13 Saturday
April 2024
2024 April 13
1445 Chawwâl 4

മഴ എന്ന ഉപമ

എം ടി അബ്ദുല്‍ഗഫൂര്‍


അബൂമൂസാ അല്‍അശ്അരി(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. അറിവും മാര്‍ഗദര്‍ശനവുമായി അല്ലാഹു എന്നെ നിയോഗിച്ചതിന്റെ ഉപമ ഒരു മഴ പോലെയാണ്. അത് പതിക്കുന്ന ഭൂമി ചിലത് ശുദ്ധമായിരിക്കും. അത് വെള്ളത്തെ സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചിലത് സസ്യം മുളയ്ക്കാത്ത പ്രദേശമായിരിക്കും. എന്നാല്‍ അത് വെള്ളത്തെ തടഞ്ഞുനിര്‍ത്തും. അതിനെ അല്ലാഹു ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും. അവര്‍ കുടിക്കുകയും നനയ്ക്കുകയും കൃഷി ചെയ്യുകയും ചെയ്യും. വേറെ ചില പ്രദേശങ്ങള്‍ സമതലങ്ങളായിരിക്കും. അത് വെള്ളത്തെ തടഞ്ഞുനിര്‍ത്തുകയോ സസ്യങ്ങളെ മുളപ്പിക്കുകയോ ഇല്ല. അല്ലാഹുവിന്റെ ദീനില്‍ അവഗാഹം നേടുന്നവന്‍ അത് പ്രയോജനപ്പെടുത്തും. അവന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും. എന്നാല്‍ അതിലേക്ക് ശ്രദ്ധ തിരിക്കാത്തവന്‍ അല്ലാഹുവിന്റെ സന്മാര്‍ഗത്തെ സ്വീകരിക്കാത്തവനാകുന്നു (ബുഖാരി, മുസ് ലിം)
ഭൂമി മൂന്ന് വിധത്തിലാകുന്നു. ഫലഭൂയിഷ്ഠമായതും കൃഷിക്കനുയോജ്യമായതുമായിരിക്കും ചിലത്. അവിടെ പെയ്തിറങ്ങുന്ന വെള്ളത്തെ അത് സ്വീകരിക്കുകയും ഉല്പാദനശേഷിയുള്ളതായി മാറ്റുകയും ജനങ്ങള്‍ക്ക് ധാരാളം പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.
മറ്റൊന്ന്, സസ്യങ്ങള്‍ മുളയ്ക്കാന്‍ പര്യാപ്തമായതല്ലെങ്കിലും വെള്ളത്തെ തടഞ്ഞുനിര്‍ത്തുകയും കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കാനും നനയ്ക്കാനും കുടിക്കാനും അതുപയോഗിക്കുകയും ചെയ്യാം.
അറിവും സന്മാര്‍ഗവും അതുപോലെയാണ്. മതപരമായ വിഷയത്തില്‍ അവഗാഹം നേടിയവന്‍ കൂടുതല്‍ പഠിക്കുകയും പഠിച്ചറിഞ്ഞ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരു കൂട്ടര്‍ വിജ്ഞാനത്തിന്റെ കാര്യത്തില്‍ അഗാധമായ പാണ്ഡിത്യം നേടിയിട്ടില്ലെങ്കിലും സന്മാര്‍ഗത്തിന്റെ സംരക്ഷകരും അറിവിന്റെ പ്രചാരകരുമായിരിക്കുമവര്‍. അറിവിന്റെ ദാതാവായ അല്ലാഹുവിലേക്കെത്തുന്ന യഥാര്‍ഥ അറിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ഉപമയിലൂടെ നബിതിരുമേനി. വിശ്വാസി എപ്പോഴും ഉപകാരിയായിരിക്കണമെന്നാണിതിന്റെ താല്പര്യം.
മൂന്നാമത്തെ വിഭാഗം, കൃഷി മുളയ്ക്കാത്ത അതിനനുഗുണമായ യാതൊന്നുമില്ലാത്ത വരണ്ട ഭൂമിയാകുന്നു. അവിടെ മഴ പെയ്തതുകൊണ്ട് ആ വെള്ളത്തെ തടഞ്ഞുനിര്‍ത്താനോ കൃഷിക്കനുയോജ്യമായി അതിനെ പാകപ്പെടുത്താനോ സാധിക്കാത്ത പ്രദേശമാണത്. സന്മാര്‍ഗത്തെ അവഗണിക്കുകയും അറിവിന്റെ വഴിയില്‍ നിന്ന് തിരിഞ്ഞുനടക്കുകയും ചെയ്യുന്നവരെ ഇത്തരം പ്രദേശങ്ങളോടാണ് നബി(സ) ഉപമിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കും തങ്ങള്‍ക്കു തന്നെയും യാതൊരു ഗുണവും ലഭിക്കാത്തവരാണവര്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x