മാസപ്പിറവി: ഒരു വിയോജനക്കുറിപ്പ്
പി കുഞ്ഞിമുഹമ്മദ് ചെറുവാടി
മാസപ്പിറവിയുമായി ബന്ധപ്പെട്ട് എ അബ്ദുല്‍ഹമീദ് മദീനിയുടെ ഒരു വോയ്സും 16-6-2023ലെ ശബാബില്‍ ഒരു ലേഖനവും കാണാനിടയായി. ഉമ്മിയ്യ് എന്ന പദത്തെ ഗവേഷണം നടത്തി അത് ഉമ്മയുമായി ബന്ധപ്പെട്ട പദമാണെന്നും അക്ഷരജ്ഞാനമില്ലാത്ത സമൂഹം എന്ന് അതിനു പറയേണ്ടതില്ലെന്നും ഗോളശാസ്ത്രമൊക്കെ അറിവുള്ളവരായിരുന്നു ആ സമൂഹമെന്നും പറയുന്നത് കേട്ടു. പിന്നെ എന്തിനാണ് ഉമ്മതുല്‍ ഉമ്മിയ്യ് എന്നു റസൂല്‍ പറഞ്ഞതെന്നു മനസ്സിലാകുന്നില്ല. അത് ഏത് സമൂഹത്തിനും പറയാമല്ലോ.
നക്ഷത്രങ്ങളെ നോക്കി ഒരു മരുഭൂമിയിലൂടെയും കടലിലൂടെയുമൊക്കെ യാത്ര ചെയ്തത് ഗോളശാസ്ത്രം അറിഞ്ഞതുകൊണ്ടാകണമെന്നില്ല. ആമസോണ്‍ കാട്ടില്‍ പെട്ട കൊച്ചുകുട്ടികള്‍ പോലും അതിജീവനത്തിന് സ്വന്തം മാര്‍ഗങ്ങള്‍ ഉപയോഗിച്ചത് കാണാം. നബി(സ)യുടെ കാലത്ത് ഗോളശാസ്ത്രം അറിയുമെന്നതിന് വേറെ തെളിവുകള്‍ തന്നെ വേണം. ആ കാലഘട്ടത്തെ ജാഹിലിയ്യാ കാലഘട്ടം, ഇരുണ്ട കാലഘട്ടം എന്നൊക്കെ അഭിസംബോധന ചെയ്യുന്നതാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. നാസ ലോകത്തെവിടെയും മാസപ്പിറവി കാണില്ലെന്ന് കണക്കുകൂട്ടി പറഞ്ഞ ദിവസം സുഊദി അറേബ്യയില്‍ മാസപ്പിറവി കണ്ടുവെന്നും അത് കണക്ക് തെറ്റാമെന്നതിനു തെളിവാണെന്നും പറയുന്നു. ശാസ്ത്രീയമായി മാസപ്പിറവി കാണില്ല എന്നു പറഞ്ഞ ദിവസം നീതിമാനായ ആള്‍ കണ്ടുവെന്നു പറഞ്ഞാല്‍ പോലും ആ കാഴ്ച തള്ളിക്കളയണമെന്നും അതിന് ഇജ്മാഅ് ഉണ്ടെന്നും വോയ്‌സ് ക്ലിപ്പിലും പറയുന്നു. കണ്ടാല്‍ നോമ്പെടുക്കണമെന്ന് റസൂല്‍ വ്യക്തമായി പറഞ്ഞിരിക്കെ അതിനെതിരില്‍ ഇജ്മാഅ് പറ്റുമോ? കണക്ക് തെറ്റുമെന്നു മനസ്സിലായ സ്ഥിതിക്ക് സുന്നികളെപ്പോലെ മുജാഹിദുകളും കാഴ്ച സ്ഥിരീകരിക്കേണ്ടതല്ലേ?
കണക്കില്‍ ഒരു നാനോ സെക്കന്‍ഡെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ മനുഷ്യന് ചന്ദ്രനില്‍ പോയി തിരിച്ചുവരാന്‍ കഴിയുമോ? ഒന്നുകില്‍ നമ്മുടെ വണ്ടി സ്ഥലത്തെത്തുമ്പോഴേക്ക് ചന്ദ്രന്‍ സ്ഥലം വിട്ടിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ ചന്ദ്രന്‍ വരുന്നതുവരെ നമ്മുടെ വണ്ടി അവിടെ കാത്തുനില്‍ക്കേണ്ടിവരും. ഇന്ത്യാ ഗവണ്‍മെന്റ് കോടികള്‍ മുടക്കി ചന്ദ്രയാന്‍ ദൗത്യം നടത്തുന്നത് വെറുതെയാവില്ലേ? ചന്ദ്രന്റെ ചലനവുമായി ബന്ധപ്പെട്ട കണക്ക് പ്രായോഗികമായി തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ സൂര്യന്റേതോ? നാം നോമ്പെടുക്കുന്നതും മുറിക്കുന്നതും എല്ലാ നമസ്‌കാരവും നിര്‍വഹിക്കുന്നതും കലണ്ടറിലും വാച്ചിലും നോക്കിയിട്ടാണ്. ആ കണക്ക് ശരിയാണെന്ന് 100% ഉറപ്പുണ്ടോ? എപ്പോഴെങ്കിലും നിഴല്‍ നോക്കിയോ അസ്തമയശോഭ കണ്ടോ ഒക്കെ ഉറപ്പുവരുത്തിയിട്ടുണ്ടോ? ചന്ദ്രപ്പിറവിക്ക് തെറ്റു പറ്റിയതുപോലെ അതിനും സംഭവിക്കാമല്ലോ. നമസ്‌കാര സമയത്തിന് ശാസ്ത്രീയ കണക്ക് ഉപയോഗിക്കാമെന്നതിന് ദീനില്‍ തെളിവുണ്ടോ?
ശാസ്ത്രം മാറ്റത്തിനു വിധേയമാണല്ലോ. അപ്പോള്‍ ഒരാള്‍ വ്യഭിചരിച്ചു. വേറൊരാള്‍ കൊലപാതകം നടത്തി. സാക്ഷികള്‍ പറയുന്ന ആളുകളല്ല യഥാര്‍ഥ പ്രതികളെന്ന് ശാസ്ത്രീയമായി തെളിയുന്നു. ഇസ്‌ലാമിക ഗവണ്‍മെന്റ് ഏത് തെളിവ് സ്വീകരിക്കണം?
ഹിലാല്‍ കമ്മിറ്റിയാകട്ടെ ഖാദിമാരാകട്ടെ എട്ട് മണിക്കു മുമ്പ് വിധി പ്രസ്താവിക്കുന്നു. മാസപ്പിറവി കണ്ട ഒരാള്‍ക്ക് നോമ്പ് തുറന്നതിനു ശേഷം ആ വിവരം ഇവരെ അറിയിക്കാനുള്ള സമയം വേണ്ടേ? വിനയത്തോടെ പണ്ടൊക്കെ ചെയ്യുന്നതുപോലെ ‘കണ്ടതായി ഇതുവരെ വിവരം കിട്ടിയില്ല’ എന്ന് പറഞ്ഞുകൂടേ? പണ്ടൊക്കെ രണ്ട് മിനിറ്റിലും നാല് മിനിറ്റിലും ഒക്കെ പിറവി കണ്ട സ്ഥലമാണല്ലോ നമ്മുടേത്.
മുസ്‌ലിം ഐക്യത്തിനു വേണ്ടിയാണോ ഈ സാഹസമൊക്കെ കാണിക്കുന്നത്? സ്ത്രീകള്‍ പള്ളിയില്‍ പോകുമ്പോള്‍ മുനിസിപ്പാലിറ്റി വണ്ടി പോകുന്നതുപോലെ ദുര്‍ഗന്ധവുമായി പോകണമെന്നു പറയുന്നവരും, നോളജ് സിറ്റിയിലെ ത്വവാഫിന് മക്കയിലെ ത്വവാഫിനേക്കാള്‍ കൂലിയുണ്ടെന്ന് പറയുന്നവരുമൊക്കെയായിട്ടാണോ മതപരമായ ഐക്യം ഉണ്ടാക്കേണ്ടത്? ആ ഐക്യത്തിന് അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യതയുണ്ടാകുമോ? ഐക്യം മുജാഹിദുകള്‍ക്ക് മാത്രം ബാധകമായതാണോ? മുജാഹിദുകളാണ് തീവ്രവാദികളെന്ന് പറഞ്ഞ് ഇരു സമസ്തകളും കാമ്പയിന്‍ നടത്തിയത് ഓര്‍മയുണ്ടോ?