30 Monday
June 2025
2025 June 30
1447 Mouharrem 4

മസ്‌ലഹത്ത് പ്രാധാന്യവും രീതിശാസ്ത്രവും

സി കെ റജീഷ്


നാം ജീവിക്കുന്ന സമൂഹത്തില്‍ നല്ലതും ചീത്തയുമായ സ്വഭാവവൈരുധ്യങ്ങളുള്ള വ്യക്തികളുടെ സങ്കലനമാണ് കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ ജീവിതാരംഭം മുതല്‍ ബന്ധങ്ങളുടെ ബലിഷ്ഠ പാശത്തില്‍ പരിഹരിച്ചും പൂര്‍ത്തീകരിച്ചും മുന്നോട്ടുപോകുന്നതാണ് നമ്മുടെ ഈ ചുരുങ്ങിയ ആയുസ്സ്. കുടുംബത്തില്‍ നിന്ന് തുടങ്ങി, സമൂഹത്തോടൊപ്പം വികസിച്ച്, രാജ്യാന്തരതലം വരെ നീളുന്ന ബന്ധങ്ങളെ ജീവസ്സുറ്റതാക്കുന്നത് പരസ്പരമുള്ള ഇടപഴകലുകളാണ്. ഇവിടെ വ്യക്തികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ നയവും സമീപനവും സൗഹൃദപരമാവുമ്പോള്‍ മാത്രമേ ഭദ്രതയുള്ള ബന്ധങ്ങളും സമാധാനപൂര്‍ണമായ ജീവിതവും സാധ്യമാവുകയുള്ളൂ.
വ്യക്തികള്‍ ബന്ധപ്പെടുന്ന സമൂഹത്തില്‍ എല്ലായിടങ്ങളിലും ഭിന്നത സ്വാഭാവികമാണ്. പക്ഷേ, അത് പരസ്പരമുള്ള വിരോധവും ശത്രുതയുമായി വളരാതിരിക്കാനുള്ള കരുതലാണ് ആവശ്യം. വ്യക്തികള്‍ കണ്ണിയാവുന്ന കുടുംബവൃത്തത്തില്‍, സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളില്‍, അധികാരം വിനിയോഗിക്കുന്ന തന്ത്രപ്രധാനമായ ബന്ധങ്ങളിലൊക്കെ വിവാദങ്ങള്‍ ഉടലെടുത്തേക്കാം. അത് തര്‍ക്കത്തിലേക്കും ശത്രുതയിലേക്കും വഴിമാറുമ്പോള്‍ സംഘട്ടനാത്മക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇവിടെ ബന്ധങ്ങള്‍ വഷളാകാതെ പ്രശ്‌നപരിഹാരത്തിന് അനുരഞ്ജന മാര്‍ഗം (മസ്‌ലഹത്ത്) സ്വീകരിക്കുന്നത് പുണ്യകര്‍മമായി മതം പഠിപ്പിക്കുന്നു.
കുടുംബബന്ധങ്ങളില്‍ തുടങ്ങി, ദേശീയമോ അന്തര്‍ദേശീയമോ ആയ ബന്ധങ്ങളില്‍ വരെ ഉണ്ടായേക്കാവുന്ന വിള്ളലുകള്‍ അനുനയ സമീപനത്തിലൂടെ തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗരേഖ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളെ കലഹങ്ങളിലേക്കും തര്‍ക്കത്തിലേക്കും എത്തിക്കാതെ പരിഹരിക്കാനുള്ള പ്രായോഗിക മാതൃക പ്രവാചകന്‍(സ) നമുക്ക് കാണിച്ചുതരുകയും ചെയ്തു. ബന്ധങ്ങളുടെ കെട്ടുറപ്പിനും സാമൂഹിക സുസ്ഥിതിക്കും അനിവാര്യമായും അനുവര്‍ത്തിക്കേണ്ട സമീപനമെന്ന നിലയ്ക്ക് രഞ്ജിപ്പിന്റെ മാര്‍ഗത്തെക്കുറിച്ചുള്ള പഠനവും മതദൃഷ്ട്യാ അതിന്റെ പ്രാധാന്യവും സമകാലിക സാഹചര്യത്തിലും ഏറെ പ്രസക്തമാണ്.
മസ്‌ലഹത്തിന്റെ
പ്രാധാന്യം

സാഹോദര്യത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് സത്യവിശ്വാസികള്‍ സദാ അന്യോന്യം നിലനിര്‍ത്തേണ്ടത്. ഒരേ ആദര്‍ശവും നയനിലപാടുകളും സ്വീകരിക്കുന്ന സത്യവിശ്വാസികള്‍ക്കിടയില്‍ പോലും ഭിന്നതയും തര്‍ക്കവും ഉടലെടുക്കാനുള്ള സാധ്യത സ്വാഭാവികമായതിനാലാണ് മറ്റുള്ളവര്‍ അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പിലൂടെ യോജിപ്പുണ്ടാക്കാന്‍ (മസ്‌ലഹത്ത്) ശ്രമിക്കേണ്ടത് കടമയായി ഖുര്‍ആന്‍ (49:10) ഓര്‍മിപ്പിച്ചത്. ഈ അനുരഞ്ജന ശ്രമം സമുദായത്തിന്റെ അഭിവൃദ്ധിക്കും ബന്ധങ്ങളുടെ നിലനില്‍പിനും അനുപേക്ഷണീയവുമാണ്. ബദ്ര്‍ യുദ്ധത്തിലെ ഗനീമത്ത് സ്വത്തുക്കള്‍ ഭാഗിക്കുന്ന അവസരത്തില്‍, യുദ്ധത്തില്‍ പങ്കെടുത്ത യുവാക്കളും പുറമേ നിന്ന് അവര്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത പ്രായം ചെന്നവരും തമ്മില്‍ അഭിപ്രായ ഭിന്നതയും തര്‍ക്കവുമുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് അന്‍ഫാല്‍ അധ്യായത്തിലെ ആദ്യ വചനങ്ങള്‍ അവതരിച്ചത്. ശത്രുപക്ഷത്തുനിന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കളില്‍ പ്രത്യേകാവകാശം ആര്‍ക്കുമില്ലെന്നും അവയുടെ അവകാശവും കൈകാര്യവും അല്ലാഹുവിനും റസൂലിനുമാകുന്നു എന്നും അല്ലാഹു അറിയിച്ചു. അല്ലാഹുവിന്റെ പ്രവാചകന്‍ വീതിച്ചുതരുന്ന മുറയ്ക്ക് അത് സ്വീകരിക്കണമെന്നും ഈ വചനത്തില്‍ (8:1) അല്ലാഹു കല്‍പിക്കുമ്പോള്‍, വഴക്കും ഭിന്നിപ്പും അവസാനിപ്പിച്ച് പരസ്പരം ബന്ധങ്ങള്‍ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കൂടി കല്‍പനയുണ്ട്. ഗൂഢസംസാരം (നജ്‌വാ) മിക്കപ്പോഴും ചീത്ത കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് ഖുര്‍ആന്‍ അതിനെ ആക്ഷേപിച്ചത്.
എന്നാല്‍ ആക്ഷേപാര്‍ഹമല്ലാത്ത ഗൂഢസംസാരത്തെ ഖുര്‍ആന്‍ പറഞ്ഞത് ഇപ്രകാരമാണ്: ”(അവരുടെ ഗൂഢസംസാരത്തില്‍ മിക്കതിലും ഒരു ഗുണവുമില്ല. വല്ല ദാനത്തെയോ മനുഷ്യര്‍ക്കിടയില്‍ (സന്ധിയാക്കി) നന്നാക്കുന്നതിനെ സംബന്ധിച്ച് കല്‍പിക്കുന്നവന്റെ (ഗൂഢസംസാരം) ഒഴികെ, അല്ലാഹുവിന്റെ പ്രീതിയെ തേടി ആരെങ്കിലും അത് ചെയ്യുന്നപക്ഷം. എന്നാല്‍ വഴിയെ നാം അവന് വമ്പിച്ച പ്രതിഫലം നല്‍കുന്നതാണ്” (4:114).
ഉമ്മുകുല്‍സൂം ബിന്‍ത് ഉഖ്ബ(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ജനങ്ങള്‍ക്കിടയില്‍ ബന്ധം നന്നാക്കിത്തീര്‍ക്കുന്നവന്‍ കളവ് പറയുന്നവനല്ല. അദ്ദേഹം നന്മയെ പോഷിപ്പിക്കുന്നു. അല്ലെങ്കില്‍ നന്മ പറയുന്നു (സഹീഹുല്‍ ബുഖാരി 2692). ദൈവിക ശിക്ഷയ്ക്ക് വിധേയരായ തലമുറകളൊക്കെ നാട്ടില്‍ കുഴപ്പവും അക്രമവും ഉണ്ടാകുന്നത് തടയാനുള്ള ബുദ്ധിയും തന്റേടവും ഇല്ലാത്തവരായിരുന്നുവെന്നു ഖുര്‍ആന്‍ (11:117) ഉണര്‍ത്തിയിട്ടുണ്ട്. നാട്ടില്‍ പൊതുവെയും ജനങ്ങള്‍ക്കിടയില്‍ വിശേഷിച്ചും നിലനിന്നുകാണേണ്ട നന്മ നിറഞ്ഞ ബന്ധങ്ങളിലേക്കാണ് ഉപരിസൂചിത സൂക്തവും സൂചന നല്‍കുന്നത്.
പ്രതിഫലത്തിന്റെ
മഹത്വം

രണ്ടു വ്യക്തികളോ രണ്ടു കക്ഷികളോ തമ്മിലുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാവാതെ, തര്‍ക്കത്തിനു വിട്ടുകൊടുക്കാതെ നല്ല ബന്ധമാക്കി നിലനിര്‍ത്താനുള്ള ഏതൊരു ശ്രമവും ഏറെ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണെന്ന് ഖുര്‍ആനും പ്രവാചക വചനങ്ങളും പഠിപ്പിക്കുന്നു. കാരണം ഏതൊരു മസ്‌ലഹത്തും (രഞ്ജിപ്പും) രോഷാഗ്നിയെ കെടുത്തിക്കളയുകയും തര്‍ക്കത്തെ മുറിച്ചുകളയുകയും മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കം സാധ്യമാക്കുകയും ചെയ്യുന്നു.
അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: ”നബി(സ) പറഞ്ഞു: ഐഛികമായ നമസ്‌കാരം, നോമ്പ്, ദാനധര്‍മങ്ങള്‍ ഇവയുടെ പദവിയേക്കാള്‍ ശ്രേഷ്ഠകരമായ പദവിയുള്ള ഒരു സത്കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? അവര്‍ പറഞ്ഞു: അതെ. നബി (സ) പറഞ്ഞു: ജനങ്ങള്‍ക്കിടയില്‍ ബന്ധം നന്നാക്കിത്തീര്‍ക്കുക. ആ ബന്ധത്തിന് ദോഷമുണ്ടാക്കുന്നത് വലിയ അക്രമമാണ്” (സ്വഹീഹ് അബൂദാവൂദ് 4919).
ഒരു വ്യക്തിയുടെ മനസ്സില്‍ മറ്റൊരു വ്യക്തിയോട് വിദ്വേഷം, പക, തെറ്റിദ്ധാരണ, അസൂയ എന്നിവയുണ്ടാകുമ്പോള്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ നിഴലിക്കുന്നു. പിണക്കവും തര്‍ക്കവും അകല്‍ച്ചയും ശക്തമാവുന്നു. എന്നാല്‍ ശത്രുതയിലേക്ക് നീങ്ങാതെ അനുനയ സമീപനത്തിനുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ മുന്‍കൈയെടുക്കുന്നത് പുണ്യകരമായി പ്രവാചകന്‍(സ) പഠിപ്പിച്ചു. അബൂഹുറൈറ(റ) നിവേദനം: ”നബി(സ) പറഞ്ഞു: തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്നു. അല്ലാഹുവില്‍ പങ്കുചേര്‍ക്കാത്ത എല്ലാ അടിമകളുടെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നു, ഒരാളുടെ പാപം ഒഴികെ. അയാളുടെ മനസ്സില്‍ തന്റെ സഹോദരനോട് പകയുണ്ട്. അപ്പോള്‍ പറയപ്പെടുന്നു. ഈ രണ്ട് വ്യക്തികള്‍ അനുനയ സമീപനത്തിലൂടെ നന്നായിത്തീരുന്നതുവരെ നിങ്ങള്‍ അവന്റെ കാര്യത്തില്‍ സാവകാശം കാണിക്കുക” (സ്വഹീഹ് മുസ്‌ലിം 2565).
ഇമാം ഔസാഈ പറഞ്ഞു: ഒരു അടിമ തന്റെ റബ്ബിലേക്ക് കൂടുതല്‍ പ്രിയങ്കരനാവുന്നവിധം അടുക്കുന്നത് ജനങ്ങള്‍ക്കിടയില്‍ നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ്. രണ്ടു വ്യക്തികള്‍ക്കിടയില്‍ നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അല്ലാഹു അവന് നരകവിമോചനം രേഖപ്പെടുത്തും.

മസ്‌ലഹത്തിന്റെ രീതി
മതം ഗുണകാംക്ഷയാണ്. വിശ്വാസിയുടെ ജീവിതം മുഴുക്കെ ഗുണകാംക്ഷാ നിര്‍ഭരമായ സമീപനമാണ് ഉണ്ടാവേണ്ടത്. വാക്കിലും പ്രവൃത്തിയിലും ഇടപെടലുകളിലും ഇടപാടുകളിലും നന്മ മാത്രം ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമകളായിരിക്കും യഥാര്‍ഥ വിശ്വാസികള്‍. മസ്‌ലഹത്ത് എന്നത് ബാധ്യതാ നിര്‍വഹണമായി ഏറ്റെടുക്കുന്ന വിശ്വാസി അനിവാര്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. ഉദ്ദേശ്യശുദ്ധി: സമ്പത്ത്, അധികാരപദവി, ഭൗതികമായ മറ്റു താല്‍പര്യങ്ങള്‍ ഒന്നുമില്ലാതെ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് മസ്‌ലഹത്തിന് ശ്രമിക്കുന്നവര്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടെന്നത് റബ്ബിന്റെ വാഗ്ദാനമാണ് (4:114).
2. നീതി പാലിക്കണം: സത്യവിശ്വാസികള്‍ക്കിടയില്‍ രണ്ടു വിഭാഗങ്ങള്‍ സമരത്തിലായാല്‍ അവര്‍ തമ്മില്‍ ഇസ്‌ലാഹിനു ശ്രമിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. എന്നിട്ട് അവയിലൊന്ന് മറ്റേ കക്ഷിയുടെ മേല്‍ അതിക്രമം നടത്തിയെങ്കില്‍ അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്റെ ആജ്ഞയിലേക്ക് മടങ്ങിവരുന്നതുവരെ അതിനോട് സമരം നടത്തണമെന്നും അങ്ങനെ മടങ്ങിയെങ്കില്‍ നീതിമുറയനുസരിച്ച് അവര്‍ക്കിടയില്‍ കാര്യങ്ങള്‍ നന്നാക്കിത്തീര്‍ക്കാന്‍ ശ്രമിക്കണമെന്നും ഖുര്‍ആന്‍ (49:9) പഠിപ്പിക്കുന്നു.
3. യോജിച്ച രീതി, സമയം എന്നിവ കണ്ടെത്തുക: മാനസികമായി അകന്നുപോയ ഇരുവ്യക്തികള്‍ തമ്മില്‍ ഇണക്കമുണ്ടാക്കി, പ്രശ്‌നപരിഹാരത്തിലേക്ക് എത്തിക്കാന്‍ ചിലപ്പോള്‍ സമയമെടുത്തേക്കാം. ഹസ്തദാനം, സലാം പറയല്‍, പുഞ്ചിരി, ആലിംഗനം, കാര്യങ്ങളിലെ കൂടിയാലോചന, ക്ഷമാപണത്തിന്റെ വാക്ക് പറയല്‍ എന്നിങ്ങനെ ഇക്കാര്യത്തില്‍ സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് അവധാനതയോടെ യോജിച്ച മാര്‍ഗം തേടി മസ്‌ലഹത്തിന് ശ്രമിക്കുകയാണ് വേണ്ടത്.
4. സാമ്പത്തിക കാര്യങ്ങളില്‍ ബാധ്യത പൂര്‍ത്തീകരിക്കണം: കടബാധ്യത, അനന്തരാവകാശ സ്വത്തുനിര്‍ണയത്തിലെ അപാകത തുടങ്ങിയ വിഷയങ്ങളില്‍ ഭിന്നത ഉണ്ടാവുകയും അങ്ങനെ പ്രശ്‌നമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മസ്‌ലഹത്തിന്റെ ആദ്യ ഘട്ടമായി അര്‍ഹതപ്പെട്ടത് അവകാശമനുസരിച്ച് നല്‍കാനുള്ള സന്മനസ്സ് കാണിക്കുകയാണ് വേണ്ടത്.
5. മസ്‌ലഹത്തിന് സമയം വൈകിപ്പിക്കരുത്: മരണം എന്ന മനുഷ്യന്റെ നിര്‍ണിതാവധി എത്തുന്നതിനു മുമ്പ് മസ്‌ലഹത്തിന്റെ വഴി തേടി ബന്ധങ്ങള്‍ വഷളാകാതെ നല്ല നിലയില്‍ നിലനിര്‍ത്തുകയാണ് വേണ്ടത്. പ്രവാചകന്‍(സ) പറഞ്ഞു: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനോട് മൂന്നു ദിവസത്തിലധികം പിണങ്ങിക്കഴിയാന്‍ പാടില്ല. രണ്ടുപേരും തിരിഞ്ഞുനടക്കുന്ന അവസ്ഥയില്‍ ഒരാള്‍ സലാം പറഞ്ഞുകൊണ്ട് ആ ബന്ധം നന്നാക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ അവനാണ് ഉത്തമന്‍ എന്ന് തിരുമേനി പറഞ്ഞിട്ടുണ്ട്.
6. മസ്‌ലഹത്തിന് തടസ്സമാവുന്ന കാര്യങ്ങളെ കരുതിയിരിക്കുക: പരസ്പരമുള്ള രഞ്ജിപ്പിനു വേണ്ടി ശ്രമിക്കുമ്പോള്‍ അത് ഉദ്ദേശിച്ച ഫലം കാണാതെപോവുന്നതിന് കാരണമാവുന്നത് പരദൂഷണം, ഊഹം, അവഗണന, ദുരഭിമാനം എന്നിവയാണ്. അത് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ അനുനയ സമീപനത്തിലൂടെ പ്രശ്‌നപരിഹാരത്തിന് വഴി തുറക്കും. എന്നാല്‍ മുന്‍ശുണ്ഠിയും വാശിയും അസത്യം പ്രചരിപ്പിക്കുന്ന ദുശ്ശീലവും അഹങ്കാരവും പിടിമുറുക്കിയാല്‍ ബന്ധങ്ങള്‍ എന്നും വിള്ളലോടെ നിലനില്‍ക്കും.
സച്ചരിത മാതൃക
വീഴ്ചകള്‍ സമ്മതിക്കാനും ദുരഭിമാനം വെടിഞ്ഞ് തെറ്റു തിരുത്താനുമുള്ള സന്മനസ്സ് നഷ്ടപ്പെടുമ്പോള്‍ പിണക്കങ്ങള്‍ ഈര്‍ഷ്യയും ശത്രുതയുമായി വളരുകയും അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യുന്നു. ഇവിടെ ക്ഷമയുടെ, വിനയത്തിന്റെ, വിട്ടുവീഴ്ചയുടെ മഹിത മാതൃക തീര്‍ത്ത് അനുനയ സമീപനത്തിലൂടെ പ്രശ്‌നപരിഹാരത്തിന്റെ ഉദാത്ത വഴി കാണിച്ച സച്ചരിത ജീവിതം നാം പരിചയപ്പെടേണ്ടത് അനിവാര്യമാണ്. ഒരിക്കല്‍ ബിലാലും അബൂദര്‍റും തമ്മില്‍ എന്തോ തര്‍ക്കം നടന്നു. കോപം വന്ന അബൂദര്‍റ് ബിലാലിനെ ‘കറുത്ത അടിമസ്ത്രീയുടെ മകനേ’ എന്ന് വിളിച്ചു. അദ്ദേഹം പ്രവാചകനോട് അതേപ്പറ്റി പരിഭവം പറഞ്ഞു.
പ്രവാചകന്‍ ചോദിച്ചു: ”നീ ബിലാലിനെ ചീത്ത വിളിച്ചോ?”
”അതെ.”
”അദ്ദേഹത്തിന്റെ മാതാവിനെ പറഞ്ഞോ?”
”ആളുകളോട് ശണ്ഠ കൂടുമ്പോള്‍ മാതാവിനെയും പിതാവിനെയും ഒക്കെ പറയും പ്രവാചകരേ”- അബൂദര്‍റ് പറഞ്ഞു.
”നിന്നില്‍ ഇപ്പോഴും ജാഹിലിയ്യത്ത് അവശേഷിക്കുന്നു”- നബി പറഞ്ഞു.
”എന്റെയീ വാര്‍ധക്യത്തിലും?” അദ്ദേഹം ചോദിച്ചു.
”അതെ”- പ്രവാചകന്‍(സ) പറഞ്ഞു.
പിന്നീട് പ്രവാചകന്‍ തന്നേക്കാള്‍ താഴ്ന്ന നിലയിലുള്ള ആളുകളോട് എങ്ങനെ ഇടപെടണമെന്നതു സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കി: ”അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അല്ലാഹു അവരുടെ സംരക്ഷണം നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. തന്റെ കീഴിലുള്ളവര്‍ക്ക് താന്‍ കഴിക്കുന്ന ഭക്ഷണവും താന്‍ ധരിക്കുന്ന വസ്ത്രവും നല്‍കണം. അവര്‍ക്ക് കഴിയാത്തത് ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കരുത്. അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അവരെ സഹായിക്കണം.”
ഈ വാക്കുകള്‍ കേട്ടപ്പോള്‍ അബൂദര്‍റ് ബിലാലിനെ തിരഞ്ഞുപിടിച്ച് ക്ഷമാപണം നടത്തി. അദ്ദേഹത്തിന്റെ മുമ്പില്‍ ഇരുന്നു. തന്റെ കവിള്‍ മണ്ണില്‍ ചേര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു: ”ബിലാല്‍, നിങ്ങളുടെ കാലു കൊണ്ട് എന്റെ കവിളില്‍ ചവിട്ടുക” (മുസ്‌ലിം).
ശത്രുതയുടെ രോഷാഗ്നി ആളിക്കത്തിക്കുന്നതിനു മുമ്പ് അതണയ്ക്കാന്‍ ധൃതി കാണിക്കുന്ന സമീപനമായിരുന്നു സഹാബികള്‍ കാണിച്ചത്. ഒരിക്കല്‍ ഉമറും(റ) അബൂബക്കറും(റ) തമ്മില്‍ ഒരു വാഗ്വാദം നടന്നു. അബൂബക്കര്‍ ഉമറിനോട് കുപിതനായി. ഉമര്‍ തിരിഞ്ഞുനടന്നു. ഇതു കണ്ട അബൂബക്കറിന് ഖേദം തോന്നി. ഉമറിനെ പിന്തുടര്‍ന്നു. ‘എനിക്ക് മാപ്പിന് അപേക്ഷിക്കണം ഉമര്‍’ എന്നാവശ്യപ്പെട്ടു. ഉമര്‍ അദ്ദേഹത്തെ ഗൗനിച്ചില്ല. അബൂബക്കര്‍ ക്ഷമാപണം തേടി അദ്ദേഹത്തിന്റെ വീടു വരെ എത്തി. അദ്ദേഹം ആ വാതില്‍ കൊട്ടിയടച്ചു. അബൂബക്കര്‍ നബിയുടെ അരികിലെത്തി. അബൂബക്കറിന് വല്ലാത്ത വിഷമം. മൗനിയായി ഇരുന്നു. നിമിഷങ്ങള്‍ക്കകം ഉമറിന് മനസ്താപമുണ്ടായി. നബി(സ)യുടെ സവിധത്തിലെത്തിയ ഉമര്‍ സലാം പറഞ്ഞ് സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞു. താന്‍ അബൂബക്കറിന്റെ ക്ഷമാപണം തിരസ്‌കരിച്ച കുറ്റം ഏറ്റുപറഞ്ഞു. പ്രവാചകന് ദേഷ്യം വന്നു. അതു കണ്ട അബൂബക്കര്‍ ഉമറിനെ കുറ്റവിമുക്തമാക്കി സംസാരിച്ചുകൊണ്ടേയിരുന്നു: ”പ്രവാചകരേ, ഞാനാണ് തെറ്റുകാരന്‍. ഞാനാണ് ദ്രോഹം ചെയ്തത്.” സ്വന്തം തെറ്റിനെ തിരിച്ചറിയാനും തിരുത്താനും മഹാമനസ്‌കതയുള്ള സച്ചരിതരുടെ ജീവിതത്തില്‍ നിന്ന് ഒട്ടനവധി സന്ദര്‍ഭങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്.
ബന്ധങ്ങളുടെ വിശുദ്ധിയില്‍ ബാധ്യതകള്‍ നിര്‍വഹിച്ച് ജീവിക്കാന്‍ കടപ്പെട്ട വിശ്വാസികള്‍ സദാ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതു തന്നെയാണ് അനുനയ സമീപനം എന്നത്. കുടുംബത്തിലും സമൂഹത്തിലും സംഘടനയിലും മാത്രമല്ല, ഒരു പൗരന്‍ എന്ന നിലയ്ക്ക് ഈ നാട്ടില്‍ നാം ഇടപെടുന്ന എല്ലാ മേഖലയിലും ഭിന്നതയും ചേരിതിരിവും രൂക്ഷമാവുകയും അസ്വാരസ്യങ്ങളും അസമാധാനവും പുകയുകയും ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി ഉണ്ടായ മനഃസംസ്‌കരണത്തിന്റെ വശം മസ്‌ലഹത്തുമായി ബന്ധപ്പെട്ടുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തിയത് നാം പഠിക്കേണ്ടതാണ്. അത് ഇങ്ങനെയാണ്:
ആയിശ(റ)യെപ്പറ്റി അപരാധം പറയുന്നതില്‍ കാര്യമായ പങ്കു വഹിച്ച മിസ്ത്വഹി(റ)ന് മേലില്‍ തന്റെ സഹായം തുടരുകയില്ലെന്ന് അബൂബക്കര്‍(റ) ശഠിച്ചു. ഈ കടുത്ത നിലപാട് എടുത്തതിനെ വിമര്‍ശിച്ചു (തിരുത്തി) കൊണ്ട് അല്ലാഹു അവതരിപ്പിച്ച സൂക്തത്തില്‍ (24:22) ഇങ്ങനെ പറയുന്നു: ”നിങ്ങളില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിട്ടുപോന്നിട്ടുള്ളവര്‍ക്കും തങ്ങള്‍ കൊടുത്തുവരുന്നതിന് സത്യം ചെയ്ത് മുടക്കമുണ്ടാക്കരുത്. അവര്‍ക്ക് മാപ്പ് നല്‍കുകയും വിട്ടുകൊടുക്കുകയും ചെയ്യട്ടെ. നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തുതരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹുവാകട്ടെ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”
ബന്ധങ്ങളില്‍ നന്മയുടെ യും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സൗരഭ്യം പരത്തി ജീവിതം സാര്‍ഥകമാകുമ്പോഴാണ് പാരത്രിക ജീവിതത്തിലും പരമകാരുണികന്റെ കൃപാകടാക്ഷങ്ങള്‍ക്ക് നാം അര്‍ഹരായിത്തീരുന്നത്.

Back to Top