6 Wednesday
August 2025
2025 August 6
1447 Safar 11

മയക്കുമരുന്നിനെതിരെ കടുത്ത ജാഗ്രത വേണം

സുബൈര്‍ കുന്ദമംഗലം

ആധുനിക സമൂഹം നേരിടുന്ന മാരകമായ വെല്ലുവിളിയാണ് ലഹരിവസ്തുക്കള്‍. 13-14 വയസ്സുള്ള സ്‌കൂള്‍കുട്ടികള്‍ മുതല്‍ മയക്കുമരുന്നുകളും മറ്റു ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന നാടാണിത്. ആകര്‍ഷകമായ പേരുകളിലും രൂപങ്ങളിലും പ്രത്യേക രസക്കൂട്ടുകള്‍ ചേര്‍ത്ത മയക്കുമരുന്നുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ചോക്‌ലേറ്റ്, സ്‌പ്രേ, സ്റ്റാമ്പ്, ബീഡി, സിഗരറ്റ് തുടങ്ങി പരിചിതമോ അല്ലാത്തതോ ആയ വസ്തുക്കള്‍ വഴിയെല്ലാം ലഹരിമരുന്നുകളുടെ വില്‍പന തകൃതിയായി നടക്കുന്നു. ഫെവികോള്‍ പോലുള്ള വിവിധയിനം പശകള്‍, ഷേവിങ് ക്രീമുകള്‍ പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ മറപിടിച്ചും ലഹരി നുണയുന്നവരുണ്ട്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് കണ്ണ് ചുവന്നവര്‍ക്ക് പ്രതിവിധിയായി പ്രത്യേക തരം ഐ സ്‌പ്രേകളുമുണ്ട്.
ലഹരി ഉപയോഗം വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങള്‍ നിസ്സാരമല്ല. മദ്യവും മയക്കുമരുന്നും ശരീരത്തെ ദുര്‍ബലപ്പെടുത്തും. പ്രതിരോധശക്തി ക്ഷയിപ്പിക്കും. ലഹരിവസ്തുക്കള്‍ നേരിട്ട് ശരീരത്തിലെ നാഡിഞരമ്പുകളില്‍ കടന്നുചെല്ലും. അത് കരളിനെ ദ്രവിപ്പിക്കും. കോശങ്ങളെ നശിപ്പിക്കും. ലിവര്‍ സിറോസിസ്, മഞ്ഞപ്പിത്തം, കരള്‍ കാന്‍സര്‍, കരള്‍ വീക്കം, ആമാശയ വ്രണം, വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും കാന്‍സര്‍, ലൈംഗിക ശേഷിക്കുറവ് തുടങ്ങിയ നിരവധി മാരക രോഗങ്ങള്‍ക്ക് ലഹരി ഉപയോഗം വഴിവെക്കും. എലിവിഷം ചേര്‍ത്ത വീര്യമുള്ള കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ കിഡ്‌നി രോഗവും കാന്‍സറുമുണ്ടായേക്കും.
ശാരീരിക അവശതകള്‍ക്കു പുറമേ കടുത്ത മനോരോഗങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും കുടുംബ ശൈഥില്യത്തിനും ലഹരി ഉപയോഗം വഴിതുറക്കുന്നു. വിഷാദം, സംശയരോഗങ്ങള്‍, ഓര്‍മക്കുറവ്, ഭ്രാന്ത്, പിരിമുറുക്കം, കുറ്റവാസന തുടങ്ങി നിരവധി മാനസിക പ്രശ്‌നങ്ങളാണ് ലഹരി സമ്മാനിക്കുന്നത്. മയക്കുമരുന്നുകള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞവര്‍ക്ക് അത് കിട്ടാതെ വരുമ്പോഴുള്ള പൊറുതികേട് ചെറുതല്ല. അവരുടെ ശരീരം വിറയ്ക്കും. ഭ്രാന്തന്മാരെപ്പോലെ പിച്ചും പേയും പറയുകയും പരാക്രമികളായി മാറുകയും ചെയ്യും. പ്രതിബന്ധങ്ങള്‍ തട്ടിനീക്കി ഇംഗിതം പൂര്‍ത്തീകരിക്കാന്‍ അവര്‍ എന്തിനും തയ്യാറാവും.
ഇഷ്ടപ്പെട്ടവരെ തട്ടിക്കളഞ്ഞും അവര്‍ ലക്ഷ്യസാക്ഷാത്കാരത്തിന് മടി കാണിക്കുകയില്ല. പണമാണ് പ്രശ്‌നമെങ്കില്‍ മോഷണം തൊഴിലാക്കും. ഇവരെ സംബന്ധിച്ചിടത്തോളം ഉപദേശം അസഹനീയമാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ ജയിലിലുണ്ട്. കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മയക്കുമരുന്നുകളുടെ സ്വാധീനം വലുതാണ്. കേരളത്തിലെ ജയിലുകള്‍ക്കകത്തുപോലും മദ്യവും മയക്കുമരുന്നും ലഭിക്കുന്നുണ്ടെന്നാണ് വിവരം. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന പലരും മയക്കുമരുന്നിന്റെ അടിമകളോ വാഹകരോ ആയി മാറുന്നത് സാധാരണയാണ്.
മനുഷ്യരാശിയെ വിശിഷ്യാ യുവജനതയെ മയക്കിക്കിടത്തി മില്യനും ബില്യനും വാരിക്കൂട്ടുന്ന അന്താരാഷ്ട്ര ഭീമന്‍ ലോബികളെ പിടിച്ചുകെട്ടുക ദുഷ്‌കരം തന്നെ. എന്നാല്‍, മാരകമായ വൈറസിനേക്കാള്‍ അതിദ്രുതം പടര്‍ന്നു പന്തലിക്കുന്ന ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തിയേ മതിയാകൂ. ബോയ്‌സ്/ഗേള്‍സ് ഹോസ്റ്റലുകളിലും കാമ്പസുകളിലും എന്തിനധികം നമ്മുടെ വീടകങ്ങളില്‍ പോലും സകല നിയന്ത്രണങ്ങളും ഭേദിച്ച് മയക്കുമരുന്നു സംഘങ്ങള്‍ കടന്നെത്തുന്നുണ്ട്. പുതിയ ഇരകളെ കണ്ടെത്താനുള്ള സാഹസത്തില്‍ പഴയ ഇരകളാണ് അവരുടെ സഹായികള്‍. സഹവാസവും വിനോദയാത്രയും ഒത്തുകൂടലുകളും അതിന് സൗകര്യമൊരുക്കുന്നു.
മൂല്യബോധമുള്ള തലമുറയ്ക്ക് ബീജാവാപം നല്‍കിയും കുടുംബമെന്ന അടിസ്ഥാന ശിലയുടെ കരുത്ത് നിലനിര്‍ത്തിയും, ശാന്തിയും സമാധാനവും സ്വസ്ഥതയുമുള്ള സമൂഹത്തെ സൃഷ്ടിച്ചും ഈ വെല്ലുവിളിയെ നേരിട്ടേ മതിയാകൂ. സമഗ്രവും ശക്തവുമായ ബോധവത്കരണമാണ് ആദ്യപടി. ലഹരിക്ക് അടിപ്പെട്ടവരെ കണ്ടെത്തി കൗണ്‍സലിങ് നല്‍കിയും ഡീഅഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സിച്ചും പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം. സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളുടെയും സഹായത്തോടെ ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ച് ലഹരിമുക്ത കേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കണം. മയക്കുമരുന്നിന്റെ കടത്തും വിതരണവും ഉപയോഗവും വലിയ കുറ്റമായി കാണണം. അളവും തൂക്കവും ഏറിയാലും കുറഞ്ഞാലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ ഗുരുതരമായ രാജ്യദ്രോഹമായി കണക്കാക്കണം. അവ്വിധം നിയമം പൊളിച്ചെഴുതാന്‍ രാഷ്ട്രം സന്നദ്ധമാകണം.
തലമുറകളുടെ തായ്‌വേരറുക്കുന്ന ലഹരിക്കെതിരെ ലോകരാജ്യങ്ങള്‍ വിശിഷ്യാ അറബ് നാടുകള്‍ പുലര്‍ത്തുന്ന ജാഗ്രത നമുക്ക് മാതൃകയാവേണ്ടതുണ്ട്. വധശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കിയും താങ്ങാനാവാത്ത പിഴ ചുമത്തിയും പൊതുസമൂഹത്തെ ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് മോചിപ്പിക്കണം. വിദേശങ്ങളില്‍ നിന്നെത്തുന്നവരെയും ടൂറിസ്റ്റുകളെയും കര്‍ശന പരിശോധനയിലൂടെ മാത്രമേ രാജ്യത്ത് പ്രവേശിപ്പിക്കാവൂ. കസ്റ്റംസും പോലീസും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും കണ്ണും കാതും തുറന്ന് മയക്കുമരുന്നു വേട്ടയ്ക്ക് കൈ കോര്‍ക്കണം. സംസ്ഥാന-ജില്ലാ ഭരണസംവിധാനങ്ങള്‍, മത-രാഷ്ട്രീയ നേതാക്കള്‍, നിയമപാലകര്‍ തുടങ്ങി സമസ്ത വിഭാഗങ്ങളുടെയും സഹകരണത്തോടെ മയക്കുമരുന്നിന്റെ കാണാച്ചരടുകള്‍ പൊട്ടിച്ചെറിയാന്‍ സമൂഹമൊന്നടങ്കം രംഗത്തുവരണം.

Back to Top