായി സഞ്ചരിക്കുന്നുണ്ട്. 1947 ല്‍ സ്വാതന്ത്ര്യാനന്തരം പിറവികൊണ്ട ഇന്ത്യയാണ് നമ്മള്‍ ഇന്ന് കാണുന്നത്. ആ ഇന്ത്യക്ക് വേണ്ട ആശയങ്ങള്‍ നാല്പതോ അമ്പതോ വര്‍ഷം കൊണ്ട് സമന്വയിപ്പിച്ചു കൊണ്ടുവന്നതാണ്. ആ ആശയങ്ങളില്‍ മാത്രമാണ് ജനാധിപത്യം, മതനിരപേക്ഷം, സോഷ്യലിസം മുതലായ സങ്കല്‍പ്പങ്ങള്‍ കയറി വന്നിട്ടുള്ളത്. ഇന്ത്യ ഒരു ആധുനികമായ രാഷ്ട്ര സങ്കല്പമാണ്. 1947 വരെ പ്രജകളായി നിന്നിരുന്ന മനുഷ്യര്‍ അതുമുതല്‍ ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമായി പൗരന്മാരായി മാറുകയാണ്. ആധുനിക രാഷ്ട്ര സങ്കല്‍പ്പത്തിലേ പൗരാവകാശത്തിന് നിലനില്‍പ്പുള്ളൂ. അതുകൊണ്ടുതന്നെ പൗരാവകാശം ഉറപ്പുവരുത്തണം എന്നുണ്ടെങ്കില്‍ ഇന്ത്യ സെക്കുലറും ഡെമോക്രാറ്റിക്കും ആകണം. ജനാധിപത്യ ഭരണം ഒരു രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യപരമായിട്ടുള്ള ഒരു പൗരസമൂഹം ആ രാജ്യത്തുണ്ടായിരിക്കണം. അത്തരത്തിലുള്ള പൗര സമൂഹത്തിനേ ജനാധിപത്യപരമായ മാധ്യമത്തെയും സൃഷ്ടിക്കാന്‍ കഴിയൂ.
എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ വലിയൊരു ഭാഗത്തെ ഹിന്ദുത്വം വിഴുങ്ങി കഴിഞ്ഞു. രാഷ്ട്രീയപരമായിട്ടാണ് ഈ ഹിന്ദുത്വത്തിന്റെ വ്യാപനം പ്രതിഫലിക്കുക എങ്കിലും, ഇത് ജനങ്ങളില്‍ കുത്തിവെക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ അല്ല, സാംസ്‌കാരിക പ്രചാരണങ്ങളിലൂടെയാണ്. പൊളിറ്റിക്‌സില്‍ വന്നു മൂടുന്ന ഈ ഹിന്ദുത്വ നിഴല്‍ സംസ്‌കാരത്തില്‍ നട്ട ഹിന്ദുത്വ വൃക്ഷത്തിന്റേതാണ്. ബാഹ്യമായ ഇടപെടലുകള്‍ കൊണ്ട് അതില്‍ കാര്യമായ മാറ്റമൊന്നും കൊണ്ടുവരാന്‍ കഴിയില്ല.

വായ മൂടിക്കെട്ടുന്ന അവസ്ഥ
കമാല്‍ വരദൂര്‍

എല്ലാ മൗലികാവകാശങ്ങളും ആസ്വദിക്കുന്നവരാണ് വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങളെന്ന് പറയാറുണ്ട്. തൊട്ടുമുമ്പ് ഇവിടെ സംസാരിച്ച ആര്‍ രാജഗോപാലിനെ ഭരണകൂടത്തെ വിമര്‍ശിച്ചതിന് ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുകയായിരുന്നു. അധികാരികളെ വിമര്‍ശിക്കുന്നവരെ പല രീതിയിലും ഇന്ന് വിലക്കുന്നുണ്ട്. എന്നാല്‍ അധികാരികളെ പുകഴ്ത്തിയുള്ള സംസാരങ്ങളും അവര്‍ നടത്തുന്ന പരിപാടികളും ചാനലുകളില്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നു. അതൊക്കെ വലിയ വാര്‍ത്തകളായി അച്ചടിച്ചുവരുകയും ചെയ്യുന്നു.
അബൂദാബി ഭരണകൂടം നല്‍കിയ 25 ഏക്കറില്‍ ക്ഷേത്രം നിര്‍മിച്ച് പ്രധാനമന്ത്രി അതിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ അധികാരികളും നിയമപാലകരും ചേര്‍ന്ന് പള്ളി പൊളിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. എല്ലാ കോടതിവിധികളും ഭരണകൂടത്തിന് അനുകൂലമായി മാറുന്ന ഒരു വര്‍ത്തമാനകാല ലോകമാണിന്ന്.
തുടര്‍ന്നും ഇതേ ഭരണകൂടം തന്നെയാണ് അധികാരത്തിലേറുന്നത് എങ്കില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന ഒരു സമ്മേളനം തന്നെ ഇനി ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. എന്തിനധികം, ഇലക്ഷനും പാര്‍ലമെന്റും തന്നെ തുടര്‍ന്നും ഉണ്ടാകുമോ എന്ന കാര്യം പോലും സംശയമാണ്… നമ്മളെല്ലാം വായ മൂടിക്കെട്ടി ഇരിക്കേണ്ട ഒരു അവസ്ഥയാകും ഇനിയുള്ള കാലത്തുണ്ടാവുക. പേടിച്ച് നിശ്ശബ്ദരായി നില്‍ക്കാതെ, ഭരണകൂട അക്രമങ്ങള്‍ക്കുള്ള മറുപടി പ്രത്യാക്രമണങ്ങളായി തന്നെ തിരിച്ചുകൊടുക്കണം.

പ്രതീക്ഷകള്‍ പാടെ കൈവിട്ടിട്ടില്ല
കെ പി നൗഷാദലി

ഇന്ത്യയിലെ മാധ്യമരംഗം ഇന്ന് സമ്പൂര്‍ണമായി നിശ്ചലമായി എന്നുതന്നെ പറയാം. ചില വാര്‍ത്തകളൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് ബിബിസി, വാഷിങ്ടണ്‍ പോസ്റ്റ്, അല്‍ജസീറ, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങളാണ്. അവര്‍ക്കും സര്‍ക്കാര്‍ താക്കീതു നല്‍കിയിരിക്കുകയാണ്. 24 വര്‍ഷമായി ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകയായി സേവനം ചെയ്യുന്ന ഒരു ഫ്രഞ്ച് വനിതയ്ക്ക് പൗരത്വം പുതുക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിഷേധിക്കുകയുണ്ടായി. ഇത്തരത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിരാശാജനകമായ അന്തരീക്ഷമാണ് ഇന്ന് നിലനില്‍ക്കുന്നത്.
സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം സംഘ്പരിവാറിനോട് കൂറുപുലര്‍ത്തുന്ന, എന്നാല്‍ സംഘി എന്ന വിളിപ്പേരില്‍ അടങ്ങിയിട്ടുള്ള വിഷമൊന്നും തീണ്ടാത്ത നിഷ്‌കളങ്കരായ പ്രാദേശിക പ്രവര്‍ത്തകര്‍ നമുക്കു ചുറ്റുമുണ്ട്. അവരെയൊക്കെ പൂര്‍ണമായും സംഘപരിവാറിനു വിട്ടുകൊടുക്കാതെ, അവരില്‍ ഒരു പ്രതീക്ഷയര്‍പ്പിക്കുന്ന തരത്തിലുള്ള സമീപനം ഉണ്ടാക്കുന്നത് നന്നാകുമെന്നാണ് എനിക്ക് തോന്നുന്നത്. അല്‍അമീന്‍ പത്രത്തിന്റെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍. 1924ലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. 1920കളില്‍ മലബാറിലെ ദേശീയ സമര നേതാക്കള്‍ ഒരുമിച്ച് ഒരു ബ്രിട്ടീഷ്‌വിരുദ്ധ നീക്കത്തിനു വേണ്ടി ആലോചിച്ചതിന്റെ ഭാഗമായിട്ടാണ് മാതൃഭൂമി പത്രം പിറന്നത്. പക്ഷേ, അതിന്റെ ട്രസ്റ്റ് രൂപീകരിച്ചപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ള പലരും അതില്‍ ഇല്ലാതെപോയി. കെ പി കേശവമേനോന്‍ ചീഫ് എഡിറ്ററും കോരൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പ്രിന്റിങ് ആന്റ് പബ്ലിഷറും കെ മാധവന്‍ നായര്‍ മാനേജിങ് ഡയറക്ടറുമായി മാതൃഭൂമി പത്രം രൂപീകരിച്ചു. ഇതില്‍ രോഷാകുലനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് 1924ല്‍ അല്‍അമീന്‍ പത്രം തുടങ്ങുകയായിരുന്നു. 1939ല്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുന്നതുവരെ ആ പത്രം ഇവിടെ നിലനിന്നു. മുസ്‌ലിം ഐക്യസംഘത്തിനും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കുമൊക്കെ കേരളത്തില്‍ വിത്തിട്ട നവോത്ഥാന നായകനാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്.
വര്‍ത്തമാനകാല സാഹചര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകള്‍ പാടേ കൈവിട്ട് നിരാശരായിപ്പോകാതെ സൂക്ഷിക്കുന്നതാണ് ഒരു പരിധി വരെ നല്ലത്. നമ്മള്‍ നില്‍ക്കുന്ന ഈ കൊണ്ടോട്ടി പ്രദേശത്തിന് അത്തരമൊരു ചരിത്രമുണ്ട്. 1921ലെ മലബാര്‍ സമരാനന്തരം ഈ മണ്ണില്‍ അഴിഞ്ഞാടിയത് ഡോര്‍സെറ്റ്, ചിന്‍ കചിന്‍, ഗൂര്‍ഖാ റെജിമെന്റുകളൊക്കെ ആയിരുന്നു.
വലിയ ആക്രമണോത്സുകത കാട്ടുന്ന, അത്രയും മനുഷ്യത്വവിരുദ്ധമായുള്ള സേനകളായിരുന്നു ഇവയൊക്കെ. അന്ന് ഇവിടെ നടമാടിയ അക്രമങ്ങള്‍ വിവരണാതീതമാണ്. ഇവിടെ നിലനിന്നിരുന്ന ആന്തമാന്‍ സ്‌കീം പ്രകാരം 17 വയസ്സ് കഴിഞ്ഞ ഏത് മുസ്‌ലിം ചെറുപ്പക്കാരനെയും പിടിച്ചുകൊണ്ടുപോയി കപ്പല്‍ കയറ്റി ആന്തമാന്‍ പരിസരങ്ങളില്‍ ഉപേക്ഷിക്കുമായിരുന്നു. അന്ന് മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള ഒരുപാട് കരിനിയമങ്ങളും ഇവിടെയുണ്ടായിരുന്നു. ഈ മണ്ണിനോടൊന്ന് കാതുചേര്‍ത്തുവച്ചാല്‍ ലഹളക്കാലത്തെ മാനം കാക്കാനുള്ള സ്ത്രീകളുടെ നിലവിളികള്‍ കേള്‍ക്കാം. അത്തരത്തില്‍ നടുവൊടിക്കപ്പെട്ട ഒരു സമുദായം ഈ നാട്ടില്‍ അതിജീവിച്ചുപോയിട്ടുണ്ട്.
എം പി നാരായണ മേനോന്‍ ജയിലില്‍ കിടന്ന് മഹാത്മാ ഗാന്ധിക്ക് എഴുതിയ കത്തില്‍ അന്നത്തെ മദിരാശി പട്ടണത്തിലെ അവസ്ഥ വിശദീകരിക്കുന്നുണ്ട്. അവിടെ ഭിക്ഷ തെണ്ടുന്നവരില്‍ ഭൂരിഭാഗവും നമ്മുടെ ഏറനാട്ടില്‍ നിന്നും വള്ളുവനാട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ട അബലകളായ സ്ത്രീകളും വൃദ്ധരും കുട്ടികളുമാണെന്ന്. അത്തരമൊരു അവസ്ഥയില്‍ നിന്ന് ഇന്നു നാം കാണുന്ന സാംസ്‌കാരികവും ബൗദ്ധികവുമായ നിലയിലേക്ക് നമുക്ക് എത്താന്‍ കഴിഞ്ഞുവെങ്കില്‍ അതൊക്കെ നിശ്ശബ്ദമായ അതിജീവനത്തിന്റെ വലിയ വിപ്ലവഗാഥയാണ്. അത്തരമൊരു ഭൂതകാലം ഓര്‍ക്കാനുള്ള നമുക്ക് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലെ കലുഷിതാവസ്ഥ മറികടക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ പ്രത്യാശ നിറഞ്ഞ ചിന്തകളുമായി നമുക്ക് കാലത്തെ നേരിടാം. ജവഹര്‍ലാല്‍ നെഹ്‌റു ‘ഇന്ത്യയെ കണ്ടെത്തലി’ല്‍ പറഞ്ഞിട്ടുണ്ട്: ഇന്ത്യ എന്ന മഹത്തായ സംസ്‌കൃതി സഹസ്രാബ്ദങ്ങളിലൂടെ അനര്‍ഗളമായി ഒഴുകുകയാണ്. അതിനൊക്കെ ഇടയില്‍ ചുരുങ്ങിയ കാലഘട്ടത്തേക്ക് അശാന്തി നിറയ്ക്കാനും കാര്യങ്ങളെ കീഴ്‌മേല്‍ മറിക്കാനുമൊക്കെയുള്ള ശത്രുക്കളുടെ നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

തൊപ്പിയും താടിയുമുള്ള
വാര്‍ത്തകള്‍

വി കെ ഫൈസല്‍ ബാബു

അത്യസാധാരണമായ വാദങ്ങളെ നിങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ അത്യസാധാരണമായ തെളിവുകള്‍ ഉണ്ടായിരിക്കണം – കാള്‍ സാഗന്‍.
നുണകളെ ആഘോഷിക്കുകയാണ് ഈ രാജ്യത്തെ ഫാഷിസം. ഭരണകൂടം ഒരു യുക്തിയെ മുന്നോട്ടുവെക്കുമ്പോള്‍ ആ യുക്തിക്കെതിരെ പ്രതിരോധമുയര്‍ത്തുക എന്നതാണ് മാധ്യമങ്ങളുടെ ബാധ്യത. അവരത് ചെയ്യുന്നില്ല എന്നതിന് എത്ര വലിയ അനുഭവങ്ങളുണ്ട്. എല്ലാ പത്രങ്ങളുടെയും അവസാനത്തില്‍ ഒരു വാക്ക് കാണാം നമുക്ക്, ‘ജൃശിലേറ മിറ ുൗയഹശവെലറ ീി യലവമഹള ീള’. ഇംഗ്ലീഷില്‍ ീി യലവമഹള ീള എന്ന് പറഞ്ഞാല്‍ താല്‍പര്യത്തിനുവേണ്ടി എന്നാണ്. താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങള്‍ക്ക് നേരു പറയാന്‍ ആകില്ല എന്ന ബോധ്യം നമ്മളിലുണ്ടാക്കിയ മുഹൂര്‍ത്തങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അന്ന് പള്ളിയുടെ മുകളിലേക്ക് കര്‍സേവകര്‍ കയറുന്നതിന്റെ മുമ്പ് തന്നെ കേരളത്തിലെങ്കിലും ചില മാധ്യമങ്ങള്‍ ബാബരിയുടെ താടികക്കുടങ്ങള്‍ തകര്‍ത്തിരുന്നു. ആദ്യം അവര്‍ പറഞ്ഞത് ബാബരി മസ്ജിദ് രാമജന്മഭൂമി എന്നാണ്. പിന്നെയത് രാമജന്മഭൂമി ബാബരി മസ്ജിദാക്കി. പിന്നെ പതിയെ ബാബരി മസ്ജിദ് നഷ്ടപ്പെട്ടു. അത് രാമ ജന്മഭൂമി പ്രശ്‌നം മാത്രമാക്കി മാറ്റി. പിന്നീട് അങ്ങോട്ട് അതിന്റെ പേര് ‘തര്‍ക്കമന്ദിരം’ എന്നായി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഒരു പ്രമുഖ മലയാള പത്രത്തിലെ തലക്കെട്ട് ‘തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടു’ എന്നായിരുന്നു. ചരിത്രത്തില്‍ ഒരിക്കല്‍ പോലും അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി മാധ്യമങ്ങള്‍ നാവുയര്‍ത്തിയിട്ടില്ല എന്നു തന്നെ പറയേണ്ടിവരും. കൊട്ടാരത്തിലെ ചക്രവര്‍ത്തിമാരെ പ്രീതിപ്പെടുത്താന്‍ നിലകൊണ്ട മാധ്യമങ്ങള്‍ ഇന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരെ പ്രീതിപ്പെടുത്താന്‍ മത്സരിക്കുന്ന ഗോഡി മീഡിയകളാണ്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ വഴിതെറ്റുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്.
ഒരൊറ്റ സംഭവത്തെക്കുറിച്ച് മാത്രം നമുക്ക് ചര്‍ച്ച ചെയ്യാം. കളമശ്ശേരി സ്‌ഫോടന സമയത്ത് മാധ്യമങ്ങള്‍ എങ്ങനെയായിരുന്നു പ്രതികരിച്ചത്. സംഘപരിവാര്‍ പ്രൊഫൈലുകളില്‍ മുസ്ലീം വെറുപ്പ് നിറഞ്ഞ മണിക്കൂറുകളായിരുന്നു ആദ്യം. എന്നാല്‍ വളരെ സെക്കുലറായി മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആ ബോംബിന് തൊപ്പിയും താടിയും സങ്കല്‍പ്പിച്ചുകൊണ്ട് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്ലീംകള്‍ക്ക് മേല്‍ ചാര്‍ത്തുകയായിരുന്നു. അത്തരത്തില്‍ വളരെ ജനാധിപത്യപരമായി നിന്ന ഒരാള്‍ പോലും തെളിവുകള്‍ക്ക് കാത്തു നില്‍ക്കാതെ മുസ്ലീംകളെ പ്രതിക്കൂട്ടില്‍ ആക്കുന്നു എന്നത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ ആശങ്കയുളവാക്കുന്നുണ്ട്. എങ്കിലും ഭയപ്പെടേണ്ട. നമ്മള്‍ ഈ കാലവും കടന്നുപോകും. ജനങ്ങളുടെ പ്രഹര ശേഷിയില്‍ ഈ പ്രതിസന്ധിയെയും നമ്മള്‍ അതിജയിക്കും. അതിനുവേണ്ടി നമ്മള്‍ ശ്വാസോച്ഛ്വാസമുള്ള ശവങ്ങളെപ്പോലെ ജീവിക്കാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

Back to Top