10 Tuesday
December 2024
2024 December 10
1446 Joumada II 8

മതാത്മക ചോദ്യങ്ങളിലേക്ക് ശാസ്ത്രം ചേക്കേറുന്നു

ടി പി എം റാഫി


പ്രപഞ്ച പ്രതിഭാസങ്ങളെ അപഗ്രഥിക്കാന്‍ ‘എന്തുകൊണ്ട്’, ‘എങ്ങനെ’ എന്നീ സാമ്പ്രദായിക ചോദ്യങ്ങളില്‍ നിന്നു വഴിമാറി, മതാത്മക അന്വേഷണങ്ങളുടെ ഓരം ചേര്‍ന്നുനടക്കാന്‍ ശാസ്ത്രം പരിചയിച്ചുവരുന്നു. പ്രപഞ്ചത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? എന്തിനു വേണ്ടി അതു നിലകൊള്ളുന്നു? അതിന് ആരംഭമുണ്ടായിരുന്നതുപോലെ അന്ത്യവുമുണ്ടാകുമോ? 21-ാം നൂറ്റാണ്ടിന്റെ ഉമ്മറത്ത് എത്തിനില്‍ക്കുമ്പോള്‍ ശാസ്ത്രചിന്തകള്‍ക്ക് വേറിട്ടൊരു മാനം കൈവരികയാണ്.
പ്രപഞ്ചത്തിന്റെ ഉദ്ഭവകാരണം തേടിയുള്ള 2012ലെ ജനീവ പരീക്ഷണം ഈ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പായി കണക്കാക്കാം. ഏതാണ്ട് 14 ബില്യണ്‍ വര്‍ഷം മുമ്പു നടന്ന മഹാവിസ്‌ഫോടനത്തിലൂടെ ജന്മമെടുത്തു എന്നു കരുതുന്ന പ്രപഞ്ചത്തിന്റെ രൂപപരിണാമങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ഈ പരീക്ഷണം. അണുകേന്ദ്രങ്ങളില്‍ അന്തര്‍ലീനമായ ശക്തിവൈഭവം ചികഞ്ഞെടുക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ബലതന്ത്രമാണ് ഹിഗ്‌സ് ഫീല്‍ഡ്. ആറ്റങ്ങളിലെ പദാര്‍ഥ കണികകള്‍ക്ക് തോതനുസരിച്ച് ദ്രവ്യമാനം പകര്‍ന്നുനല്‍കലാണ് ഹിഗ്‌സ് ബലക്ഷേത്ര കണികകളുടെ പണി.
പ്രപഞ്ചത്തില്‍ കാണുന്ന അടിസ്ഥാന കണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ പദാര്‍ഥ കണങ്ങളെന്നും ഇവ തമ്മിലുള്ള പാരസ്പര്യവും ക്രിയാത്മകതയും സാധ്യമാക്കുന്ന ബലവാഹക കണങ്ങളെന്നും. പദാര്‍ഥ കണങ്ങളെ ഫെര്‍മിയോണുകളെന്നും ബലവാഹക കണങ്ങളെ ബോസോണുകളെന്നുമാണ് വിളിക്കുന്നത്.
ഭൗമോപരിതലത്തില്‍ നിന്ന് 100 മീറ്റര്‍ താഴെയായി 27 മീറ്റര്‍ വ്യാസവും 27 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള വായുശൂന്യമായ സ്റ്റീല്‍ ട്യൂബായിരുന്നു ജനീവയില്‍ അന്നൊരുക്കിയത്. പ്രോട്ടോണുകളെ കൂട്ടിയിടിപ്പിക്കലായിരുന്നു ലക്ഷ്യം. പ്രോട്ടോണുകള്‍ക്ക് ഏഴു മുതല്‍ എട്ടു വരെ ടെറാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ത്വരണം നല്‍കാന്‍ പാകത്തിലായിരുന്നു, ഭാരിച്ച ചെലവു വന്ന ഈ ഉപകരണം വികസിപ്പിച്ചിട്ടുണ്ടായിരുന്നത്. ഈ പരീക്ഷണത്തിനിടയ്ക്കായിരുന്നു 125-126 ജിഗാ ഇലക്‌ട്രോണ്‍ വോള്‍ട്ട് ദ്രവ്യമാനമുള്ള ‘അപരിചിത’ കണത്തെ ഗവേഷകര്‍ യാദൃച്ഛികമായി കണ്ടെത്തിയത്. പണ്ട് 1964ല്‍ ഹിഗ്‌സ് പ്രവചിച്ച കണങ്ങളുടെ സമാന ദ്രവ്യമാനമാണ് ഈ കണങ്ങള്‍ക്കുള്ളത് എന്ന വസ്തുത ഗവേഷകരെ അമ്പരപ്പിച്ചു.
പ്രപഞ്ചസൃഷ്ടിക്ക് ഏതാനും നാനോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ജന്മമെടുത്തു എന്നു കരുതുന്ന ബോസോണുകളെ ചെറിയ തോതിലെങ്കിലും പുനരാവിഷ്‌കരിക്കാനായി, അല്ലെങ്കില്‍ അനുഭവിച്ചറിയാനായി എന്നതാണ് ജനീവയിലെ ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തിന്റെ നേട്ടം. പ്രപഞ്ചോല്‍പത്തിയിലേക്ക് വെളിച്ചം വീശുന്ന നാഴികക്കല്ലായി ഇത്. പ്രപഞ്ചത്തിന് അനാദിത്വം കല്‍പിക്കാനാവില്ലെന്ന തിരിച്ചറിവാണ് ശാസ്ത്രത്തിന് ഇതിലൂടെ കൈവന്നത്.
ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ ഹൈസന്‍ബര്‍ഗ് സൂക്ഷ്മ പ്രപഞ്ചഘടനയുടെ മഹാവിസ്മയങ്ങളില്‍ നിന്നുകൊണ്ട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”സങ്കീര്‍ണമായ ഗണിതസമീകരണങ്ങളുടെ വാതായനങ്ങളിലൂടെ, ദൈവത്തിന്റെ പിറകില്‍ നിന്ന് അവന്റെ സൃഷ്ടിവൈഭവം അനുഭവിച്ചറിയാന്‍ എനിക്കു സാധിച്ചു.” പ്രപഞ്ചത്തെ സമഞ്ജസമായി കോര്‍ത്തിണക്കുന്ന universal consciousness അംഗീകരിക്കാതെ വയ്യെന്ന നിലപാടിലേക്ക് ശാസ്ത്രം പൂര്‍വോപരി ഉത്സാഹത്തോടെ വികാസം പ്രാപിക്കുകയാണ്.
ഐസക് ന്യൂട്ടന്റെ കാലത്ത് ആരംഭിച്ച ക്ലാസിക്കല്‍ ഫിസിക്‌സില്‍ നിന്നുള്ള കുതിച്ചുചാട്ടത്തിനാണ് കഴിഞ്ഞ നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദവും, നീല്‍സ് ബോറും ഇര്‍വിന്‍ ഷോഡിന്‍ജറും വെര്‍ണര്‍ ഹൈസന്‍ബര്‍ഗും മുന്നോട്ടുവെച്ച ക്വാണ്ടം ബലതന്ത്രവും ശാസ്ത്രചിന്തകളില്‍ പുതിയ തേരോട്ടം നടത്തി. ഇപ്പോഴിതാ, 21ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ഭൗതിക ശാസ്ത്രം അനിതരസാധാരണമായ വീഥികളിലൂടെ സഞ്ചരിച്ചുതുടങ്ങി.

2016ല്‍ സ്ഥിരീകരിക്കപ്പെട്ട ഗുരുത്വാകര്‍ഷണ തരംഗത്തിന്റെ സാന്നിധ്യവും പ്രഭാവവും ഇവിടെ ശ്രദ്ധേയമാണ്. 130 കോടി വര്‍ഷം മുമ്പ് രണ്ട് തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടിക്കല്‍ സ്ഥല-കാല നൈരന്തര്യത്തില്‍ ആന്ദോളനങ്ങള്‍ തീര്‍ത്തത് തരംഗങ്ങളായി 2015ലാണ് ഭൂമിയെ തൊട്ടുതലോടിക്കൊണ്ട് കടന്നുപോയത്. അമേരിക്കയിലെ കാല്‍ടെക് സര്‍വകലാശാലയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ പരീക്ഷണശാലയാണ് ഇതു നിരീക്ഷിച്ചത്.
2019ല്‍, തമോദ്വാരത്തിനു ചുറ്റുമുള്ള സംഭവ ചക്രവാളത്തിന്റെ (event horizon) ഛായാചിത്രം ലഭിച്ചത് പ്രപഞ്ചസങ്കല്‍പത്തിന് പുതിയ ഉള്‍ക്കാഴ്ചകള്‍ തന്നു. ഭൗതികശാസ്ത്രത്തിന്റെ സാമ്പ്രദായിക വഴികളും ലോലമായ മാപിനികളും വിറങ്ങലിച്ചുപോകുന്ന, സ്ഥലകാലങ്ങള്‍ പോലും സ്വച്ഛമായി ഒഴുകാത്ത അവസ്ഥാവിശേഷമാണ് സംഭവ ചക്രവാള സമസ്യ. തമോഗര്‍ത്തങ്ങളുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച് പ്രകാശത്തിനു പോലും രക്ഷപ്പെടാനാവില്ലെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്ത് കോളിളക്കം സൃഷ്ടിച്ചു.
2022ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കുവെച്ച അലന്‍ ആസ്‌പെറ്റ്, ജോണ്‍ ക്ലോസര്‍, ആന്റണ്‍ സെയിലിംഗര്‍ എന്നിവരുടെ കണ്ടെത്തലുകള്‍ ഭൗതിക ശാസ്ത്രത്തില്‍ പുതുതായി നാമ്പിട്ടു വളരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് തേടാന്‍ ശ്രമിക്കുന്നത്.
ഒരു ക്വാണ്ടം വ്യൂഹത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന (entangled) കണികാജോഡികളുടെ സ്ഥാനം, അവ വേര്‍പെട്ടുപോയാലും അവ തമ്മില്‍ നിഗൂഢമായി സംവേദനം ചെയ്തുകൊണ്ടിരിക്കുന്നു എന്ന അറിവ് ഈ ഗവേഷകരെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. കണികാജോഡികള്‍ പ്രകാശദൂരത്തില്‍ അകന്നുനിന്നാല്‍ പോലും അവയുടെ സ്പിന്നിങ്ങും ധ്രുവീകരണവും ഇഴപിരിക്കാനാവാത്തതാണെന്ന് അവര്‍ മനസ്സിലാക്കി. ഏതു വിദൂര കോണിലേക്ക് ഇണകണിക മറഞ്ഞാലും അവ ‘അദൃശ്യ’മായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ടത്രേ. ഈ നിഗൂഢവും ദുര്‍ജ്ഞേയവുമായ ബന്ധത്തെയാണ് ‘ക്വാണ്ടം കെട്ടുപിണച്ചില്‍’ (quantum entanglement) എന്നു വിളിക്കുന്നത്.
കണികകളുടെ വൈരുദ്ധ്യമല്ല, അവ കാണിക്കുന്ന യുഗ്മഭാവങ്ങളാണ് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്നത്. ഏതു ബോധതലമാണ് ഇവയെ ചേര്‍ത്തുപിടിക്കുന്നത്? എങ്ങനെ ഇവ തമ്മിലുള്ള ആശയവിനിമയം സാധ്യമാവുന്നു? ഈ നിയാമക ശക്തിയുടെ അര്‍ഥമെന്താണ്?
ക്വാണ്ടം കെട്ടുപിണച്ചില്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇരുണ്ട ഊര്‍ജത്തെയും ഇരുണ്ട പദാര്‍ഥത്തെയും കുറിച്ചുള്ള ധാരണകളും. പ്രപഞ്ചവികാസത്തിന്റെ ഊര്‍ജം അനേ്വഷിച്ചുള്ള ഗവേഷണഫലമായാണ് ഇരുണ്ട ഊര്‍ജം കണ്ടെത്തിയതെങ്കില്‍, മഹാഗുരുത്വാകര്‍ഷണ വ്യൂഹങ്ങളെ നിലനിര്‍ത്തിപ്പോരുന്ന ശക്തിവിശേഷം ഏതെന്ന അന്വേഷണമാണ് ഇരുണ്ട പദാര്‍ഥത്തിന്റെ സാന്നിധ്യത്തിന് പ്രസക്തി വര്‍ധിപ്പിച്ചത്. സ്‌പേസിന്റെ 70 ശതമാനവും വ്യാപിച്ചുകിടക്കുന്നത് ഇരുണ്ട ഊര്‍ജമാണത്രേ. ഈ ഊര്‍ജമെന്നത് സ്‌പേസിന്റെ ഗുണവിശേഷമാണെന്നിരിക്കെ, പ്രപഞ്ചവികാസത്തില്‍ കൂടുതല്‍ സ്‌പേസ് ജന്മമെടുക്കുമ്പോള്‍, കൂടുതല്‍ ഇരുണ്ട ഊര്‍ജവും സൃഷ്ടിക്കപ്പെടുന്നുണ്ടായിരിക്കണം. വിശ്വവികസനത്തിന് അഭൂതപൂര്‍വമായ ത്വരണം നല്‍കുന്നതും മറ്റൊന്നല്ല.

ദൃശ്യപ്രപഞ്ചത്തില്‍ വെറും അഞ്ചു ശതമാനമാണ് സാധാരണ പദാര്‍ഥമെങ്കില്‍, 25 ശതമാനം പദാര്‍ഥവും നിലകൊള്ളുന്നത് ഇരുണ്ട പദാര്‍ഥമായാണ്. അതായത്, ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും തൊട്ട് മഹാ ഗാലക്‌സികളും നെബുലകളും ധൂമപടലങ്ങളുമെല്ലാം ചേര്‍ന്നുള്ള സാധാരണ പദാര്‍ഥം പ്രപഞ്ചത്തിന്റെ വെറും അഞ്ചു ശതമാനമേ വരുന്നുള്ളൂവെന്നര്‍ഥം. 95 ശതമാനം വരുന്നത് കാണാപ്രപഞ്ചമാണ്!
പ്രപഞ്ചത്തിന്റെ അടിസ്ഥാന മാതൃക നെയ്‌തെടുക്കാന്‍ ശാസ്ത്രത്തിന് ഇനിയും ഒരുപാട് വഴിദൂരം സഞ്ചരിക്കേണ്ടതുണ്ട്. മൗലിക കണികാശക്തികളുടെ പാരസ്പര്യത്തിനു കാരണം കണ്ടെത്തേണ്ടതുണ്ട്. ചില ഗണിത-ഭൗതിക ഗവേഷകര്‍, സൂപ്പര്‍ സ്ട്രിങ് സിദ്ധാന്തം ആവിഷ്‌കരിക്കുന്നത് കണികാസ്വഭാവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കാനും എല്ലാ ശക്തികളുടെയും ഏക സ്രോതസ്സ് കണ്ടെത്താനുമാണ്. തന്ത്രികള്‍ (സ്ട്രിങ്) മീട്ടുമ്പോള്‍ ഉയരുന്ന സ്വരജതികള്‍ പോലെയാണ് മൗലികകണങ്ങള്‍ പെരുമാറുന്നതെന്ന ധാരണയാണ് അവരിപ്പോള്‍ മുന്നോട്ടുവെക്കുന്നത്. പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളെ ഏകോപിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഇതിനു പിറകില്‍. നമ്മുടെ പ്രപഞ്ചത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സിദ്ധാന്തത്തിന്റെ വിഹാരരംഗം. പത്തും അതിലേറെ മാനങ്ങളുമുള്ള (dimensions) ഒട്ടേറെ സമാന്തര പ്രപഞ്ചങ്ങള്‍ ചേര്‍ന്ന ബഹുമുഖ പ്രപഞ്ചത്തിലെല്ലാം മൗലിക കണികകള്‍ സങ്കീര്‍ണമായ തന്ത്രികള്‍ മീട്ടുകയാണ്!
ഗോചരപ്രപഞ്ചമെന്നും ദൃശ്യപ്രപഞ്ചമെന്നും പ്രാപ്യപ്രപഞ്ചമെന്നുമൊക്കെ വിളിക്കാവുന്ന, പ്രകാശനിരീക്ഷണ മേഖലയ്ക്കുള്ളില്‍ വരുന്ന വിശ്വത്തെ ീയലെൃ്മയഹല ൗിശ്‌ലൃലെ എന്നു ശാസ്ത്രം പറയും. പ്രാപ്യപ്രപഞ്ചത്തിന്റെ വ്യാസം എത്രയെന്നല്ലേ? 93 ബില്യണ്‍ പ്രകാശവര്‍ഷം!
പ്രകാശത്തേക്കാള്‍ വേഗത്തില്‍ പദാര്‍ഥങ്ങള്‍ക്കു സഞ്ചരിക്കാന്‍ പറ്റില്ലെങ്കിലും സ്‌പേസിന് അതിലും വളരെ വേഗത്തില്‍ വിടരാന്‍ കഴിയുമെന്നാണ് ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം അഭിപ്രായപ്പെടുന്നത്. പ്രകാശപ്രവേഗത്തിനു പരിമിതിയുള്ളതുകൊണ്ട്, അതിലും വേഗത്തില്‍ വികസിക്കുന്ന പ്രപഞ്ചശൂന്യതയുടെ ‘അതിര്‍വരമ്പു’കളെ നമുക്ക് ഒരിക്കലും പ്രാപിക്കാനാവില്ലല്ലോ. ദൃശ്യപ്രപഞ്ചത്തിനപ്പുറമുള്ള അപ്രാപ്യപ്രപഞ്ചത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന വിശ്വാസം ശാസ്ത്രലോകത്ത് മുമ്പെന്നത്തേക്കാളുമേറെ രൂഢമൂലമാവുകയാണ്.
സൂപ്പര്‍ സിമട്രി (അതീത പ്രതിസമത)യുടെ പുതിയ പ്രതലത്തില്‍ നിന്ന് പ്രപഞ്ചാസ്തിത്വത്തിന്റെ യുക്തിയും അടിസ്ഥാനവും അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ശാസ്ത്രം. തെളിയിക്കപ്പെട്ട കണങ്ങളും അവയുടെ അദൃശ്യമായ ഇണകണങ്ങളും ചേര്‍ന്നുള്ള പ്രതിസമതയിലാണ് പ്രപഞ്ചം നിലനില്‍ക്കുന്നത് എന്ന സത്യം അവര്‍ തിരിച്ചറിയുന്നു. ഗുരുത്വബലത്തിന്റെയും ക്വാണ്ടം കണികകളുടെയും വാസ്തവിക ലോകത്തിന്, ‘ദൈവകണം’ (god particle) എന്ന് ആധുനിക ശാസ്ത്രം വിശേഷിപ്പിച്ച, ഹിഗ്‌സ് ബോസോണ്‍ ഉള്‍പ്പെടെയുള്ള കാണാക്കണങ്ങള്‍ക്ക് ഏകീഭാവം നല്‍കാന്‍ കഴിഞ്ഞേക്കുമോ എന്നാണ് അവര്‍ ആരായുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ചിന്തകളും പേറിനടക്കുന്ന ഇന്നത്തെ യുക്തിവാദികളെപ്പോലെ എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങളില്‍ മാത്രം അഭിരമിക്കാതെ, എന്തിന് എന്ന ചോദ്യത്തിലേക്ക്, അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്താണ്, നിരര്‍ഥകമായ ഉണ്മ മാത്രമാണോ അത് തുടങ്ങിയ അന്വേഷണങ്ങളിലേക്ക് ശാസ്ത്രം വളരുമ്പോള്‍, മനുഷ്യന്റെ ആത്മാന്വേഷണങ്ങളിലേക്കും മതാത്മക പ്രപഞ്ചവീക്ഷണങ്ങളിലേക്കും അതു പതുക്കെ കടന്നുവന്നേക്കാം.
”ഭൂമി ഉല്‍പാദിപ്പിക്കുന്നവയിലും അവരുടെ സ്വന്തം വംശങ്ങളിലും അവര്‍ക്ക് അജ്ഞാതമായ മറ്റെല്ലാ സംഗതികളിലും ഇണകളെ സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!” (വി.ഖു 36:36). ”നാം നിങ്ങളെ നിരര്‍ഥകമായി സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് തിരിച്ചുവരില്ലെന്നും നിങ്ങള്‍ നിനച്ചിരിക്കുകയാണോ?” (3:191).
”നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും സര്‍വേശ്വരനെ ഓര്‍ക്കുകയും ആകാശഭൂമികളുടെ സൃഷ്ടിവൈഭവത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവരുടെ മനോഗതം:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്” (3:191).

Back to Top