23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

ഇസ്‌ലാമിലെ സ്ത്രീ പാരമ്പര്യ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം

മൗലാന വഹീദുദ്ദീന്‍ ഖാന്‍

ഇസ്‌ലാമിനെ കുറിച്ചും സ്ത്രീകളെ കുറിച്ചും താങ്കള്‍ ധാരാളമായി എഴുതിയിട്ടുണ്ട്. പല പരമ്പരാഗത ഉലമകളുടെയും കാഴ്ചപ്പാടിന് വിരുദ്ധമായി നിങ്ങള്‍ ഇസ്‌ലാമിലെ ലിംഗ നീതിയെ കുറിച്ചാണ് വാദിക്കുന്നത്. നിങ്ങളുടെ സമീപനം മറ്റ് പരമ്പരാഗത പണ്ഡിതന്മാരില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

പാരമ്പര്യവാദികളുടെ സമീപനം പ്രധാനമായും മധ്യകാല ഫിഖ്ഹ് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ എന്റെ ധാരണ ഇസ്‌ലാമിന്റെ യഥാര്‍ഥ ഉറവിടമായ ഖുര്‍ആനും ഹദീസും നേരിട്ട് വായിച്ചതിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. മുസ്‌ലിം ചരിത്രത്തിലെ മധ്യകാലഘട്ടത്തില്‍ വികസിച്ച പാരമ്പര്യവാദികളുടെ കാഴ്ചപ്പാട് ഒരു വലിയ അളവോളം മുസ്്‌ലിം സാംസ്‌കാരിക പാരമ്പര്യം എന്ന് വിളിക്കപ്പെട്ടു. അതുകൊണ്ട് ഞാന്‍ എന്റെ സമീപനത്തെ വേദപ്രമാണപരമായ സമീപനമെന്നും അവരുടേത് സാംസ്‌കാരിക സമീപനമെന്നും വിളിക്കുന്നു.
ഉദാഹരണത്തിന് പല പാരമ്പര്യവാദികളും മുസ്‌ലിം സ്ത്രീകള്‍ക്ക് അത്യാവശ്യമാണെന്ന് ഊന്നിപ്പറയുന്ന ബുര്‍ഖയുടെ കാര്യമെടുക്കാം. ബുര്‍ഖ മുസ്‌ലിം സംസ്‌കാരത്തിന്റെ ഭാഗമാണ്. പക്ഷേ ഖുര്‍ആനില്‍ എവിടെയും ഇത് പരാമര്‍ശിക്കുകയോ ഇതിനായി വാദിക്കുകയോ ചെയ്തിട്ടില്ല. മറ്റൊരു ഉദാഹരണം സ്ത്രീകളുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ക്ക് അവരോട് സംസാരിക്കാന്‍ പാടില്ലെന്ന് പരമ്പരാഗത ഉലമകള്‍ നിര്‍ബന്ധിക്കുന്നു. ഒരു സ്ത്രീയുടെ ശബ്ദം തേജോവലയം ചെയ്യേണ്ടതാണ് (ഔറത്ത്) അല്ലെങ്കില്‍ അത്തരം പുരുഷന്‍മാരില്‍ നിന്ന് മറച്ചുവെക്കേണ്ട ഒന്നാണെന്നാണ് അവര്‍ പറയുന്നത്. ഈ ആശയം യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ഉറവിടങ്ങളിലില്ല. പ്രവാചകന്റെ കാലഘട്ടത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ ബുദ്ധിപരമായ ആശയ കൈമാറ്റങ്ങള്‍ നടന്നതായി നിരവധി ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് പ്രവാചക പത്‌നി ആയിശ(റ) നിരവധി വിഷയങ്ങളില്‍ നബിയുടെ സ്വഹാബികളില്‍ പലരുമായും പതിവായി സംസാരിക്കുകയോ അവരെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടുണ്ട്. സ്വഹാബികള്‍ ആയിശ(റ)യില്‍ നിന്നു ഉപദേശമോ മാര്‍ഗനിര്‍ദേശമോ ലഭിക്കാനായി അവരെ സമീപിക്കാറുണ്ട്. സ്വഹാബികള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രശ്‌നം വന്നാല്‍ അവര്‍ ആയിശ(റ)യെ സമീപിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഒരു സ്ത്രീയുടെ ശബ്ദം ഔറത്താണെന്ന് അഥവാ ഒളിപ്പിക്കേണ്ടതാണെന്ന് എങ്ങനെ പറയാന്‍ കഴിയും.
സ്ത്രീയുടെ ശബ്ദം ഔറത്താണെന്ന് വിവരിക്കുന്ന ആധികാരികമായ ഒരു ഹദീസിനെ കുറിച്ചും എനിക്കറിവില്ല. പാരമ്പര്യവാദികളുടെ പക്ഷം ഇതിന് തെളിവുണ്ടെങ്കില്‍ അവര്‍ അക്കാര്യം ഹാജരാക്കട്ടെ. പക്ഷേ സാങ്കല്‍പികമായി അവര്‍ക്ക് അത്തരം തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് കരുതുക. എങ്കില്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ അത് പുനര്‍ നിര്‍വചിക്കുകയോ പുനര്‍വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അംഗീകരിച്ച, സ്വീകാര്യമായ തത്വം അനുസരിച്ച് ചില സമയങ്ങളിലെ ആവശ്യകത അനുസരിച്ച് നിയമവിരുദ്ധമായത് നിയമവിധേയമാക്കേണ്ടിവരും. സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത തികച്ചും വ്യത്യസ്തമായ ഒരു യുഗത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്!

പല പാരമ്പര്യവാദികളും ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചു കൊണ്ട് പുരുഷന്‍മാരെ തങ്ങളുടെ ഭാര്യമാരുടെ ‘ഖവ്വാം’ ആയി വിശേഷിപ്പിക്കാറുണ്ട്. ഇതിനര്‍ഥം പുരുഷന്‍മാര്‍ മേലാളന്മാരാണെന്നും സ്ത്രീകള്‍ അവര്‍ക്ക് കീഴ്‌പ്പെടണമെന്നുമാണെന്നും അവര്‍ പറയുന്നു. സംരക്ഷകര്‍ എന്ന പദത്തെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?

സര്‍ക്കാറിലോ ബിസിനസിലോ സ്‌കൂളിലോ എവിടെയാണെങ്കിലും അവിടെ പ്രായോഗിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു മാനേജര്‍ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അവിടെ കുഴപ്പമുണ്ടാകും. ഇത് ഒരു സാര്‍വത്രിക തത്വമാണ്. ഇത് കുടുംബത്തിനും ബാധകമാണ്. ഖവ്വാം (സംരക്ഷകന്‍) എന്ന പദം കൊണ്ട് യഥാര്‍ഥത്തില്‍ ഈ മാനേജറുടെ റോളാണ് ലക്ഷ്യമിടുന്നത്. ഇത് ഒരിക്കലും മേലാള, കീഴാള അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ശ്രേണിയോ സൂചിപ്പിക്കുന്നില്ല. പകരം ഒരു കുടുംബത്തിന്റെ ഭരണ നിര്‍വഹണത്തിനുള്ള മൊത്തത്തിലുള്ള മേല്‍നോട്ടത്തിനുള്ള ഒരു സൂത്രവാക്യം മാത്രമാണ്. ഒരു സ്ത്രീക്ക് അവളുടെ വീടിന്റെ മേല്‍നോട്ടക്കാരിയാവാന്‍ കഴിയില്ലെന്ന് ഇതിന് അര്‍ഥമില്ല. എന്റെ വീട്ടില്‍ എന്റെ മകള്‍ ഒരു മേല്‍നോട്ടക്കാരിയാണ്. അവള്‍ വീടിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നു. അവളാണ് വീടിന്റെ മാനേജര്‍.
നിര്‍ഭാഗ്യവശാല്‍ പല പണ്ഡിതരും മേല്‍നോട്ടക്കാരന്‍ എന്ന പദത്തെ വിവര്‍ത്തനം ചെയ്യുന്നത് പുരുഷന്‍ ആ വീടിന്റെ ഭരണാധികാരി എന്ന നിലക്കാണ്. ഒരുതരം സ്വേച്ഛാധിപതിയാകാമെന്ന മട്ടില്‍. പല ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഈ പദത്തിന് തീര്‍ത്തും തെറ്റായ വ്യാഖ്യാനമാണ് നല്‍കുന്നത്. ചിലര്‍ വ്യാഖ്യാനങ്ങളില്‍ ഭര്‍ത്താക്കന്‍മാരെ അവരുടെ ഭാര്യമാരുടെ ‘മജാസി ഖുദാ’ അല്ലെങ്കില്‍ പ്രതീകാത്മക ദൈവം എന്നുവരെ വിശേഷിപ്പിക്കുന്നു. ഇത് ആഴത്തില്‍ വേരൂന്നിയിട്ടുള്ള പുരുഷാധിപത്യത്തിന്റെയും ഇസ്‌ലാമിക പ്രബോധനങ്ങളില്‍ നിന്നുള്ള വ്യതിചലനത്തിന്റെയും അടയാളമാണ്. ഇത് തെറ്റായ വ്യതിയാനമാണ്.
സംരക്ഷകന്‍ എന്ന വാക്കിന് ശരിയായ അര്‍ഥം വിശദീകരിക്കാന്‍ നമ്മള്‍ക്ക് മുന്നില്‍ മുഹമ്മദ് നബിയുടെ മാതൃകയുണ്ട്. ദുരിതത്തിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഖദീജ (റ)യാണ് പ്രവാചകനെ പരിപാലിച്ചത്. അവര്‍ നടത്തിയ ബിസിനസില്‍ പ്രവാചകന്‍ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു ഭാര്യയായ ഉമ്മു സല്‍മയില്‍ നിന്ന് പ്രവാചകന്‍ പല വിഷയങ്ങളിലും ഉപദേശം തേടിയിട്ടുണ്ട്. മുസ്‌ലിം പുരുഷന് തന്റെ ഭാര്യയോട് ഉപദേശം തേടാമെന്നും എന്നാല്‍ അവര്‍ ഉപദേശിക്കുന്നതിന് വിരുദ്ധമായേ ചെയ്യാന്‍ പാടുള്ളൂ എന്നും ചില മുസ്‌ലിം പണ്ഡിതന്മാര്‍ യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാതെ വാദിക്കുന്നു. ഖുര്‍ആന്‍ തന്നെ യമനിലെ രാജ്ഞിയായിരുന്ന ശേബ (ബല്‍ക്കീസ്) യുടെ കാര്യം അംഗീകരിച്ചു കൊണ്ട് തന്നെ സൂചിപ്പിക്കുന്നുണ്ട്.
ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരും ചില പരമ്പരാഗത പണ്ഡിതന്മാരും പറയുന്നതിന് വിരുദ്ധമായി പുരുഷന്മാര്‍ക്ക് സ്ത്രീകളെ കീഴ്‌പ്പെടുത്താന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നില്ലെന്നതിനും സംരക്ഷകന്‍ എന്നതിന്റെ ശരിയായ വ്യാഖ്യാനത്തിനും നിരവധിയായ ഉദാഹരണങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഖലീഫ ഉമര്‍ സ്ത്രീകളോട് പള്ളികളില്‍ പ്രാര്‍ഥിക്കരുതെന്ന് ആഹ്വാനം ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുസരിക്കാന്‍ തയാറായില്ല. അത് അവളുടെ ഇസ്‌ലാമിക അവകാശമായതിനാല്‍ അദ്ദേഹത്തിന് അവളെ തടയാനായില്ല.
സ്വഹാബിയായ മുഗീസിന്റെ ഭാര്യ ബരീറ ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം തേടുന്നതിനായി പ്രവാചകന്റെ അടുത്തെത്തി. എന്നാല്‍ അവളുടെ ആവശ്യത്തിന് എതിരായി പ്രവാചകന്‍ അവളെ ഉപദേശിച്ചു. അതിനോട് അവള്‍ പ്രതികരിച്ചത് ഇത് പ്രവാചകന്റെ വ്യക്തിപരമായ അഭിപ്രായമാണോ അതോ ദൈവത്തിന്റെ കല്‍പനയാണോ എന്നായിരുന്നു. അത് സ്വന്തം കാഴ്ചപ്പാടാണെന്ന് പ്രവാചകന്‍ മറുപടി പറഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുന്നില്ലെന്ന് അവള്‍ മറുപടി നല്‍കി. അതിനാല്‍ പ്രവാചകന്‍ അവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനത്തിന് അനുമതി നല്‍കുകയായിരുന്നു.

പാരമ്പര്യവാദികളും ഇസ്്‌ലാമിനെ വിമര്‍ശിക്കുന്നവരും വാദിക്കുന്ന ഒന്നാണ് അനുസരണക്കേട് കാണിച്ചാല്‍ ഭര്‍ത്താവിന് ഭാര്യയെ അടിക്കാന്‍ അനുവാദമുണ്ടെന്നത്. ഈ വാദത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന അടി എന്നത് ഒരു അടയാളം മാത്രമാണ്. അല്ലാതെ വന്യമായ മര്‍ദനമല്ല. ഒരു ഹദീസില്‍ പറയുന്നത് ഈ അടി ഒരു പല്ലില്‍കുത്തി (മിസ്‌വാക്) കൊണ്ടുള്ളതാണെന്നാണ്. ഇത് അര്‍ഥമാക്കുന്നത് ഗുരുതരമായ അടി അല്ലെന്നു തന്നെയാണ്. മറ്റൊരു ഹദീസില്‍ ഇമാം അഹമ്മദിന്റെ മുസ്‌നദില്‍ പറയുന്നത് ഒരു പ്രവാചകനും ഭാര്യമാരെ തല്ലിയിട്ടില്ലെന്നാണ്. ചില സമയത്ത് മുഹമ്മദ് നബിക്ക് ചില ഭാര്യമാരുമായി പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും അദ്ദേഹം അവരെ തല്ലിയിട്ടില്ല.

ദയൂബന്ദി ആധിപത്യമുള്ള ഓള്‍ ഇന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് പലപ്പോഴും മുസ്‌ലിം വ്യക്തി നിയമ കാര്യങ്ങളില്‍ (അധികവും മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍) ഏക അധികാരമായി സ്വയം അവതരിക്കുന്നു. ഈ സംഘടനയെ കുറിച്ച് എന്ത് തോന്നുന്നു. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീ പ്രശ്‌നങ്ങളില്‍?

ഇന്ത്യയിലെ എല്ലാ മുസ്്‌ലിംകളുടെയും വക്താവാണ് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് എന്ന് പറയുന്നത് പൂര്‍ണമായും തെറ്റാണ്. വാസ്തവത്തില്‍ ഇതിന് ബഹുജന അടിത്തറയില്ല. പൊതുജനങ്ങളുമായി വലിയ ബന്ധമില്ലാത്ത ഒരു കൂട്ടം മൗലവിമാര്‍ ഒരു മുദ്രപതിപ്പിക്കുകയും സ്വയം നേതാക്കളായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവര്‍ അവരെ സ്വയം പ്രതിനിധീകരിച്ചേക്കാം എന്നാല്‍ അവര്‍ തീര്‍ച്ചയായും എല്ലാ ഇന്ത്യന്‍ മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്നില്ല.
ഇത് പറയാന്‍ എന്നെ അനുവദിക്കുക! കേവലം മുസ്്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് മാത്രമല്ല. നമ്മുടെ രാജ്യത്ത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് കാരണം ഇത്തരം പാരമ്പര്യ വാദ സമീപനങ്ങളാണ്. സമകാലിക ലോകത്തെ സങ്കീര്‍ണതകളെ കുറിച്ച് അവര്‍ക്ക് കാര്യമായ അറിവില്ല. അതുകൊണ്ട് തന്നെ ആധുനിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ ആധുനിക മനസ്സിനെ ആകര്‍ഷിക്കുന്ന രീതിയില്‍ ഇസ്‌ലാമിനെ വ്യാഖ്യാനിക്കാനോ കഴിയുന്നില്ല. പക്ഷേ മാറ്റത്തിന്റെ അടയാളങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. മുസ്‌ലിംകള്‍ അവരുടെ വിലക്ഷണമായ ഫത്‌വകള്‍ ശ്രദ്ധിക്കാന്‍ വിസമ്മതിക്കുന്നു, ആധുനിക വിദ്യാഭ്യാസത്തില്‍ മുന്നേറുന്നു. മൗലവിമാരുടെ മക്കള്‍ പോലും പരമ്പരാഗത മൗലവിമാരാകാന്‍ തയാറാവാതെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്നു. ആധുനിക വിദ്യാഭ്യാസം സ്വായത്തമാക്കിയ മുസ്‌ലിം പണ്ഡിതര്‍ സ്ത്രീ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇസ്‌ലാമിക വിഷയങ്ങളെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നവരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
വിവ.
പി വി അഹമ്മദ് ശരീഫ്

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x