8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

മസ്ജിദുകള്‍ വിശ്വസാഹോദര്യത്തിന്റെ കേന്ദ്രങ്ങള്‍

അബ്ദുല്‍അലി മദനി


അത്ഭുതകരമായ ഈ ദൃശ്യപ്രപഞ്ചമഖിലവും രൂപപ്പെടുത്തി സംവിധാനിച്ച നാഥനായ രക്ഷിതാവിന്റെ അനുഗ്രഹകടാക്ഷങ്ങള്‍ സദാ വര്‍ഷിച്ചുകൊണ്ടിരിക്കുന്ന സ്ഥലമെന്ന നിലയില്‍ അവനെ മാത്രം വാഴ്ത്തുവാനും പ്രകീര്‍ത്തിക്കാനും ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട പള്ളികള്‍ക്ക് ഇസ്‌ലാം അതിമഹത്തായ സ്ഥാനമാണ് നല്‍കിയത്. ആകാശഭൂമികളുടെ പ്രകാശമായ അല്ലാഹുവില്‍ നിന്നു പ്രസരിക്കുന്ന വെളിച്ചത്തെ മനുഷ്യര്‍ക്ക് അവരുടെ ഹൃദയത്തില്‍ കത്തിച്ചെടുക്കുവാന്‍ മസ്ജിദുകളില്‍ നിന്ന് സാധ്യമാവും. വെളിച്ചത്തിന്റെ സാക്ഷാല്‍ സ്രോതസ്സ് നാഥനായ അല്ലാഹുവാകുന്നു. സന്മാര്‍ഗവും വെളിച്ചവും സത്യാസത്യ വിവേചനവും ഒഴുകിയെത്തുന്ന കൈവഴികളായി പള്ളികളെ വിലയിരുത്താം. അവിടങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന ആത്മ നിര്‍വൃതി നേടിയവര്‍ ഭൗതിക സുഖാനുഭൂതിയില്‍ മതിമറന്നാടുന്നവരാകില്ല (നൂര്‍ : 37).
ഈ അണ്ഡകടാഹങ്ങളുടെയെല്ലാം സ്രഷ്ടാവും അധിപനുമായ കരുണാമയനായ പടച്ചതമ്പുരാന്റെ വിശിഷ്ടമായൊരു വിവരണം അത്യാകര്‍ഷകമായ ശൈലിയില്‍ മനോഹരമായി ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത് ഇങ്ങനെ വായിക്കാം. ‘അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്കുവെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു.
അനുഗ്രഹീതമായൊരു വൃക്ഷത്തില്‍ നിന്നാണ് അതിന്(വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറു ഭാഗത്തുള്ളതോ അല്ലാത്ത ഒലിവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിനുമേല്‍ പ്രകാശം. അല്ലാഹു അവന്റെ പ്രകാശത്തിലേക്ക് അവനുദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ’ (ഖു. 24:35).
ഈ പ്രപഞ്ചമഖിലവും അവന്റെ ദിവ്യ പ്രഭയാണ് നാം കാണുന്നത്. ആകാശഭൂമികളിലുള്ള സമസ്ത വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും ആശ്വാസം പകരുന്ന മഹല്‍ വെളിച്ചത്തിന്റെ സ്രോതസ്സാണവന്‍. അവനല്ലാതെ ആര്‍ക്കാണിതു നല്‍കാനാവുക? അത്യുല്‍കൃഷ്ടമായ ഈ വെളിച്ചത്തെ ആര്‍ക്കാണ് ഉപമിക്കാനാവുക? അമൂല്യവും അനുപമവുമായ ഈ ദിവ്യദീപ്തിയെ മൊത്തത്തില്‍ വിശദമാക്കുന്ന ഖുര്‍ആനിലെ സൂക്തമാണ് മുകളില്‍ ഉദ്ധരിച്ചത്. നോക്കുക! വളരെയേറെ ഭദ്രമായൊരു വിളക്കുമാടത്തില്‍ നക്ഷത്ര സമാനമായൊരു സ്ഫടികക്കൂട്ടില്‍ കത്തിച്ചുവെച്ച വിളക്ക്. എപ്പോഴും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നിലകൊള്ളുന്ന അനുഗ്രഹീതമായ വൃക്ഷത്തിലെ ഒലിവെണ്ണയൊഴിച്ചാണ് പ്രസ്തുത വിളക്ക് ജ്വലിപ്പിക്കുന്നത്. അഗ്നിസ്പര്‍ശമില്ലെങ്കില്‍ തന്നെയും സ്വയം പ്രഭാപൂരിതമാകുന്നതും ഒന്നിനൊന്ന് മെച്ചപ്പെട്ടതുമായ തിളക്കമാണതിന്. എന്തുകൊണ്ടും ജാജ്വലമായ അതിന്റെ അവര്‍ണനീയ ദീപ്തി പ്രപഞ്ചമഖിലവും പ്രഭ വിതറുന്നതായി ലോകം മുഴുവനും അനുഭവിക്കുന്നു. സര്‍വ ജീവജാലങ്ങളും അതാസ്വദിക്കുന്നു. സ്ഥലകാല സമയ പരിധികള്‍ക്കതീതമായി നിലകൊള്ളുന്ന പരമാര്‍ഥത്തെ ബലഹീനമായ ചിന്തകള്‍കൊണ്ട് കാണാന്‍ പ്രയാസമുണ്ടാകുമെങ്കിലും അനിഷേധ്യമായ യാഥാര്‍ഥ്യത്തെ ആര്‍ക്കാണ് അവഗണിക്കാനാവുക?
അപ്പോള്‍ പ്രപഞ്ചനാഥനായ ദൈവത്തിന്റെ അനുപമമായ വെളിച്ചത്തിന്റെ സ്രോതസ്സില്‍ നിന്ന് പകര്‍ന്നെടുക്കാനും അതുവഴി മനുഷ്യമനസ്സുകളെ ഊര്‍ജ്വസ്വലമാക്കാനും പ്രപഞ്ചത്തിലെവിടെയായാലും സാധിച്ചേക്കാം. എന്നാല്‍ അതിന്ന് പ്രത്യേകമായി ഒരുമിച്ചുകൂടാവുന്ന ഭവനങ്ങളായി പള്ളികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ നിന്ന്, നാല്‍ക്കവലകളില്‍ നിന്ന് അല്‍പം അകലെയായി കാണുന്ന പള്ളിയില്‍ പ്രവേശിച്ചാല്‍ ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ കഴിയുമെന്ന കാര്യം സത്യവിശ്വാസികളാരും തള്ളിക്കളയുകയില്ല.

അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പള്ളികളെ പവിത്രമായ ആലയങ്ങളായി വിശേഷിപ്പിക്കുന്നത്. നോക്കുക! ‘ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുളളത്) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും ചില ആളുകള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചു വിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു’ (ഖു 24:36,37)
പ്രസ്തുത വീടുകളില്‍ തടിച്ചുകൂടുന്ന ആരാധകരായ ജനസഹസ്രങ്ങള്‍ ദൈവത്തിന്റെ അസ്തിത്വവും ഏകത്വവും മഹത്വവും മനസ്സിലാക്കിക്കൊണ്ട് അവനെ മാത്രം ആരാധിക്കുന്നവരും അവനോട് മാത്രം വിളിച്ചു തേടുന്നവരും തന്നെയായിരിക്കും. അവര്‍ അല്ലാഹുവെ വാഴ്ത്തുന്നതിനു പുറമെ അവരുടെ ഹൃദയങ്ങളും ദൃഷ്ടികളും നിലതെറ്റിപോകുന്ന അന്ത്യദിനത്തെ അത്യധികം ഭയപ്പെടുന്നവരുമായിരിക്കണം. അല്ലാത്തപക്ഷം നാമിന്ന് കാണുംപോലെ മനുഷ്യവധങ്ങളുടേയും രാഷ്ട്രീയ പകപോക്കലുകളുടെയും കുടുംബകലഹം തീര്‍ക്കുന്നതിന്റേയും വ്യക്തിപ്രഭാവം ഉയര്‍ത്തിപ്പിടിപ്പിക്കുന്നതിന്റേയും വേദികളായി പള്ളികള്‍ തരം താഴുകതന്നെ ചെയ്യും. ദൈവസ്മരണകളുടെ കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുകളോടെ ഭാരങ്ങള്‍ ഇറക്കിവെക്കാനും വിശ്വസാഹോദര്യത്തിന്റേയും മാനവസംസ്‌കാരത്തിന്റേയും കേന്ദ്രങ്ങളായി പരിലസിക്കാനും പള്ളികളെ അനുവദിക്കണം.
പള്ളികള്‍ അല്ലാഹുവെ മാത്രം ആരാധിക്കാനുള്ളതാണെന്നത്രെ ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നത്. ‘തീര്‍ച്ചയായും പള്ളികള്‍ അല്ലാഹുവിനുള്ളതാണ്. അതിനാല്‍ അല്ലാഹുവിനോടൊപ്പം മറ്റാരോടും നിങ്ങള്‍ പ്രാര്‍ഥിക്കരുത്.'(ഖു. 73:18). അല്ലാഹുവെ മാത്രം ആരാധിക്കുകയെന്ന മര്‍മപ്രധാനമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ പള്ളികളുടെ സംരക്ഷണവും പരിപാലനവും നിഷ്‌കളങ്കരും നിസ്വാര്‍ഥരുമായ വ്യക്തിത്വങ്ങളുടെ കയ്യിലായിരിക്കണം. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘അല്ലാഹുവിന്റെ പളളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്. എന്നാല്‍ അത്തരക്കാര്‍ സന്മാര്‍ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം (8:18)
പള്ളികളെ പരിപോഷിപ്പിക്കുകയെന്നാല്‍ ഒന്നാമതായി മേല്‍ സൂചിപ്പിച്ച വിശേഷണങ്ങള്‍ ഒത്തുകൂടിയ ഭക്തജനങ്ങളാല്‍ ആരാധനാലയങ്ങള്‍ നിറയുകയെന്നതാണ്. കൂടാതെ സൗകര്യത്തിനും മനുഷ്യ പുരോഗതിക്കുമനുസരിച്ച് വ്യത്തിയായും ആകര്‍ഷണീയമായും അതിനെ കാത്തുസൂക്ഷിക്കുകയെന്നതുമാണ്. ഇവ രണ്ടും നഷ്ടപ്പെടുമ്പോള്‍ ആത്മീയതയും തകരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നാഗരികതയും അഭിവൃദ്ധിയുമൊന്നുമില്ലാത്ത കാലഘട്ടങ്ങളില്‍ സത്യവിശ്വാസികള്‍ക്കുണ്ടായിരുന്ന ചൈതന്യവും ഉപകരണങ്ങളും സാങ്കേതിക വിദ്യകളും വര്‍ധിച്ചുവന്ന ആധുനിക കാലഘട്ടത്തിലെ അവസ്ഥയും തമ്മില്‍ എന്തൊരന്തരമാണ് നാം കാണുന്നത്.! അതിനാല്‍ സത്യവിശ്വാസികളുടെ മുന്നില്‍ സമര്‍പ്പിക്കാനുള്ള മഹത്തായ സന്ദേശമിതാണ്: മാനവ സംസ്‌കാരം ഉള്‍ക്കൊള്ളാനാവശ്യമായ ആത്മീയ ചൈതന്യവും ഊര്‍ജവും യഥാര്‍ഥ വെളിച്ചത്തിന്റെ സ്രോതസ്സില്‍ നിന്ന് നേരിട്ട് ആവാഹിച്ചെടുക്കുക.

അത് സാക്ഷാല്‍ പ്രപഞ്ചനാഥനില്‍ നിന്നുള്ള സന്മാര്‍ഗദര്‍ശനമാണ്. അതുകൊണ്ട് മാത്രമേ നിത്യമായ ശാന്തിയും സമാധാനവും ലഭിക്കുകയുളളൂ. പള്ളികളുമായുള്ള ആത്മീയബന്ധം വര്‍ധിപ്പിക്കുക വഴി അല്ലാഹുവില്‍ നിന്ന് പ്രത്യേകമായ അനുഗ്രഹവും തണലും ലഭിക്കുമെന്ന് പ്രവാചകന്‍(സ) അരുളിയിട്ടുണ്ട്. മനുഷ്യ മനസ്സുകളില്‍ അടിഞ്ഞുകൂടിയ പകയും വിദ്വേഷവും തുടച്ചുനീക്കാനാവാത്ത കാലത്തോളം എങ്ങനെയാണ് യഥാര്‍ഥ വെളിച്ചം മനസ്സില്‍ നിറച്ചവരാകുക? ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള പ്രകാശവും വ്യക്തമായ ഗ്രന്ഥവും വന്നിട്ടുണ്ട്.’ (ഖു:5:15). ‘ഹേ! മനുഷ്യരേ, തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ റബ്ബില്‍ നിന്നു ‘ബുര്‍ഹാന്‍’ (പ്രമാണം) വന്നിരിക്കുന്നു. അവന്‍ വ്യക്തമായ പ്രകാശവും ഇറക്കിയിരിക്കുന്നു’ (ഖു 4:174).
യഥാര്‍ഥ വെളിച്ചത്തിന്റെ സ്രോതസ്സായ പ്രപഞ്ചനാഥനില്‍ നിന്ന് വന്നുകിട്ടിയ മാര്‍ഗദര്‍ശനവും സത്യാസത്യ വിവേചനഗ്രന്ഥവുമത്രെ ഖുര്‍ആന്‍. അത് പരമ യാഥാര്‍ഥ്യമായാണ് അവതീര്‍ണമായത്. പഠിക്കാനും പകര്‍ത്താനും പരിശീലിക്കാനും പറ്റിയ ലളിത രൂപത്തിലെ ദൃഷ്ടാന്തങ്ങളാണതിലെ ഇതിവൃത്തം. നാഥന്റെ സവിധത്തില്‍ സന്തോഷപൂര്‍വം അണയാന്‍ ചിന്ത, ബുദ്ധി, പഠനം, മനനം, പാരായണം എന്നിവ സ്വായത്തമാക്കുക. ഖുര്‍ആന്‍ സ്വയം ഓതുക. കേള്‍ക്കുക, ഹൃദിസ്ഥമാക്കുക. ഖുര്‍ആന്‍ സ്വഭാവമാക്കുക.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x