മാസപ്പിറവി നിര്‍ണയം ഇസ്‌ലാമില്‍
എ അബ്ദുല്‍ഹമീദ് മദീനി
റമദാന്‍, ഈദുല്‍ഫിത്ര്‍, ഈദുല്‍ അദ്ഹാ, ഹജ്ജ്, അറഫ മുതലായ പുണ്യദിവസങ്ങള്‍ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുസ്‌ലിംകളില്‍ ഇപ്പോഴും വിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അറേബ്യന്‍ നാടുകളില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ പിന്നെ ഒരഭിപ്രായവ്യത്യാസവും ഉണ്ടാവാറില്ല. എല്ലാവരും ആ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഒത്തൊരുമിച്ചു മേല്‍പറഞ്ഞ പുണ്യദിനങ്ങള്‍ ആചരിക്കുന്നു. മറ്റു മുസ്‌ലിം നാടുകള്‍ അറേബ്യന്‍ നാടുകളെ പിന്തുടരാറാണ് പതിവ്. എന്നാല്‍ കേരളത്തിലും ഇന്ത്യയുടെ മറ്റു പല മേഖലകളിലും വിവാദങ്ങള്‍ തുടരുകയും വ്യത്യസ്ത ദിവസങ്ങളില്‍ ഈ പുണ്യദിനങ്ങള്‍ ആചരിച്ചുവരികയും ചെയ്യുന്നു. ഈ വിവാദങ്ങളില്‍ നിന്ന് നമുക്കൊരു മോചനം ആവശ്യമാണ്. അതിന് ഒന്നാമതായി ഈ വിഷയങ്ങളിലെ ശറഇയായ വിധി എന്താണെന്ന് വ്യക്തമായി മനസ്സിലാക്കണം.
പ്രസ്തുത വിഷയത്തില്‍ പരിഗണാര്‍ഹമായ രണ്ടു വീക്ഷണങ്ങളാണ് നിലവിലുള്ളത്. ഒന്ന്: മാസം 29-ന് സൂര്യന്‍ അസ്തമിച്ച ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പിറവി കണ്ടാല്‍ പിറ്റേന്ന് മാസം ഒന്നായി കണക്കാക്കുക. അന്ന് പിറവി കണ്ടില്ലെങ്കില്‍ മാസം 30 പൂര്‍ത്തിയാക്കണം. ഈ മാര്‍ഗമാണ് നബി(സ)യും സ്വഹാബത്തും സ്വീകരിച്ചുവന്നത്. രണ്ട്: മാസപ്പിറവി കണ്ണുകൊണ്ട് കാണണമെന്നില്ല. മാസം 29-ന് സൂര്യാസ്തമന ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പിറവി ഉണ്ടെന്ന് ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ മതി. പിറ്റേന്ന് നോമ്പും പെരുന്നാളും ആചരിക്കാം.
ഈ രണ്ടു വീക്ഷണങ്ങളും തമ്മില്‍ വൈരുധ്യമില്ല. പരസ്പര പൂരകങ്ങളാണ്. കാരണം ഈ രണ്ടു വീക്ഷണങ്ങളുടെയും അടിസ്ഥാനം നബി(സ)യുടെ സുന്നത്തും സ്വഹാബത്തിന്റെ ചര്യയുമാണ്. ഈ രണ്ടു വീക്ഷണത്തിലും ആദ്യമായുണ്ടാവേണ്ടത് മാസപ്പിറവിയുടെ സാന്നിധ്യമാണ്. തുടര്‍ന്നുണ്ടാവേണ്ടത് ആ പിറവിയുടെ കാഴ്ചയാണ്. അത് കണ്ണുകൊണ്ട് നേര്‍ക്കുനേരെ കാണുക. മറ്റേത് ബുദ്ധികൊണ്ട് കാണുക. ഈ വ്യത്യാസം മാത്രമേ മേല്‍ പറഞ്ഞ രണ്ടു വീക്ഷണങ്ങളിലും കാണാന്‍ കഴിയുകയുള്ളൂ.
ശരിയായ കാഴ്ചയും ശരിയായ കണക്കും തമ്മില്‍ ഒരിക്കലും വൈരുധ്യമാവുകയില്ല. ഈ രണ്ടു വീക്ഷണങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയാണ് നാം സ്വീകരിക്കേണ്ടത്. ഇത് നബി(സ)യുടെ സുന്നത്തിനെയും സഹാബത്തിന്റെ ചര്യയെയും ആധുനിക ശാസ്ത്രവീക്ഷണങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള മാര്‍ഗമാണ്. ഇത് നമ്മുടെ സ്വന്തം ഗവേഷണഫലമോ അഭിപ്രായമോ അല്ല. പൂര്‍വീകരായ പണ്ഡിതന്മാര്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നുദഖീഖുല്‍ ഈദി പറയുന്നു: ഗോളശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമനുസരിച്ച് സൂര്യനും ചന്ദ്രനും അടുത്തുനില്‍ക്കുന്ന (ന്യൂമൂണിനെ) ആസ്പദമാക്കിയുള്ള കണക്കനുസരിച്ച് ഒന്നോ രണ്ടോ ദിവസം മുമ്പ് മാസം ആരംഭിച്ചേക്കും. ഇത് പരിഗണിക്കുന്നത് അല്ലാഹു അനുവദിക്കാത്ത പുതിയ ശരീഅത്ത് നിയമം ഉണ്ടാക്കലാണ്. ഇനി കണക്കനുസരിച്ചു മാസപ്പിറവി ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്‍മേഘം പോലുള്ള തടസ്സങ്ങള്‍ നിമിത്തം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ശറഇയ്യിയായ നിലക്ക് പിറവി ഉണ്ടായതുകൊണ്ട് അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. (അല്‍ഇഹ്കാമുല്‍ അഹ്കാം ശറഹ് ഉംദത്തുല്‍ അഹ്കാം, 2:8)
ഈ രീതിയിലാണ് സ്വഹാബിമാരില്‍ മുത്തബിഉസ്സുന്ന എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) സ്വീകരിച്ചുവന്നത്. ഇമാം നാഫിഅ്(റ) പറയുന്നു: അബ്ദുല്ലാഹിബ്‌നു ഉമര്‍ ശഅ്ബാന്‍ 29-ന് പിറവി നോക്കാന്‍ ആളെ അയക്കും. പിറവി കണ്ടാല്‍ പിറ്റേന്ന് നോമ്പെടുക്കും. ആകാശം തെളിഞ്ഞിരിക്കുകയാണെങ്കില്‍ മാസം കാണാതെ അദ്ദേഹം നോമ്പെടുക്കാറില്ല. ഇനി പിറവി കാണാന്‍ സാധിക്കാത്ത വിധത്തില്‍ ആകാശം മേഘാവൃതമാണെങ്കില്‍ അദ്ദേഹം നോമ്പനുഷ്ഠിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം)
ഇമാം ഇബ്‌നുല്‍ ജൗസി പറയുന്നു: പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ രണ്ടു നിലപാടുകളാണ് നമ്മുടെ ആളുകള്‍ സ്വീകരിച്ചുവരുന്നത്. അതില്‍ ഒന്ന് അബ്ദുല്ലാഹിബ്‌നു ഉമറിന്റെ പ്രവൃത്തിയാണ്. ഈ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കാരണം നബി(സ)യുടെ വാക്കുകള്‍ നന്നായറിയാവുന്നവര്‍ സ്വഹാബിമാരാണ്. (അത്തഹ്ഖീഖ് ഫീ മസാഇലില്‍ ഖിലാഫ്, 2:72)
മാസപ്പിറവി വിഷയത്തില്‍ റസൂലിന്റെ മാതൃക നാം മനസ്സിലാക്കി. അത് തന്നെയയിരുന്നു സ്വഹാബിമാരും താബിഉകളും സ്വീകരിച്ചത്. ഇതിലുള്ള ഇസ്‌ലാമിക സമീപനം അവരുടെ പ്രവൃത്തിയിലൂടെ സ്ഥിരപ്പെടുകയും ചെയ്തു. ആ രീതി തന്നെയാണ് മുസ്‌ലിംകളും സ്വീകരിക്കേണ്ടത്. ന്യൂമൂണ്‍ സങ്കല്‍പം അന്നുണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, കെ പി മുഹമ്മദ് മൗലവി ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന കാലത്ത് മര്‍കസുദ്ദഅ്‌വയില്‍ റമദാന്‍ 29-ന് രാത്രി രണ്ടു പേര്‍ വന്ന് ഞങ്ങള്‍ മാസപ്പിറവി കണ്ടെന്ന് സാക്ഷി പറഞ്ഞു. അതനുസരിച്ച് കെ പി പിറ്റേന്ന് പെരുന്നാള്‍ പ്രഖ്യാപിച്ചു. അന്ന് സൂര്യാസ്തമയ ശേഷം രണ്ടു മിനുട്ട് മാത്രമാണ് ചന്ദ്രന്‍ ഉണ്ടായിരുന്നത്. ഈ രണ്ടു മിനിട്ടുള്ള ചന്ദ്രനെ എങ്ങനെയാണ് കാണുക എന്നദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഉള്ളതിനെയല്ലേ കണ്ടു എന്നവര്‍ സാക്ഷി പറഞ്ഞത് എന്നായിരുന്നു മറുപടി. അതായത് അന്ന് ശറഇയ്യായി മാസപ്പിറവി സംഭവിച്ചിരിക്കുന്നു എന്നര്‍ഥം. നോക്കൂ എങ്ങനെയാണ് ഇബ്‌നു ദഖീഖുല്‍ ഈദിയുടെയും കെ പിയുടെയും അഭിപ്രായങ്ങള്‍ ഒത്തുവന്നത്?
ഇബ്‌നുല്‍ ഖയ്യിംം പറയുന്നു: നബി(സ)യുടെ സുന്നത്ത് സൂക്ഷ്മമായി പിറവി നേരില്‍ കാണുകയോ അല്ലെങ്കില്‍ വിശ്വസ്തരായ സാക്ഷികള്‍ മുഖേന ഉറപ്പാവുകയോ ചെയ്താല്‍ മാത്രമേ അവിടന്ന് റമദാന്‍ നോമ്പിലും പെരുന്നാളിലും പ്രവേശിക്കാറുള്ളൂ. അബ്ദുല്ലാഹിബ്‌നു ഉമര്‍ മാസം കണ്ടതായി സാക്ഷി പറഞ്ഞപ്പോഴും ഒരു ഗ്രാമീണ അറബി സാക്ഷി പറഞ്ഞപ്പോഴും അതു സ്വീകരിച്ചു അദ്ദേഹം നോമ്പില്‍ പ്രവേശിച്ചു. (സാദുല്‍ മആദ് 2:38)
അബ്ദുര്‍റഹ്മാനിബ്‌നു അബീലൈല പറയുന്നു: ഞാനും ബര്‍റാഇബ്‌നു ആസിബും ഉമറിബ്‌നുല്‍ ഖത്താബും ബഖീഇന്റെ അടുത്തുപോയി പിറവി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു യാത്രക്കാരന്‍ അവിടെ വന്നു. ഉമര്‍(റ): താങ്കള്‍ എവിടെ നിന്നു വരുന്നു? യാത്രക്കാരന്‍: മൊറോക്കോവില്‍ നിന്ന്. ഉമര്‍: താങ്കള്‍ മാസപ്പിറവി കണ്ടോ? യാത്രക്കാരന്‍: കണ്ടു. മുസ്‌ലിംകള്‍ക്ക് നോമ്പെടുക്കാന്‍ ഒരാള്‍ മാസം കണ്ടാല്‍ മതി. പിന്നെ ഉമര്‍(റ) വുദ്വൂ എടുത്ത് ഖുഫ്ഫ രണ്ടും തടവി മഗ്‌രിബു നമസ്‌കരിച്ചു. പിന്നെ അദ്ദേഹം പറഞ്ഞു: ഇങ്ങനെ നബി(സ) പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (മുസ്‌നദ് അഹ്മദ് 1:397 മുസ്‌നദ് ഉമറിബ്‌നുല്‍ ഖത്താബ് 15). അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ടു ചെയ്യുന്നു: നബി(സ) മാസപ്പിറവി കണ്ടാല്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ, ഈ പിറവി ഞങ്ങള്‍ക്ക് നിര്‍ഭയത്വവും വിശ്വാസവും സുരക്ഷയും (നിന്നോടുള്ള) അനുസരണവും നീ തൃപ്തിപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് തൗഫീഖ് നല്‍കുകയും ചെയ്യേണമേ. എന്റെയും നിന്റെയും റബ്ബ് അല്ലാഹു ആകുന്നു. (അഹ്മദ്, തിര്‍മിദി, അബൂദാവൂദ്, ത്വബ്‌റാനി, ഹാകിം)
നബി(സ)യുടെ അരുമ ശിഷ്യന്‍ നബി(സ) മാസം കണ്ടപ്പോള്‍ ഇങ്ങനെ പ്രാര്‍ഥിച്ചു എന്ന് പറഞ്ഞ ശേഷം ആ പ്രാര്‍ഥന ഉദ്ധരിക്കുക കൂടി ചെയ്തിരിക്കുന്നു. എന്നിട്ടും ചിലര്‍ നബി(സ) മാസം നോക്കിയിട്ടില്ല, കണ്ടിട്ടില്ല. നോക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ല എന്നൊക്കെ പറയുന്നത് ധിക്കാരമല്ലാതെ മറ്റെന്താണ്? നബി(സ) പിറവി കണ്ടു പ്രാര്‍ഥിച്ച പ്രാര്‍ഥനകള്‍ വിവിധ രൂപത്തില്‍ വന്നിട്ടുണ്ട്. അതില്‍ ഏതു പ്രാര്‍ഥനയും പിറവി കണ്ടാല്‍ നമുക്ക് നടത്താവുന്നതാണ്. നബി(സ)യും സ്വഹാബിമാരും മാസപ്പിറവി കാണുകയും ചിലപ്പോള്‍ മറ്റുള്ളവര്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നോമ്പും പെരുന്നാളും പ്രഖ്യാപിച്ചതും നിരവധി ഹദീസുകളില്‍ സ്വഹീഹായി വന്നിട്ടുണ്ട്. (വിശദവായനക്ക് യുവത പ്രസിദ്ധീകരിച്ച ന്യൂമൂണും മാസപ്പിറവിയും എന്ന പുസ്തകം വായിക്കുക)
ലോകത്ത് ആദ്യമായി ന്യൂമൂണ്‍ (കറുത്ത വാവ്) അടിസ്ഥാനത്തില്‍ കലണ്ടര്‍ ഉണ്ടാക്കിയത് ക്രിസ്തുവിന് 359 വര്‍ഷങ്ങള്‍ക്കു മുമ്പ് ജൂതസഭയുടെ അധ്യക്ഷനായിരുന്ന ഹില്ലന്‍ രണ്ടാമനാണെന്ന് ചരിത്രം പറയുന്നു. ഹീബ്രു കലണ്ടര്‍, ജൂയിഷ് കലണ്ടര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ കലണ്ടര്‍ ജൂതന്മാര്‍ വ്യാപകമായി ഇന്നും അവരുടെ മത ചടങ്ങുകള്‍ക്ക് ഉപയോഗിച്ചുവരുന്നു. ലോകത്ത് ചിന്നിച്ചിതറിക്കിടന്നിരുന്ന ജൂതന്മാരെ ഒരേ ചരടില്‍ കോര്‍ത്തിണക്കലായിരുന്നു ഈ കലണ്ടറിന്റെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. നബി(സ) മദീനയില്‍ ചെല്ലുമ്പോള്‍ ജൂത കലണ്ടറായിരുന്നു അവിടെ ഉണ്ടായിരുന്നത്. നബി(സ) മദീനയില്‍ വെച്ച് ആദ്യത്തെ ആശൂറാഅ് നോമ്പ് നോറ്റത് ഈ കലണ്ടര്‍ അനുസരിച്ചായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നീട് മാസപ്പിറവിയുടെ ഒരു ദിവസം മുമ്പാണ് ഇവര്‍ മാസം കണക്കാക്കിയതെന്ന് ബോധ്യം വന്നപ്പോള്‍, അവിടെ ഉണ്ടായിരുന്ന ജൂത കലണ്ടര്‍ തള്ളിക്കളഞ്ഞു. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നോമ്പും പെരുന്നാളും ആചരിക്കണമെന്ന് കല്പിക്കുകയും ചെയ്തു. ഈ സമ്പ്രദായം നിരാക്ഷേപം അമലീമുതവാതിര്‍ ആയി ഇക്കാലം വരെ മുസ്‌ലിംകള്‍ ആചരിച്ചുവന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍
ന്യൂമൂണ്‍ കലണ്ടര്‍
ഇസ്‌ലാമിക ചരിത്രത്തില്‍ ന്യൂമൂണ്‍ കലണ്ടര്‍ അധികാര ബലത്തില്‍ നടപ്പാക്കിയത് ഹിജ്‌റ 3-ാം നൂറ്റാണ്ടില്‍, ജൂത സൃഷ്ടിയായ ശീഅകളാണ്. ഇസ്മാഈലി വിഭാഗത്തിന്റെ നേതാവായ ഉബൈദുല്ലാഹില്‍ മഹദി ഖൈറുവാന്‍ കേന്ദ്രമായി തന്റെ ഭരണം സ്ഥാപിച്ചതോടെയാണ് ഇത് നടപ്പാക്കിയത്. ഇമാം ദഹബി പറയുന്നു: ശവ്വാല്‍ മാസപ്പിറവി കാണുന്നതിന്നു മുമ്പ് ന്യൂമൂണ്‍ അടിസ്ഥാനത്തില്‍ നോമ്പു മുറിച്ചു പെരുന്നാള്‍ ആഘോഷിക്കാന്‍ ശീഅകള്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. (സിയറുഅഅ്‌ലാമിന്നുബുലാ 15:374)
ഇമാം ദഹബി വീണ്ടും പറയുന്നു: ബര്‍ക്കയിലെ ഖാസി മുഹമ്മദുബ്‌നു ബലിയുടെ അടുത്തു ബര്‍ക്കയിലെ ഗവര്‍ണര്‍ വന്നു പറഞ്ഞു: നാളെ പെരുന്നാളാണ്. അപ്പോള്‍ ഖാദി പറഞ്ഞു: മാസപ്പിറവി കാണാതെ ഞാന്‍ പെരുന്നാള്‍ അംഗീകരിക്കുകയില്ല. കാരണം റമദാനില്‍ ജനങ്ങളെക്കൊണ്ടു നോമ്പു മുറിപ്പിച്ച കുറ്റം ഞാന്‍ ഏറ്റെടുക്കുകയില്ല. ഗവര്‍ണര്‍ പറഞ്ഞു: ഖലീഫയുടെ കല്പന വന്നിട്ടുണ്ട്. ഇതാണ് ശീഅകളുടെ നിലപാട്. മാസപ്പിറവി പരിഗണിക്കാതെ ന്യൂമൂണ്‍ കലണ്ടര്‍ അനുസരിച്ച് അവര്‍ പെരുന്നാള്‍ ആഘോഷിക്കും. തുടര്‍ന്ന് ഗവര്‍ണര്‍ ഖലീഫാ മഹ്ദിയുടെ ഉത്തരവനുസരിച്ചു പെരുന്നാള്‍ ആഘോഷിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു. പക്ഷെ, ഖാസി പറഞ്ഞു: ഞാന്‍ ഈദ്ഗാഹിലേക്ക് വരികയോ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയോ ചെയ്യില്ല. അപ്പോള്‍ ഗവര്‍ണര്‍ ബര്‍ക്കയിലെ മറ്റൊരു പണ്ഡിതനോട് പെരുന്നാള്‍ നമസ്‌കരിക്കാനും ഖുത്ബ നടത്താനും കല്പിച്ചു. അങ്ങനെ അവര്‍ അവസാനത്തെ നോമ്പിന്ന് പെരുന്നാള്‍ ആഘോഷിച്ചു. ഈ വിവരങ്ങള്‍ ഗവര്‍ണര്‍ ഖലീഫയെ അറിയിക്കുകയും ചെയ്തു. ഉടനെ ഖലീഫ ഖാദിയോട് തന്റെ മുമ്പില്‍ ഹാജരാവാന്‍ കല്പിച്ചു. ഖാദി ഹാജരായി. ഖലീഫ അദ്ദേഹത്തോടു പറഞ്ഞു: നീ ഈ അഭിപ്രായത്തില്‍ നിന്ന് പിന്‍മാറുന്നോ? എങ്കില്‍ മാപ്പ് തരാം. പക്ഷെ ഖാദി തന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്നദ്ദേഹത്തെ വെയിലത്ത് തല കീഴായി കെട്ടിത്തൂക്കി ദാഹജലം പോലും നല്‍കാതെ പീഡിപ്പിച്ചു. ഒടുവില്‍ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് ആ മൃതദേഹം ക്രൂശിച്ചു. (അദൗലത്തുല്‍ ഫാത്വിമിയ്യ 1:77 അലി മുഹമ്മദ് സല്ലാബി)
ഇതുപോലെ ഈജിപ്തില്‍ ശീഅകളുടെ ഭരണകാലത്ത് അവരുടെ സര്‍വസൈന്യാധിപന്‍ ജൗഹറുസ്സഖലി, ഖലീഫ മുഇസ്സിന്റെ ഉത്തരവ് പ്രകാരം ന്യൂമൂണ്‍ കലണ്ടര്‍ അനുസരിച്ച് പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ട്. അല്‍മഖ്‌രീസി പറയുന്നു: മാസപ്പിറവി കാണാതെ ജൗഹറുസ്സഖ്‌ലിയും കുറച്ചാളുകളും ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. അലിയ്യുബ്‌നുല്‍ വലീദുല്‍ അശ്ബീലി കയ്‌റോയില്‍ ഈദ് നമസ്‌കാരത്തിന്ന് നേതൃത്വം നല്‍കുകയും ഖുത്ബ നടത്തുകയും ചെയ്തു. ഈജിപ്തുകാര്‍ ആരും ഇതില്‍ പങ്കെടുത്തില്ല. അവര്‍ പിറ്റേന്ന് ജാമിഉല്‍ അതീഖില്‍ പെരുന്നാള്‍ നമസ്‌കാരം നടത്തി. ഹാശിം വംശജനായ ഒരു പണ്ഡിതന്‍ നേതൃത്വം നല്കി. അവിടത്തെ ഖാദി അബൂത്വാഹിര്‍ ജാമിഅയുടെ മുകളില്‍ കയറി പിറവി വീക്ഷിച്ചു. പക്ഷെ പിറവി കണ്ടില്ല. അതിനാല്‍ പിറ്റേ ദിവസമാണവര്‍ പെരുന്നാള്‍ ആഘോഷിച്ചത്. ഇതറിഞ്ഞ ജൗഹറുസ്സഖ്‌ലി പ്രതിഷേധിക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. (ഇത്തിആളുല്‍ ഹുനഫാബി അഖ്ബാരിഅ ഇമ്മത്തില്‍ ഫാത്വിമിയ്യീനല്‍ ഖുലഫാ 1:116 അല്‍മഖ്‌രീസി)
പിന്നീട് സലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് പിടിച്ചെടുത്തു. ഫാതിമീ ഭരണം അവസാനിപ്പിച്ച ശേഷം ഇതുവരെ ന്യൂമൂണ്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള നോമ്പും പെരുന്നാളും മുസ്‌ലിംലോകത്ത് അറിയപ്പെട്ടിട്ടില്ല. ഖുര്‍ആനും സുന്നത്തും സഹാബത്തിന്റെ മാതൃകയും അനുസരിച്ച് അമല്‍ ചെയ്തു ജീവിച്ചു മുഹാജിറുകളുടെയും അന്‍സാറുകളുടെയും മാര്‍ഗം പിന്തുടര്‍ന്ന് സ്വര്‍ഗാവകാശികളായിത്തീരാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ, ആമീന്‍.