16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

മസ്ജിദുന്നബവിയിലെ വെള്ളിയാഴ്ചകള്‍

എന്‍ജി. പി മമ്മദ് കോയ


നാല്പത് നേരത്തെ നമസ്‌കാരം ഓരോ ഹാജിക്കും ഇമാമോടൊന്നിച്ച് മസ്ജിദുന്നബവിയില്‍ കിട്ടത്തക്കവിധമാണ് ഹജ്ജ് കമ്മിറ്റി മദീനയിലെ താമസം ആസൂത്രണം ചെയ്തിരിക്കുന്നത്. 8 ദിവസമായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിന് അനുവദിച്ചിരുന്നത്. പക്ഷെ ഒമ്പത് ദിവസം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ രണ്ട് വെള്ളിയാഴ്ച പ്രവാചക പള്ളിയില്‍ ജുമുഅ നമസ്‌കരിക്കാന്‍ ഭാഗ്യം ലഭിച്ചു.
ഹജ്ജ് കാലത്ത് ജുമുഅ നമസ്‌കരിക്കുന്നതിന് പരിശുദ്ധ ഹറമില്‍ അവസരം കിട്ടാന്‍ വളരെ നേരത്തെ എത്തണം. രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ അകത്ത് പ്രവേശിക്കണം. റൗദയുടെ ഉള്‍ഭാഗത്തേക്കാണെങ്കില്‍ ആലോചിക്കുകയേ വേണ്ട! അത്രക്ക് തിരക്കായിരിക്കും. പലരും പ്രഭാത നമസ്‌കാരം കഴിഞ്ഞു പുറത്ത് പോകാതിരിക്കുന്നത് കാണാം. സമയം താമസിക്കുന്നതിനനുസരിച്ചു ടെറസ്സിലും മുറ്റത്തും പുറത്ത് റോഡിന്റെ പരിസരത്തും നില്‌ക്കേണ്ടി വരും.
പരിശുദ്ധ ഹറമിന്റെ തുറസ്സായ മുറ്റം യാന്ത്രിക കുടയുടെ മേല്‍ക്കൂര കൊണ്ട് തണല്‍ വിരിച്ചിട്ടുണ്ട് ‘മാര്‍ബിള്‍ ക്ലാഡിങ്ങ്’ ചെയ്തു മനോഹരമാക്കിയ തൂണുകളുടെ നെറുകയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. നിവര്‍ത്തിയാല്‍ ഏതാണ്ട് അഞ്ചു മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണമുള്ള കുടകള്‍ യാന്ത്രികമായാണ് തുറക്കുന്നതും പൂട്ടുന്നതും! ദിവസവും രാവിലെ 6 മണിക്ക് ഇവ ഒന്നിച്ച് വിരിയാനാരംഭിക്കും. സാവധാനം വിരിഞ്ഞു വരുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഇരുന്നൂറ്റമ്പതില്‍ പരം കുടകള്‍ ഇങ്ങനെ സംവിധാനിച്ചിട്ടുണ്ട്. ഈ കുടകള്‍ 1,43,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ മുറ്റത്തിന് മേല്പ്പുരയായി സംരക്ഷണം നല്കുന്നുണ്ട്. ജര്‍മ്മന്‍ ആര്‍കിടെക്റ്റായ മഹ്മൂദ് ബോഡൊ റാഷ് ആണ് ഈ കുടകള്‍ രൂപകല്പന ചെയ്തത്.
ഈജിപ്തിലെ അല്‍അസ്ഹര്‍ പള്ളി മുറ്റത്തും ഇതുപോലെയുള്ള അല്പം ചെറിയ കുടകള്‍ കണ്ടതായി ഓര്‍ക്കുന്നു. ‘പോളി ടെട്രാ ഫ്‌ളൂറാ എത്തിലീന്‍’ (ജഠഎഋ) ഷീറ്റുകൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ താര്‍പായ പോലുള്ള മെറ്റീരിയലാണിത്. ഇവയുടെ അടിഭാഗം ചിത്രപ്പണികളാല്‍ അലങ്കരിച്ചിട്ടുണ്ട്. എല്ലാ കുടകളും വിരിഞ്ഞു നിന്നാല്‍ ഒരു വലിയ സമ്മേളന പന്തലിന്റെ പ്രതീതിയാണ്. കുടക്കാലുകളായ തൂണുകളില്‍ ഫാനുകളും അലങ്കാര വിളക്കുകളുമുണ്ട്.
അറബിയില്‍ ശൈലീ നിബിഡമായ നല്ല പ്രസംഗം തന്നെയാണ് മസ്ജിദുന്നബവിയിലെ ഖുത്ബ. സ്മാര്‍ട്ട് ഫോണും ഇയര്‍ഫോണുമുണ്ടെങ്കില്‍ ഇംഗ്ലീഷില്‍ ഭാഷാമാറ്റം ചെയ്തു കേള്‍ക്കാനുള്ള സംവിധാനം സഊദി റേഡിയോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖുത്ബയും ജുമുഅ നമസ്‌കാരവും കഴിഞ്ഞാലുള്ള ഒരു മനസ്സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയില്ല! അത്രയും ധന്യമാണ് മസ്ജിദുന്നബവിയിലെ ജുമുഅ.
ഓരോ നമസ്‌കാര സമയത്തും മസ്ജിദുന്നബവിയുടെ പരിസരം വലിയ കച്ചവട കേന്ദ്രങ്ങളായി മാറും. പട്ടണങ്ങളിലെ സണ്‍ഡേ മാര്‍ക്കറ്റുകള്‍ പോലെ. ഭൂരിഭാഗം പേരും ഫൂട്ട്പാത്ത് കച്ചവടക്കാരാണ്. മൊട്ടുസൂചി മുതല്‍ വിശുദ്ധ ഖുര്‍ആന്‍ വരെ വില്പനക്കുണ്ട്. ‘ഏതെടുത്താലും രണ്ടു റിയാല്‍’ ‘ഹര്‍ മാല്‍ക്കൊ ദൊ റിയാല്‍’ ‘സത്തു റിയാല്‍, സത്തു റിയാല്‍’ എന്നിങ്ങനെ ലോകത്തുള്ള സകല ഭാഷകളിലും വിളിച്ചു പറഞ്ഞാണ് കച്ചവടം! സ്ത്രീകളും കുട്ടികളും സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുന്ന കുറച്ച് പുരുഷന്‍മാരുമാണ് കച്ചവടക്കാര്‍! തെരുവോരത്തുള്ള സ്ഥിരം ഷോപ്പുകള്‍ സാധനങ്ങള്‍ ഫൂട്ട്പാത്തിലേക്ക് നീട്ടി പ്രദര്‍ശിപ്പിക്കുകയും ‘ഹാര്‍ മാലുകൊ ദോ റിയാല്‍….’ റിക്കാര്‍ഡ് ചെയ്തു വിളിച്ചു പറയുന്നുമുണ്ട്. രാത്രിയായാല്‍ നിയോണ്‍ വെളിച്ചത്താല്‍ വര്‍ണാഭമാണ് ഈ തെരുവീഥികള്‍.
***
തീര്‍ഥാടന നാളുകളില്‍ ഹാജിമാര്‍ സ്വയം മാനസിക പിരിമുറുക്കമുണ്ടാക്കുന്ന കാര്യമാണ് ഭക്ഷണക്കാര്യം. പല ഹാജിമാരും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നാട്ടില്‍ നിന്ന് കൊണ്ടുവരും. മദീനയില്‍ പക്ഷെ പാചകത്തിന് സൗകര്യമില്ല. മക്കയില്‍ താമസസ്ഥലത്ത് നാലു മുറികള്‍ക്ക് ഒരു അടുക്കളയും ഗ്യാസ് സിലിണ്ടറും അനുവദിച്ചിട്ടുണ്ട്. അവിടെയാണ് അധിക ദിവസങ്ങളും കഴിയേണ്ടത്. അടുക്കളയില്‍ നല്ല തിരക്കാണ്. ഓരോരുത്തരും ഊഴം കാത്ത് നിന്ന് പാചകം ചെയ്യുന്നത് കാണാം. സ്ത്രീകള്‍ ഇബാദത്ത് എടുക്കാന്‍ സമയം കിട്ടാത്ത രീതിയിലുള്ള തിരക്ക് യാത്രയുടെ ലക്ഷ്യം തന്നെ മറന്നു പോകുന്ന ദുരവസ്ഥ.
ഭക്ഷണ ചിലവിലേക്ക് 2200 റിയാല്‍ (ഇത് വര്‍ഷാ വര്‍ഷം മാറ്റം വരാം) ഓരോ ഹാജിക്കും ഹജ്ജ് കമ്മിറ്റി നല്കുന്നുണ്ട്. ഏതാണ്ട് 40,000 ഇന്ത്യന്‍ രൂപ! പാകം ചെയ്ത ‘ഹൈജീനിക്കായ’ ഏതുതരം ഭക്ഷണവും മദീനയിലെങ്ങും സുലഭവുമാണ്. രണ്ട് പേര്‍ക്ക് കഴിക്കാവുന്ന കറിയും ഖുബ്ബൂസുമടങ്ങിയ സെറ്റിനു കേവലം ആറു റിയാലാണ് വില! നല്ല നാടന്‍ അരികൊണ്ട് പാകം ചെയ്ത ചോറും കറികളും പപ്പടവും മീന്‍ വറുത്തതുമടങ്ങുന്ന ഉച്ചഭക്ഷണ സെറ്റ് 12 റിയാലിന് കിട്ടും! രണ്ട് പേര്‍ക്ക് വിശപ്പ് മാറ്റാന്‍ ഇത് ധാരാളം! മലയാളികള്‍ നടത്തുന്ന ഹോം ഡെലിവറി സംവിധാനവുമുണ്ട്. പാല്‍ ചായക്ക് രണ്ടു റിയാലും സുലൈമാനിക്ക് ഒരു റിയാലുമാണ് വില.
ഒരു ഇലക്ട്രിക് കെറ്റലും സ്പൂണും ഒന്നോ രണ്ടോ ഗ്ലാസുകളും നിര്‍ബന്ധമാണെങ്കില്‍ കൊണ്ട് പോകാം. പഞ്ചസാരയും ടീ ബാഗുകളുമൊക്കെ അവിടെ കിട്ടും. ലൂസ് ചായപ്പൊടി അവിടെ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ടീ ബാഗുകളാണ് സര്‍വ സാധാരണം.
ഒരാള്‍ എത്ര ഭക്ഷണം കഴിച്ചാലും ഒരു ദിവസം കേവലം 25 റിയാലില്‍ കൂടുതല്‍ ചിലവാകില്ല. 42 ദിവസമാണ് ഒരു ഹാജിക്ക് സഊദി അറേബ്യയില്‍ തങ്ങാന്‍ അനുവാദമുള്ളത്. ഈ കാലയളവില്‍ മുഴുവന്‍ ദിവസവും ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കഴിച്ചാലും ഓരോ ഹാജിയുടെ കയ്യിലും ആയിരം റിയാലെങ്കിലും ബാക്കിയുണ്ടാകും.
ഓരോ ഭക്ഷണ സമയത്തും സൗജന്യ ഭക്ഷണ വിതരണം സാധാരണമാണ്. ബിരിയാണി, കബ്‌സ, കുബൂസ്, കറികള്‍, ജ്യൂസുകള്‍, പഴങ്ങള്‍, തൈര് തുടങ്ങി കഞ്ഞി, അച്ചാര്‍ വരെ. പൊതുസ്ഥലത്തു വെച്ചും ചിലപ്പോള്‍ മുറികളിലേക്ക് കൊണ്ടുവന്നും സന്നദ്ധ സംഘടനകളും വ്യക്തികളും വിതരണം ചെയ്യാറുണ്ട്.
മിക്കവാറും ഹാജിമാര്‍ ഈ സൗജന്യ ഭക്ഷണം വാങ്ങിക്കും. ചുരുക്കം ചിലര്‍ ആവശ്യമുള്ളവര്‍ വാങ്ങട്ടെ, ഞങ്ങള്‍ വാങ്ങിയതുകൊണ്ട് അത്യാവശ്യക്കാര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും കിട്ടാതെ വരരുത് എന്ന് കരുതി വാങ്ങാതിരിക്കും. അവരും മുറികളില്‍ എത്തിച്ചുകൊടുക്കുന്നത് നിഷേധിക്കാറില്ല. ഹാജിമാര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും നല്‍കുന്നത് പുണ്യവും ആതിഥ്യ മര്യാദയുമാണെന്ന് കരുതുന്ന ഉദാരമതികളാണ് ഈ ഭക്ഷണ വിതരണം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
പലരും ആവശ്യത്തിലധികം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു കാണാം. ഇത് രണ്ട് ദിവസം കഴിഞ്ഞു ഒരു മനപ്രയാസവുമില്ലാതെ വേസ്റ്റു ബിന്നില്‍ തട്ടി നശിപ്പിക്കുന്നതും സാധാരണം. ബഹുഭൂരിപക്ഷം ഹാജിമാരും ഹജ്ജ് കര്‍മ്മത്തിന് മാനസികമായി പാകപ്പെടാത്തവരാണ് എന്നതാണ് കാര്യം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഹാജിമാരുടെ സ്ഥിതി വളരെ പരിതാപകരമാണ്. തമ്മില്‍ ഭേദം കേരള ഹാജിമാരാണ്. നിരന്തരമായ ക്ലാസുകളും പ്രിന്റഡ് മനാസിക്കുകളും ഉപദേശ നിര്‍ദ്ദേശങ്ങളും ലഭിക്കുന്നത് കൊണ്ട് കേരള ഹാജിമാര്‍ പെരുമാറ്റത്തിലും ക്ഷമാശീലത്തിലും ഇബാദത്തിലുമൊക്കെ എത്രയോ ഭേദം.
ജന്നത്തുല്‍ ബഖീഅയില്‍ നിന്നിറങ്ങിയപ്പോള്‍ മനസ്സില്‍ കോറിയിട്ട ഖുര്‍ആന്‍ മ്യൂസിയ സന്ദര്‍ശനമാണ് അടുത്ത ലക്ഷ്യം. പരിശുദ്ധ ഹറമിന്റെ അഞ്ചാം നമ്പര്‍ ഗെയ്റ്റിനടുത്താണ് മ്യൂസിയം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x