9 Friday
May 2025
2025 May 9
1446 Dhoul-Qida 11

മാറ്റത്തിന് തയ്യാറാവുക


മനുഷ്യന്, അവന്റെ മുമ്പിലും പിന്നിലുമായി തുടര്‍ച്ചയായി വന്ന്, അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ സംരക്ഷിക്കുന്ന മലക്കുകളുണ്ട്. ഒരു സമൂഹത്തെയും സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരെ മാറ്റിയെടുക്കുകയില്ല. ഒരു സമൂഹത്തിന് വല്ല ദോഷവും അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനുമാവില്ല. അവനു പുറമേ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല (റഅ്ദ്: 11).

വ്യക്തിയാകട്ടെ സമൂഹമാകട്ടെ, മനുഷ്യന്റെ നിലനില്‍പിന് ആവശ്യം ശാരീരിക-മാനസിക സുരക്ഷയാണ്. മതം നിശ്ചയിച്ച ഈമാനും ഇസ്‌ലാമും അനുബന്ധ കാര്യങ്ങളും ഇത് ഉറപ്പു നല്‍കുന്നു. അതിന്റെ പതിന്‍മടങ്ങ് പ്രതിഫലം മരണാനന്തരം ലഭിക്കുകയുംചെയ്യുന്നു. ഭക്തിയിലും ധര്‍മവിചാരത്തിലും ജീവിക്കുന്നവര്‍ക്ക് ദൈവിക സുരക്ഷയ്ക്കുള്ള സംവിധാനമാണ് ഈ വചനത്തിന്റെ ആദ്യ ഭാഗം. നമ്മുടെ ജീവിതത്തില്‍ മലക്കുകളുടെ ഇടപെടല്‍ എങ്ങനെയായിരിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. നമുക്ക് കാണാന്‍ കഴിയാത്തവിധം മലക്കുകളുടെ അകമ്പടിയിലാണ് നമ്മുടെ ജീവിതം. പറയുന്നതും ചെയ്യുന്നതും തല്‍സമയം അവര്‍ രേഖപ്പെടുത്തുന്നു.
സച്ചരിതരായി ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിനോട് അവര്‍ പാപമോചനത്തിന് പ്രാര്‍ഥിക്കുന്നു (ഖുര്‍ആന്‍ 40:7). ‘രാത്രിയും പകലുമായി നിരന്തരം മലക്കുകള്‍ നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നു’ എന്ന നബിവചനം ഈ ആശയം തന്നെയാണ് വ്യക്തമാക്കുന്നത്. വരുമ്പോഴും തിരിച്ചുപോകുമ്പോഴും നമസ്‌കാരനിരതരായ വിശ്വാസികളെപ്പറ്റി മതിപ്പോടു കൂടിയായിരിക്കും അവര്‍ അല്ലാഹുവിനോട് പറയുക (ബുഖാരി). അവര്‍ മനുഷ്യനു നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ അല്ലാഹുവിനു മാത്രമേഅറിയുകയുള്ളൂ.
സര്‍വകാല പ്രസക്തമായ മറ്റൊരു പ്രമേയമാണ് ആയത്തിന്റെ രണ്ടാം ഭാഗം. സ്വയം നന്നാവാനും മാറാനും സന്നദ്ധരാകാത്തവരെ അല്ലാഹു ഒരിക്കലും മാറ്റിയെടുക്കുകയില്ല. വിശ്വാസ-സാമൂഹിക നവോത്ഥാനങ്ങളുടെ ദൈവിക രീതിശാസ്ത്രമാണിത്. ജീവിതം മെച്ചപ്പെടുത്താനും രചനാത്മകമാക്കാനുമുള്ള കഴിവ് അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. പലരും അവര്‍ക്ക് ലഭിച്ച കഴിവും മികവും മനസ്സിലാക്കുന്നില്ല എന്നതാണ്യാഥാര്‍ഥ്യം.
നിഷേധഭാവത്തോടെ തര്‍ക്കിച്ചു തോല്‍പിക്കാനാണ് അവന്‍ ഒരുമ്പെടുന്നത്. ‘വിശ്വാസത്തിന്റെ അഭാവമാണ് മനസ്സില്‍ നിഷേധഭാവമുണ്ടാക്കുന്നത്’ (16:22). ‘ഒട്ടു മിക്ക കാര്യങ്ങളിലും മനുഷ്യന്‍ തര്‍ക്കിക്കുന്നവനാകുന്നു’ (18:54). മാറ്റത്തിന് തടസ്സം നില്‍ക്കുന്ന മനുഷ്യന്റെ സ്വഭാവവൈകൃതമാണ് ഇതില്‍ പറയുന്നത്. എല്ലാ നേട്ടങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ് എന്ന ബോധ്യം മാത്രമേ മനുഷ്യനിലെ കഴിവുകളെ ചലനാത്മകമാക്കുകയുള്ളൂ.
വിശ്വാസ-സ്വഭാവ സംസ്‌കാരങ്ങളാണ് പ്രധാനമായി മാറ്റത്തിന് വിധേയമാക്കേണ്ടത്. ഈമാന്‍ വേണ്ട വിധം പരിചരിക്കുന്നില്ലെങ്കില്‍ അതിന് ജീര്‍ണത ബാധിക്കും. ‘വസ്ത്രം ദ്രവിക്കുന്നതുപോലെ നിങ്ങളുടെ മനസ്സിലെ ഈമാന്‍ ദ്രവിച്ചേക്കും, അങ്ങനെയാവാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക’ (ത്വബ്‌റാനി) എന്ന നബിവചനം വിശ്വാസരംഗം മാറ്റിയെടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു. ഈമാന്റെ കേന്ദ്രം മനസ്സാണ്. അതിനാല്‍ ഏത് മാറ്റങ്ങളും മനസ്സില്‍ തൊട്ടുള്ളതാകണം. അപ്പോള്‍ മാത്രമേ പ്രവര്‍ത്തനതലത്തിലും അത് പ്രതിഫലിക്കുകയുള്ളൂ. മനസ്സില്‍ ഈമാന്‍ വേരുറക്കാത്തവര്‍ക്ക് ‘മുഅ്മിന്‍’ എന്നു പറയാവതല്ല(ഖുര്‍ആന്‍49:14).
എക്കാലത്തും കൂടുതല്‍ ജീര്‍ണമാകുന്നത് സാംസ്‌കാരിക രംഗമാണ്. അല്ലാഹു ഏര്‍പ്പെടുത്തിയ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ ആരോഗ്യകരമായ സംസ്‌കാര നിര്‍മിതിക്ക് കഴിയുകയുള്ളൂ. മതനിരാസവും ധര്‍മരാഹിത്യവും വ്യാപകമാകുമ്പോള്‍ നികത്താന്‍ പറ്റാത്ത നഷ്ടമായിരിക്കും മനുഷ്യ സംസ്‌കാരത്തിന് സംഭവിക്കുന്നത്. നല്ലതിലേക്ക് മാറണമെന്ന ചിന്ത മനസ്സിന്റെ മന്ത്രധ്വനിയായിനിലനില്‍ക്കണം.

Back to Top