24 Friday
May 2024
2024 May 24
1445 Dhoul-Qida 16

മതേതരത്വവും മതരാഷ്ട്രവാദവും; മുസ്‌ലിംകള്‍ ആരോട് സംവദിക്കണം?

ഡോ. ജാബിര്‍ അമാനി


മനുഷ്യന്‍ സാമൂഹിക ജീവിയാണ്. പരസ്പര സഹകരണവും ആശ്രിതത്വവും അവന്റെ ജീവിതത്തില്‍ അനിവാര്യമാണ്. ജീവിതത്തിന് വ്യവസ്ഥാപിതത്വവും സുരക്ഷിതത്വം ലഭിക്കുന്നതിന് നിയമനിര്‍ദേശങ്ങളും ആവശ്യമാണ്. സമൂഹം എന്ന പ്രകൃതിഘടനയുടെ നിലനില്‍പിന് നിയമങ്ങള്‍ അത്യാവശ്യമാണ്. ഓരോ വ്യക്തിയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതോടെ സമൂഹമെന്ന അവസ്ഥ തന്നെ തകര്‍ന്നുപോകും.
നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമായി സാമൂഹിക ജീവിതത്തില്‍ ഇതഃപര്യന്തം മനുഷ്യന്‍ സ്വീകരിച്ചിട്ടുള്ള സംവിധാനമോ സ്ഥാപനമോ ആണ് ഭരണകൂടം. മനുഷ്യനാഗരികതയോളം ഭരണസംവിധാനങ്ങള്‍ക്ക് പഴക്കമുണ്ട്. ഒരു പ്രത്യേക ജനവിഭാഗവും അവര്‍ നിശ്ചയിക്കുന്നതോ രൂപപ്പെടുത്തുന്നതോ ആയ ഭൂമിശാസ്ത്രപരമായ പരിധിയും അതിരും ആ ജനവിഭാഗത്തിന്റെ ജീവിതാഭിവൃദ്ധിക്കുവേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളും പെരുമാറ്റ ചട്ടങ്ങലും വ്യവസ്ഥകളും ചേരുമ്പോള്‍ ഒരു രാഷ്ട്രം ജനിക്കുകയാണ്. സ്റ്റേറ്റ്, നേഷന്‍ എന്നീ പരികല്‍പനകള്‍ക്ക് വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ അര്‍ഥവും നിര്‍വചനങ്ങളുമുണ്ട്. സൈദ്ധാന്തികവും താത്വികവുമായ വിശകലനങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്റെ സാമൂഹിക ജീവിതത്തിന് വ്യവസ്ഥാപിതത്വം നല്‍കിയ ഒരു സംവിധാനം നിലനില്‍ക്കേണ്ടതുണ്ടെന്നും അവ നിലനിന്നിട്ടുണ്ടെന്നും ബോധ്യപ്പെടുന്നു.
മനുഷ്യന്റെ വിമോചനത്തിനും വികാസത്തിനും വ്യവസ്ഥിതികളാണ് സമഗ്രമായി പരിഷ്‌കരണം തേടേണ്ടത്, അതല്ല മനഃസ്ഥിതിയാണ് അടിസ്ഥാനപരമായി ഊന്നേണ്ടത് എന്നീ രണ്ട് വീക്ഷണങ്ങള്‍ കാണാം. ആത്യന്തികമായി ഘടനയും ചിട്ടവട്ടങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിഷ്‌കരണത്തിനും പരിവര്‍ത്തനത്തിനും വിധേയമാവുന്നതിനു മുന്‍പ് മനുഷ്യനെ വ്യതിരിക്തനാക്കുന്ന മനസ്സാണ് വിമോചനം തേേടണ്ടത്. വേശ്യാലയത്തെ വൃത്തിയും വെടിപ്പുള്ളതും അതിനൂതനവുമാക്കുക വഴി മാനവ നാഗരികത വളരുകയില്ല. അത് വ്യവസ്ഥിതിയുടെ പരിഷ്‌കരണമോ മാറ്റങ്ങളോ ആണ്. എന്നാല്‍ വ്യഭിചാരം പോലുള്ളത് നീചമായ തിന്മയാണെന്ന് തിരിച്ചറിഞ്ഞ് മനസംസ്‌കരണം തേടുക വഴി മാത്രമേ വ്യക്തിയുടെയും സമൂഹത്തിന്റെയും പരിവര്‍ത്തനവും പരിഷ്‌കരണവും സ്ഥായീഭാവമുള്ളതാവുകയുള്ളൂ. ‘ജനങ്ങള്‍ സമ്പൂര്‍ണമായും ജനാധിപത്യപരമാവാതെ ജനാധിപത്യത്തിന് നിലനില്‍പില്ല’ എന്ന രാഷ്ട്ര മീമാംസാവീക്ഷണം മനഃസ്ഥിതിയിലാണ് ആത്യന്തികമായി ശ്രദ്ധയൂന്നേണ്ടതെന്ന് അടിവരയിടുന്നു.
ഇസ്‌ലാം മൗലികമായി ഈ അഭിപ്രായത്തെയാണ് പിന്തുണയ്ക്കുന്നത്. ”ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ മനഃസ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച” (വി.ഖു 13:11). ഈ ഖുര്‍ആന്‍ വചനം നല്കുന്ന സന്ദേശം അതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രം, ഭരണം എന്നിവയെ അനിവാര്യമായും ‘ഇസ്‌ലാമികവത്കരിച്ചാല്‍’ മാത്രമേ മതത്തിന് നിലനില്‍പുള്ളൂവെന്ന വീക്ഷണത്തെ ഇസ്‌ലാം പരിഗണിക്കുന്നില്ല. മതരാഷ്ട്രമാണ് മൗലികമായത്, തദ്ഫലമായി മാത്രമേ മാനവ വിമോചനവും പരിവര്‍ത്തനവും സ്ഥാപിക്കാനാവൂ എന്ന വീക്ഷണത്തെ ഖുര്‍ആന്‍ നിരാകരിക്കുന്നു.
ഇസ്‌ലാമില്‍ രാഷ്ട്രീയവും ഭരണവുമുണ്ട്. രാഷ്ട്രം പാലിക്കേണ്ട സാമൂഹിക നിയമങ്ങളും അധികാരികള്‍ ശ്രദ്ധിക്കേണ്ട മൗലിക തത്വങ്ങളും കൃത്യമായി നിശ്ചയിക്കുകയും നിര്‍വചിക്കുകയും ചെയ്തിട്ടുണ്ട്. സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍, വ്യക്തി-സമൂഹ സംസ്‌കരണ, പരിവര്‍ത്തന വഴികളും മാനദണ്ഡങ്ങളുമെല്ലാം ആത്യന്തികമായി സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ഭരണ സംസ്ഥാപനമാണ് വ്യക്തിയുടെ അടിസ്ഥാന ലക്ഷ്യമെന്ന വീക്ഷണം നിരാകരിക്കുന്നു. ഭരണവും ഭരണസംവിധാനങ്ങളും ഒരു വ്യവസ്ഥിതിയാണ്. അതിന് കാല-ദേശ-ഭൂമിശാസ്ത്ര വ്യത്യാസങ്ങളുണ്ട്. ഉണ്ടായിട്ടുണ്ട്. കാരണം അത് ഭൗതികമായ – ഭൗതിക കാര്യങ്ങളില്‍ മതത്തിന് ഒട്ടും സ്ഥാനമില്ല എന്നത് മതവീക്ഷണമല്ല – ഒരുക്രമീകരണമാണ്. മനുഷ്യന്‍ ചെയ്യേണ്ട ലൗകികമായ എല്ലാ കാര്യങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ എങ്ങനെയായിരിക്കണമെന്ന രൂപരേഖ ഇസ്‌ലാം വരച്ചുകാണിക്കുന്നില്ല. എന്നാല്‍ രാഷ്ട്രം, രാഷ്ട്രീയം, ഭരണം എന്നീ മേഖലകളില്‍ അനിവാര്യമായും ഉണ്ടാവേണ്ട ധര്‍മാധര്‍മങ്ങള്‍ സുവ്യക്തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. (വി.ഖു 4:58, 5:42,48, 42:38).
അന്യൂനമായ വിശ്വാസത്താല്‍ പ്രചോദിതരാവുന്ന ഒരു വ്യക്തിക്ക് അവന്‍ ഇഷ്ടപ്പെടുന്ന ഏത് സൂക്ഷ്മതലത്തിലും ദൈവിക വിധിവിലക്കുകള്‍ പാലിക്കാന്‍ കഴിയും. കുറ്റവാളികളും ജയിലറകളും ഇല്ലാത്തൊരു സമൂഹത്തെ അധികാരത്തിന്റെ കരുത്തുകൊണ്ട് പൊടുന്നനെ സൃഷ്ടിച്ചെടുക്കാനാവില്ല. ചരിത്രത്തില്‍ സാധ്യമായിട്ടുമില്ല. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) രൂപപ്പെടുത്തിയെടുത്ത ഒരു സമൂഹത്തില്‍ ഇത്തരമൊരു ശോഭനചിത്രം നാം കാണുന്നുണ്ട്. അപരിഷ്‌കൃതരും അധര്‍മകാരികളുമായ അറബി കൂട്ടങ്ങളെ മനഃസംസ്‌കരണത്തിലൂടെ പരിവര്‍ത്തിപ്പിച്ചെടുത്തപ്പോള്‍, ഒരു രാഷ്ട്രം മുഴുക്കെ അദ്ദേഹത്തിന് കീഴ്‌പെടുകയായിരുന്നു. പ്രവാചകന്‍ നിര്‍വഹിച്ച രാഷ്ട്രീയ വിപ്ലവ മാതൃക അതായിരുന്നു. ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസര്‍ക്കുള്ളത് സീസര്‍ക്കുമെന്ന’ ചര്‍ച്ചിന്റെ വിഭജന രീതിയോടെ സമ്പൂര്‍ണമായി വിയോജിച്ചുകൊണ്ടല്ലാതെ പ്രസ്തുത വിപ്ലവം സാധ്യമാവുകയുമില്ല. ഇസ്‌ലാമിക ജീവിതത്തിന് ഒരു വ്യക്തിക്ക് ഇസ്‌ലാമിക രാഷ്ട്രം ഉണ്ടായിരിക്കണമെന്നില്ല. ഭരണമില്ലെങ്കില്‍ മതമില്ല എന്ന വീക്ഷണം മതരാഷ്ട്രവാദസിദ്ധാന്തമാണ്. ഒരു ബഹുസ്വര സമൂഹത്തില്‍ അത്തരം അഭിപ്രായം ഏറെ അപകടകരവുമാണ്.
‘സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ വീടുപോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമേ നിങ്ങള്‍ക്ക് താമസിക്കുവാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്’ (ഖുതുബാത്ത്, ജിഹാദിന്റെ പ്രാധാന്യം, പേജ് 398).
പ്രമുഖ പണ്ഡിതന്‍ മൗലാനാ മൗദൂദി സാഹിബിന്റെ ഉപര്യുക്ത വരികള്‍ മതവിരുദ്ധമാണ്. അപ്രായോഗികമാണ്. വ്യവസ്ഥിതിയുടെ മാറ്റമാണ് അനിവാര്യമെന്ന ഭൗതിക വാദവീക്ഷണത്തിന് സമാനമാണ്. ഇന്ത്യയില്‍ ഇതുവരെ ഒരിസ്‌ലാമിക ഭരണക്രമം രൂപപ്പെട്ടിട്ടില്ല എന്നിരിക്കെ, മൗദൂദി സാഹിബ് ഉള്‍പ്പെടെയുള്ളവര്‍ സങ്കല്‍പത്തിലെ വീട്ടില്‍ കഴിയുകയല്ലേ ചെയ്യുന്നത്? മതരാഷ്ട്രവാദം അടിസ്ഥാന ലക്ഷ്യമായി കാണുക വഴി മതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളും രാഷ്ട്രീയപരമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കേണ്ടിവന്ന ദുരന്തമാണ് ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയിലും ആഗോളതലത്തില്‍ ഇഖ്‌വാന്‍ ചിന്താധാരകളിലും കാണുന്നത്.
ആധുനിക മതേതര ദേശീയ ജനാധിപത്യ സംവിധാനങ്ങള്‍ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണെന്നും (മൗദൂദി, മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം, പേജ് 35) പ്രജായത്തവും ഏകാധിപത്യവും ഫലത്തില്‍ വ്യത്യാസമില്ലെന്നും, രണ്ടും ശിര്‍ക്ക് ആണെന്നും (അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, ശിര്‍ക്ക് അഥവാ ബഹുദൈവത്വം, പേജ് 90) ജനാധിപത്യവുമായും അതിലെ മനുഷ്യനിര്‍മിത നിയമങ്ങളുമായും സഹകരിക്കാന്‍ പാടില്ലെന്നും (ജമാഅത്തെ ഇസ്‌ലാമിക്ക് 27 വര്‍ഷം, പേജ് 55) ജനാധിപത്യ പ്രക്രിയയില്‍ മെമ്പറാകാന്‍ പാടില്ലെന്നും (പ്രബോധനം ജൂലൈ 1951-പുസ്തകം 4, ലക്കം 2 പേജ് 35), ഇന്ത്യയില്‍ സാമ്രാജ്യത്വം മാറി ജനാധിപത്യം വന്നതുകൊണ്ട് ഒരു വ്യാജദൈവം മാറി മറ്റൊരു വ്യാജദൈവം വന്നുവെന്നു മാത്രം (പ്രബോധനം 1950 മെയ് 15) തുടങ്ങി ഒട്ടേറെ മതവിരുദ്ധവും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതും അമുസ്‌ലിം/ ഇസ്‌ലാമികേതര രാജ്യത്ത് ഇസ്‌ലാമിക ജീവിതം അപ്രായോഗികമാണെന്ന് വാദിക്കുന്നതുമായ പ്രസ്താവനകള്‍ ഇന്നും തിരുത്താതെ നിലനില്‍ക്കുകയാണ്. മതത്തെ ജനാധിപത്യവിരുദ്ധമാക്കുന്നതോടൊപ്പം ജനാധിപത്യത്തിന്റെ ഭാഗമാവാന്‍ പരിശ്രമിച്ചും ഇസ്‌ലാമികേതര രാഷ്ട്രീയ – ഫാസിസ്റ്റ് സംഘങ്ങളോട് ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുവാനും തയ്യാറാവുന്നത് വിരോധാഭാസമാണ്.
സ്‌റ്റേജിലും പേജിലും ‘മതവിരുദ്ധത’യുടെ കോളത്തില്‍ ചേര്‍ത്തുവെച്ചതിനെ സ്വര്‍ഗവഴിയും സത്യസന്ധമായ സാമൂഹിക പ്രവര്‍ത്തനവുമായി പ്രഖ്യാപിക്കുന്നുവെന്നതാണ് ലജ്ജാകരമായ കാര്യം. മതം വിലക്കാത്ത ഒരു കാര്യത്തെ നിഷിദ്ധവും മതത്തിനെതിരുമായി അവതരിപ്പിച്ചാല്‍ കാലം കൃത്യമായി കണക്കുചോദിക്കുമെന്നും, അപ്രായോഗികവും അനിസ്‌ലാമികവുമായി പ്രഖ്യാപിക്കുന്നത് നടന്നുനീങ്ങുന്ന വഴികളില്‍ എടുത്തണിയേണ്ടിവരുമെന്ന ചരിത്രപാഠവുമാണ് ഇവിടെ അന്വര്‍ഥമാവുന്നത്.
മുസ്‌ലിമിന്റെ ജീവിതം ലോകാന്ത്യം വരെ ഭൗമോപരിതലത്തില്‍ എവിടെയും പ്രായോഗികമാണ്. താന്‍ ജീവിക്കുന്ന രാജ്യത്തിന്റെ വൈവിധ്യ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ സമ്പൂര്‍ണ മുസ്‌ലിമായി മാറുന്നതിന് ഒരപ്രായോഗികതയുമില്ല. ഓരോ രാഷ്ട്രത്തിന്റെ പൗരാവകാശങ്ങളും നിയമ ഭരണഘടനാ വ്യവസ്ഥകളുമനുസരിച്ച് സൗകര്യങ്ങളിലും എതിര്‍പ്പുകളിലും ഏറ്റക്കുറച്ചിലുണ്ടാവും. പൊതുവില്‍ നിലനില്‍ക്കുന്ന ലോകഘടനയില്‍ മുസ്‌ലിം ഉന്മൂലന രാഷ്ട്രീയം ആസൂത്രിതമായി നിര്‍വഹിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രതിസന്ധികളോട് പൊരുതിയിട്ടാണെങ്കിലും ഇസ്‌ലാമിക ജീവിതം സമ്പൂര്‍ണമായി തടയപ്പെട്ടിട്ടുണ്ട് എന്ന് വിലയിരുത്താനാവില്ല.
ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും പ്രത്യക്ഷത്തില്‍ ഖണ്ഡിതമായി സൂചിപ്പിട്ടില്ലെങ്കിലും ഇസ്‌ലാമിക പണ്ഡിതലോകം, ലോകത്തെ രഷ്ട്ര വൈവിധ്യത്തെ മുസ്‌ലിം ജീവിതവുമായി ബന്ധപ്പെടുത്തി ഇപ്രകാരം വര്‍ഗീകരിക്കുന്നുണ്ട്. ഒന്ന്, ഇസ്‌ലാമിക രാജ്യം (ദാറുല്‍ ഇസ്‌ലാം, ദാറുസ്സലാം), രണ്ട്, ഇസ്‌ലാമികേതര രാജ്യം (ദാറുല്‍ മുസാലമ (സമാധാനപരമായ സഹവര്‍ത്തനം ഭരണഘടനാപരമായി അനുവദിക്കുന്ന രാജ്യം), ദാറുല്‍ മുആഹദ(ഓരോ മതവിശ്വാസിക്കും അവരുടെ ജീവിതത്തിന് സൗകര്യം ലഭ്യമാണെന്ന് കരാര്‍ ചെയ്ത പ്രദേശം). മൂന്ന്, ഇസ്‌ലാം വിരുദ്ധരാജ്യം (ദാറുല്‍ഹര്‍ബ്- ഇസ്‌ലാമിക ജീവിതത്തിന് സ്വാതന്ത്ര്യം ഇല്ലാത്ത പ്രദേശം).
ഇത്തരമൊരു വര്‍ഗീകരണം, ലോകത്തെ ഏതെങ്കിലും ഒരു രാജ്യമെടുത്ത് അവ ഇന്ന വിഭാഗത്തെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് പ്രഖ്യാപിക്കുവാനല്ല, മറിച്ച് വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ ആ രാജ്യങ്ങളിലെ രാഷ്ട്രനിയമങ്ങളോടും ഭരണാധികാരികളോടും രാജ്യത്തോടും ഇതര മതവിഭാഗങ്ങളോടും സ്വീകരിക്കേണ്ട സമീപന നിലപാടുകള്‍ ഏത് രൂപത്തിലായിരിക്കണമെന്ന് ബോധ്യപ്പെടുത്തുന്നതിനാണ്. ഇമാം അബൂഹനീഫ, ഇബ്നുല്‍ഖയ്യിം, ഇമാം ഇബ്നുതൈമിയ്യ തുടങ്ങിയ പണ്ഡിതന്മാര്‍ ഈ വര്‍ഗീകരണങ്ങളെക്കുറിച്ച് സവിസ്തരം ചര്‍ച്ച ചെയ്തിട്ടുണ്ട്. (ജാമിഅ് അല്‍കുതുബ് അല്‍ ഇസ്ലാമിയ്യ) ഇസ്‌ലാമിക രാഷ്ട്രം എന്ന് പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുന്ന രാജ്യം എന്ന് സൂചിപ്പിക്കുന്നതാണ് ന്യായവും സൂക്ഷ്മതയുമെന്ന അഭിപ്രായമാണ് മുന്‍കാല പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ളത്. മതരാഷ്ട്രമെന്ന ആശയത്തെ അത്രയധികം അവധാനതയോടെയാണ് അവര്‍ കൈകാര്യം ചെയ്തിട്ടുള്ളത്.
ഒരു രാജ്യത്തിന്റെ ഭരണഘടന, ഭരണം, രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ തുടങ്ങിയവയുടെ മതാശയ വല്‍ക്കരണല്ല മുഖ്യഅജണ്ടയായി വര്‍ത്തമാനകാലത്ത് രൂപപ്പെടേണ്ടത്. രാഷ്ട്രീയ-രാഷ്ട്ര മോഹങ്ങളെ മതവുമായി കൂട്ടിക്കെട്ടി സ്വാര്‍ഥ താല്‍പര്യങ്ങളെ ഒളിച്ചുകടത്താനുള്ള താര്‍ക്കികമായ സമീപനമല്ല ഇന്ത്യയെപ്പോലുള്ള ബഹുമതസമൂഹത്തില്‍ വിശേഷിച്ചും ആവശ്യമുള്ളത്. ആരോഗ്യകരമായ സാമൂഹിക സുരക്ഷിത മതസ്വാതന്ത്ര്യബന്ധത്തെ ഊട്ടിയുറപ്പിക്കുക, ബഹുസ്വരതയെ നിരാകരിക്കുന്ന വംശീയ ഉന്മൂലന ശ്രമങ്ങളെ ചെറുത്ത് മനുഷ്യന്‍ എന്ന പരിഗണന കൂടുതല്‍ ശക്തമാക്കുക എന്നിവയാണ് സംവാദങ്ങളിലും ചര്‍ച്ചകളിലും നിഴലിച്ചു വരേണ്ടത്. മതത്തില്‍ രാഷ്ട്രമുണ്ടെന്നും അത് സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും ആര്‍ക്ക് തോന്നിയാലും അത് ഇന്ത്യയുടെ നാശം കൂടിയാണ്.
(ഈ കുറിപ്പിന്റെ രണ്ടാം ഭാഗം അടുത്ത ലക്കത്തില്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x