മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്‌റാഈല്‍ അക്രമം 170 ലധികം പേര്‍ക്ക് പരിക്ക്

മസ്ജിദുല്‍ അഖ്‌സക്ക് നേരെ ഇസ്‌റാഈല്‍ സേനയുടെ ആക്രമണം. അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ ഒത്തുചേര്‍ന്ന ആരാധകരെ പിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ആക്രമണത്തില്‍ 170-ലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ജറൂസലമിനെ ചൊല്ലി കഴിഞ്ഞ ആഴ്ചകളിലായി ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ സംഘര്‍ഷം വീണ്ടും അധികരിച്ചിരുന്നു. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച പതിനായിരക്കണക്കിന് വിശ്വാസികള്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഒത്തുചേരുകയും, ജൂത കുടിയേറ്റക്കാര്‍ അവകാശപ്പെടുന്ന ഇസ്‌റാഈല്‍ അധിനിവേശ മേഖലയില്‍ ഫലസ്തീനികളെ വീടുകളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയുമായിരുന്നു. കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്ന ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് ശൈഖ് ജറാഹിലെ നിവാസികളും ഫസ്തീനികളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരും കഴിഞ്ഞ ആഴ്ചയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജറൂസലമിലെ ആക്രമണത്തില്‍ യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇസ്‌റാഈല്‍- ഫലസ്തീന്‍ അധികൃതര്‍ സംഘര്‍ഷം കുറയ്ക്കുന്നതിന് നിര്‍ണായക നടപടികള്‍ കൈക്കൊള്ളണമെന്നും യു എസ് ആവശ്യപ്പെട്ടു.
