8 Friday
August 2025
2025 August 8
1447 Safar 13

മാധ്യമങ്ങളുടെ വായ മൂടാന്‍ മത്സരിക്കുന്നവര്‍

ഷബീര്‍ മുഹമ്മദ്‌

ഗുജറാത്ത് കലാപം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്കുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവിട്ടിരിക്കുകയാണ് ബി ബി സി. മോദിയുടെ പങ്കിനെക്കുറിച്ച് നേരത്തെ തന്നെ നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കലാപം നടന്നത്. 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കെങ്കിലും യാഥാര്‍ഥ്യം ഇതിന്റെ പതിന്മടങ്ങ് വരുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കലാപത്തിന് നേതൃത്വം നല്‍കിയെന്നും കലാപകാരികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിയെന്നും നിരവധി വസ്തുതാന്വേഷണ സംഘങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. കലാപത്തില്‍ മോദിക്കുള്ള പങ്കും കലാപത്തിലേക്ക് നയിച്ച ‘ശിക്ഷ ലഭിക്കില്ലെന്ന അന്തരീക്ഷത്തിന്’ നേരിട്ടുള്ള ഉത്തരവാദി അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നുവെന്നുമാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ജനുവരി 17നാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. എന്നാല്‍ ജനുവരി 19ന് ഇന്ത്യ അത് യൂട്യൂബില്‍ നിന്നു നീക്കം ചെയ്യുകയും ചെയ്തു.
കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഡോക്യുമെന്ററിയില്‍ ഉദ്ധരിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പരസ്യമായി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ തടയാന്‍ ശ്രമിച്ച ഗുജറാത്ത് പോലീസിനെ മോദി തടഞ്ഞുവെന്നും സംസ്ഥാനത്ത് കലാപം ആളിക്കത്തിക്കാന്‍ ആ നിലപാട് കാരണമായെന്നും ബ്രിട്ടീഷ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും ഡോക്യുമെന്ററി അവകാശപ്പെടുന്നു. ഡോക്യുമെന്ററിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ ബി ബി സി ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിസമ്മതിച്ചതായും ബി ബി സി പറയുന്നു.
തങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നവരെയും സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും ഓണ്‍ലൈന്‍ മീഡിയകളുടെയും വായ അടപ്പിക്കുന്ന ബി ജെ പി ഭരണകൂടത്തിന്റെ നടപടി ഇന്ത്യയില്‍ പുതിയ സംഭവമല്ല. സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ ശബ്ദിച്ച അത്തരം നിരവധി ചെറുതും വലുതുമായ മാധ്യമങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതും അത്തരം ചാനലുകളുടെ ഓഫീസില്‍ ഇ ഡിയെയും മറ്റു കേന്ദ്ര അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ചു വേട്ടയാടുന്നതിനും നാം ഇപ്പോഴും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

Back to Top