27 Saturday
July 2024
2024 July 27
1446 Mouharrem 20

മാസപ്പിറവിയും കാലഗണനയും


ഒരു വര്‍ഷത്തിന് 12 ചന്ദ്രമാസങ്ങളെയാണ് അറബികള്‍ ഇസ്‌ലാമിനു മുമ്പ് കണക്കാക്കിയിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ അറബികളുടെ ഈ സമ്പ്രദായത്തെ അംഗീകരിച്ചുകൊണ്ട് പറഞ്ഞു: ”ആകാശഭൂമികള്‍ സൃഷ്ടിച്ചതു മുതല്‍ അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു” (9:36). ”സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും അതിനു ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു, നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിനു വേണ്ടി. യഥാര്‍ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാകുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു” (10:5).
മാസാരംഭം കുറിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ”നിങ്ങള്‍ മാസം കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ മുറിക്കുക. ഇനി മേഘാവൃതമായാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുക” (ബുഖാരി, മുസ്‌ലിം).
അങ്ങനെ മാസപ്പിറവി കണ്ടാല്‍ അറബി മാസാരംഭമായി. നബി(സ)യും സഹാബിമാരും താബിഉകളും അംഗീകരിച്ചു പോന്നു. ഇങ്ങനെ ഒരു സമ്പ്രദായം സ്വീകരിക്കാനുള്ള കാരണവും നബി(സ) വ്യക്തമാക്കി: ”നാം ഉമ്മിയ്യുകളാണ്, എഴുതാറില്ല, ഗണിതവും അറി യില്ല. അതുകൊണ്ട് മാസം 29 ഓ 30 ഓ ആയിരിക്കും.” അപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞ സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരഗതി അനുസരിച്ചുള്ള കണക്കുകൂട്ടലിനു സാധിക്കാത്തതു കൊണ്ട് നമുക്ക് മാസപ്പിറവി കാണുക തന്നെ വേണമെന്ന് നബി(സ) അറിയിച്ചു. അങ്ങനെ മാസാരംഭത്തിനു പിറവി കാണലായിരുന്നു അന്നത്തെ സമ്പ്രദായം. ഇതിന് ഉറുഫ് എന്നാണ് അറബിയില്‍ പറയുക.
പിന്നീട് ഗോളശാസ്ത്രം വളരെയധികം വികസിക്കുകയും മുസ്‌ലിം പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പ്രാവീണ്യം നേടുകയും ചെയ്ത ശേഷം നാം ഉമ്മിയ്യുകളായിത്തന്നെ എക്കാലത്തും തുടരണോ? അതായിരുന്നോ മുഹമ്മദ് നബി(സ)യുടെ ഉദ്ദേശ്യം? അല്ല, ഒരിക്കലുമല്ല. ഈ സമുദായത്തെ അല്ലാഹു വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: ”മനുഷ്യവംശത്തിനു വേണ്ടി രംഗത്തു കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍” (3:110). അപ്പോള്‍ മനുഷ്യവംശത്തിനു നേതൃത്വം കൊടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത ഈ സമുദായം എന്നും അക്ഷരജ്ഞാനമില്ലാത്തവരായി തുടരുകയാണോ വേണ്ടത്? ഞങ്ങള്‍ ഉമ്മിയ്യുകളാണെന്ന് ലോകത്തോട് പറയാന്‍ ആരാണ് മുന്നോട്ടുവരുക?
നബി(സ)യുടെയും സഹാബിമാരുടെയും കാലഘട്ടത്തിലുള്ള സമ്പ്രദായം (ഉറുഫ്) ഇസ്‌ലാമിലെ സുവര്‍ണ കാലഘട്ടമായി വിശേഷിപ്പിക്കപ്പെട്ട മൂന്നും നാലും നൂറ്റാണ്ടുകളില്‍ മാറിയ ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിലാവാമെന്ന് ആ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ വ്യക്തമായി നമുക്ക് പറഞ്ഞു തന്നു. അങ്ങനെ ന്യൂമൂണ്‍ (കറുത്ത വാവ്) കഴിഞ്ഞു ദര്‍ശനത്തിനു സഹായകമാകും വിധം ഹിലാല്‍ പിറ സൂര്യാസ്തമയത്തിനു ശേഷം ചക്രവാളത്തില്‍ ഉണ്ടെങ്കില്‍ മാസപ്പിറവി സംഭവിച്ചതായി കണക്കാക്കാവുന്നതാണ്. ഇത് വിശുദ്ധ ഖുര്‍ആനിനും തിരുചര്യക്കും ഒരിക്കലും എതിരല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തും വിഭാവനം ചെയ്യുന്ന ആശയം ആധുനിക ലോകത്തിന് പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഈ അഭിപ്രായം ആദ്യമായി പറഞ്ഞത് പ്രധാന താബിഈ പണ്ഡിതനായ മുത്വ്‌രിഫ്ബ്‌നു അബ്ദുല്ല ശുഖൈര്‍ ആണ്. അദ്ദേഹം ജനിച്ചത് ഹിജ്‌റ 78-ലാണ്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഈ അഭിപ്രായം താബിഈ പണ്ഡിതന്മാരില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം. പിന്നീട് ധാരാളം പണ്ഡിതന്മാര്‍ ഈ അഭിപ്രായത്തിനു പിന്തുണ നല്‍കി. അവരില്‍ ചിലരാണ് ഇബ്‌നു മുഖാതിലുര്‍റാസി, ഖാസി അബ്ദുല്‍ ജബ്ബാര്‍, ഇബ്‌നു ഖുതൈബ അദ്ദൈനൂരി, ഇബ്‌നു ശുറൈഹ് അശ്ശാഫിഈ (മൂന്നാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബില്‍ ഈ അഭിപ്രായം സ്വീകരിച്ച പണ്ഡിതനാണ് അദ്ദേഹം.) എന്നിവര്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യന്‍ ഖഫ്ഫാലുല്‍ കബീര്‍ അശ്ശാസി, ഇബ്‌നു ദവീഖുല്‍ ഈദി, ആധുനിക പണ്ഡിതന്മാരില്‍ ശൈഖ് ത്വന്‍ത്വാവി അല്‍ ജൗഹരി, ശൈഖ് മുസ്തഫല്‍ മറാഗി, ശൈഖ് റഷീദ് രിദ, ശൈഖ് മുഹമ്മദ്, ബഗീതുല്‍ മുത്വീഇ, ശൈഖ് അഹ്മദ് ശാക്കിര്‍, മുഹമ്മദ് ഫത്ഹീ അദ്ദരീസി, മുസ്തഫ അഹ്മദ് സര്‍ഖാ, യൂസുഫുല്‍ ഖറദാവി തുടങ്ങിയ വിശ്രുതരായ ധാരാളം പണ്ഡിതന്മാര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഖിറാഅത്തു ത്വാരീഖിയ്യ ലിതത്വവ്വുരി ഇല്‍മുല്‍ ഫലഖ് ഫിതഹ്ദീദില്‍ അശ്ഹൂരില്‍ ഖമരിയ്യ എന്ന ഗ്രന്ഥം വായിക്കാവുന്നതാണ്. ഈ ഗ്രന്ഥം വായിച്ചാല്‍ മേല്‍ പണ്ഡിതന്മാരില്‍ ചിലരെ, ന്യൂമൂണിനെ (കറുത്ത വാവ്) പറ്റിയാണവര്‍ പറഞ്ഞതെന്ന കള്ളത്തരം പൂര്‍ണമായും പൊളിഞ്ഞു പോകുന്നതാണ്.
മാസപ്പിറവി കാണലല്ല നമ്മുടെ അടിസ്ഥാന ലക്ഷ്യം. അത് ലക്ഷ്യത്തിലേക്കുള്ള ഒരു മാര്‍ഗം മാത്രമാണ്. പുതിയ മാസം പിറന്നുവെന്ന് ഉറപ്പുവരുത്തലാണല്ലോ നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങള്‍ പലതുമാവാം. പ്രത്യേകിച്ച് ഗോളശാസ്ത്രം വളരെയധികം പുരോഗമിച്ച ഇക്കാലത്ത് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള എളുപ്പമാര്‍ഗം സ്വീകരിക്കാം. പക്ഷേ, അത് ഹിജ്‌റ കമ്മിറ്റിക്കാരെ പോലെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടാവരുതെന്നു മാത്രം.
ഖുര്‍ആന്‍ പറയുന്നു: ”നബിയേ, നിന്നോട് അവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ഥാടനത്തിനും കാലനിര്‍ണയത്തിനുമുള്ള ഉപാധികളാകുന്നു അവ” (2:189). ഇവിടെ ഹിലാലിനെ കാലനിര്‍ണയത്തിനുള്ള ഒരടയാളമാക്കി എന്നാണ് പറഞ്ഞത്. അതിനെ കാണണമെന്നല്ല. തുടര്‍ന്ന് നബി(സ) നല്‍കിയ വിശദീകരണം ‘മാസം കണ്ടാല്‍ നോമ്പെടുക്കുക, അതു കണ്ടാല്‍ നോമ്പ് മുറിക്കുക’ എന്നതാണ്. അപ്പോള്‍ നോമ്പിനും പെരുന്നാളിനും മാസം കാണല്‍ ഒരു മാര്‍ഗമായി നബി(സ) നിശ്ചയിച്ചു. വേറെ മാര്‍ഗങ്ങളൊന്നും സ്വീകരിക്കരുതെന്ന് നബി(സ) പറഞ്ഞിട്ടില്ല. ഈ മാര്‍ഗം സ്വീകരിക്കാനുള്ള കാരണവും നബി(സ) പറഞ്ഞു: നമ്മള്‍ ഉമ്മിയ്യുകളാണ്, എഴുതാറില്ല, ഗണിതം അറിയില്ല. അതുകൊണ്ട് മാസം ഇങ്ങനെ 29-ഉം ഇങ്ങനെ 30-ഉം എന്നാണ് പറഞ്ഞത്. ഈ ഹദീസ് മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നു സൂചന നല്‍കുന്നുണ്ട്. ഈ കാഴ്ച മാസപ്പിറവി ഉണ്ടായെന്ന ശഹാദത്താണ്. ശഹാദത്ത് സ്വീകരിക്കണമെങ്കില്‍ അത് കളവല്ല എന്ന് ഉറപ്പുവരുത്തണം. ഗോളശാസ്ത്രം ഖണ്ഡിതമായ നിലയ്ക്ക്, ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ചന്ദ്രന്‍ അസ്തമിച്ചതായി പറഞ്ഞാല്‍ അന്നു ചന്ദ്രപ്പിറവി കണ്ടു എന്നത് കള്ളസാക്ഷ്യമാണെന്ന് ഉറപ്പാണ്. ഈ കള്ളസാക്ഷ്യത്തെ തള്ളിക്കളയുന്നത് ഒരിക്കലും നബി(സ)യുടെ സുന്നത്തിനെ തള്ളിക്കളയലല്ല. ആ സുന്നത്തിനെ സ്ഥിരീകരിക്കലാണ്. ചിലപ്പോള്‍ കാഴ്ചയെ നിഷേധിക്കുകയും കണക്കിനെ അനുകൂലിക്കുകയും ചെയ്യുന്നത് വിവിധ രൂപങ്ങളില്‍ വരാവുന്നതാണ്:
1. ചന്ദ്രന്‍ അസ്തമിക്കുന്നതിനു മുമ്പ് സൂര്യന്‍ അസ്തമിക്കുക. തുടര്‍ന്ന് മാസപ്പിറവി കാണുക. ഇപ്പോള്‍ ഗോളശാസ്ത്ര കണക്കനുസരിച്ചും പിറവി കണ്ടതനുസരിച്ചും പുതിയ മാസം പിറന്നു.
2. ചന്ദ്രന്‍ അസ്തമിച്ച ശേഷം സൂര്യന്‍ അസ്തമിക്കുക. ആരും മാസപ്പിറവി കണ്ടതായി പറയുന്നില്ല. ഈ അവസരത്തിലും കണക്കും കാഴ്ചയും ഒത്തുവരുന്നു.
3. ചന്ദ്രന്‍ അസ്തമിക്കുന്നതിനു മുമ്പ് സൂര്യന്‍ അസ്തമിച്ചു. ആരും പിറവി കണ്ടതായി പറയുന്നില്ല. അപ്പോള്‍ ഗോളശാസ്ത്ര കണക്കനുസരിച്ച് പിറവി ഉണ്ടായി. അപ്പോള്‍ ലോകത്ത് മുസ്‌ലിം നാടുകളില്‍ എവിടെയെങ്കിലും പിറവി കണ്ടാല്‍ മറ്റുള്ളവര്‍ അത് അംഗീകരിക്കണം. അന്ന് പിറവി ഉണ്ടെങ്കില്‍ ലോകത്ത് എവിടെയെങ്കിലും കാണാതിരിക്കില്ല.
4. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പ് ചന്ദ്രന്‍ അസ്തമിക്കുക, ഈ അവസ്ഥയില്‍ ആരെങ്കിലും മാസപ്പിറവി കണ്ടതായി പറഞ്ഞാല്‍ അംഗീകരിക്കാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗോളശാസ്ത്ര കണക്ക് അംഗീകരിക്കണമെന്നാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഹിലാല്‍ സ്ഥിരീകരണത്തിന് ദര്‍ശനമാണ് അവലംബിക്കേണ്ടത് എന്ന പ്രബലമായ അഭിപ്രായത്തെ നാം ചെറുതായി കാണുന്നില്ല. സമയകാല നിര്‍ണയം കൂടുതല്‍ വ്യക്തവും സുതാര്യവുമായ രൂപത്തില്‍ സാധിക്കുന്ന ഇക്കാലത്ത് മാസമുറപ്പിക്കാന്‍ ഗോളശാസ്ത്ര പ്രകാരമുള്ള ബോധ്യം മതിയാവില്ലേ എന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ട്.

ഉദയാസ്തമയ വ്യത്യാസം
പരിഗണിക്കേണ്ടതുണ്ടോ?

മുസ്‌ലിം ലോകം മുഴുവന്‍ ഒരേ തിയ്യതിയിലാണ് നോമ്പും പെരുന്നാളും ഹജ്ജും ആചരിക്കേണ്ടത്. ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. ഏതെങ്കിലും ഒരു നാട്ടില്‍ പിറവി കണ്ടാല്‍ എല്ലാവരും അത് അംഗീകരിക്കേണ്ടതാണ്. ഇതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നബി(സ) പറഞ്ഞു. ”പിറവി കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ മുറിക്കുക” (ബുഖാരി, മുസ്‌ലിം).
ലോക മുസ്‌ലിംകളോടാണ് നബി(സ) ഈ ആഹ്വാനം നടത്തിയത്. അതിനാല്‍ മുസ്‌ലിംകള്‍ എല്ലാവരും നബി(സ)യുടെ ഈ ആഹ്വാനത്തെ സ്വാഗതം ചെയ്ത് നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടതാണ്. തീര്‍ച്ചയായും മുസ്‌ലിംകള്‍ ഒരേ ശരീരം പോലെയാണെന്ന് നബി(സ)യുടെ വചനം ഇവിടെ ഓര്‍ക്കുക. ഒരേ ശരീരം പോലെയാവണമെങ്കില്‍ അവര്‍ക്കിടയില്‍ ഐക്യമുണ്ടാവണം. ശാസ്ത്രം വികസിച്ച ഈ കാലഘട്ടത്തില്‍ പൊതുവിഷയങ്ങളില്‍ ഐക്യപ്പെടുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. നബി(സ)യുടെ കാലത്ത് മദീനയില്‍ പിറവി കണ്ടാല്‍ മക്കക്കാരെ പോലും അറിയിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ വാര്‍ത്ത എത്തിക്കാനും മുസ്‌ലിംകള്‍ക്ക് ഐക്യപ്പെടാനും സാധിക്കുന്നതാണ്.
ഭൂരിപക്ഷം പണ്ഡിതന്മാരും ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. അതിനു ധാരാളം തെളിവുകള്‍ അവര്‍ ഉദ്ധരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടവ താഴെ പറയുന്നു:
1. ഏതെങ്കിലും ഒരു ഭൂഖണ്ഡത്തില്‍ റമദാന്‍ മാസപ്പിറവി കണ്ടാല്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ ഉള്ളവരെല്ലാം നോമ്പെടുക്കേണ്ടതാണ്. ഉദയാസ്തമയ വ്യത്യാസത്തിനു യാതൊരു പരിഗണനയും നല്‍കേണ്ടതില്ല. ഇതാണ് അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്‌നു ഹമ്പല്‍ മുതലായവര്‍ പറഞ്ഞത്. ശാഫിഈ ഇത് അംഗീകരിച്ചിട്ടില്ല (അല്‍ മദാഹിബുല്‍ അര്‍ബഅ 1:550).
2. ഏതെങ്കിലും ഒരു പട്ടണത്തില്‍ മാസപ്പിറവി സ്ഥിരീകരിച്ചാല്‍ മറ്റുള്ളവര്‍ എല്ലാവരും അതംഗീകരിക്കണം. അപ്പോ ള്‍ പടിഞ്ഞാറുള്ളവര്‍ പിറവി കണ്ടാല്‍ കിഴക്കുള്ളവര്‍ അത് അംഗീകരിക്കണം (ശറഹ് ഫത്ഹുല്‍ ഖദീര്‍ 2:314).
3. ഏതെങ്കിലും ഒരു സ്ഥലത്ത് റമദാന്‍ പിറവി കണ്ടതായി സ്ഥിരീകരിക്കപ്പെട്ടാല്‍ എല്ലാവരും നോമ്പെടുക്കേണ്ടതാണ്. കാണാത്തവര്‍ കണ്ടവരെ അംഗീകരിക്കണം. ഉദയാസ്തമയ വ്യത്യാസം ഉണ്ടെങ്കിലും ശരി (അല്‍ ഇഖ്‌നാഅ്, ഇബ്‌നു ഹജാ ശറഫുദ്ദീന്‍ 1:309).
4. ഹനഫികളും മാലികികളും ഹമ്പലികളും പറയുന്നു. ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. ഒരു നാട്ടുകാര്‍ പിറവി കണ്ടാല്‍ മറ്റെല്ലാ നാട്ടുകാര്‍ക്കും നോമ്പ് നിര്‍ബന്ധമായി. മാസം കണ്ടാല്‍ നോമ്പെടുക്കക. അതു കണ്ടാല്‍ മുറിക്കുക എന്ന നബിവചനമാണ് അവര്‍ പ്രമാണമായി ഉദ്ധരിക്കുന്നത്. ഇത് മുസ്‌ലിം സമുദായത്തോട് മൊത്തമായുള്ള ഒരു കല്‍പനയാണ്. അതിനാല്‍ മുസ്‌ലിംകളില്‍ പെട്ട ഒരാള്‍ എവിടെ വെച്ചു കണ്ടാലും എല്ലാ മുസ്‌ലിംക ള്‍ക്കും അത് ബാധകമാണ് (തഫ്‌സീര്‍ ആയാത്തില്‍ അഹ്കാം, സാബൂസി).
5. ഒരു നാട്ടില്‍ പിറവി കണ്ടാല്‍ എല്ലാ നാട്ടുകാര്‍ക്കും ആ പിറവി അംഗീകരിക്കല്‍ നിര്‍ബന്ധവുമാണ്. ഇതാകുന്നു മാലികികളുടെ പ്രസിദ്ധമായ അഭിപ്രായം (ഫത്ഹുല്‍ ബാരി (5:601).
6. ശാഫിഈ മദ്ഹബിലെ നമ്മുടെ ആളുകള്‍ പറഞ്ഞു: ഒരു സ്ഥലത്ത് പിറവി കണ്ടാല്‍ അത് ഭൂമിയില്‍ ഉള്ളവര്‍ക്കെല്ലാം ബാധകമാണ്. അപ്പോള്‍ കുറൈബിന്റെ റിപോര്‍ട്ടിനെ ഇബ്‌നു അബ്ബാസ് തള്ളിയത് അത് ശഹാദത്തല്ലാത്തതു കൊണ്ടാണ്. ശഹാദത്തിന് ഒരാള്‍ മതിയാവില്ല” (ശറഹ് മുസ്‌ലിം 4:212, ഇമാം നവവി).
7. ഭൂരിപക്ഷം പണ്ഡിതന്മാര്‍ പറയുന്നു, ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. ഒരു നാട്ടുകാര്‍ പിറവി കണ്ടാല്‍, മാസം കണ്ടാല്‍ നിങ്ങള്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ മുറിക്കുക എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ നാട്ടുകാര്‍ക്കും നോമ്പ് നിര്‍ബന്ധമായി. നബി(സ)യുടെ ഈ ആഹ്വാനം മുസ്‌ലിം ഉമ്മത്തിനോടാണ്. അതിനാല്‍ മുസ്‌ലിം ഉമ്മത്തില്‍ പെട്ട ഒരാള്‍ എവിടെ വെച്ചു പിറവി കണ്ടാലും അത് എല്ലാവരും അംഗീകരിക്കേണ്ടതാണ് (ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്, 2:436).
8. നോമ്പിനോടോ പെരുന്നാളിനോടോ ഹജ്ജിനോടോ അനുബന്ധിച്ച് പിറവി കണ്ട വിവരം കിട്ടിയാല്‍ അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നതില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആനും സുന്നത്തും പൂര്‍വ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ഇതിനു പിന്‍ബലം നല്‍കുന്നു. ചിലര്‍ നിശ്ചിത യാത്രാ ദൂരത്തിനുള്ളില്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ ഭൂഖണ്ഡത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ ബാധകമാവൂ എന്നഭിപ്രായപ്പെട്ടത് ശരിയല്ല. അത് ശരീഅത്ത് നിയമങ്ങള്‍ക്കും ബുദ്ധിക്കും എതിരാണ് (ഫതാവാ ഇബ്‌നു തൈമിയ്യ 25:103).
9. ഒരു നാട്ടുകാര്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ നാട്ടുകാര്‍ക്കും നോമ്പ് നിര്‍ബന്ധമായി. ഇത് ഇമാം ലൈസിന്റെയും ചില ശാഫിഈ പണ്ഡിതന്മാരുടെയും അഭിപ്രായമാണ് (അല്‍മുഗ്‌നി, ഇബ്‌നു ഖുദ്ദാമല്‍ മഖ്ദിസി 3:10,11).
10. നിങ്ങള്‍ അതിനെ കണ്ടാല്‍ എന്ന നബിവചനത്തിന്റെ അര്‍ഥം, നിങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും പിറവി കണ്ടാല്‍ എന്നാണ്. ഇതനുസരിച്ച് ഒരു നാട്ടിലെ പിറവി എല്ലാ നാട്ടുകാരുടെയും പിറവിയാണ്. അപ്പോള്‍ എല്ലാവര്‍ക്കും ഒരേപോലെ നിയമം ബാധകമായി (സുബ്‌ലുസ്സലാം 1:644).
11. ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി പറഞ്ഞു: ”പിറവി കണ്ടാല്‍ നോമ്പെടുക്കുക, പിറവി കണ്ടാല്‍ മുറിക്കുക എന്ന കല്‍പന മുസ്‌ലിം സമുദായത്തിന് മൊത്തമായുള്ളതാണ്. ഉദയാസ്തമയ വ്യത്യാസം കൊണ്ടതിനു നിബന്ധന വെക്കാന്‍ പാടില്ല (ഫതാവാ അല്‍ബാനി 6:123).
12. നാം അടിയന്തരമായി പരിഗണിക്കേണ്ടത് മാലികികളും ഹനഫികളും സൈദികളില്‍ ഒരു വിഭാഗവും മഹ്ദിയും ഖുര്‍ത്വുബിയും പറഞ്ഞ അഭിപ്രായമാണ്. അത്, ഒരു നാട്ടില്‍ പിറവി കണ്ടാല്‍ എല്ലാ നാട്ടുകാരും അതംഗീകരിക്കണം എന്നതാണ് (നൈലുല്‍ ഔതാര്‍, ശൗകാനി 4:269).
13. മാസപ്പിറവിയെ എല്ലാവരും പരിഗണിക്കണം. ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. കാരണം നബി(സ) പിറവി കാണുന്നതിനെ ആസ്പദമാക്കാനാണ് പറഞ്ഞത്. വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. അതിങ്ങനെയാണ്: മാസം കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ മുറിക്കുക, മേഘാവൃതമായാല്‍ 30 പൂര്‍ത്തിയാക്കുക. ഇവിടെ ഉദയാസ്തമയ വ്യത്യാസത്തെ പരാമര്‍ശിച്ചിട്ടേയില്ല. അദ്ദേഹത്തിനത് നന്നായി അറിയാമായിരുന്നു. ഈ അഭിപ്രായമാണ് സുഊദിയിലെ ഉന്നത പണ്ഡിതസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചിട്ടുള്ളത് (ഫതാവാ ഇബ്‌നുബാസ് 25:105-115/83).
ഇനിയും ധാരാളം തെളിവുകള്‍ ഈ വിഷയത്തില്‍ കണ്ടെത്താന്‍ പ്രയാസമില്ല. ഇതെല്ലാം അവഗണിച്ചുകൊണ്ട് സംശയാസ്പദമായ കാര്യങ്ങളെ അവലംബിച്ചു മുന്നോട്ടു നീങ്ങുന്നത് ഒരിക്കലും ശരിയല്ല. മാത്രമല്ല, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെയും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയെയും ശൈഖ് ഇബ്‌നു ബാസിനെയും ഇമാം മാലികിനെയും അഹ്മദുബ്‌നു ഹമ്പലിനെയും ഇമാം അബൂഹനീഫയെയും അവരുടെ അഭിപ്രായങ്ങളെയും പൂര്‍ണമായി അവഗണിച്ചുകൊണ്ട് ഒരു സലഫി പ്രസ്ഥാനത്തിന്നും മുന്നോട്ടുനീങ്ങാന്‍ കഴിയില്ല. മേല്‍പ്പറഞ്ഞ ഭൂരിപക്ഷം പണ്ഡിതന്മാരുടെ മാസപ്പിറവി വിഷയത്തിലുള്ള അഭിപ്രായം സ്വീകരിക്കുന്നതോടുകൂടി ഈ വിഷയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഏതാണ്ടെല്ലാം അവസാനിക്കുന്നതാണ്. ഈ വിഷയത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് അഭിപ്രായങ്ങളെ യോജിപ്പിക്കാനും നമുക്ക് കഴിയും.
പിന്നെ ഓരോ പ്രദേശത്തും പ്രത്യേകം പ്രത്യേകം കാണണമെന്ന വളരെ ദുര്‍ബലമായ അഭിപ്രായവും ന്യൂമൂണ്‍ സിദ്ധാന്തവും മാത്രമാണ് വേറിട്ടുനില്‍ക്കുന്നത്. ന്യൂമൂണ്‍ (കറുത്ത വാവ്) കലണ്ടര്‍ ലോകത്ത് ആദ്യമായി കൊണ്ടുവന്നത് ഹില്ലര്‍ രണ്ടാമന്‍ എന്ന യഹൂദിയാണ്. ലോകത്ത് ഛിന്നഭിന്നമായി കിടക്കുന്ന യഹൂദികളെ ഒരേ ചരടില്‍ കോര്‍ത്തിണക്കുകയായിരുന്നു ലക്ഷ്യം. അത് അയാള്‍ നേടുകയും ചെയ്തു. ഇസ്‌ലാമിക ചരിത്രത്തില്‍ ന്യൂമൂണ്‍ സിദ്ധാന്തം കൊണ്ടുവന്നത് ശീഈ നേതാവും ഫാത്വിമി ഭരണസ്ഥാപകനായ ഉബൈദുല്ലാഹില്‍ മഹ്ദിയാണ്. അദ്ദേഹം ഖൈറുവാന്‍ കേന്ദ്രമായി ഭരണം സ്ഥാപിച്ച ശേഷമാണ് ന്യൂമൂണ്‍ അനുസരിച്ച് പെരുന്നാള്‍ ആചരിക്കാന്‍ ഉത്തരവിട്ടത്. ഇത് അവിടത്തെ ഖാദി അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ”ശഅ്ബാനില്‍ നോമ്പെടുക്കാനും റമദാനില്‍ പെരുന്നാളിന് നേതൃത്വം നല്‍കാനും എനിക്ക് കഴിയില്ല.” അക്കാരണത്താല്‍ അദ്ദേഹത്തെ വളരെ ക്രൂരമായ വധശിക്ഷക്ക് വിധിച്ച് ക്രൂശിക്കുകയാണുണ്ടായത്.
ഈജിപ്തില്‍ ഫാത്വിമി ഭരണകാലത്ത് ന്യൂമൂണ്‍ സിദ്ധാന്തമനുസരിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ ഉത്തരവിടുകയും അല്‍പം ചില ആളുകള്‍ അതംഗീകരിക്കുകയും ചെയ്തു. ഭൂരിപക്ഷവും മാസപ്പിറവി അനുസരിച്ചു തന്നെയാണ് നോമ്പും പെരുന്നാളും ആഘോഷിച്ചത്. പക്ഷേ ഫാത്വിമീ ഖലീഫ ശിക്ഷാനടപടി ഒന്നും എടുത്തിട്ടില്ല. പിന്നീട് സലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് കീഴടക്കിയ ശേഷമാണ് ന്യൂമൂണ്‍ നോമ്പും പെരുന്നാളും അവസാനിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പല സംഭവങ്ങളും അലി മുഹമ്മദ് സ്വല്ലാബിയുടെ അദ്ദൗലത്തുല്‍ ഫാത്വിമിയ്യ എന്ന ഗ്രന്ഥത്തിലും, മഖ്‌രീസിയുടെ ‘ഇത്തിആളുല്‍ ഹുനാഫാ ബിഅഖ്ബാരില്‍ അഇമ്മത്തില്‍ ഫാത്വിമിയ്യീന്‍ അല്‍ ഖുലാഫാഅ്’ എന്ന ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പിന്നെ മുത്വ്‌രിഫ്, ഇബ്‌നു ഖുതൈബ പോലുള്ള പണ്ഡിതന്മാരെ ന്യൂമൂണ്‍ മാസത്തിന്റെ വക്താക്കളായി ചിലര്‍ പരിചയപ്പെടുത്താറുണ്ട്. അതു ശുദ്ധമായ കളവാണ്. ഇവരോട് ഇതിന് തെളിവ് ചോദിച്ചാല്‍ കുറേ കിതാബുകളുടെയും പണ്ഡിതന്മാരുടെയും പേരു പറയും, സാധാരണക്കാ ര്‍ അത് ശരിയാണെന്ന് കരുതും. കൃത്യമായ റഫറന്‍സ് അവര്‍ നല്‍കാറില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x