മയ്യേരി മുയ്തീന്‍ മാസ്റ്റര്‍
വളവന്നൂര്‍: കെ എന്‍ എം മര്‍കസുദ്ദഅവ ചെറവന്നൂര്‍ ശാഖാ പ്രസിഡന്റ് മയ്യേരി മുയ്തീന്‍ മാസ്റ്റര്‍ (75) നിര്യാതനായി. തിരൂര്‍ പഴങ്കുളങ്ങര എ എം എല്‍ പി സ്‌കൂള്‍ അധ്യാപകനായിരുന്നു. മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചെറവന്നൂര്‍ സാന്ത്വനം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ചെറവന്നൂര്‍ അത്താണിക്കല്‍ മഹല്ല് പ്രവര്‍ത്തക സമിതി അംഗം, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് അലുംനി അസോസിയേഷന്‍ ട്രഷറര്‍, വാര്‍ഡ് മുസ്‌ലിം ലീഗ് ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മികച്ച ബാഡ്മിന്റണ്‍, വോളിബോള്‍ കളിക്കാരനായിരുന്നു. സാന്ത്വനം ട്രസ്റ്റ് രൂപീകരിച്ച് പലിശരഹിത വായ്പാ നിധിക്ക് ഫണ്ട് നല്‍കി തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. വാടക ക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ശാഖാ ഇസ്‌ലാഹീ സംരംഭങ്ങള്‍ക്കും ഒരു ആസ്ഥാനമെന്ന ലക്ഷ്യത്തില്‍ ചെറവന്നൂര്‍ അത്താണിക്കല്‍ 15 സെന്റ് സ്ഥലം വാങ്ങാന്‍ നേതൃത്വം നല്‍കിയതും മാസ്റ്റര്‍ തന്നെയായിരുന്നു. സാമ്പത്തിക സഹായം ആവശ്യമായ രംഗങ്ങളിലെല്ലാം നിര്‍ലോഭമായി സഹകരിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമായിരുന്നു അദ്ദേഹം. പ്രദേശത്തെ ഇസ്‌ലാഹീ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും കുടുംബവും വഹിച്ച പങ്ക് വലുതാണ്. എം ജി എം ശാഖാ പ്രസിഡന്റ് എം ഖദീജയാണ് ഭാര്യ. മക്കള്‍: അബ്ദുന്നാസര്‍, നൗഫല്‍, നസീറ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
സി മുഹമ്മദ് അന്‍സാരി