മതവിശ്വാസത്തെ അപകടകാരിയായി കാണുന്ന കമ്മ്യൂണിസം
സി പി അബ്ദുസ്സമദ്
എന്താണ് കമ്മ്യൂണിസം? അതിന് മതവിശ്വാസവുമായോ ദൈവവിശ്വാസവുമായോ ബന്ധപ്പെട്ട നിലപാടുകളുണ്ടോ? കേരളത്തിലെ സജീവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനോട് ചോദിച്ചാല്‍ പോലും വ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചുകൊള്ളണമെന്നില്ല. താഴെ തട്ടിലുള്ള ജനങ്ങളെ പരിഗണിക്കാനും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും തൊഴിലാളികള്‍ക്കു വേണ്ടിയും നിലകൊള്ളാനും ശ്രമിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രം എന്നായിരിക്കും കമ്മ്യൂണിസത്തെ പറ്റിയുള്ള പൊതുധാരണ.
മുന്‍പും വര്‍ത്തമാനകാലത്തുമെല്ലാം ഇത്തരം അനേകം ചര്‍ച്ചകള്‍ കേരളത്തിന്റെ ബുദ്ധിജീവി മണ്ഡലങ്ങളില്‍ നടന്നിട്ടുമുണ്ട്. അവയില്‍ സാധാണക്കാരന്റെ ഭൗതികവും ആത്മീയവുമായ തലങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെ ചര്‍ച്ചകള്‍ താഴെ തട്ടിലേക്ക് എത്തേണ്ടതും അതിനെ പറ്റി അവര്‍ മനസ്സിലാക്കേണ്ടതും അനിവാര്യമാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മന്‍ തത്വചിന്തകനായ കാറല്‍ മാര്‍ക്‌സിനെയാണ് കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ സ്ഥാപകനായും താത്വികാചാര്യനായും സര്‍വരും അംഗീകരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരില്‍ പോലും അദ്ദേഹത്തിന്റെ തുടര്‍ച്ച ദൃശ്യമാണ്.
രാഷ്ട്രീയം, തത്വശാസ്ത്രം എന്നീ മേഖലകളിലേക്ക് വളരെ വലിയ അളവില്‍ വ്യാപിക്കപ്പെട്ട കാറല്‍ മാര്‍ക്‌സ് എന്ന എക്കണോമിസ്റ്റിന്റെ ബൃഹദ് സാമ്പത്തിക പ്രത്യയശാസ്ത്രമാണ് യഥാര്‍ഥത്തില്‍ കമ്മ്യൂണിസം. ഈ ആശയത്തിന്റെ എല്ലാ ധാരകളുടെയും അടിസ്ഥാനവും കാതലും അതിന്റെ സാമ്പത്തിക നയങ്ങളാണ്.
അതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങളെ സംയോജിപ്പിച്ചു കൊണ്ട് മാര്‍ക്‌സ് പറഞ്ഞ സമൂഹത്തിന്റെ പരിണാമം ഇപ്രകാരമാണ്: ‘ഇന്ന് ലോകത്തുള്ളത് മുതലാളിത്തമാണ്. മുതലാളിത്തത്തിന്റെ സര്‍വാധിപത്യത്തില്‍ നിന്നു തൊഴിലാളികള്‍ ഭരണവും നിയന്ത്രണവും പിടിച്ചെടുത്ത് അവരുടെ നേതൃത്വത്തില്‍ സോഷ്യലിസം സ്ഥാപിതമാവും. അത് പിന്നീട് പണവും വര്‍ഗവും രാജ്യവും ഒന്നും പ്രസക്തമല്ലാത്ത (ങീില്യ ഹല,ൈ ഇഹമഹൈല ൈമിറ ടമേലേഹല)ൈ, എല്ലാവരും സമന്മാരായി പരിഗണിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് പരിണമിക്കപ്പെടും.’
ഈ അവസ്ഥയെ ആണ് മാര്‍ക്‌സ് കമ്മ്യൂണിസം എന്ന് വിളിച്ചത്. ഈ പരിണാമ പ്രക്രിയയില്‍ സോഷ്യലിസം വരെയേ ഇന്നേവരെ ലോകത്തിന്റെ ഏതെങ്കിലും രാജ്യങ്ങളിലായി നടപ്പിലാക്കപ്പെട്ടിട്ടുള്ളൂ. കമ്മ്യൂണിസം ഇന്നും ഒരു ഉട്ടോപ്യയായി നിലനില്‍ക്കുന്നു. മാര്‍ക്‌സും തന്റെ അനുയായികളും ഈ കമ്മ്യൂണിസത്തിലേക്ക് എത്താനുള്ള വഴികളെ വിവിധ രീതികളില്‍ പരീക്ഷിച്ചിട്ടുണ്ട്.
മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന അര്‍ഥത്തില്‍ ഇതുവരെ പറഞ്ഞതും ഇനി പറയാന്‍ പോവുന്നതുമെല്ലാം മാര്‍ക്‌സിന്റെ ഉറ്റ മിത്രവും തത്വചിന്തകനും ദാര്‍ശനികനും സര്‍വോപരി മാര്‍ക്‌സിന്റെ സ്‌പോണ്‍സര്‍ കൂടിയായിരുന്ന ഫെഡറിക്ക് ഏംഗല്‌സിന്റെതു കൂടിയാണ്. അദ്ദേഹത്തിന്റേതു കൂടിയാണ് മാര്‍ക്‌സിസം. മാര്‍ക്‌സും ഏംഗല്‍സും കൂടി രൂപപ്പെടുത്തിയ ഈ ആശയങ്ങളുടെ വിവിധ വ്യഖ്യാനങ്ങളായ ലെനിനിസവും മാവോയിസവും എല്ലാം ചേര്‍ന്നതാണ് ലോകത്ത് പ്രചാരം നേടിയ കമ്മ്യൂണിസം. ഇവയുടെയെല്ലാം സ്വാധീനം കേരളത്തിലുമുണ്ട്. അതില്‍ ചിലത് തീവ്രവാദമായി വിലയിരുത്തപ്പെടുന്നു എങ്കിലും.
വൈരുധ്യാത്മക
ഭൗതികവാദം
ഇവിടെ സൂചിപ്പിച്ച രാഷ്ട്രീയവും സാമ്പത്തികവുമായ കമ്മ്യൂണിസത്തിന്റെ അടിസ്ഥാനങ്ങളോടൊപ്പം ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നതാണ് അതിന്റെ തത്വശാസ്ത്ര വീക്ഷണമായ വൈരുധ്യാത്മക ഭൗതികവാദവും . ജീവിത രീതി എന്ന അര്‍ഥത്തിലുള്ള കമ്മ്യൂണിസ്റ്റ് വീക്ഷണം ഇവിടെയാണ് വരുന്നത്.
ഭൗതികലോകത്തിന് അപ്പുറം ഒന്നുമില്ല എന്നതും, അഭൗതികമായ എല്ലാത്തിനെയും പറ്റിയുള്ള വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാണ് എന്നതും സാമ്പത്തിക വിപ്ലവത്തിന്റെ കൂടെ ചേര്‍ത്തുവെക്കുമ്പോഴാണ് വൈരുധ്യാത്മക ഭൗതികവാദം ഉടലെടുക്കുന്നത്. ദൈവമില്ല എന്നും മതം മനുഷ്യന് ആവശ്യമില്ല എന്നും മറ്റെല്ലാ ഭൗതികവാദ ദര്‍ശനങ്ങളെയും പോലെ കമ്മ്യൂണിസവും ദാര്‍ശനികമായി പറഞ്ഞുവെക്കുന്നു. പക്ഷെ അതിന്റെ പ്രവര്‍ത്തന രീതി മറ്റുള്ളവയെ പോലെയല്ല. മതം നിരുപകാരപ്രദമാണ് എന്ന് കമ്മ്യൂണിസം പറയുന്നില്ല. മതം മനുഷ്യന് ഉപകാരമുള്ളതാണ് എന്നും അതിനാല്‍ അത് കൂടുതല്‍ അപകടകാരിയാണ് എന്നുമാണ് കമ്മ്യൂണിസ്റ്റ് പക്ഷം.
കേവല നിരീശ്വരവാദത്തെ പോലെ മതത്തെ നേരിട്ട് എതിര്‍ക്കല്‍ ശരിയായ മാര്‍ഗമല്ല എന്നും, മനുഷ്യരുടെ ജീവിത സന്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ മതം ഇല്ലാതാക്കപ്പെടണം എന്നുമാണ് മാര്‍ക്‌സ് നിരീക്ഷിക്കുന്നത്. കേരളത്തിലടക്കം മതവിശ്വാസത്തോടും ദൈവവിശ്വാസത്തോടും നേരിട്ട് പോരടിക്കുന്ന രീതി കമ്മ്യൂണിസം സ്വീകരിച്ചിട്ടില്ല എന്നും കമ്മ്യൂണിസ്റ്റ് അനുഭാവം മതവിശ്വാസത്തെ കുറക്കുന്നു എന്നും കാണാം.
മാര്‍ക്‌സിന്റെ എക്കണോമിക്ക് കണ്ണുകൊണ്ട് മതത്തിലേക്ക് നോക്കിയപ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന ദാരിദ്ര്യവും ഭൗതിക പ്രയാസങ്ങളും കാരണം അവര്‍ക്കുണ്ടാവുന്ന മാനസിക വിഷമങ്ങള്‍ പരിഹരിക്കാനുള്ള ഏര്‍പ്പാടായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. ലോകത്ത് മുതലാളിമാര്‍ക്കാണ് മാനസിക സംഘര്‍ഷങ്ങളുടെ അനുപാതം കൂടുതല്‍ എന്ന് ചിന്തിക്കാന്‍ പോലും ഈ സാമ്പത്തിക വീക്ഷണത്തിന്റെ കുടുസ്സതയില്‍ അദ്ദേഹത്തിന് ആയിട്ടില്ല എന്ന് വേണം കരുതാന്‍. മതം പിന്‍തുടരുന്നതിനെ അനിവാര്യമാക്കുന്ന സാഹചര്യങ്ങളുടെ ഉന്മൂലനം മതത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം ഗണിച്ചു.
നടേ സൂചിപ്പിച്ച പരിണാമപ്രക്രിയയില്‍ മുതലാളിത്തത്തില്‍ നിന്നു സോഷ്യലിസത്തിലേക്കും അവിടെ നിന്ന് കമ്മ്യൂണിസത്തിലേക്കുമുള്ള ഉയര്‍ച്ചകള്‍ക്കായി തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കേണ്ട വിപ്ലവം ഉടലെടുക്കണമെങ്കില്‍ അവരില്‍ നിന്നു മതം ഇല്ലാതാവണം എന്നും മതത്തിന്റെ പ്രസക്തി നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം തുടങ്ങുന്നത് എന്നും കമ്മ്യൂണിസം പറഞ്ഞുവെക്കുന്നു. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങളില്‍ നിന്നുള്ള മോചനമായി ജനങ്ങള്‍ മതത്തെ കാണാതെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ കാണുമ്പോഴാണ് ഇപ്പറഞ്ഞ ഘട്ടങ്ങളുടെ ആരംഭവും തുടര്‍ച്ചയും സംഭവിക്കുന്നത്. മനുഷ്യരിലെ മതത്തിന്റെ സാന്നിധ്യം അവരെ ഈ വിപ്ലവത്തില്‍ നിന്നും തടയുന്നു.
മാര്‍ക്‌സിന്റെ
ഗവേഷണം
മാര്‍ക്‌സിന്റെ ദൈവനിഷേധം അദ്ദേഹത്തിന്റെ പഠനകാലം മുതല്‍ കാണാന്‍ കഴിയും. ഭൗതികവാദവുമായി ബന്ധപ്പെട്ടു ലഭ്യമായ ഏറ്റവും പഴയ പഠനങ്ങളില്‍ നിന്നു മാര്‍ക്‌സ് തന്റെ ഗവേഷണം ആരംഭിച്ചു. ബി സി മുന്നൂറുകളില്‍ ജീവിച്ചിരുന്ന എപ്പിക്ക്യൂറസ് അതിനും വര്‍ഷങ്ങള്‍ക്കു മുന്നേ ജീവിച്ച ഡെമോക്രാറ്റിസിന്റെ ആശയങ്ങളെ വ്യാഖ്യാനിച്ചു രൂപപ്പെടുത്തിയ നിഗമനങ്ങളായിരുന്നു മാര്‍ക്‌സിന്റെ പി എച്ച് ഡി തിസീസിന്റെ വിഷയം. എല്ലാം നിര്‍മിക്കപ്പെട്ടത് ഒരേ സ്വഭാവമുള്ള അണുകളില്‍ നിന്നാണ് എന്നും അതിനപ്പുറം ദൈവമടക്കം ഈ ലോകത്തിന്റെ വിശദീകരണത്തിനു മറ്റൊന്നും ആവശ്യമില്ല എന്നും ആശയമുള്ള തത്വശാസ്ത്രജ്ഞരായിരുന്നു ഇവര്‍. വിഗ്രഹങ്ങളെ ചൂണ്ടി, ഇത് നിങ്ങളുടെ ദൈവമാണെങ്കില്‍ അതും അണുവിനാല്‍ നിര്‍മിക്കപ്പെട്ടതാണ് എന്ന് പറഞ്ഞിരുന്ന ഇവരുടെ ആശയത്തില്‍ ശരിയുടെ കണമുണ്ടെങ്കിലും അഭൗതികമായ എല്ലാത്തിനെയും നിഷേധിക്കുന്ന പരമാബദ്ധമാണ് അവരുടെ അത്യന്തികമായ തീര്‍പ്പ്..
മതത്തിന്റെ പ്രയോജനങ്ങളെയെല്ലാം നിഷേധിക്കുന്ന ഇവരുടെ തത്വങ്ങളോട് മാര്‍ക്‌സ് ചില ഇടങ്ങളില്‍ വിയോജിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച മതത്തോടുള്ള മാര്‍ക്‌സിന്റെ സമീപനം ഇവിടെയാണ് രൂപപ്പെടുന്നത്. അത് മതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളിലും നിഴലിക്കുകയും ചെയ്യുന്നു. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന വിഖ്യാതമായ മാര്‍ക്‌സിന്റെ പ്രസ്താവനയില്‍ മതത്തെ ലഹരിയെ പോലെ മനുഷ്യനെ കാര്‍ന്നു തിന്നുന്ന ഒരപകടമായി മാത്രമല്ല, മറിച്ച് മനുഷ്യന്റെ ഒത്തിരി ആവശ്യങ്ങള്‍ നിറവേറ്റി അവനെ മയക്കുന്ന(ആശ്വസിപ്പിക്കുന്ന) ഒരു ഉപകാരമുള്ള സംവിധാനമായിക്കൂടിയാണ് വിലയിരുത്തുന്നത്. അങ്ങനെ മതത്താല്‍ മയക്കപ്പെടുന്ന സാഹചര്യങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ടാണ് മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍ വിപ്ലവം തുടങ്ങേണ്ടത്.
ഡാര്‍വിനും
മാര്‍ക്‌സും
ദൈവത്തെ കൂടാതെ ജീവന്റെ നിലനില്‍പ്പ് വിശദീകരിക്കാന്‍ പ്രയാസപ്പെട്ട ഭൗതികവാദികള്‍ക്ക് ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടു വെച്ച പരിണാമസിദ്ധാന്തത്തിന്റെ വരവ് വലിയ ആശ്വാസമായിരുന്നല്ലോ. ഡാര്‍വിന്‍ തന്റെ സിദ്ധാന്തം മുന്നോട്ടു വച്ചത് ഈ ലക്ഷ്യത്തിലായിരുന്നില്ല എങ്കിലും നിരീശ്വര, ഭൗതികവാദികള്‍ക്ക് അവരുടെ ആശയം സമര്‍ഥിക്കാനുള്ള ഒരു കച്ചിത്തുരുമ്പായിരുന്നു അത്. അതിനെ അപ്രകാരം ഉപയോഗിച്ചവരില്‍ മാര്‍ക്‌സും ഉള്‍പ്പെടും. ഇക്കാരണത്താല്‍ തന്റെ സമകാലീനനായ ഡാര്‍വിനോടുള്ള മാര്‍ക്‌സിന്റെ കടപ്പാടും വിധേയത്വവും പല ചെയ്തികളിലും പ്രകടമാണ്. മാര്‍ക്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയായ ദാസ് കാപ്പിറ്റലില്‍ (മൂലധനം) ഡാര്‍വിന്റെ അനേകം ഉദ്ധരണികള്‍ അടിക്കുറിപ്പുകളായി കടന്നു വരുന്നുണ്ട്. അതേ ഗ്രന്ഥത്തിന്റെ ഒരു കോപ്പി മാര്‍ക്‌സ് സമ്മാനമായി ഡാര്‍വിന് നല്‍കിയത് ഇന്ന് മ്യൂസിയമായ ഡാര്‍വിന്റെ വീട്ടില്‍ പ്രദര്‍ശിപ്പിച്ചതായി കാണാം. അതില്‍ മാര്‍ക്‌സ് തന്റെ കൈപ്പടയില്‍ എഴുതിയ വാചകം അദ്ദേഹത്തിലെ ഭൗതികവാദിക്ക് ഡാര്‍വിന്‍ നല്‍കിയ സംതൃപ്തിയെ പ്രകടമാക്കുന്നുണ്ട്. അ ശെിരലൃല മറാശൃലൃ (ആത്മാര്‍ഥമായ ഒരു ആരാധകന്‍) എന്നായിരുന്നു അത്.
അതേ പുസ്തകത്തിന്റെ പരിഭാഷ ഡാര്‍വിന് സമര്‍പ്പിച്ചു കൊണ്ട് പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ച് മാര്‍ക്‌സ് ഡാര്‍വിനു കത്തെഴുതി എങ്കിലും, മതങ്ങളെ വിമര്‍ശിക്കാന്‍ മാര്‍ക്‌സ് ഉപയോഗിച്ച രീതികളും ഭാഷയും അല്‍പം കടന്നുപോയി എന്ന കാരണം ചൂണ്ടിക്കാട്ടി ആ അഭ്യര്‍ഥന നിരസിക്കുകയാണ് ഡാര്‍വിന്‍ ചെയ്തത്. പ്രത്യേകം ഏതെങ്കിലും മതം പിന്തുടരുകയൊന്നും ചെയ്യാത്ത ഡാര്‍വിനു പോലും സഹനീയമല്ലായിരുന്നു മതത്തോടുള്ള മാര്‍ക്‌സിന്റെ സമീപനം.