9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മാതൃകകള്‍ ബാക്കിവെച്ച് ഹംസ മൗലവി യാത്രയായി

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ


പണ്ഡിതനും വാഗ്മിയുമായ ഹംസ മൗലവി ഈ ലോകത്തോട് വിട പറഞ്ഞു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പത്തു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. 2023 ജനുവരി 6-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹിക-സാംസ്‌കാരിക രംഗത്തും പ്രബോധനമേഖലയിലും മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവില്‍ പുളിക്കല്‍ മൊയ്തു- ആമിന ദമ്പതികളുടെ മകനായാണ് ജനനം. തളിക്കടവ് എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. എടവണ്ണ ജാമിഅയില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യന്‍തൊടിക പള്ളിയിലെ ഇമാമും ഖത്തീബുമായി ജോലിചെയ്തു. ഈ സമയത്താണ് എം വി മരക്കാര്‍ മൗലവി- ഫാത്തിമ ദമ്പതികളുടെ മകള്‍ ഖദീജയെ വിവാഹം ചെയ്തത്. വിവാഹ ശേഷം എടവണ്ണയില്‍ താമസമാക്കി. ഇക്കാലത്ത് തിരുത്തിയാട്, പട്ടേല്‍താഴം, നല്ലളം എന്നിവടങ്ങളില്‍ ഖത്തീബായും മദ്‌റസാ അധ്യാപകനായും ജോലി ചെയ്തു.
ഇടക്കാലത്ത് കുവൈത്തില്‍ ജോലി ചെയ്തു. കുവൈത്ത് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഹജ്ജ്- ഉംറ സംഘങ്ങളുടെ അമീര്‍, ദാല്‍മിയ മദ്‌റസ സ്ഥാപകന്‍, ഇസ്ലാഹി സെന്ററിന്റെ കീഴിയിലുള്ള വിവിധ പള്ളികളിലെ ഖത്തീബ് എന്നീ ചുമതലകള്‍ വഹിച്ചു. പിന്നീട് പട്ടേല്‍താഴത്തെ താമസക്കാലത്ത് മുണ്ടുപാലം മൊയ്തീന്‍ കോയ- സൈനബി ദമ്പതികളുടെ മകള്‍ സൗദയെ വിവാഹം ചെയ്തു. കേരളാ നദ്വത്തുല്‍ മുജാഹിദീന്റെ ഓര്‍ഗനൈസര്‍, മുഫത്തിശ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സി ഐ ഇ ആര്‍ മുഫത്തിശ്, വിവിധ പള്ളികളിലെ ഖത്തീബ്, നന്മ റെസിഡന്‍സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ആഴ്ചവട്ടം പി ടി എ പ്രസിഡന്റ്, കോഴിക്കോട് എം എം ഹൈസ്‌കൂള്‍ പി ടി എ പ്രസിഡന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങള്‍, സ്വത്തുതര്‍ക്കം തുടങ്ങിയവ പരിഹരിക്കപ്പെടുന്ന വേദിയായിരുന്നു അദ്ദേഹത്തിന്റെ വീട്.
മയ്യിത്ത് സംസ്‌കരണത്തെക്കുറിച്ച് വീഡിയോ ചിത്രീകരിക്കുകയും നിരവധി സ്ഥലങ്ങളില്‍ ക്ലാസെടുക്കുകയും ചെയ്ത അദ്ദേഹം മയ്യിത്ത് പരിപാലനത്തില്‍ യുവാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുകയും പ്രയോഗിക പരിശീലനം നല്‍കുകയും ചെയ്തു. നമസ്‌കാര രീതി പഠിപ്പിക്കുന്ന വീഡിയോയും പഠിതാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്തു. ഹജ്ജ്- ഉംറ പുസ്തകവും പ്രസിദ്ധീകരിച്ചു.
2011-ല്‍ ശസ്ത്രക്രിയക്ക് വിധേയനായപ്പോഴാണ് കരളിന്റെ അസുഖം കണ്ടെത്തിയത്. പിന്നീട് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. ഭാര്യയാണ് കരള്‍ നല്‍കിയത്. അവസാന കാലങ്ങളില്‍ ആരോഗ്യം ക്ഷയിച്ചെങ്കിലും കര്‍മരംഗത്ത് നിന്നു മാറിനില്‍ക്കാന്‍ മൗലവി തയ്യാറായിരുന്നില്ല.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കൗണ്‍സിലര്‍, ബേപ്പൂര്‍ മണ്ഡലം ഭാരവാഹി, ഒളവണ്ണ കമ്പിളിപ്പറമ്പ് സലഫി മസ്ജിദ് പരിപാലന കമ്മിറ്റി അംഗം, വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍, കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിവര്‍ ഫൗണ്ടേഷന്‍ കേരള രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മക്കള്‍: മുനീറ, മുനീബ, മുബശിര്‍, മുഅ്മിന (എം ജി എം നല്ലളം യൂണിറ്റ് സെക്രട്ടറി), മുസ്ഫിറ (ദുബായ്), മുഫീദ (ഐ ജി എം യൂണിറ്റ് സെക്രട്ടറി). മരുമക്കള്‍: ഐ എസ് എം സംസ്ഥാന സെക്രട്ടറി റഫീഖ് നല്ലളം, സാജിദ് പറപ്പൂര്‍, ജലീല്‍ എടവണ്ണ, ഷഫീന (മങ്കട), ഷിഹാബുദ്ദീന്‍ (മങ്കട), നബീല്‍ കിണാശേരി
തിരുവനന്തപുരം കിംസ് ഹോസ് പിറ്റല്‍ ഡോക്ടര്‍മാരായ ഡോ. വേണുഗോപാല്‍, ഡോ. ഷബീറലി, എന്നിവരൊക്കെ കോഴിക്കോട്ടെത്തുമ്പോഴൊക്കെ ഹംസ മൗലവിയുടെ വീട്ടിലും സന്ദര്‍ശിക്കാറുണ്ട്. എത്തുന്നിടങ്ങളിലൊക്കെ സ്നേഹവലയം തീര്‍ക്കുന്ന ഹംസ മൗലവിയുടെ പ്രത്യേകതയാണ് ഇതിന് കാരണമായത്. ആശയ ദര്‍ശനങ്ങളില്‍ കണിശത പുലര്‍ത്തുന്ന മൗലവി എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹം പിടിച്ചു പറ്റി എന്നതിനു തെളിവാണ് ജനാസയെ അനുഗമിച്ച വന്‍ ജനാവലി. നല്ല മനസ്സിന്റെ ഉടമയായ അദ്ദേഹത്തെ സ്വര്‍ഗ പൂങ്കാവനം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍).

Back to Top