26 Friday
July 2024
2024 July 26
1446 Mouharrem 19

മാസപ്പിറവി: ചക്രവാളത്തില്‍ കാത്തുനില്‍ക്കുന്ന ചന്ദ്രന്‍

മന്‍സൂറലി ചെമ്മാട്‌


മാസനിര്‍ണയവുമായി ബന്ധപ്പെട്ട അധ്യാപനത്തില്‍ പ്രവാചകന്‍(സ) ആമുഖമായി, ”നമ്മള്‍ എഴുതുകയോ കണക്കു കൂട്ടുകയോ ചെയ്യാ(നറിയാ)ത്ത നിരക്ഷരരായ ഒരു ജനതയാണ്” എന്ന് പറഞ്ഞുവെച്ചത് എന്തിനായിരിക്കും? രണ്ടു സാധ്യതകളാണുള്ളത്. ഒന്നുകില്‍ മുസ്‌ലിം സമുദായം എക്കാലത്തും എഴുത്തും വായനയും കണക്കും പഠിക്കാതെ നിരക്ഷരരായി കഴിയലാണ് സുന്നത്ത് എന്നു പഠിപ്പിക്കാന്‍. അല്ലെങ്കില്‍ കണക്ക് അറിയുന്ന സാക്ഷര സമൂഹത്തിന് കണ്ണിനു പകരം കണക്കിനെയും ആശ്രയിക്കാമെന്ന സൂചനയായിരിക്കാം. ഏതായാലും ആദ്യ വ്യാഖ്യാനം ലോകത്ത് ആരെങ്കിലും ഉന്നയിക്കുന്നതായി അറിവില്ല. എഴുത്തും വായനയും കണക്കും ശാസ്ത്രവും പഠിക്കാനും പഠിപ്പിക്കാനും എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ മല്‍സരിക്കുകയാണ് എല്ലാവരും. അത്യാധുനിക സംവിധാനങ്ങളൊരുക്കി ഏറ്റവും ആധുനികമായ വിജ്ഞാനം പകര്‍ന്നുനല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലെ എല്ലാ മതസംഘടനകള്‍ക്കുമുണ്ട്. പക്ഷേ, ഇങ്ങനെയൊക്കെയായാലും അവര്‍ ‘ഇന്നാ ഉമ്മത്തുന്‍ ഉമ്മിയ്യത്തുന്‍…’ എന്നു പറയാനുള്ള അവസ്ഥയിലാണെന്ന് മനസ്സിലുറപ്പിച്ചു നാവു കൊണ്ട് വെളിവാക്കി പറഞ്ഞ് സ്വയം ചെറുതാവുന്ന സന്ദര്‍ഭമാണ് മാസപ്പിറവി തര്‍ക്കകാലം.
എന്തുകൊണ്ടാണ് മാസപ്പിറവി വിവാദം അവസാനിക്കാത്തത്? അറിവിന്റെയും കഴിവിന്റെയും സംവിധാനങ്ങളുടെയും വളര്‍ച്ചക്കൊത്ത് പ്രമാണബദ്ധമായ ഒരു പരിഷ്‌കരണം എന്തുകൊണ്ടാണ് സാധ്യമാവാത്തത്? പ്രമാണങ്ങളുടെ ദുര്‍വായനയും ധാര്‍ഷ്ട്യവും ഞാനോ വലുത് അവനോ വലുത് എന്ന ഭാവവുമൊക്കെ പലരെയും അന്ധരാക്കിയിരിക്കുന്നു. മാസം കാണലിന്റെയും ഉറപ്പിക്കലിന്റെയും ആകാംക്ഷ മുറ്റിയ സന്ധ്യകളില്‍ നാടിന്റെ ശ്രദ്ധാബിന്ദുവായി അല്‍പനേരം വാഴുന്നതിന്റെ പുളകോദ്ഗമം അങ്ങനെയങ്ങ് മറന്നുകളയാന്‍ പറ്റുമോ എന്നാണ് പലരുടെയും ഭാവം. കാപ്പാട്ടെയും മാറാട്ടെയും കൂട്ടായിയിലെയുമൊക്കെ സാക്ഷികളെ വിസ്തരിച്ചു പൊരിക്കാനും അവരില്‍ പലരെക്കൊണ്ടും ‘തൊപ്പിക്കുടയോളം വട്ടത്തില്‍ കണ്ടാലും ഇനി ഞാന്‍ മിണ്ടൂല’ എന്നു പറയിപ്പിക്കാനുമൊക്കെയുള്ള ആ അവസരം സാങ്കേതിക വിജ്ഞാനത്തിന്റെയും ശാസ്ത്ര പുരോഗതിയുടെയും പേരു പറഞ്ഞ് ഇല്ലാതാക്കാന്‍ ഒരല്‍പം മടി കാണും യാഥാസ്ഥിതിക പുരോഹിതന്മാര്‍ക്ക്. പക്ഷേ, വിവരമുണ്ടെന്ന് ഗണിക്കപ്പെടുന്ന ചിലര്‍ മുണ്ടു മുറുക്കി പിന്നോട്ടു പായുമ്പോള്‍ മറ്റു ചിലര്‍ ഇനി ഒരിഞ്ച് മുന്നോട്ടില്ല എന്ന വാശിയില്‍ നാലു പതിറ്റാണ്ട് മുമ്പ് കയറിനിന്നിടത്തുതന്നെ നില്‍ക്കുന്നു.
എല്ലാവരും ഇതരനെ പ്രതിക്കൂട്ടിലാക്കാനുള്ള ഒരായുധമായാണ് ‘പ്രമാണ’ത്തെ ഉന്നയിക്കുന്നത്. പ്രമാണം എന്തു പറയുന്നുവെന്നോ തങ്ങള്‍ പ്രമാണത്തോട് എത്രമാത്രം അകലെയാണെന്നോ ഒന്നും നോക്കാതെ മറ്റുള്ളവരുടെ നിലപാടിന്റെ പ്രാമാണിക പിന്‍ബലത്തെ സംബന്ധിച്ച് സംശയം പ്രചരിപ്പിക്കലാണ് ചിലരുടെ ഹോബി. മരുന്നിന്റെ ചേരുവകള്‍ എത്ര നന്നായി അരച്ചുകൊടുത്താലും ഒട്ടും തൃപ്തിയാവാത്ത വൈദ്യന്റെ റോളിലാണ് പലരും. ഓരോ തവണ മരുന്ന് അരച്ചുകൊടുക്കുമ്പോഴും ‘പോരാ, വെണ്ണ പോലെ അരയണം’ എന്നാവും അങ്ങേരുടെ സ്ഥിരം മറുപടി. സഹികെട്ട ജോലിക്കാര്‍ ഒരിക്കല്‍ അരച്ച മരുന്നെന്ന വ്യാജേന സാക്ഷാല്‍ വെണ്ണ തന്നെ വൈദ്യര്‍ക്ക് കൊണ്ടുപോയി കൊടുത്തു. പതിവുപോലെ വിരല്‍ കൊണ്ട് തോണ്ടിനോക്കിയിട്ട് വൈദ്യര്‍ പറഞ്ഞത്രേ, ‘പോരാ… വെണ്ണ പോലെ അരയണം.’ ഈ വിവാദത്തില്‍ ചില കോണുകളില്‍ നിന്നുയരുന്ന ‘പ്രമാണവാദം’ കാണുമ്പോള്‍ ഈ വെണ്ണക്കഥയാണ് ഓര്‍മ വരുന്നത്.
തിരിഞ്ഞുനടന്നവര്‍
മുജാഹിദ് പ്രസ്ഥാനത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നൂതന വാദങ്ങളും വികല വിശ്വാസങ്ങളും ഉയര്‍ത്തി വേറിട്ടുപോയ വിഭാഗം ഒറ്റക്കായതിനു ശേഷമാണ് മാസപ്പിറവി വിഷയത്തില്‍ ബഹുദൂരം പിന്നോട്ടു പോയത്. അതുവരെ തമാശക്കു പോലും, മുജാഹിദ് പ്രസ്ഥാനത്തിന്റെ മാസപ്പിറവി നിര്‍ണയ നിലപാടില്‍ ഇവര്‍ സംശയം ഉന്നയിച്ചിരുന്നില്ല. ജിന്ന്, മാരണം, കണ്ണേറ് തുടങ്ങിയ മറ്റു പല വിശ്വാസങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും യാഥാസ്ഥിതികരുടെ കാലടിപ്പാടുകള്‍ തന്നെ അവലംബിക്കുകയാണോ ഇവരെന്ന് സംശയിക്കാം. ഇനിയിപ്പോള്‍ ഈ ഗവേഷണങ്ങളൊക്കെ വേര്‍പെടലിനുള്ള ന്യായീകരണത്തിന്റെ പവറ് കൂട്ടാനാണോ ആവോ!
ഏതായാലും മുജാഹിദുകള്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ സമര്‍ഥിച്ചിരുന്ന കണക്കിന്റെ കണിശത പുതിയ സാഹചര്യത്തില്‍ മാറ്റിവെച്ച്, ഈ കോലാഹലത്തില്‍ കൊടിയുയര്‍ത്തി രംഗത്തുവന്ന ഇവര്‍ ഇപ്പോള്‍ ‘ഉമ്മിയ്യാ’വാന്‍ മത്സരിക്കുകയാണ്. കണ്ണു കൊണ്ടുതന്നെ പിറ കണ്ടിട്ടേ എല്ലാ മാസവും തുടങ്ങാവൂ എന്ന നിലപാടില്‍ മുന്നോട്ടുപോവുകയും നമസ്‌കാരം ഉള്‍പ്പെടെ മതകര്‍മങ്ങള്‍ക്കു പോലും അടിസ്ഥാനപ്പെടുത്തുന്ന കണക്കിന് മാസനിര്‍ണയത്തില്‍ പാടേ അയിത്തം കല്‍പിക്കുകയും ചെയ്തിരുന്ന യാഥാസ്ഥിതിക വിഭാഗത്തെ തിരുത്താന്‍ പണിപ്പെട്ടിരുന്ന ചില മൗലവിമാരും പിറകോട്ട് നടക്കുന്ന ഈ കൂട്ടത്തിലുണ്ട്. റമദാന്‍ ഉറപ്പിക്കാന്‍ ഭട്കലിലെ പിറവി മതിയെങ്കില്‍ ശവ്വാലുറപ്പിക്കാന്‍ അത് പറ്റില്ലത്രേ!
പ്രവാചകന്റെ കാലത്തെ രീതിയും പ്രമാണങ്ങളില്‍ പരാമര്‍ശിച്ച പദങ്ങളുമൊക്കെ വള്ളിപുള്ളി വിടാതെ കൂട്ടിപ്പിടിക്കുകയാണത്രേ ഇവര്‍. എങ്കില്‍ എല്ലാ കാര്യങ്ങളിലേക്കും അതങ്ങോട്ട് നടപ്പാക്കാന്‍ ഇവര്‍ തയ്യാറാകുമോ? നമസ്‌കാര സമയനിര്‍ണയത്തിന് ‘സുന്നത്തി’ലേക്ക് പോവലാകട്ടെ ആദ്യ പടി. വിസ്ഡം പള്ളികള്‍ക്ക് മുന്നില്‍ നിഴല്‍വടി സ്ഥാപിക്കാം. ഫിത്വ്ര്‍ സകാത്ത് അരിയാണല്ലോ വിതരണം ചെയ്തത്. അതു പറ്റുമോ? ”സ്വതന്ത്രരായ എല്ലാ മുസ്‌ലിം പുരുഷന്റെയും സ്ത്രീയുടെയും മേല്‍ കാരക്കയില്‍ നിന്നോ അല്ലെങ്കില്‍ ബാര്‍ലിയില്‍ നിന്നോ ഒരു സ്വാഅ് വീതം ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാക്കി” (ബുഖാരി) എന്നല്ലേ പ്രവാചകന്‍ പറഞ്ഞത്? പള്ളികളിലെ തറാവീഹ് ജമാഅത്തിന്റെ കാര്യം എങ്ങനെയാണ് തീര്‍പ്പാക്കിയത്? ഹജ്ജിനു പോവാന്‍ ഇനി ഒട്ടകങ്ങളും കാല്‍നടയും ആശ്രയിക്കുമോ? ഓരോരോ പ്രദേശത്തുകാര്‍ക്കും അവരവരുടെ ചന്ദ്രപ്പിറ ദര്‍ശനം മാനദണ്ഡമാക്കേണ്ടേ? ഭട്കലിലെ പിറവി ദര്‍ശനം കേരളത്തിലേക്ക് ബാധകമാക്കിയ മാനദണ്ഡം ഈ ‘കണിശ’മായ നിലപാട് അനുസരിച്ച് ന്യായീകരിക്കാവുന്നതാണോ?
വാദങ്ങളിലും നടപടികളിലും വൈരുധ്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ വ്യാഖ്യാനക്കസര്‍ത്തുകളാല്‍ ഇവര്‍ സമൂഹത്തെ വീണ്ടും ചിരിപ്പിച്ചു. പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അതിന്റെ സാമൂഹിക മാനം കൂടി പരിഗണിക്കാമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ അണികളെ അറിയിച്ചപ്പോള്‍ കളിയാക്കിയവര്‍ സ്വന്തം കാര്യം വന്നപ്പോള്‍ പറയുന്നു, ഭിന്നിപ്പില്ലാതെ ജനങ്ങള്‍ക്കൊപ്പം നോമ്പും പെരുന്നാളും തീരുമാനിക്കണം എന്നത് പിറവി നിര്‍ണയത്തിലെ മാനദണ്ഡമാണെന്ന്. നോമ്പിന്റെ തുടക്കത്തില്‍ ഭട്കല്‍ അവലംബിച്ചതും ഇപ്പോള്‍ ഭട്കല്‍ ചുഴിഞ്ഞ് അന്വേഷിക്കാത്തതും ഈ മാനദണ്ഡം വെച്ചാണത്രേ! കാസര്‍കോഡിന്റേതിനു സമാനമായ ഉദയാസ്തമയ സമയങ്ങളായിട്ടും അത് പറയാതെ ഭട്കലിനെ കോഴിക്കോടിനോട് താരതമ്യം ചെയ്തുകൊണ്ടും ഒന്ന് പിടിച്ചുനില്‍ക്കാന്‍ നോക്കി. അതുകൊണ്ടൊന്നും മറുപടിയാവില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാവാം, ”ഒരു പ്രദേശത്ത് മാസം പിറന്നതായി പ്രഖ്യാപിക്കുന്നതിനുള്ള സമ്പൂര്‍ണ അധികാരം നേതൃത്വത്തില്‍ നിക്ഷിപ്തമാണെന്നും ഒരു പ്രദേശത്ത് മാസപ്പിറവി കണ്ടു എന്ന സാക്ഷ്യം അംഗീകരിക്കാനും നിരാകരിക്കാനും അവിടത്തെ നേതൃത്വത്തിന് അവകാശമുണ്ട് എന്നും ഊറ്റം പറഞ്ഞ് അണികള്‍ക്ക് അറ്റകൈ കാപ്‌സ്യൂളും നല്‍കി. ദോഷം പറയരുതല്ലോ, ഇതാണ് പ്രാമാണിക രീതി എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് ഇവരും.
സംഘടനാ ഭക്തിയുടെ കാര്‍ക്കശ്യം
മറ്റൊരു വാദം, ഇസ്‌ലാഹീ പ്രസ്ഥാനം കഴിഞ്ഞ നാലു പതിറ്റാണ്ടായി പുലര്‍ത്തിപ്പോന്ന നിലപാട്. കണക്കാവാം, പക്ഷേ മൂന്നു മാസങ്ങള്‍ ഉറപ്പിക്കണമെങ്കില്‍ കണക്കിനെ പരിഗണിച്ചുകൊണ്ടുതന്നെ കണ്ണു കൊണ്ടുള്ള കാഴ്ച നിര്‍ബന്ധം. മറ്റു മാസങ്ങളോ? അത് വേണ്ട, കണക്ക് മാത്രം മതി. കണക്കു പ്രകാരം സൂര്യാസ്തമയ വേളയില്‍ ചക്രവാളത്തില്‍ ചന്ദ്രസാന്നിധ്യമില്ലാത്ത ദിവസങ്ങളിലാവട്ടെ ഏതു മാസത്തിലായാലും പിറ നോക്കാതെ മുപ്പത് പൂര്‍ത്തിയാക്കാം. ഇതൊരു നിലപാടാണ്. ഗവേഷണാത്മകമായ നിലപാട്. പക്ഷേ, സംഘടനാ ഭക്തിയുടെ പാരമ്യത്തില്‍, പറഞ്ഞുവന്ന് ഇത് കൃത്യമായ പ്രമാണങ്ങളില്‍ നിന്ന് നേരിട്ട് പകര്‍ത്തിയതും പ്രവാചക നിര്‍ദേശത്തിന്റെ അക്ഷരാര്‍ഥത്തിലുള്ള നിലപാടുമാണെന്നും ഇനിയിതിലൊരു മാറ്റമോ പഠനമോ അതിരു കവിയലാണെന്നും ഇവ്വിഷയത്തില്‍ ഇനിയൊരു ഗവേഷണത്തിനു പോലും പഴുതില്ലെന്നുമൊക്കെ ധ്വനിപ്പിക്കുന്ന ആര്‍പ്പുവിളികളാണ് ആ കേന്ദ്രത്തില്‍ നിന്നു കേള്‍ക്കുന്നത്. നേതൃത്വം തീരുമാനിക്കുന്നത് ചോദ്യം ചെയ്യാതെ അംഗീകരിക്കുകയും ഏറ്റുവിളിക്കുകയും ചെയ്യേണ്ട ബാധ്യതയേ അണികള്‍ക്കുള്ളൂ എന്ന മുകളിലെ വിഭാഗത്തിന്റെ അതേ ധാര്‍ഷ്ട്യം തന്നെയാണ് ഇവിടത്തെയും ചില ശബ്ദങ്ങളില്‍ നിഴലിക്കുന്നത്.
അല്‍പം പിറകോട്ട്
യാതൊരു മാനദണ്ഡങ്ങളുമില്ലാതെ, ഞാനോ നീയോ വലുതെന്ന ചിലരുടെ ധാര്‍ഷ്ട്യത്തില്‍ അടുത്തടുത്ത മഹല്ലുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടിവന്ന, കേരള മുസ്‌ലിംകളുടെ ഇന്നലെയുടെ ഗതികേടിന് അറുതി വരുത്താന്‍ കണക്കിന്റെ സാധ്യതയും സാധുതയും പഠിപ്പിച്ചാണ് 1976-ല്‍ ഹിലാല്‍ കമ്മിറ്റി രൂപീകൃതമാവുന്നത്. ഹിലാല്‍ കമ്മിറ്റിയുടെ രൂപീകരണം മാസനിര്‍ണയരംഗത്ത് കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിപ്ലവകരമായ ഒരു നാഴികക്കല്ലായിരുന്നു. ആ ശക്തമായ മുന്നേറ്റത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍, നമസ്‌കാര സമയനിര്‍ണയത്തിന് അതിലൊരു കണക്കിനെ കണ്ണടച്ച് അവലംബിക്കുകയും നോമ്പ്-പെരുന്നള്‍ മാസനിര്‍ണയത്തില്‍ മറ്റേതിനെ നിരാകരിക്കുകയും ചെയ്യുന്നതിന്റെ വൈരുധ്യം പലര്‍ക്കും ബോധ്യപ്പെട്ടു. കണക്കിന് മാസപ്പിറവി നിര്‍ണയത്തില്‍ കല്‍പിക്കപ്പെട്ടിരുന്ന അയിത്തം ക്രമേണ നീങ്ങുകയായിരുന്നു.
മാസാവസാന സന്ധ്യയില്‍ ചക്രവാളത്തില്‍ ഹിലാലിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍ കണക്കിനെ ആശ്രയിക്കുന്ന രീതിക്ക് സ്വീകാര്യത ലഭിച്ചു. ചക്രവാളത്തില്‍ ഹിലാല്‍ ഇല്ലെങ്കില്‍ പിറവി നോക്കാതെത്തന്നെ മുന്‍കൂട്ടി മാസം പ്രഖ്യാപിക്കുകയും ഹിലാലിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ അന്നേ ദിവസം പിറവി നോക്കുകയും കണ്ണു കൊണ്ട് കാണുന്നതനുസരിച്ച് മാസമുറപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഹിലാല്‍ കമ്മിറ്റി അവലംബിച്ചത്. അതുതന്നെ റമദാന്‍, ശവ്വാല്‍, ദുല്‍ഹജ്ജ് മാസങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്. മറ്റു മാസങ്ങള്‍ക്ക് പൂര്‍ണമായും കണക്ക് തന്നെയായിരുന്നു അവലംബം. കണക്കിനെ തീരെ പരിഗണിക്കാതെ കാഴ്ച മാത്രം അടിസ്ഥാനമാക്കി കഴിഞ്ഞിരുന്ന ഒരു സമുദായത്തിലേക്കുള്ള പക്വവും പ്രായോഗികവുമായ ഒരു രീതി ഇജ്തിഹാദിന്റെ പിന്‍ബലത്തില്‍ പണ്ഡിതന്മാര്‍ കൂടിയാലോചിച്ച് തീരുമാനിച്ചതാണിത്. ഇതു മാത്രമാണ് ശരിയെന്നോ ഇതല്ലാത്ത മാര്‍ഗമെല്ലാം നിഷിദ്ധമാണെന്നോ ഈ നിലപാടിന് ഇനിയൊരു മാറ്റമില്ലെന്നോ ഒക്കെയുള്ള കാര്‍ക്കശ്യമൊന്നുമല്ല, നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പ്രായോഗികവും സുരക്ഷിതവും പക്വവുമായ ഒരു നിലപാട് എന്ന നിലയ്ക്കാണ് പണ്ഡിതന്മാര്‍ ഇതിനെ അവതരിപ്പിച്ചത്.
അതുകൊണ്ടുതന്നെ ഗവേഷണാത്മകമായ മറ്റു നിലപാടുകളും ചിന്തകളും സംഘടനയ്ക്കകത്തുതന്നെ അക്കാലത്ത് ഉണ്ടായിരുന്നു. 29-നു ചക്രവാളത്തില്‍ ഹിലാലില്ലാത്ത മാസങ്ങളില്‍ പുതുമാസം മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന അതേ മാനദണ്ഡത്തില്‍ തന്നെ ചക്രവാളത്തില്‍ ഹിലാല്‍ ഉണ്ടാവുമ്പോഴും കാഴ്ചയെ അവലംബിക്കാതെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഉറപ്പിച്ചുകൂടേ എന്ന അഭിപ്രായം ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ക്ക് പോലുമുണ്ടായിരുന്നു. ഹിജ്‌റ ഹിലാല്‍ കമ്മിറ്റി (ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ എന്ന ന്യൂമൂണ്‍ കമ്മിറ്റി അല്ല) എന്ന പേരില്‍ ആ ആശയം മുന്‍നിര്‍ത്തി ഉണ്ടാക്കിയ കൂട്ടായ്മയിലും മുജാഹിദുകള്‍ എമ്പാടുമുണ്ടായിരുന്നു. ഈ ആശയക്കാര്‍ക്കും അവരുടെ വാദങ്ങള്‍ക്ക് പിന്‍ബലമേകുന്ന കുറേ നിഗമനങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിക്കാനുണ്ടായിരുന്നു.
പുതിയ ആലോചനകളും
ചുവടുവെപ്പും

ഹിലാല്‍ കമ്മിറ്റിയുടെ രൂപീകരണത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന മാസമാറ്റ സമ്പ്രദായത്തേക്കാള്‍ ഏറെ മികച്ച ഒരു ആശയമാണ് ഹിലാല്‍ കമ്മിറ്റി നടപ്പാക്കിയത്. മുകളില്‍ പറഞ്ഞപോലെ, ആ ആശയം അക്ഷരാര്‍ഥത്തില്‍ പ്രവാചക ചര്യയില്‍ നിന്ന് പകര്‍ത്തിയെടുത്തതല്ല. മറിച്ച്, നിലവിലുള്ള അറിവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ ഇജ്തിഹാദിലൂടെ ഉരുത്തിരിഞ്ഞതാണത്. അറിവും കഴിവും സംവിധാനങ്ങളും പുരോഗമിക്കുന്ന സാഹചര്യത്തിലോ ആളുകള്‍ കൂടുതല്‍ പാകപ്പെടുന്ന സന്ദര്‍ഭത്തിലോ, അത്തരമൊരു ആശയത്തിന് പരിഷ്‌കരണങ്ങളോ തിരുത്തോ വിലക്കുണ്ടെന്ന് മനസ്സിലാക്കുന്നവര്‍ ഇജ്തിഹാദിന്റെ സാരം ഉള്‍ക്കൊള്ളാത്തവരാണല്ലോ.
പുതിയ സാമൂഹിക സാഹചര്യത്തില്‍ പ്രമാണബദ്ധമായ രീതിയില്‍ മേല്‍ രീതി കൂടുതല്‍ പ്രായോഗികമാവുന്ന തരത്തില്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന ചിന്ത ഏറെ നാളായി സമൂഹത്തില്‍ ബലപ്പെടുകയായിരുന്നു. നവോത്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ എക്കാലത്തും ആര്‍ജവം കാണിച്ചിട്ടുള്ള ഇസ്‌ലാഹീ പ്രസ്ഥാനത്തിന് ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്ന് നേതാക്കള്‍ മനസ്സിലാക്കി. മൂന്നു മാസം കണക്കിന്റെ സഹായത്തോടെയുള്ള കാഴ്ചയും ഒമ്പതു മാസം കണക്ക് മാത്രവും പരിഗണിച്ച് മാസം നിര്‍ണയിക്കുന്ന ഹിലാല്‍ കമ്മിറ്റിയുടെ നിലപാടില്‍ അല്‍പം മാറ്റം വരുത്തി, ഒമ്പതു മാസം നിര്‍ണയിക്കാനും മൂന്നു മാസത്തിന്റെ ഹിലാല്‍ നിരീക്ഷിക്കാനും അടിസ്ഥാനപ്പെടുത്തുന്ന അതേ കണക്കിന്റെ അടിസ്ഥാനത്തില്‍ 12 മാസവും നിര്‍ണയിക്കുന്ന നിലപാടിനും പണ്ഡിത ചര്‍ച്ചകളില്‍ അനുകൂല അഭിപ്രായങ്ങളുണ്ടായി. ആദ്യത്തെ നിലപാട് എങ്ങനെയാണോ നബിചര്യയുമായി ചേര്‍ത്തുവെക്കുന്നത്, അതേ മാനദണ്ഡത്തില്‍ തന്നെ രണ്ടാമത്തെ നിലപാടും ചേര്‍ത്തുവെക്കാമെന്ന് മനസ്സിലാവാത്തത് അന്ധമായ സംഘടനാ സങ്കുചിതത്വത്തിന്റെ പിടിയിലമര്‍ന്നവര്‍ക്ക് മാത്രമാണ്.
മാസപ്പിറവി പോലുള്ള വിഷയത്തില്‍ ഒരു നിലപാട് മതാനുശാസനകള്‍ക്ക് വിരുദ്ധമല്ലാത്ത വിധത്തില്‍ പരിഷ്‌കരിക്കുമ്പോള്‍ പാലിക്കേണ്ട പക്വതയും ജാഗ്രതയും മര്‍കസുദ്ദഅ്‌വ പണ്ഡിതനേതൃത്വം പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, കുടുംബങ്ങളിലും മഹല്ലുകളിലും സമൂഹത്തിലുമെല്ലാം ആശയക്കുഴപ്പവും അനിശ്ചിതത്വവും അസ്വാരസ്യങ്ങളും ഉണ്ടാവുന്ന തരത്തില്‍ വേറിട്ട് പെരുന്നാള്‍ ആഘോഷിക്കാതെ ജനങ്ങള്‍ക്കൊപ്പം ഈദാഘോഷിക്കാവുന്നതാണെന്ന് നേതൃത്വം അണികളെ അറിയിച്ചത്. ശവ്വാല്‍ മാസത്തെ കുറിച്ച് കൃത്യമായ അറിയിപ്പ് നല്‍കുമ്പോള്‍, മുകളില്‍ സൂചിപ്പിച്ച പോലുള്ള പ്രയാസങ്ങളില്ലാത്തവിധം സുസജ്ജമായ പ്രദേശങ്ങളില്‍ ഈദാഘോഷിക്കാനുള്ള അനുവാദവും നല്‍കി. ഹിലാല്‍ കമ്മിറ്റിയെ ആക്ഷേപിച്ചുകൊണ്ടോ വെല്ലുവിളിച്ചുകൊണ്ടോ അല്ല, കുറേക്കൂടി പ്രായോഗികവും കുറ്റമറ്റതുമെന്നു ബോധ്യപ്പെട്ട ഒരു നിലപാടിലേക്ക് മാറുക മാത്രമാണുണ്ടായത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x