മാട്ടൂല്‍ വി വി മുഹമ്മദ് മൗലവി ഉത്തര മലബാറിലെ ആദര്‍ശധീരന്‍
ഹാറൂന്‍ കക്കാട്
കണ്ണൂരിന്റെ ചരിത്രത്തില്‍ അര്‍ഹമായ വിധത്തില്‍ പരിഗണിക്കപ്പെടാതെപോയ ധിഷണാശാലിയാണ് മാട്ടൂല്‍ വി വി മുഹമ്മദ് മൗലവി. 1911 ആഗസ്ത് 15നു കണ്ണൂര്‍ താലൂക്കിലെ മാട്ടൂല്‍ പഞ്ചായത്തില്‍ പണ്ഡിതനായ സി എം ഖാദര്‍കുട്ടി ഹാജിയുടെയും വടക്കേ വായന്റെവളപ്പില്‍ ഹലീമയുടെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം.
കാസര്‍കോഡ്, കണ്ണൂര്‍ തുടങ്ങിയ ഏരിയകളിലെ വിവിധ പള്ളി ദര്‍സുകളില്‍ നിന്നാണ് അദ്ദേഹം അറബിഭാഷയും മതവിജ്ഞാനീയങ്ങളും സ്വായത്തമാക്കിയത്. പ്രമുഖ ഇസ്‌ലാഹി പണ്ഡിതനായിരുന്ന കണ്ണൂര്‍ പി അബ്ദുല്‍ഖാദര്‍ മൗലവി, നെല്ലിക്കുന്നില്‍ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരായിരുന്നു. ഇ മൊയ്തു മൗലവി, സി എന്‍ അഹമ്മദ് മൗലവി, കെ കെ ജമാലുദ്ദീന്‍ മൗലവി, ഇ കെ മൗലവി തുടങ്ങിയവരുമായി ആത്മബന്ധം സ്ഥാപിച്ചിരുന്നു അദ്ദേഹം.
പള്ളിദര്‍സുകളിലെ പഠനത്തിനു ശേഷം അദ്ദേഹം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ പരീക്ഷ പാസായി. അറബിക്കു പുറമേ ഉര്‍ദു, ഹിന്ദി ഭാഷകളിലും മൗലവിക്ക് മികച്ച പ്രാവീണ്യമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷയിലും സാമാന്യജ്ഞാനം അദ്ദേഹം സ്വായത്തമാക്കി. കണ്ണൂരിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന കോയക്കുഞ്ഞി സാഹിബിന്റെ മതപാഠശാലയില്‍ നിന്നാണ് മുഹമ്മദ് മൗലവി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അഫ്ദലുല്‍ ഉലമ പാസായ ഉടനെ അദ്ദേഹം മൗലവിയെ ക്ഷണിക്കുകയായിരുന്നു. പിന്നീട് പെരിന്തല്‍മണ്ണ, ചെറുകുന്ന്, പയ്യന്നൂര്‍ മുതലായ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലുള്ള ഹൈസ്‌കൂളുകളില്‍ അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു.
ന്യൂമാഹിയിലെ മൈഅലവിയ്യ മദ്‌റസ എലമെന്ററി സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മുഹമ്മദ് മൗലവി അവിടെ ജോലി ചെയ്തിരുന്നു. പിന്നീട് എംഎം ഹൈസ്‌കൂള്‍ സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി. ഈ ഹൈസ്‌കൂള്‍ സ്ഥാപിക്കുന്നതിന് അദ്ദേഹം നല്ല പങ്കുവഹിച്ചിട്ടുണ്ട്. മൂന്നര ദശകക്കാലത്തെ അറബി അധ്യാപക സേവനം കാലത്ത് അദ്ദേഹം നിരവധി പേരെ ഉര്‍ദു ഭാഷ കൂടി അഭ്യസിപ്പിച്ചിരുന്നു. തന്റെ പിരിയഡുകളില്‍ മാസത്തില്‍ ഒരു ക്ലാസ് സിലബസിനു പുറത്ത് മോറല്‍ സ്റ്റഡീസ് എന്ന പേരില്‍ അദ്ദേഹം പഠിപ്പിച്ചിരുന്നു. 1971ല്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു. മാഹി ഹൈസ്‌കൂളില്‍ നല്‍കിയ വിപുലമായ യാത്രയയപ്പ് യോഗത്തില്‍ അന്നത്തെ കേരള നിയമസഭാ സ്പീക്കര്‍ കെ മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജിയായിരുന്നു മുഖ്യാതിഥി.
മാട്ടൂലില്‍ നവോത്ഥാനത്തിനു വിത്തു പാകിയ പരിഷ്‌കര്‍ത്താവായിരുന്നു വി വി മുഹമ്മദ് മൗലവി. ഇസ്‌ലാഹി ആദര്‍ശം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ അത്യന്തം അപമാനിച്ചാണ് യാഥാസ്ഥിതികര്‍ അരിശം തീര്‍ത്തത്. ചാണകവെള്ളത്തില്‍ കുളിപ്പിച്ച്, കഴുത്തില്‍ ചെരുപ്പുമാല തൂക്കിയിട്ട് വൃത്തിഹീനമായ നിലയില്‍ മൗലവിയെ അങ്ങാടിയിലൂടെ മാട്ടൂല്‍ സെന്‍ട്രല്‍ ജുമാമസ്ജിദിലേക്ക് കൂകിയാര്‍ത്തുകൊണ്ട് ആട്ടിത്തെളിച്ചു! ‘ഈ വഹാബിയെ വീണ്ടും മുസ്‌ലിമാക്കണം’ എന്ന് യാഥാസ്ഥിതികര്‍ പള്ളി ഇമാമിനോട് ആവശ്യപ്പെട്ടു. മുഹമ്മദ് മൗലവിയുടെ അതിദയനീയമായ അവസ്ഥ കണ്ട് അമ്പരന്ന ഇമാം അദ്ദേഹത്തെ ശുദ്ധജലത്തില്‍ കുളിപ്പിക്കാനും അതിനു ശേഷം അവരോട് കുളിക്കാനും ഉപദേശിച്ചു. അങ്ങനെ ചെയ്ത് അവര്‍ തിരിച്ചെത്തിയപ്പോഴേക്കും പള്ളിയില്‍ ജമാഅത്ത് നമസ്‌കാരത്തിന്റെ സമയമായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, മുഹമ്മദ് മൗലവിയോട് നമസ്‌കാരത്തിനു നേതൃത്വം നല്‍കാനും യാഥാസ്ഥിതികരോട് അദ്ദേഹത്തെ പിന്തുടര്‍ന്ന് നമസ്‌കരിക്കാനും പള്ളി ഇമാം ആവശ്യപ്പെട്ടു. ‘ഇപ്പോള്‍ നിങ്ങളെല്ലാവരും മുസ്‌ലിംകളായിരിക്കുന്നു’ എന്നു നമസ്‌കാര ശേഷം പള്ളി ഇമാം പ്രഖ്യാപിച്ചതോടെ ഈ പ്രശ്‌നം അവസാനിക്കുകയായിരുന്നു.
1931 ഡിസംബര്‍ ആറിന് സ്ഥാപിതമായ മാട്ടൂല്‍ തഅ്‌ലീമുല്‍ ഇസ്‌ലാം സഭയുടെ പ്രഥമ പ്രസിഡന്റായി നേതൃത്വമേറ്റെടുത്ത മൗലവിയുടെ ജീവിതം മുഴുനീളെ വൈജ്ഞാനിക വിപ്ലവത്തിന്റേതായിരുന്നു. 20 അംഗങ്ങളായിരുന്നു സഭയിലുണ്ടായിരുന്നത്. മാട്ടൂലിലെ പൗരപ്രമുഖനായിരുന്ന പി മുഹമ്മദ് സാഹിബ് പത്ത് വര്‍ഷത്തോളം നടത്തിയിരുന്ന മാട്ടൂല്‍ നോര്‍ത്ത് മാപ്പിള സ്‌കൂള്‍ തഅ്‌ലീമുല്‍ ഇസ്‌ലാം സഭ ഏറ്റെടുത്തു. ദീര്‍ഘകാലം പ്രസ്തുത സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്ത് അദ്ദേഹം സേവനനിരതനായി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സ്വന്തം പണം ചെലവഴിച്ച് സ്‌കൂള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായി.
1935 ഏപ്രില്‍ 26ന് സഭയുടെ വിപുലമായ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനത്തിലെ മുഖ്യാതിഥി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. 1937 ജൂണ്‍ 25നു സംഘടിപ്പിച്ച സഭയുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി കെ എം മൗലവിയാണ് പ്രഭാഷണം നടത്തിയത്.
പ്രദേശത്തെ യുപി സ്‌കൂള്‍ നടത്തിപ്പിനു പുറമേ തഅ്‌ലീമുല്‍ ഇസ്‌ലാം മദ്രസ സ്ഥാപിക്കുന്നതിലും നടത്തിപ്പിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. മാട്ടൂല്‍ നോര്‍ത്ത് മുജാഹിദ് മസ്ജിദ്, മാട്ടൂല്‍ ഗവണ്‍മെന്റ് ആശുപത്രി, ഗവ. ഹൈസ്‌കൂള്‍, ആയുര്‍വേദ ആശുപത്രി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ലൈബ്രറി ആന്റ് വായനശാല തുടങ്ങിയവ സ്ഥാപിക്കുന്നതിലും ത്യാഗനിബദ്ധമായ മാതൃകകള്‍ തീര്‍ത്തു. കെ എന്‍ എം മാട്ടൂല്‍ യൂനിറ്റിന്റെ പ്രഥമ പ്രസിഡന്റായിരുന്നു അദ്ദേഹം. കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുല്‍ ഉലമ, കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
അല്‍മനാര്‍ പത്രാധിപരായിരുന്ന കെ എ ഉമര്‍ ഹാജി, പെരിങ്ങാടി സിദ്ദീഖ് പള്ളിയില്‍ ദീര്‍ഘകാലം ഖത്തീബായിരുന്ന സി എച്ച് അബ്ദുറഹ്മാന്‍ മൗലവി, അറബി കവി എന്‍ കെ അഹ്മദ് മൗലവി, സി എം കുഞ്ഞിമൂസ മൗലവി തുടങ്ങിയവരുമായുള്ള ആത്മബന്ധം ആദര്‍ശപ്രബോധന മേഖലയില്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു മുഹമ്മദ് മൗലവി. മികച്ച ഹദീസ് പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ ഹദീസ് പംക്തികള്‍ മനോഹരമായ രചനകളാണ്. ബുലൂഗുല്‍ മറാമിന്റെ വിവര്‍ത്തനം ആദ്യഭാഗം അല്‍ഫാറൂഖ് മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
മദീന മസ്ജിദുന്നബവിയിലെ അധ്യാപകനായിരുന്ന അല്ലാമാ അബ്ദുറഹ്മാന്‍ ഇബ്‌നു യൂസുഫുല്‍ അഫ്‌രീഖി എഴുതിയ അത്തഖ്‌ലീദ് എന്ന അറബി ഗ്രന്ഥം മുഹമ്മദ് മൗലവി പരിഭാഷപ്പെടുത്തി. കോഴിക്കോട് പരപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക് ബുക്സ്റ്റാളാണ് ഇത് പ്രസിദ്ധീകരിച്ചത്. സൂറത്തുല്‍ ഹുജുറാത്ത് (പരിഭാഷയും വ്യാഖ്യാനവും), അല്‍കബായിര്‍ (മഹാപാപങ്ങള്‍), മയ്യിത്ത് സംസ്‌കരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ മികച്ച രചനകളാണ്.
വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ മുഹമ്മദ് മൗലവി അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു. ഖാദി വസ്ത്രങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഒരു വീഴ്ചയെ തുടര്‍ന്ന് പരിക്കു പറ്റി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, മരണം അടുത്തിരിക്കുന്നുവെന്നു തോന്നിയപ്പോള്‍ തന്റെ കഫന്‍ പുടവ ഖദര്‍ തുണിയായിരിക്കണമെന്ന് പ്രത്യേകം വസിയ്യത്ത് ചെയ്തിരുന്നു. മലബാറില്‍ വിശുദ്ധിയുടെ ആദര്‍ശശോഭ പരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വി വി മുഹമ്മദ് മൗലവി 1986 ഒക്ടോബര്‍ ഒന്നിന്, 75ാം വയസ്സിലാണ് നിര്യാതനായത്. ഭൗതിക ശരീരം മാട്ടൂല്‍ നോര്‍ത്തിലുള്ള കുടുംബപള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.