18 Thursday
April 2024
2024 April 18
1445 Chawwâl 9

കുടിയേറ്റക്കാര്‍ കൈയടക്കി അഖ്സ


കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍ അഖ്സയില്‍ ഇസ്‌റാഈല്‍ അധിനിവേശ സൈന്യം നടത്തിയ നരനായാട്ട് വലിയ നാശനഷ്ടങ്ങള്‍ക്കിടയാക്കി. മസ്ജിദ് കോമ്പൗണ്ടില്‍ ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടത്തിയ സൈന്യം തൊട്ടടുത്ത ദിവസങ്ങളിലും ക്രൂരത തുടര്‍ന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഫലസ്തീനികളെ അഖ്സ കോമ്പൗണ്ടില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഇസ്‌റാഈല്‍ സൈന്യം ജൂത കുടിയേറ്റക്കാരെ മസ്ജിദ് കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. സൈന്യത്തിന്റെ അകമ്പടിയോടെയാണിത്. 40 വയസ്സിന് താഴെയുള്ള ഫലസ്തീനികളെ അഖ്സയിലേക്ക് പ്രവേശിപ്പിക്കുന്നത് സൈന്യം തടയുകയാണ്. ഏകദേശം 20,000 ഫലസ്തീന്‍ വിശ്വാസികള്‍ തറാവീഹ് പ്രാര്‍ഥന നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഡസന്‍ കണക്കിന് ആയുധധാരികളായ ഇസ്‌റാഈലി ഉദ്യോഗസ്ഥര്‍ പള്ളിയുടെ മുറ്റത്തേക്ക് പ്രവേശിക്കുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. പ്രാര്‍ഥന അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആരാധകര്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം റബ്ബര്‍ പൊതിഞ്ഞ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിക്കുകയും ചെയ്തു. യു എസ്, യു എന്‍, തുര്‍ക്കി, കാനഡ, യു എ ഇ, അറബ്‌ലീഗ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്‌റാഈല്‍ നടപടിയെ ശക്തമായി അപലപിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x