മസ്ജിദുല്‍ അഖ്‌സയിലെ ഇസ്‌റാഈലി കടന്നുകയറ്റം: യു എന്‍ രക്ഷാ സമിതി വിളിച്ച് ചൈനയും യു എ ഇയും
മസ്ജിദുല്‍ അഖ്‌സയിലെ ഇസ്‌റാഈലി കടന്നുകയറ്റം ചര്‍ച്ച ചെയ്യുന്നതിന് യു എന്‍ രക്ഷാസമിതി വിളിച്ച് യു എ ഇയും ചൈനയും. ഇസ്‌റാഈലി തീവ്രവലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തിലാണ് ഇസ്‌റാഈലി സൈന്യം മസ്ജിദുല്‍ അഖ്‌സയിലേക്ക് അതിക്രമിച്ചു കയറിയത്. ഇതിനെ ഫലസ്തീനി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കടന്നുകയറ്റം ആക്രമണങ്ങള്‍ക്ക് കാരണമാകുമെന്ന് ഇസ്‌റാഈലി പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടികളും മത പാര്‍ട്ടികളും ഉള്‍പ്പെടുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ബെന്‍ഗ്വിര്‍ സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ മുസ്‌ലിം ആരാധനയ്ക്ക് മാത്രമാണ് അല്‍അഖ്‌സയില്‍ അനുമതിയുള്ളത്. ഇതില്‍ മാറ്റം കൊണ്ടുവരാനും മേഖലയില്‍ ജൂതര്‍ക്ക് പ്രാര്‍ഥനക്ക് അനുമതി ലഭിക്കാനും ഇസ്‌റാഈല്‍ തീവ്രവലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയുടെ ശേഷിക്കുന്ന സ്ഥലത്ത് ജൂതക്ഷേത്രം നിര്‍മിക്കുമെന്ന തീവ്രവലതുപക്ഷ ഇസ്‌റാഈലികളുടെ ആവശ്യം, നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുമോയെന്നാണ് ഫലസ്തീനികള്‍ ഭയക്കുന്നത്.