10 Saturday
May 2025
2025 May 10
1446 Dhoul-Qida 12

മായാജാലങ്ങള്‍ക്കപ്പുറം

റഷീദ് പരപ്പനങ്ങാടി


യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വപ്‌നക്കാഴ്ചകള്‍ ഇടയ്ക്കു വെച്ച് മുറിഞ്ഞുപോവും. അപ്പോള്‍ ആലോചിക്കും, എന്തായിരുന്നു ഞാന്‍ കണ്ടത്? പരസ്പരപൂരകമല്ലാത്ത ഒരു കാഴ്ചാലോകം! പക്ഷേ, എത്ര മനോഹരമായിരുന്നു അത്! ഈ ഒരവസ്ഥ കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും അനുഭവപ്പെടുന്ന ഒരു യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ഥ്യം അനുഭവവേദ്യമാക്കുകയാണ് മുഖ്താര്‍ ഉദരംപൊയിലിന്റെ ‘ജിന്നുകുന്നിലെ മാന്ത്രികന്‍’ എന്ന ബാലസാഹിത്യ കൃതി.
ഏതൊരു നോവലിനും അതിന്റെ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ആസ്വാദന വായനകള്‍ക്കപ്പുറത്ത് ഒരു അപരവായനയുണ്ടായിരിക്കും. ‘ജിന്നുകുന്നിലെ മാന്ത്രികന്‍’ എന്ന നോവലിനുമുണ്ട് ഇരട്ട വായനകള്‍.
ഒരു നാണയത്തിന്റെ രണ്ടു പുറങ്ങള്‍ പോലെ ഒന്നു വിഭ്രാന്തിയുണര്‍ത്തി മായാക്കാഴ്ചകളിലൂടെ കൗതുകമുണര്‍ത്തുന്നുവെങ്കില്‍ മറ്റൊന്ന് ജീവിത യാഥാര്‍ഥ്യങ്ങളില്‍ നാം കണ്ടുമുട്ടുന്ന പരുക്കന്‍ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് നമ്മെ വല്ലാതെ സങ്കടപ്പെടുത്തുന്നു. അല്ലെങ്കില്‍ മറ്റു ചിലപ്പോള്‍ ആഹ്ലാദഭരിതരാക്കുന്നു. രണ്ടും ഒരേപോലെ ഇണക്കിക്കൊണ്ടുപോവുക എന്ന രചനാതന്ത്രത്തിനും ഒരു മായാജാലക്കാരന്റെ ചെപ്പടിവിദ്യകള്‍ കൈവശമുണ്ടായിരിക്കണം. ആ മന്ത്രക്കോലുമായാണ് കുട്ടികള്‍ക്കിടയിലൂടെ അവരെ ആട്ടിത്തെളിച്ചുകൊണ്ട് നോവലിസ്റ്റ് കടന്നുപോവുന്നത്.
ഉസ്മാന്‍ ഹൗഡിനി എന്ന മുഖ്യ കഥാപാത്രം മാജിക്കുകള്‍ കാണിച്ച് കുട്ടികളെ അത്ഭുതപ്പെടുത്തി ഒന്നും അറിയാത്തപോലെ നിസ്സംഗനായി നടന്നുനീങ്ങുന്നു. എങ്ങോട്ടാണെന്ന് ആര്‍ക്കുമറിയില്ല. കുട്ടികളുടെ വിചാരവികാരങ്ങള്‍ക്ക് മുതിര്‍ന്നവര്‍ തടയിടരുത് എന്നും അവര്‍ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ എന്നും, അവരുടെ വളര്‍ച്ചയുടെ ഒരു കാലഘട്ടം വരെയെങ്കിലും മുതിര്‍ന്നവര്‍ അനുവദിച്ചുകൊടുക്കേണ്ടതുണ്ട് എന്നും നോവല്‍ വ്യക്തമാക്കുന്നു.
പറക്കുന്ന ആനപ്പുറത്തിരുന്ന് മേഘങ്ങള്‍ക്കിടയിലൂടെ താഴെയുള്ള കാഴ്ചകള്‍ കാണുമ്പോഴും ഉസ്മാന്‍ ഹൗഡിനി തീക്കുണ്ഠത്തില്‍ നിന്ന് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി പുറത്തേക്ക് വരുമ്പോഴും കുട്ടികള്‍ ആഹ്ലാദത്തോടെ രസിച്ചിരിക്കും. അതേപോലെത്തന്നെ, തന്ത്രങ്ങള്‍ പിഴച്ചുപോയതുകൊണ്ട് അപകടം പറ്റി തീക്കുണ്ഠത്തില്‍ കിടന്ന് കരിഞ്ഞുപോയ മകന്റെ കഥ കേട്ടിരിക്കുന്ന നാജിയയുടെ മനസ്സില്‍ ഉറഞ്ഞുകൂടിയ ദുഃഖവും ഭയവും വായനക്കാരായ കുട്ടികളുടെ മനസ്സില്‍ വല്ലാത്ത ദുഃഖം പടര്‍ത്തും. കുട്ടികള്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങുമ്പോള്‍ തന്നെ തിരിച്ചറിവിന്റെ ശേഷിയും അവരില്‍ വളര്‍ന്നുകൊണ്ടേയിരിക്കും.
കൃത്യതയോടെയും ഭംഗിയോടെയും മണ്ണു കുഴച്ച് കുട്ടികള്‍ ചുട്ടുവെച്ച അപ്പവും കേക്കും എത്ര മനോഹരമാണ്. പക്ഷേ, ഒന്നുപോലും അവര്‍ രുചിച്ചുനോക്കാറില്ലല്ലോ. ആ നിലയ്ക്ക് രണ്ട് ലോകങ്ങളെയും കോര്‍ത്തിണക്കി മനോഹരമായ പ്രകൃതിയെയും, വീടും പരിസരവും അടങ്ങിയ ചുറ്റുപാടുകളെയും ഉള്‍ക്കൊള്ളാനും, മായാജാലങ്ങളും മന്ത്രവിദ്യകളും മറ്റൊന്നായിരുന്നു എന്ന് തിരിച്ചറിയാനും കുട്ടികള്‍ക്കാവും. കഥാപാത്രങ്ങളായ നാജിയയും പോക്കിമോനും സാബിഹും ഉമ്മുകുല്‍സുവും നിച്ചുവും സാദിഖലിയും ഓരോ വായനക്കാരുടെയും പ്രിയപ്പെട്ട സുഹൃത്തുക്കളായി മാറുകയും ചെയ്യും.

Back to Top