7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

മതജീവിതം വരള്‍ച്ചയല്ല

മുഹമ്മദ് ഷഹീദ്‌

മതം പ്രാവര്‍ത്തികമാക്കുന്നവരായി അറിയപ്പെടുന്നവരോട് സൗഹൃദപൂര്‍വം ഇടപെടുന്നതിന് ആളുകള്‍ക്ക് മടിയാണ്. അവര്‍ മറ്റേതോ ലോകത്താണെന്നും അവരോട് കളിചിരികള്‍ പാടില്ലെന്നും കരുതുന്നവരുണ്ട്. കളി ചിരികളിലേര്‍പ്പെടുന്നത് ആത്മീയ് ജീവിതത്തിന്റെ സത്ത നഷ്ടപ്പെടാനിടയാക്കുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. മതാനുയായിയാകുന്നതോടെ നിന്നു പോകേണ്ടതല്ല കളിതമാശകള്‍. പ്രവാചകന്‍ കളിതമാശകളിലേര്‍പ്പെട്ടിരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്.
നബി തമാശ പറയുന്നത് കേട്ട് ഒരിക്കല്‍ അബൂഹുറയ്റ അത്ഭുതത്തോട് കൂടി ഇങ്ങനെ ചോദിച്ചുവത്രെ: ‘നബിയേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവോ?’ ഗൗരവപ്പെട്ട കാര്യങ്ങള്‍ മാത്രം പറയേണ്ട ദൈവത്തിന്റെ തിരുദൂതര്‍ തമാശ പറയുന്നത് അബൂഹുറയ്റക്ക് എന്തോ ദഹിക്കാത്തപോലെ; പക്ഷേ, നബിക്ക് അതില്‍ അസ്വാഭാവികമായി ഒന്നും കാണാനുണ്ടായില്ല. നബി മറുപടി പറഞ്ഞു: ‘അതിലെന്തത്ഭുതം, ഞാന്‍ തമാശ പറയും, സത്യമല്ലാത്ത ഒന്നും പറയുകയില്ല.’
തമാശ കളിക്കുന്നതില്‍ നബിക്ക് ആള്‍ഭേദമുണ്ടായിരുന്നില്ല. നബിക്ക് ഒരു ബദവി സുഹൃത്തുണ്ടായിരുന്നു. നബി എന്നും അയാളെ ചന്തയിലേക്കയക്കും. ഒരിക്കല്‍ അയാള്‍ ചന്തയില്‍ ഏതോ സാധനം വിറ്റുകൊണ്ടിരിക്കെ നബി പമ്മിപ്പമ്മി അയാളുടെ പിറകിലെത്തി കണ്ണുപൊത്തി. ബദവി ഞെട്ടിപ്പോയെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, നബിയാണ് വേലയൊപ്പിച്ചതെന്ന് കണ്ടപ്പോള്‍ അയാള്‍ തന്റെ തോള്‍ നബിയുടെ മാറിലുരുമ്മാന്‍ തുടങ്ങി. അപ്പോള്‍ നബി വിളിച്ചു ചോദിച്ചു: ‘ഈ അടിമയെ വാങ്ങാനാരുണ്ട്?’
ബദവി പറഞ്ഞു: ‘വിലകെട്ട ഈ അടിമയെ വാങ്ങിയാല്‍ വാങ്ങുന്നവന് നഷ്ടമായിരിക്കും.’
അപ്പോള്‍ നബി പറഞ്ഞതെന്താണെന്നോ, ‘ദൈവത്തിന്റെ കണ്ണില്‍ താങ്കള്‍ വിലകുറഞ്ഞവനല്ല.’
മറ്റൊരിക്കല്‍ നബി തന്റെ അനുചരന്മാരോടൊപ്പം ഈത്തപ്പഴം തിന്നുകയായിരുന്നു. തിന്നുകൊണ്ടിരിക്കെ അദ്ദേഹമൊരു കുസൃതിയൊപ്പിച്ചു. കുരു മുഴുവന്‍ അലിയുടെ മുമ്പിലേക്ക് നീക്കിവെച്ചു. എന്നിട്ട് അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘ആഹാ, നിങ്ങള്‍ ഒരുപാട് ഈത്തപ്പഴം തിന്നുവല്ലോ? എത്രമാത്രം കുരുവാണിത്?’
അലിയല്ലേ ആള്‍. വാളുകൊണ്ടല്ല വാക്കുകൊണ്ടും പൊരുതാനറിയാവുന്ന പടയാളി. അലി പറഞ്ഞു: ‘ഞാന്‍ ഈത്തപ്പഴം മാത്രമേ തിന്നുള്ളൂ. നബിയെപ്പോലെ കുരുവും തിന്നില്ല.’ അങ്ങനെ അലി ശരിക്കും നബിയെ തോല്‍പിച്ചു. നബിയാകട്ടെ അതാസ്വദിക്കുകയും ചെയ്തു.
വിവാഹവേളകളില്‍ പാട്ടുപാടണമെന്നായിരുന്നു നബിയുടെ താല്‍പര്യം. ആഇശാബീവിയുടെ കൂടെക്കഴിയുന്ന ഒരു അന്‍സാരി പെണ്‍കുട്ടിയുടെ വിവാഹമുഹൂര്‍ത്തം; അന്‍സ്വാരികള്‍ വലിയ സംഗീതപ്രിയരാണല്ലോ. അതറിഞ്ഞിട്ടാവണം നബി പറയുന്നു: വധുവിന്റെ കൂടെ പാട്ടുപാടാന്‍ കഴിയുന്ന ഒരു കൂട്ടുകാരിയെക്കൂടി അയക്കാന്‍.
കവിതയിലും നബിക്ക് താല്‍പര്യമുണ്ടായിരുന്നു. ജാഹിലിയ്യാ കവികളുടെ ആഭാസകല്‍പനകളില്‍നിന്ന് അറബിക്കവിതയെ മോചിപ്പിച്ചത് ഒരര്‍ഥത്തില്‍ മുഹമ്മദ് നബിയാണ്. അനുചരന്മാരുടെ കവിതാശകലങ്ങള്‍ നബി ആസ്വദിച്ചിരുന്നു. യുദ്ധരംഗങ്ങളില്‍ പോലും നബി സംസാരിച്ചത് കാവ്യാത്മകമായാണ്. ഇസ്ലാമിന്റെ ശത്രുക്കളുടെ ശകാര കാവ്യങ്ങള്‍ക്ക് മറുപടിയായി ഉത്തമ കവിതകള്‍ രചിക്കാന്‍ അദ്ദേഹം കഅ്ബുബ്നു മാലികിനോടും ഹസ്സാനുബ്നു സാബിതിനോടും ആവശ്യപ്പെടുകകൂടി ചെയ്തിരുന്നു. ഹസ്സാന്‍ അത് മനോഹരമായി, മുഴങ്ങുന്നസ്വരത്തില്‍ ആലപിക്കും. ശത്രുക്കളുടെ നെഞ്ചില്‍ കഠാരയേക്കാള്‍ മുറിവേല്‍പിച്ചത് ഈ കവിതകളാണ്. അതുകൊണ്ടാണല്ലോ നബി പറഞ്ഞത്, മുസ്ലിംകള്‍ വാളുകള്‍കൊണ്ട് മാത്രമല്ല വാക്കുകള്‍ കൊണ്ടു കൂടിയാണ് യുദ്ധം ചെയ്യുന്നത് എന്ന്.
നമ്മളും നമ്മുടെ പൊതു ഇടങ്ങളില്‍ ലാളിത്യവും നൈര്‍മല്യവും കൊണ്ടു വരണം. അതാണ് മതത്തിന്റെ മാതൃക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x