8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മാറ്റി നിര്‍ത്തപ്പെട്ടവരുടെ ചരിത്രം പ്രധാനമാണ്‌

ഉര്‍വശി ബൂട്ടാലിയ / ഡോ. പി ടി നൗഫല്‍


1952-ല്‍ ഹരിയാനയിലാണ് ഉര്‍വശി ബൂട്ടാലിയയുടെ ജനനം. ഡല്‍ഹി യൂനിവേഴ്‌സിറ്റി, ലണ്ടന്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഒക്‌സ്‌ഫോഡ് ബുക്‌സ്, സെഡ് ബുക്‌സ് എന്നിവിടങ്ങളില്‍ എഡിറ്റര്‍ ആയി ജോലി ചെയ്തു. റിതു മേനോന്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് 1984-ല്‍ ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പ്രസാധകാലയമായ ‘കാലി ഫോര്‍ വിമന്‍’ സ്ഥാപിച്ചു. 2003-ല്‍ സ്വന്തമായി ‘സുബാന്‍ ബുക്‌സ്’ എന്ന പ്രസാധനാലയം തുടങ്ങി. അവഗണിക്കപ്പെടുന്ന സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വിദ്യാഭ്യാസത്തിലൂടെയും സാഹിത്യത്തിലൂടെയും നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരി, ഫെമിനിസ്റ്റ് എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ക്ക് 2011-ല്‍ പത്മശ്രീ ലഭിച്ചു. ‘ദ അതര്‍ സൈഡ് ഓഫ് സൈലന്‍സ്: വോയിസസ് ഫ്രം ആന്‍ഡ് ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’, ‘സ്പീക്കിങ് പീസ്: വിമന്‍സ് വോയിസസ് ഫ്രം’ എന്നിവയാണ് പ്രധാന കൃതികള്‍. വര്‍ഗീയത, ലിംഗവിവേചനം, പാര്‍ശ്വവല്‍ക്കരണം തുടങ്ങി വിവിധങ്ങളായ സാമൂഹിക പ്രാധാന്യമുള്ളതും ചരിത്രപരമായതുമായ വിഷയങ്ങളില്‍ ദേശീയ അന്തര്‍ദേശീയ പത്രങ്ങളിലും മാസികകളിലും ലേഖനങ്ങള്‍ എഴുതുന്നു.
യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച ‘മലബാര്‍ സമരം’ അവസാന വാല്യം പ്രകാശനത്തിനെത്തിയ ഉര്‍വശി ബൂട്ടാലിയ ശബാബ് പ്രതിനിധിയുമായി സംസാരിക്കുന്നു

? യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച ‘1921 മലബാര്‍ സമരം’ ഗ്രന്ഥ പരമ്പരയെ എങ്ങിനെയാണു കാണുന്നത്?
ഈ പഠനം പല രീതിയില്‍ എന്റെ പ്രവര്‍ത്തന മണ്ഡലവുമായി സാമ്യമുള്ളതാണ്. അതെന്നെ വളരെയധികം ആശ്ചര്യപ്പെടുത്തുകയുണ്ടായി. വീക്ഷണകോണുകള്‍ക്കനുസരിച്ചു ചരിത്രം എങ്ങനെയാണ് മാറിമാറി വരുന്നത് എന്നതിന്റെ കാര്യത്തില്‍ മലബാര്‍ സമരത്തെ കുറിച്ചുള്ള ഔദ്യോഗിക രേഖകളും പഠനങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ഒരു വിഷയത്തില്‍ തന്നെയാണു ഞാനും കൂടുതലായും പ്രവര്‍ത്തിച്ചിട്ടുള്ളത്.
എങ്ങനെയാണു സ്ത്രീകളുടെ പക്ഷം, അവരുടെ അനുഭവം, അവരുടെ ഓര്‍മ എന്നിവ ഒരു ചരിത്ര സംഭവത്തെ രേഖപ്പെടുത്തുന്നിടത്തോ അടയാളപ്പെടുത്തുന്നിടത്തോ പരിഗണിക്കപ്പെടാതെ പോവുന്നത് എന്നതും, അത് എങ്ങനെയാണു സ്ത്രീകളില്ലാത്ത ഒരു ചരിത്രമായി ഉരുത്തിരിഞ്ഞു വരുന്നത് എന്നതിലുമായിരുന്നു കൂടുതലായും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുപോലെ തന്നെ എങ്ങനെയാണ് ഒരു കാലഘട്ടത്തില്‍ ഒരു ചരിത്ര സംഭവത്തെ വിവിധങ്ങളായ വീക്ഷണ കോണുകളിലൂടെ നോക്കിക്കാണാനുള്ള ഒരു സാഹചര്യം ഉണ്ടാകുന്നത് എന്ന എന്റെ അന്വേഷണവുമായും യുവതയുടെ ഈ പഠനം വലിയ രീതിയില്‍ സമാനതകള്‍ കാണിക്കുന്നതായി കണ്ടു.
ചരിത്ര സംഭവങ്ങള്‍ക്ക് ഒരു സത്യം മാത്രമല്ല എന്നും, അതിന്റെ പഠനങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നും ഇത് നമുക്ക് മുന്‍പില്‍ തുറന്നു തരുന്ന വസ്തുതയാണ്. ഇതിലെ അവസാനത്തെ രണ്ട് വാള്യങ്ങളും എന്നെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി. ഇതിലെ അഞ്ചാമത്തെ വാള്യം എങ്ങനെയാണു സാഹിത്യങ്ങളിലൂടെയും കലയിലൂടെയും ഒരു ചരിത്ര സംഭവത്തിന്റെ, ഒരു സമരത്തിന്റെ ഓര്‍മ ഒരു ജനത തലമുറകളിലൂടെ കൈമാറ്റം ചെയ്ത് സൂക്ഷിക്കുന്നത് എന്നത് അടയാളപ്പെടുത്തുന്ന ഒന്നാണ്.
ആറാമത്തെ വാല്യം എങ്ങനെയാണ് വാമൊഴികളിലൂടെ ഔദ്യോഗിക രേഖകളില്‍ നിന്നും വിഭിന്നമായ ഒരു ചരിത്രവിവരം നിലനിന്നു പോരുന്നത് എന്ന് സൂക്ഷ്മമായി പകര്‍ത്തിയെടുത്ത ഒരു പഠനവുമാണ് എന്നാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഇത് യഥാര്‍ഥത്തില്‍ ചരിത്രരേഖകളും ഓര്‍മ-സങ്കല്പ രേഖകളും തമ്മിലുള്ള വിടവിനെ മായ്ക്കുന്നതും, അവക്ക് ഒരുമിച്ചു പോവാന്‍ കഴിയും എന്നു കാണിക്കുന്നതുമാണ് ഈ പഠനങ്ങള്‍. ഇത്തരത്തിലുള്ള ഒരു പഠനം നമുക്ക് ചരിത്രത്തെ കൂടുതല്‍ സൂക്ഷ്മമായ അര്‍ഥത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കും.

? ചരിത്രത്തോടുള്ള നിങ്ങളുടെ സമീപനം എന്താണ്?
ചരിത്രത്തെ ഗവേഷണാത്മകമായി സമീപിക്കുന്ന ഒരു പ്രസാധകയാണു ഞാന്‍. അതില്‍ തന്നെ ഒരു സ്ത്രീപക്ഷവാദത്തിന്റെ കഴ്ചപ്പാടില്‍ നിന്നാണു ഞാന്‍ വിശകലനം ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ ഞാന്‍ ആരംഭിക്കുക ഈ ചരിത്രത്തിലെ സ്ത്രീകള്‍ എവിടെ എന്ന ചോദ്യത്തില്‍ നിന്നാണ്? അതൊരുപക്ഷേ ഉത്തരം കാണിച്ചുകൊടുക്കാന്‍ ഇല്ലാതെ ഒരു അസാന്നിധ്യത്തിന്റെ മുന്നിലായിരിക്കും നമ്മെ കൊണ്ടെത്തിക്കുക. ഇത് നമുക്ക് മറ്റു ചില അസാന്നിധ്യങ്ങളെക്കുറിച്ചും സൂചന നല്‍കും. ചരിത്രമെന്നത്, ഔദ്യോഗികകമായി രേഖപ്പെടുത്തപ്പെട്ട ചരിത്രം പ്രത്യേകിച്ച്, ഇത്തരത്തില്‍ മാറ്റിനിര്‍ത്തലിന്റെ, മായ്ച്ചുകളയലിന്റെ ഒക്കെ ഒരു പ്രവര്‍ത്തനമായി നമുക്ക് കാണാന്‍ സാധിക്കും.

? എങ്ങനെയാണു ഈ മേഖലയില്‍ എത്തിയത്?
ഞാന്‍ ഒരു പ്രസിദ്ധീകരണാലയത്തില്‍ എഡിറ്റര്‍ ആയി ഡല്‍ഹിയില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന ഒരു ആളായിരുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് ജീവിക്കുമ്പോഴുള്ള ഒരു പ്രത്യേകത, നമുക്ക് ചുറ്റും നടക്കുന്നത് എന്താണോ അത് മാത്രമാണ് ഈ രാജ്യത്ത് സംഭവിക്കുന്നത് എന്ന ധാരണയില്‍, അവിടെ നടക്കുന്ന കാര്യങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട്, എന്നാല്‍ മറ്റിടങ്ങളില്‍ നടക്കുന്ന ഒന്നിനെക്കുറിച്ചും ഒന്നും അറിയാതെ നമ്മള്‍ ഒതുങ്ങിപ്പോവും എന്നതാണ്. എന്നാല്‍ ഒരു പ്രസാധക എന്ന നിലയിലുള്ള എന്റെ ജീവിതം യഥാര്‍ഥത്തില്‍ എന്നെ ഇത്തരം ഒരു ചുരുങ്ങലില്‍ നിന്ന് ഉയര്‍ത്തുകയുണ്ടായി. അതെന്നെ ‘മുഖ്യധാര’യിലുള്ളത് എന്ന് കരുതപ്പെടാത്ത സാഹിത്യങ്ങളുമായും എഴുത്തുകളുമായും പരിചയപ്പെടാനും സംവദിക്കാനും നിര്‍ബന്ധിതമാക്കുന്ന ഒരു സാഹചര്യം തുറന്നു. എന്റെ ചരിത്രാന്വേഷണ താല്പര്യം എന്റെ മുന്‍പില്‍ മുന്‍പരിചയമില്ലാത്ത അതിവിശാലമായ ഒരു ഭൂമിയിലേക്കാണ് എന്നെ എത്തിച്ചത്.

? എന്താണ് ആ ‘മുന്‍പരിചയമില്ലാത്ത അതിവിശാലമായ ഭൂമിക’, ഒന്നു വിശദീകരിക്കാമോ?
ശരി, ഞാന്‍ അല്പം ചരിത്രം പറയാം. 1984 ല്‍ ആണ് ഞങ്ങള്‍ ‘കാലി ഫോര്‍ വിമന്‍’ എന്ന സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളുടെ മാത്രം രചനകള്‍ പ്രസിദ്ധീകരിക്കുന്ന സ്ത്രീകളുടെ തന്നെ ഒരു പ്രസിദ്ധീകരണാലയം തുടങ്ങുന്നത്. 2003 ല്‍ ഞങ്ങള്‍ ‘കാലി’ അവസാനിപ്പിക്കുകയും, ഞാന്‍ ‘സുബാന്‍ ബുക്‌സ്’ എന്ന പേരിലും എന്റെ അന്നത്തെ സഹപ്രവര്‍ത്തക റിതു മേനോന്‍ ‘വിമന്‍ അണ്‍ലിമിറ്റഡ്’ എന്ന പേരിലും രണ്ട് പ്രസിദ്ധീകരണാലയങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
നാലു പതിറ്റാണ്ട് മുന്‍പ് ഞങ്ങള്‍ ഇത് തുടങ്ങുമ്പോള്‍ ഞങ്ങളുടെ മുന്‍പില്‍ വളരെ ലളിതമായ ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു എന്റെ പഠനം മുഴുവനെങ്കിലും എനിക്ക് ഇന്ത്യന്‍ ജീവിത സാഹചര്യത്തിലേക്ക് ആ അറിവ് ഒരു തരത്തിലും ഉപകാരപ്പെടുന്നില്ല എന്ന് മനസ്സിലായതോടെ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്നത് വളരെ അര്‍ഥരഹിതമായ ഒന്നായിട്ടാണ് എനിക്ക് തോന്നിയത്, അതുകൊണ്ട് കൂടെയാണ് ഞാന്‍ ആ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് പ്രസാധക രംഗത്തേക്ക് വന്നത്.
ഈ കാലത്ത് ഞാന്‍ ഇന്ത്യയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്നിരുന്ന സമയവുമായിരുന്നു. ആ സമയത്ത് ഞങ്ങള്‍ തിരിച്ചറിഞ്ഞ വളരെ ഗുരുതരമായ ഒരു പ്രശ്‌നം സ്ത്രീകളുടെ അജ്ഞതയായിരുന്നു. ഉറച്ച ബോധ്യത്തോടെ ഒരു കാര്യം തെറ്റാണ് എന്ന് സ്ത്രീകള്‍ക്ക് മനസ്സിലാകുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്, എന്തെല്ലാം രീതിയില്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട് എന്നൊന്നും മനസ്സിലാക്കാന്‍ ഈ സ്ത്രീപക്ഷവാദ പ്രവര്‍ത്തകര്‍ക്ക് പോലും കഴിയുന്നുണ്ടായിരുന്നില്ല.
ഇന്റര്‍നെറ്റ് ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് ഒരു കാര്യം മനസ്സിലാക്കാന്‍ ആകെ ഉണ്ടായിരുന്ന മാര്‍ഗ്ഗം പുസ്തകങ്ങള്‍ വായിക്കുക എന്നതായിരുന്നു. അങ്ങനെ ഞങ്ങള്‍ സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനങ്ങളുടെ രീതിശാസ്ത്രം, സ്ത്രീധനത്തിന്റെ ചരിത്രം എന്നിങ്ങനെ പല വിഷയങ്ങളും പഠിക്കുവാന്‍ വേണ്ടി പുസ്തകങ്ങള്‍ പരതിയെങ്കിലും ഒന്നും കിട്ടിയില്ല.
ആ സമയത്ത് ഞാന്‍ ജോലിചെയ്തിരുന്ന എന്റെ ഒാഫീസിലെ മേലധികാരികളോട് ഈ പ്രശ്‌നം അവതരിപ്പിച്ചു. സ്ത്രീകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍, അവരുടെ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്ന രചനകള്‍, സ്ത്രീധനത്തിനും, വിവേചനത്തിനും എതിരെയുള്ള അവരുടെ പോരാട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തുടങ്ങി അവര്‍ അറിഞ്ഞിരിക്കേണ്ട പലവിധ കാര്യങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ നന്നേ കുറവാണ്, എന്തുകൊണ്ട് നമുക്ക് അല്പം പുസ്തകങ്ങള്‍ ഇറക്കിക്കൂടാ?
അന്നവര്‍ എന്നോട് ചോദിച്ചത് സ്ത്രീകള്‍ അത്ര വായിക്കുമോ? ചിന്തിക്കുമോ? എന്നൊക്കെയായിരുന്നു. അവര്‍ അത്രകണ്ട് അത് ഗൗരവത്തില്‍ എടുത്തില്ല എന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ ഞാന്‍ വിചാരിച്ചു അങ്ങനെയാണെങ്കില്‍ ഞാന്‍ ഒരു പ്രസിദ്ധീകരണാലയം തുടങ്ങും, സ്ത്രീകള്‍ക്കുവേണ്ടി, സ്ത്രീകളുടെ ഒരു പ്രസിദ്ധീകരണാലയം. അങ്ങനെ തുടങ്ങിയ ആലോചനകള്‍, ഒരുപാട് യാത്രകള്‍, പിന്നണി പ്രവൃത്തികള്‍ എല്ലാം കഴിഞ്ഞു 1984 ആയപ്പോഴേക്കും ഞങ്ങള്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഒരു പ്രസിദ്ധീകരണാലയം തുടങ്ങാന്‍ കഴിഞ്ഞു.
ഇതിന്റെ ഒരു പ്രധാന സ്ഥാപക ഉദ്ദേശം തന്നെ സ്ത്രീകളെ രണ്ടാം തരമായി കാണുന്ന, പാര്‍ശ്വവല്‍ക്കരിക്കുന്ന ജ്ഞാനവ്യവസ്ഥക്ക് ഒരു ബദല്‍ ജ്ഞാനവ്യവസ്ഥ രൂപപ്പെടുത്തുക എന്നതായിരുന്നു. സ്ത്രീകളുടേത് മാത്രമായ ഒരു ജ്ഞാന നിര്‍മാണ പ്രക്രിയ. ഈ ഒരു ലക്ഷ്യം വച്ച് സ്ത്രീകളെക്കുറിച്ച് സ്ത്രീകള്‍ എഴുതുന്ന പുസ്തകങ്ങള്‍ പുറത്തിറക്കി ഞങ്ങള്‍ മുമ്പോട്ടു വന്നു.
എന്നാല്‍ ഇംഗ്ലീഷില്‍ പുസ്തകങ്ങള്‍ ഇറക്കുക എന്നത് ഇന്ത്യയിലെ സാഹചര്യം വച്ച് വളരെ ചെറിയ ഒരു ലോകത്തോട് മാത്രമേ സംവദിക്കുകയുള്ളൂ എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അറിവിന്റെ മണ്ഡലത്തില്‍ ഞങ്ങള്‍ക്ക് പുരുഷാധിപത്യത്തെ ചെറുക്കാനാവുന്നു എന്നൊരു സന്തോഷം ഉണ്ടായെങ്കിലും, ഞങ്ങള്‍ അവതരിപ്പിക്കുന്ന സ്ത്രീശബ്ദങ്ങള്‍ പക്ഷേ സമൂഹത്തിലെ ഉന്നതരായ വരേണ്യരുടെ ശബ്ദങ്ങള്‍ മാത്രമായിരുന്നു.
ബഹുഭൂരിപക്ഷം വരുന്ന പാര്‍ശ്വവത്കൃതര്‍ക്കും ഞങ്ങള്‍ പുറത്തിറക്കുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുമായിരുന്നില്ല, അതിന്റെ ഭാഷ ഇംഗ്ലീഷ് ആണ് എന്ന കാരണത്താല്‍. ആ പുസ്തകങ്ങളില്‍ പറയുന്ന ജീവിത പ്രശ്‌നങ്ങള്‍ അവര്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. കാരണം അവയിലുണ്ടായിരുന്നത് വരേണ്യരുടെ ജീവിതാനുഭവം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ചെയ്യുന്ന പ്രവൃത്തി ഇനിയും ഒരുപാട് വിശാലമാക്കേണ്ടതുണ്ട് എന്ന് ബോധ്യം വന്നു.
? എങ്ങനെയാണ് ‘കാലി’ ഈ പ്രശ്‌നത്തെ പരിഹരിച്ചത്?
ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു ഫെമിനിസ്റ്റ് പ്രസ്ഥാനം എന്ന് വിളിക്കുന്ന ഞങ്ങള്‍ നഗരങ്ങളിലെ വരേണ്യ സ്ത്രീകളുടെ ജീവിതാനുഭവങ്ങളും പ്രശ്‌നങ്ങളും മാത്രം പ്രസിദ്ധീകരിക്കുക എന്നത് തിരുത്തേണ്ട ഒരു കാര്യമാണെന്നു ഞങ്ങള്‍ക്ക് മനസ്സലായിരുന്നു. ഇതിനെ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് പ്രത്യേക പദ്ധതിയൊന്നും ഇല്ലായിരുന്നു. പലതും സാഹചര്യപരമായി ചെയ്തതാണ്, പക്ഷെ ഗുണകരമായി ഭവിച്ചു. നഗരങ്ങളിലെ ഈ ജീവിതങ്ങള്‍ക്ക് തികച്ചും അപരിചിതമായ ഒരു സ്ത്രീജീവിതം ദൂരെ ഗ്രാമങ്ങളില്‍ ഉണ്ട് എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് ഇത്തരം ഒരു യാദൃശ്ചിക സംഭവത്തിലൂടെയായിരുന്നു. ദരിദ്രരായ കീഴാള ഗ്രാമീണ സ്ത്രീകളുടെ ഹൃദയത്തിലും ചിന്തയിലും സ്ത്രീത്വം എന്നതു ഞങ്ങളില്‍ നിന്നു വളരെ വിഭിന്നമായ ഒന്നാണെന്ന് ഞങ്ങള്‍ നേരിട്ടു മനസ്സിലാക്കി.
ഒരു അനുഭവം പറയാം, ഒരിക്കല്‍ രാജസ്ഥാനി പാരമ്പര്യ വേഷമണിഞ്ഞ് ഒരു സംഘം സ്ത്രീകള്‍ ഞങ്ങളെ കാണാന്‍ വന്നു. അവരുടെ കയ്യില്‍ അവര്‍ ചെയ്തതാണ് എന്ന് പറഞ്ഞു രണ്ട് പുസ്തകങ്ങളും ഉണ്ടായിരുന്നു. ‘ശരീര്‍ കി ജാന്‍താരി’ എന്ന് പേരിട്ടിരുന്ന ആ പുസ്തകങ്ങളില്‍ സ്ത്രീ ശരീരത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും അവസ്ഥകളുമായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതിന്റെ രൂപകല്പനയാണ് ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചത്. അതില്‍ ശരീരത്തിന്റെ സ്വകാര്യഭാഗങ്ങള്‍ എല്ലാം ഓരോ പേപ്പര്‍ കഷ്ണങ്ങള്‍ കൊണ്ട് മറച്ചിരുന്നു. ഈ പേപ്പര്‍ കഷ്ണങ്ങള്‍ ഉയര്‍ത്തിനോക്കിയാല്‍ നമുക്ക് ആ ശരീരഭാഗത്തിന്റെ ചിത്രം കാണാം. ഇതെന്താ ഇങ്ങനെ എന്ന് ചോദിചപ്പോള്‍ അവരുടെ ഗ്രാമത്തില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുവാന്‍ പാടില്ല എന്നാല്‍ അവര്‍ക്ക് ആ ഭാഗങ്ങള്‍ വരക്കുകയും വേണം അതുകൊണ്ട് അവര്‍ കണ്ടുപിടിച്ച ഒരു ഉപായമാണ് എന്നായിരുന്നു മറുപടി. സ്വത്വപ്രകാശനത്തിന്റെ തിരയടങ്ങാത്ത ഒരു കടലാണ് ഞങ്ങളവരില്‍ കണ്ടത്. ഇതുപോലെ സ്വന്തം ജീവിതത്തെ ആവിഷ്‌കരിക്കാനും അവതരിപ്പിക്കാനുമുള്ള ഒരു ത്വര എല്ലാ സ്ത്രീകളിലും ഉണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇംഗ്ലീഷ് ഭാഷയിലോ നഗരത്തിലെ വിദ്യാസമ്പന്നരായ വരേണ്യസ്ത്രീകളിലോ ഒതുങ്ങി നിന്നാല്‍ നമുക്ക് ഈ സമൂഹത്തോട് നീതിചെയ്യാനാവില്ല എന്ന് മനസ്സിലായി. വളരെ ലളിതമെന്ന് തോന്നുന്ന ജീവിതസാഹചര്യത്തില്‍ നിന്ന് വരുന്ന ആ സ്ത്രീകള്‍ക്കുള്ളിലെ കഴിവുകളെ പ്രകാശിപ്പിക്കുവാനുള്ള ആവേശമാണ് ഞങ്ങളെ അവരേയും ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്ഥാനമായി ഈ പ്രസിദ്ധീകരണാലയം മാറണം എന്ന ആശയത്തിലേക്ക് ശക്തിപ്പെടുത്തിയത്. അങ്ങനെ ഞങ്ങള്‍ ജാതി, വര്‍ഗം, ദേശം, ഭാഷ തുടങ്ങി സമൂഹത്തിന്റെ വിവിധങ്ങളായ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ത്രീജീവിതങ്ങളെ പ്രകാശനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതോടൊപ്പം എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങളില്‍ സമത്വം നല്‍കുന്നതിനു വേണ്ടി ഞങ്ങളുടെ സ്ഥാപനത്തിലെ ഓരോ ജോലിയും ദലിത്, മുസ്ലിം, ട്രാന്‍സ് എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യുകയും ചെയ്തു. അങ്ങിനെ വരേണ്യ സ്ത്രീകളുടെ മാത്രം ശബ്ദമായി ഒതുങ്ങാതെ കൂടുതല്‍ ബഹുസ്വരതയുള്ള ഒരു സംരംഭമായി ഞങ്ങള്‍ മാറി.

? ഇതില്‍ നിന്ന് എങ്ങനെയാണ് നിങ്ങള്‍ ഇന്ത്യാ-പാക്ക് വിഭജനത്തെ കുറിച്ച് പഠിക്കുന്ന ഒരാളായി മാറിയത്?
‘കാലി’ തുടങ്ങിയ 1984 ല്‍ തന്നെയാണ് ഞാന്‍ ഇന്ത്യാ-പാക്ക് വിഭജനത്തെക്കുറിച്ചുളള എന്റെ പഠനവും ആരംഭിക്കുന്നത്. അഭയാര്‍ഥി കുടുംബത്തില്‍ നിന്നുള്ള ഒരു കുട്ടി എന്ന നിലക്ക് വിഭജനത്തിന്റെ അനുഭവകഥകള്‍ ഒരുപാടൊരുപാട് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്. അതുകൊണ്ട് തന്നെ ആ കഥകളെ ഞങ്ങള്‍ ഒട്ടും ഗൗരവമായി എടുത്തിരുന്നില്ല. ചരിത്രപുസ്തകങ്ങളില്‍ നിന്നു കേട്ടിരുന്ന ജിന്നയും, പട്ടേലും, നെഹ്‌റുവുമൊക്കെയായിരുന്നു ‘യഥാര്‍ഥ’ വിഭജന കഥയിലെ കേന്ദ്രങ്ങള്‍, അല്ലാത്ത മുത്തശ്ശി കഥകളൊക്കെ വെറും കെട്ടുകഥകളായി തള്ളുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കൊല്ലപ്പെടലും അതിന്റെ ഫലമായി ഉണ്ടായ സിഖ് വേട്ടയും എന്നില്‍ നമ്മുടെ സ്വത്വത്തെകുറിച്ചും ഒരു കലാപം നേരിട്ട് അനുഭവിക്കുന്നവര്‍ക്കുണ്ടാകുന്ന അനുഭവങ്ങളുടെ സൂക്ഷ്മ തലങ്ങളെക്കുറിച്ചും ഉണര്‍വുണ്ടാക്കി. ഓരോ വ്യക്തിയും അനുഭവിക്കുന്ന അനുഭവങ്ങളുടെ അനന്യത, അത് പൊതുചരിത്ര രേഖകളില്‍ ഇടംപിടിക്കാതെ പോകുന്നത്, എന്നിവയെല്ലാം ഞാന്‍ ഈ സന്ദര്‍ഭത്തില്‍ കണ്ടു. ഇത് എന്നെ വിഭജനത്തിന്റെ കഥകളെ പുനരന്വേഷിക്കുന്നതിനു പ്രേരിപ്പിക്കുകയാണുണ്ടായത്. കാരണം വിഭജനവും ഒരു കലാപം പോലെയായിരുന്നു, ഒരുപാട് അക്രമങ്ങള്‍ നടന്നിരുന്നു, പല മനുഷ്യരേയും അത് തകര്‍ത്ത് കളഞ്ഞിരുന്നു. ഞാന്‍ ഗൗരവമായി കേള്‍ക്കാതിരുന്ന ആ കഥകള്‍, എന്റെ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ എന്നോട് പറഞ്ഞു തന്നിട്ടുള്ളത്, അവരുടെ വിഭജന ചരിത്രമായിരിക്കുമല്ലോ. പുസ്തകങ്ങളിലോ രേഖകളിലോ ഒന്നും മഷിവച്ച് അടയാളപ്പെടുത്തിയിട്ടില്ലാത്ത പല മനുഷ്യജന്മങ്ങളുടേയും അനന്യമായ യാഥാര്‍ഥ്യമായ ചരിത്രം.

? ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കില്ലേ?
തീര്‍ച്ചയായും, അതൊരു വലിയ പ്രശ്‌നം തന്നെയാണ്. ഇത്തരം പുസ്തകങ്ങള്‍ പൊതുവിപണിയില്‍ അത്രയൊന്നും വില്‍ക്കപ്പെടുകയില്ല, വലിയ സാമ്പത്തിക ഭാരം പ്രസാധകര്‍ക്കുമേല്‍ വരുത്തുന്നവയുമാണ്, അതുകൊണ്ടു തന്നെ ഇത് പരാജയമാണ് എന്ന് ധരിച്ചേക്കാം. ഇതിനെ ഞങ്ങള്‍ കാണുന്ന രീതി പക്ഷെ വേറെയാണ്. ഞങ്ങള്‍ വിജയം എന്ന് കണക്കാക്കുന്നത് പൊതുവിപണിയില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞ വിറ്റ് വരവിനെയല്ല, ലാഭത്തെയല്ല. അടുത്ത ഒരു പുസ്തകം ഇറക്കുന്നതിനു ആവശ്യമായ ചെലവ് ഇതില്‍നിന്ന് ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, അല്ലെങ്കില്‍ ഈ പുസ്തകത്തിന്റെ ചെലവ് ഇതില്‍നിന്നും ലഭിച്ചാല്‍ ഞങ്ങള്‍ അതിനെ വിജയം എന്നാണ് കണക്കാക്കാറ്. വലിയ ലാഭം ഉണ്ടാക്കണം എന്നതിനു പകരം ഞങ്ങള്‍ കഷ്ടിച്ച് നിലനിന്നു പോന്നാല്‍ മതി എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ അതിനാവശ്യമായ ഒരു സംഖ്യ പുസ്തകത്തില്‍ നിന്ന് ലഭിക്കാതെ വരുമ്പോള്‍ ഞങ്ങള്‍ മറ്റ് സ്‌പോണ്‍സര്‍മാരെ അന്വേഷിക്കും.

? മുഖ്യധാരാ പ്രസിദ്ധീകരണാലയങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്തുന്നുണ്ടോ?
അതിനു ഉണ്ട് എന്നും ഇല്ല എന്നും ഉത്തരം പറയേണ്ടിവരും. ഒന്ന് ഞങ്ങളുടെ മേഖല അവര്‍ക്ക് താല്പര്യമില്ലാത്തതാണ്. അത് ലാഭമൊന്നും ഉണ്ടാക്കുന്നില്ല. അതുകാരണം അവര്‍ ഇവിടെ മത്സരിക്കാന്‍ വരില്ല. എന്നാല്‍ ഒരു പ്രയാസമുള്ളത്, പലപ്പോഴും ഞങ്ങളെപ്പോലുള്ള സ്വതന്ത്ര പ്രസിദ്ധീകരണാലയങ്ങള്‍ കഷ്ടപ്പെട്ട് അന്വേഷിച്ച് പുതിയ ശബ്ദങ്ങളെ കണ്ടെത്തി അവരെ പ്രസിദ്ധീകരിച്ചു പൊതുഇടത്തിലേക്ക് പരിചയപ്പെടുത്തും. അവരെ വായിക്കാന്‍ ജനങ്ങള്‍ക്കൊക്കെ ഇഷ്ടമാവുന്നതോടെ ഈ വമ്പന്‍ പ്രസാധകര്‍ അവരേയും തട്ടിയെടുത്ത് പോവുന്നു.

? അതൊരു പ്രശ്‌നമാണോ, അത് നിങ്ങളുടെ ലക്ഷ്യസാക്ഷാല്‍ക്കാരമല്ലേ?
അതെ, ഇവിടെയാണ് ആ പ്രധാന ചോദ്യം ഉയരുന്നത്. സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സ്ത്രീയെ വെളിച്ചത്ത് കൊണ്ടുവന്ന് എല്ലാവരും ശ്രദ്ധിക്കുന്ന ഒരാളായി മാറ്റിയതിലൂടെ, അതായത് അയാളെ മുഖ്യധാരാ പ്രസാധകര്‍ ഏറ്റെടുക്കുന്നതിലൂടെ ഞങ്ങള്‍ ഉദ്ദേശിച്ച ലക്ഷ്യമാണ് നടന്നത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇത്തരം സാഹചര്യങ്ങളെ ഒരു വെല്ലുവിളിയായി കാണുന്നില്ല.

? നിങ്ങളുടെ പ്രസിദ്ധീകരണാലയത്തെ ഇനി ഏത് രീതിയിലേക്കാണ് വികസിപ്പിക്കാന്‍ ഉള്ളത്?
ഇനിയും ഒരുപാട് വളരാന്‍ സാധ്യതയും, അതിന്റെ അത്യാവശ്യവും ഉള്ള ഒരു ഘട്ടത്തിലാണ് ഞങ്ങള്‍ ഇപ്പോഴുള്ളത്. അതിലെ പ്രധാനപ്പെട്ട ഒരു മേഖല ഭാഷയുടേതാണ്. ഞങ്ങള്‍ ഇപ്പോഴും പ്രധാനമായും ഇംഗ്ലീഷിലാണ് പുസ്തകങ്ങള്‍ ഇറക്കുന്നത്. ഇന്ത്യയിലെ വിവിധഭാഷകളില്‍ ജനിക്കുന്ന സ്ത്രീരചനകള്‍ ഞങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആലോചിക്കുന്നത് എന്തുകൊണ്ട് വിവര്‍ത്തനം ഒരു ദിശയില്‍ മാത്രമാക്കി നിര്‍ത്തണം എന്നതാണ്. ഇന്ത്യയിലെ ഒരു ഭാഷയില്‍ ജനിക്കുന്ന ഒരു വ്യക്തിയെ ഇംഗ്ലീഷിലേക്ക് മാത്രമാക്കി ചുരുക്കുന്നതിനു പകരം വിവിധ പ്രാദേശിക ഭാഷകളിലേക്കും കൂടെ വിശാലമാക്കണം എന്ന് ഞങ്ങള്‍ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഇത്തരം ഒരു പദ്ധതിക്കായി കൊല്‍ക്കത്തയിലുള്ള ഒരു സാഹിത്യസംരംഭം ഞങ്ങളെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പന്ത്രണ്ടോളം ഇന്ത്യന്‍ ഭാഷകളിലേക്ക് ഞങ്ങള്‍ ഞങ്ങളുടെ പുസ്തകങ്ങളെ മൊഴിമാറ്റം ചെയ്തു തുടങ്ങി.
? അത് നിങ്ങള്‍ക്ക് വലിയ ഒരു വിപണി തുറന്ന് തരികയുണ്ടായോ?
പുതിയൊരു വിപണി ലഭിച്ചു എന്നതിലേറെ ഞങ്ങളുടെ കണ്ണുതുറപ്പിച്ചകാര്യം വിവിധങ്ങളായ ഇന്ത്യന്‍ഭാഷകളില്‍ ഉള്ള അനേകായിരം പ്രസാധനാലയങ്ങള്‍ എത്ര ഗംഭീരമായാണ് പ്രവര്‍ത്തിച്ചു പോരുന്നത് എന്നതാണ്. അവരില്‍ പലരും ലാഭത്തിനു വേണ്ടിയല്ല, അവരുടെ രാഷ്ട്രീയത്തിനുവേണ്ടിയാണ് ആ പ്രസാധനാലയങ്ങള്‍ നടത്തുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ വലിയ അത്ഭുതം തോന്നി. കര്‍ണാടകയില്‍ ഇത്തരം പ്രസാധകര്‍ ഉണ്ട്. യുവത ബുക് ഹൗസും ഇത്തരം ഒരു സ്ഥാപനമാണ്. ഞാന്‍ യുവതയുടെ വെബ്‌സൈറ്റില്‍ അവരുടെ പുസ്തകങ്ങള്‍ നോക്കിവരികയായിരുന്നു. എത്ര വൃത്തിയില്‍ ചെയ്തും എത്ര കുറഞ്ഞ വിലയിലുമാണ് ആ പുസ്തകങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത് എന്നത് എന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തി.

? നാല് പതിറ്റാണ്ട് കാലത്തെ ഫെമിനിസ്റ്റ്-പ്രസാധക ജീവിതം. തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു?
ഇതൊരു നീണ്ട യാത്രയായിരുന്നു. വളരെ പ്രയാസപ്പെട്ടും സന്തോഷിച്ചും നടത്തിയ ഒരു യാത്ര. ഈ യാത്രയില്‍ പ്രസാധക എന്ന വളര്‍ച്ചയും അതോടൊപ്പം ചേര്‍ന്ന് തന്നെയാണ് എന്റെ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് എന്ന വളര്‍ച്ചയും ഉണ്ടായത്. അതേപോലെ തന്നെ ഓര്‍മ, വാമൊഴി ചരിത്രം എന്നിവയിലെല്ലാമുള്ള പഠനങ്ങള്‍ ഒരു ചരിത്രഗവേഷക എന്ന നിലയിലും എന്നെ ഒരുപാട് വളര്‍ത്തി എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളോരോരുത്തരും ജീവിച്ചുവളരുന്ന സാഹചര്യം നമ്മളെ ഓരോരോ ചരിത്രമായാണ് വലയം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചരിത്രം എന്നത് ഒരു ഏകശിലാത്മക വസ്തുനിഷ്ഠമായ ഒന്നല്ല, മറിച്ച് ഓരോ വ്യക്തിയുടേയും ചരിത്രം ആണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഇതില്‍ ഔദ്യോഗിക രേഖകളില്‍ അംഗീകരിക്കപ്പെടാതെ പോയവരെ, സ്ത്രീകളുടെ, കുട്ടികളുടെ, കീഴാളരുടെ, പ്രാദേശികതകളുടെയെല്ലാം ചരിത്രത്തെ കണ്ടെത്തി പ്രകാശത്തിലേക്ക് കൊണ്ട് വരിക എന്നതാണ് പുതിയകാലത്തിലെ പ്രസാധക ധര്‍മം.

? യുവതയുടെ ഈ പുസ്തക പരമ്പര ഏതെങ്കിലും രീതിയില്‍ നിങ്ങളുടെ മേഖലയുമായി അനുരൂപപ്പെടുന്നുണ്ടോ?
പല രീതിയിലും ഉണ്ട്. ഞാന്‍ മനസ്സിലാക്കുന്നത് ചരിത്ര സംഭവങ്ങളിലെ അനുഭവങ്ങളുടെ സൂക്ഷ്മതയെ അടയാളപ്പെടുത്തുന്നതില്‍ ഭാഷയുടെ നിര്‍ണായകതയെ കുറിച്ച് എഴുത്തുകാര്‍ വളരെയധികം ശ്രദ്ധയുള്ളവരാവേണ്ടതുണ്ട് എന്നാണ്. 1921-ല്‍ മലബാറില്‍ നടന്നതിനെ ‘കലാപം’ എന്നോ ‘ലഹള’ എന്നോ വിളിക്കുന്നതിനു പകരം ‘സമരം’ എന്ന് വിളിക്കുന്നതിലൂടെ അതാണ് ഈ പുസ്തക പരമ്പരയുടെ എഴുത്തുകാര്‍ കാണിച്ച കരുതല്‍. വാമൊഴികളായും കഥകളായും തലമുറകളിലൂടെ കൈമാറ്റം ചെയ്തുവന്ന ഓര്‍മകളെ ചരിത്രമായി പരിഗണിക്കുന്നതില്‍ ഈ പരമ്പരയുടെ എഡിറ്റര്‍മാര്‍ കാണിച്ച ധിഷണാബോധം അങ്ങേയറ്റം പ്രശംസനീയമാണ്. ഇത്തരം സാഹചര്യങ്ങള്‍, ഒരു പ്രസാധക എന്ന നിലയില്‍ എന്റെ അനുഭവങ്ങളുമായി വലിയ രീതിയില്‍ സമാനതകള്‍ കാണിക്കുന്ന ഒരു മേഖലയാണ് മലബാര്‍ സമരത്തെ കുറിച്ചുള്ള ‘യുവത’യുടെ ആറു വാള്യങ്ങള്‍. വിവിധങ്ങളായ ഇത്തരം മണ്ഡലങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ടവരെയും പരിഗണിക്കപ്പെടാതെ പോയവരെയും കുറിച്ചുള്ള പഠനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ മാത്രമേ അത്തരം വിഭാഗങ്ങളെ സ്മൃതിയിലേക്കും മുഖ്യധാരയിലേക്കും കൊണ്ടുവരാന്‍ കഴിയുകയുള്ളു. നമ്മുടെ ചരിത്രം നമ്മുടേത് അല്ലാതായി മാറുന്നതിനെ ചെറുക്കാനുള്ള ഏകമാര്‍ഗം അതാണ്. ചരിത്രത്തിലെ നിര്‍ണായകമായ സംഭവങ്ങളുടെയെല്ലാം രേഖകളില്‍ ചില വിഭാഗങ്ങളുടെ അനുഭവങ്ങളെകുറിച്ച് അവഗണനാത്മകമായ ഒരു മൗനം നമുക്ക് കാണാന്‍ സാധിക്കും. ഈ മൗനത്തിന്റെ മറുവശം ഒരു വലിയ വാചാലതയുണ്ട്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ചെവികൊടുത്താല്‍ മാത്രം അറിയാന്‍ കഴിയുന്ന മറ്റൊരു അനുഭവ ചിത്രം, ചരിത്രം. സ്ത്രീകളുടെ അനുഭവങ്ങള്‍ ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ട ഒരു മേഖലയാണ്. വാമൊഴികളിലൂടെ മാത്രം ലഭ്യമാകുന്ന ഈ അനുഭവങ്ങളെ ചരിത്രമായി ഗണിക്കാതെ പോയി എന്നത് വലിയ ഒരു വീഴ്ചയായിരുന്നു. മലബാര്‍ സമരം പോലെയുള്ള ഇത്തരം സംഭവങ്ങള്‍ എങ്ങിനെയാണ് സ്ത്രീകളെയും മറ്റു ദുര്‍ബലവിഭാഗങ്ങളെയും ബാധിച്ചത് എന്നതിനെകുറിച്ചുള്ള വിശദമായ പഠനങ്ങളും കൂടെ വരുമ്പോള്‍ മാത്രമാണ് നമ്മുടെ ചരിത്ര രചനകള്‍ പൂര്‍ണമാവുന്നത്. ‘യുവത’യുടെ ഈ പരമ്പരയില്‍ അത് കാണാനാവുന്നു എന്നതില്‍ ഞാന്‍ അങ്ങേയറ്റംസംതൃപ്തയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x