26 Friday
July 2024
2024 July 26
1446 Mouharrem 19

മതമില്ലാതെ ധാര്‍മികത നിലനില്‍ക്കുമോ?


മതനിഷേധികളും യുക്തിവാദികളുമെല്ലാം ധാര്‍മികത വേണമെന്ന അഭിപ്രായമുള്ളവരാണ്. ഉദാര ധാര്‍മിക വ്യവസ്ഥയെയാണ് അവര്‍ പിന്തുണക്കാറുള്ളത്. മനുഷ്യന് സ്വാഭാവിക ജീവിതം സാധ്യമാകാന്‍ ചില മൂല്യങ്ങള്‍ ആവശ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നു. മൂല്യങ്ങളില്ലാത്ത അരാജക ജീവിതം മനുഷ്യരാശിക്ക് ഗുണകരമല്ല എന്നും അതിലേക്ക് പ്രബോധന യുക്തിയോടെ ആളുകളെ ക്ഷണിക്കാന്‍ സാധിക്കില്ല എന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ധാര്‍മികത വേണമെന്ന് സമ്മതിക്കുമ്പോഴും മതത്തിന്റെ ആവശ്യകത സംബന്ധിച്ച ചോദ്യമുയര്‍ത്തുകയാണ് യുക്തിവാദികള്‍ ചെയ്യാറുള്ളത്. ധാര്‍മികതയാവാം, പക്ഷെ മതം വേണ്ടതില്ല എന്നാണ് നാസ്തികരുടെ പക്ഷം. മതമില്ലാതെ ധാര്‍മികതക്ക് നിലനില്‍ക്കാനാവുമോ എന്നതാണ് അപ്പോഴത്തെ ചോദ്യം. മതമില്ലാതെ ധാര്‍മിക വ്യവസ്ഥക്ക് മുന്നോട്ട് പോകാനാവില്ല. അതിന് യുക്തിപരവും തത്വചിന്താപരവുമായ ന്യായങ്ങള്‍ തന്നെ നമുക്ക് കാണാനാവും.
മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളാണല്ലോ ഈ ധാര്‍മികതയുടെ പ്രവര്‍ത്തന മേഖല. ആ ഇടപാടുകളില്‍ നിശ്ചയിച്ചിട്ടുള്ള അതിര്‍വരമ്പുകള്‍ (ഉദാ. ഒരാളെ കൊല്ലരുത്, ഒരാളെ അപമാനിക്കരുത്) എവിടെ നിന്നാണ് അവതരിച്ചിട്ടുള്ളത്. ഫിലോസഫിയില്‍ ധാര്‍മികതയുടെ ഓന്റോളജി (സത്താമീമാംസ) സംബന്ധിച്ച ചോദ്യമാണിത്. ഏതെങ്കിലും മനുഷ്യരോ മനുഷ്യരുടെ കൂട്ടായ്മയോ രാജ്യമോ രാജ്യങ്ങളോ ചേര്‍ന്ന് തീരുമാനിച്ചതാണെങ്കില്‍ അത്തരം അതിര്‍വരമ്പുകളില്‍ ആത്മനിഷ്ഠ കടന്നുവരിക സ്വാഭാവികമാണ്. തീരുമാനമെടുത്തവരോടുള്ള ചായ്‌വ് അതിലുണ്ടാകും. അതുകൊണ്ട് തന്നെ, ധാര്‍മികത ഒബ്ജക്ടീവ് അഥവാ വസ്തുനിഷ്ഠമാകണം എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു. ഒബ്ജക്ടീവ് ധാര്‍മികത എന്നാല്‍ ഏതെങ്കിലും വ്യക്തികളുടെ താല്‍പര്യത്തിനോ അഭിപ്രായത്തിനോ അനുസരിച്ച് രൂപപ്പെട്ടതല്ലാത്ത, ആത്മനിഷ്ഠമായ അംശങ്ങളില്ലാത്ത വ്യവസ്ഥിതിയാണ്. സ്വാഭാവികമായും ഒബ്ജക്ടീവ് ധാര്‍മികത വരേണ്ടത് മനുഷ്യകുലത്തിന് പുറമെ നിന്നാണ്. എവിടെ നിന്ന് വരുന്നു എന്ന ഓന്റോളജിക്കല്‍ ചോദ്യത്തിനുള്ള ഉത്തരമാണിത്. വസ്തുനിഷ്ഠമായ ധാര്‍മികത അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു. ഒബ്ജക്ടീവ് ധാര്‍മികത അനുസരിച്ച് ഇന്ന കാര്യം ശരിയാണ്/തെറ്റാണ് എന്ന് മാത്രമല്ല പറയുന്നത്, മറിച്ച് അത് ചെയ്യാനുള്ള/ചെയ്യാതിരിക്കാനുള്ള ബാധ്യത കൂടി അതുറപ്പു വരുത്തുന്നുണ്ട്. ഒരു നാല് വയസ്സുകാരനെ കൊല്ലരുത് എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അത് പ്രയോഗിക്കാനുള്ള ബാധ്യത/കടമ കൂടി ഉണ്ടാവണം. ദൈവപ്രോക്തമായ ധാര്‍മികതയില്‍ ഒരേ സമയം മൂല്യങ്ങളെ തിരിച്ചറിയാനും അവ പ്രാവര്‍ത്തികമാക്കാനുമുള്ള പ്രേരണ ലഭിക്കുന്നു. ലോകത്തെ മനുഷ്യരാശിയുടെ നിലനില്‍പ്പും അതിജീവനവും ഈ ധാര്‍മിക മൂല്യങ്ങളുടെ പ്രയോഗത്തിലാണ് കുടികൊള്ളുന്നത്.
ഒബ്ജക്ടീവ് ധാര്‍മികത ദൈവപ്രോക്തമാണെന്ന് വിശ്വാസികള്‍ പറയുമ്പോള്‍ യുക്തിവാദികള്‍ അതിനെ ചേര്‍ക്കാറുള്ളത് മറ്റ് ചിലതിലേക്കാണ്. ജീവശാസ്ത്രം, സാമൂഹിക സമ്മര്‍ദ്ദം, മോറല്‍ റിയലിസം തുടങ്ങിയവയാണ് ധാര്‍മികതയുടെ ഉത്ഭവ കേന്ദ്രമെന്ന് മതനിഷേധികള്‍ വാദിക്കുന്നു. എന്നാല്‍, ജീവശാസ്ത്രമനുസരിച്ചാണ് ധാര്‍മികതയെങ്കില്‍ തേനീച്ചകളെ പോലെ കൂടെപ്പിറപ്പുകളെ കൊല്ലുന്നതും സ്രാവുകളെ പോലെ ഇണയെ ബലാല്‍ക്കാരമായി കീഴ്‌പ്പെടുത്തുന്നതും ധാര്‍മിക മൂല്യമായി കാണേണ്ടി വരും.
യുക്തിവാദികള്‍ ഇത് ധാര്‍മികതയായി അംഗീകരിക്കുന്നുണ്ടോ? സാമൂഹിക സമ്മര്‍ദ്ദത്തെ ഉത്ഭവ കേന്ദ്രമായി സ്വീകരിച്ചാല്‍ സ്റ്റാലിന്‍, ഹിറ്റ്‌ലര്‍, മാവോ സേതൂങ്ങ്, പോള്‍ പോട്ട് പോലുള്ളവര്‍ ചെയ്ത ക്രൂരതകളെ ധാര്‍മികമായി ശരിയെന്ന് വിലയിരുത്തേണ്ടി വരും. മോറല്‍ റിയലിസത്തെ അടിസ്ഥാനമായി സ്വീകരിച്ചാല്‍, ധാര്‍മികത എങ്ങനെയാണ് ഒബ്ജക്ടീവ് ആയി മാറുന്നത് എന്ന ചോദ്യത്തിന് ഉത്തരമുണ്ടാവില്ല.
മൂല്യങ്ങളെല്ലാം ഇവിടെ യാഥാര്‍ഥ്യമായിട്ടുണ്ടല്ലോ എന്ന് കരുതിയാല്‍ തന്നെയും അവ പ്രാവര്‍ത്തികമാക്കാന്‍ മോറല്‍ റിയലിസത്തില്‍ മാര്‍ഗങ്ങളൊന്നുമില്ല. സ്‌നേഹം, നീതി, ദയ തുടങ്ങിയ മൂല്യങ്ങള്‍ വസ്തുതാപരമായി തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. അവയെ പ്രാവര്‍ത്തികമാക്കാനുള്ള ബാധ്യതയും കടമയും മോറല്‍ റിയലിസത്തില്‍ അസംഭവ്യവും അസാധ്യവുമാണ്. യുക്തിപരവും തത്വചിന്താപരവുമായ സമീപനത്തിലൂടെ തന്നെ ധാര്‍മികത നിലനില്‍ക്കാന്‍ മതം അനിവാര്യമാണ് എന്ന തീര്‍പ്പിലേക്ക് എത്തിച്ചേരാനാവും. ധാര്‍മികത ഒബ്ജക്ടീവാകണം എന്നതിനാല്‍ തന്നെ, അതെവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മതം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x