31 Thursday
July 2025
2025 July 31
1447 Safar 5

ശ്രദ്ധേയമായ മീഡിയ കവറേജ്‌


മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് അഭൂതപൂര്‍വമായ പിന്തുണയാണ് അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്കിയത്. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ സമ്മേളന സ്പെഷ്യല്‍ പതിപ്പുകള്‍ പുറത്തിറക്കി. മീഡിയ വണ്‍, 24 ന്യൂസ്, കൈരളി തുടങ്ങി മലയാളത്തിലെ എല്ലാ മുന്‍നിര ടെലിവിഷന്‍ ചാനലുകളും ദിനപത്രങ്ങളും മികച്ച കവറേജില്‍ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സമ്മേളനത്തിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിക്കാന്‍ മീഡിയ വിങ് കൃത്യമായ ആസൂത്രണം നടത്തി. വാര്‍ത്തകള്‍ തയ്യാറാക്കുന്നിടത്ത് പ്രൊഫഷണല്‍ സമീപനം കൈക്കൊണ്ടു.
പരമ്പരാഗത സമ്മേളന രീതിയില്‍ നിന്നും മാറി പ്രദര്‍ശനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കിയതും, വിവിധ തരത്തിലുള്ളവരെ ആകര്‍ഷിക്കുന്ന തരത്തില്‍ സമ്മേളനം ഡിസൈന്‍ ചെയ്തതും മാധ്യമശ്രദ്ധ വര്‍ധിക്കുന്നതിന് കാരണമായി. ജൈവികമായ മാധ്യമശ്രദ്ധയാണ് അതിനാല്‍ സമ്മേളനത്തിന് ലഭിച്ചത്. ‘സ്ത്രീശക്തി വിളിച്ചോതി വനിതാ സംഗമം’ എന്നാണ് മാധ്യമം ദിനപത്രം തലക്കെട്ട് നല്കിയത്. കേരളം കണ്ട ഏറ്റവും വലിയ വനിതാ സംഗമത്തിനാണ് മുജാഹിദ് സമ്മേളന നഗരി സാക്ഷ്യംവഹിച്ചത്. ‘കളിയും കൂട്ടുമായി കിഡ്സ് പോര്‍ട്ട്’ എന്നാണ് മാതൃഭൂമിയുടെ ഒരു തലക്കെട്ട്. ‘വേദവെളിച്ചം നാടിനു നല്‍കി മുജാഹിദ് സമ്മേളനത്തിന് ഉജ്വല സമാപനം’ എന്നാണ് മനോരമയുടെ തലക്കെട്ട്. ജീവിച്ചിരിക്കുന്ന സമുദായത്തിന് ഓജസ്സും തേജസ്സും നല്കാനാണ് മുജാഹിദ് സമ്മേളനത്തില്‍ സെഷനുകള്‍ ക്രമീകരിച്ചത്. അതിനാല്‍ തന്നെ ‘പ്രൗഢം, പ്രമാണബദ്ധം’ എന്നാണ് ചന്ദ്രിക സമ്മേളനത്തെ വിശേഷിപ്പിച്ചത്. മാപ്പിള സമുദായത്തിന്റെ പ്രൗഢിയോടെയുള്ള വളര്‍ച്ചയും, ഇസ്ലാമിക പ്രമാണങ്ങളുടെ അജയ്യതയും സമ്മേളനം ഉയര്‍ത്തിപ്പിടിച്ചു.

Back to Top