29 Wednesday
March 2023
2023 March 29
1444 Ramadân 7

പ്രവാചകന്റെ വൈവാഹിക ജീവിതം വിവാദങ്ങള്‍ എന്തിന്?

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാംമതം മുസ്‌ലിംകള്‍ നിര്‍മിച്ചുണ്ടാക്കിയതല്ല, ദൈവത്തിന്റേതാണ്. ”അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്‌ലാമാകുന്നു” (ആലുഇംറാന്‍ 19). ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംകളുടെ മാത്രം ഗ്രന്ഥമല്ല. ലോകര്‍ക്കു വേണ്ടി അല്ലാഹു ഇറക്കിയതാണ്. ”മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുവാദപ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിങ്ങള്‍ക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്” (ഇബ്‌റാഹീം 1). മുഹമ്മദ് നബി(സ) മുസ്‌ലിംകളുടെ മാത്രം പ്രവാചകനല്ല, മറിച്ച്, ലോകത്തിന്റെ മുഴുവന്‍ പ്രവാചകനാണ്. അല്ലാഹു പറയുന്നു: ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല” (അന്‍ബിയാഅ് 107)
ഇസ്‌ലാം മതം അംഗീകരിച്ച് ജീവിക്കാന്‍ ദൈവം ഒരാളെയും നിര്‍ബന്ധിക്കുന്നില്ല. ഇഷ്ടമുണ്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി. ”പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ, ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ” (അല്‍കഹ്ഫ് 29).
വിശുദ്ധ ഖുര്‍ആന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും പിന്നെ എന്തിനാണ് ശത്രുക്കള്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ആക്ഷേപിക്കുന്നത്? ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ ഒരു പഴുതും ലഭിക്കാത്തതിനാല്‍ അവരുടെ കൈയില്‍ കിട്ടിയ ഒരു പുല്‍ക്കൊടിയാണ് നബി(സ)യുടെ വൈവാഹിക ജീവിതം. രണ്ടു തരം വിമര്‍ശനങ്ങളാണ് നിലവിലുള്ളത്: ഒന്ന്, നബി(സ) യഥേഷ്ടം വിവാഹം കഴിച്ചിരുന്നു എന്ന ആക്ഷേപം. നബി(സ) സ്വന്തം ആഗ്രഹപ്രകാരം മതപരമായ ആചാരങ്ങളോ വിശ്വാസങ്ങളോ വെച്ചുപുലര്‍ത്തുന്ന വ്യക്തിയല്ല. അല്ലാഹുവിന്റെ വഹ്‌യ് (ദിവ്യബോധനം) അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അല്ലാഹു അരുളി: ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു” (നജ്മ് 3,4).
നബി(സ)ക്ക് ഒന്നിലധികം വിവാഹം കഴിക്കാന്‍ അല്ലാഹു അനുവാദം നല്‍കി യിട്ടുണ്ട്. അതിനു പിന്നില്‍ ലൈംഗിക തൃഷ്ണയോ വികാരമോ അല്ല. ”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വന്തം ശരീരം നബി(സ)ക്ക് ദാനം ചെയ്യുന്നപക്ഷം നബി(സ) അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതും അനുവദിച്ചിരിക്കുന്നു. ഇത് സത്യവിശ്വാസികളെ കൂടാതെ താങ്കള്‍ക്ക് മാത്രമുള്ള(ആനുകൂല്യ)താകുന്നു” (അഹ്‌സാബ് 50).
പല സ്ത്രീകളും സ്വന്തം ശരീരം നബി(സ)ക്ക് സമര്‍പ്പിക്കുകയുണ്ടായി. പക്ഷേ നബി(സ) അവരെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അക്കാര്യം ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഇക്‌രിമ(റ) ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് ഉദ്ധരിക്കുകയുണ്ടായി. നബി(സ)യുടെ അടുക്കല്‍ സ്വന്തം ശരീരം അദ്ദേഹത്തിനു സമര്‍പ്പിച്ച ഒരു സ്ത്രീയും ഉണ്ടായിരുന്നില്ല. അഥവാ അവരെ ഏറ്റെടുക്കാന്‍ നബി(സ)ക്ക് അനുവദിക്കപ്പെട്ടതായിരുന്നുവെങ്കിലും നബി(സ) അപ്രകാരം ഏറ്റെടുത്തിരുന്നില്ല” (ഇബ്‌നു കസീര്‍ 3:500). ഒരുപക്ഷേ നബി(സ) ഏറ്റെടുക്കാതിരിക്കാന്‍ കാരണം, അവരില്‍ ആരും തന്നെ സംരക്ഷണം ഏറ്റെടുക്കേണ്ട വിധം നിരാലംബരല്ലാത്തതുകൊണ്ടായിരിക്കാം. (അല്ലാഹു അഅ്‌ലം)
നബി(സ) ഒന്നിലധികം വിവാഹം കഴിച്ചതിനു പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്: ഒന്ന്, അല്ലാഹുവിന്റെ കല്‍പനപ്രകാരം. രണ്ട്, വിധവകളും നിരാലംബരുമായ സ്ത്രീകളുടെ സംരക്ഷണം, മൂന്ന്, ഇസ്‌ലാമിക പ്രബോധനവും സംരക്ഷണവും, നാല്, ഇസ്‌ലാമിക സാഹോദര്യം നിലനിര്‍ത്തല്‍, അഞ്ച്, ഇസ്‌ലാമിനോടുള്ള ശത്രുത കുറയ്ക്കാന്‍ വേണ്ടി അഥവാ നയതന്ത്രബന്ധം സ്ഥാപിക്കല്‍. എന്നാല്‍ ശത്രുക്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് നബി(സ) ഒരു ലൈംഗിക വികാരജീവിയായിരുന്നു എന്നതാണ്. അത്തരം പ്രസ്താവനകള്‍ക്ക് സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. കാരണം, നബി(സ)ക്ക് ആറു സന്താനങ്ങള്‍ ജനിച്ചത് വിധവയും മധ്യവയസ്‌കയുമായ ഖദീജ(റ)യിലാണ്. ഒരു സന്താനം ലഭിച്ചത് അടിമസ്ത്രീയായിരുന്ന മാരിയ എന്ന സ്ത്രീയിലുമാണ്. 11 ഭാര്യമാരുണ്ടായിരുന്ന പ്രവാചകന് മറ്റു ഭാര്യമാരിലൊന്നും സന്താനങ്ങള്‍പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ നബി(സ) ഭാര്യമാരെ മറ്റുള്ളവര്‍ സമീപിക്കുംപോലെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രവാചകന്റെ ഭാര്യമാര്‍
പ്രവാചകന്‍ ആദ്യമായി വിവാഹം ചെയ്തത് ഖദീജ(റ) യെ ആണ്. പ്രബോധന കാലഘട്ടത്തില്‍ ഖുറൈശികള്‍ നബി(സ)ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ പെട്ട ഒന്നായിരുന്നു ‘താങ്കള്‍ക്ക് വേണ്ടത് ഏറ്റവും സുന്ദരികളായ സ്ത്രീകളാണെങ്കില്‍ ഞങ്ങള്‍ താങ്കള്‍ക്ക് വിവാഹം ചെയ്തുതരാം’ എന്നത്. എന്നാല്‍ മധ്യവയസ്‌കയും മൂന്നു മക്കളുടെ മാതാവും മുമ്പ് രണ്ടുപേരുടെ ഭാര്യയുമായിരുന്ന 40 വയസ്സുള്ള ഖദീജ(റ)യെയാണ് പ്രവാചകന്‍ ആദ്യമായി വിവാഹം ചെയ്തത്.
അന്ന് പ്രവാചകന്റെ പ്രായം 25 വയസ്സ്. സുന്ദരനും സുമുഖനും അല്‍അമീന്‍ എന്ന വിശേഷണത്തിന് വിധേയനുമായ മുഹമ്മദിന് ഏത് സുന്ദരികളെയും ലഭിക്കുമായിരുന്നിട്ടും വിധവയും മധ്യവയസ്‌കയുമായ ഖദീജ(റ)യെ തെരഞ്ഞെടുത്തത് ലൈംഗികതൃഷ്ണ കൊണ്ടായിരുന്നില്ല എന്നത് സാമാന്യയുക്തിയില്‍ മനസ്സിലാക്കാം.
വിധവയായ, മധ്യവസയ്കയായ ഖദീജ(റ)യെ തന്റെ യുവത്വത്തില്‍ ഭാര്യയായി തെരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണങ്ങള്‍? ഖദീജ(റ) അറേബ്യയിലെ അതിസമ്പന്നയായിരുന്നു. ഖുറൈശികളുടെ മൊത്തം കച്ചവടസംഘങ്ങള്‍ ഖദീജ(റ)യുടെ കച്ചവടസംഘത്തോട് മാത്രം കിടപിടിക്കാന്‍ പോന്നതായിരുന്നില്ല. ഖുറൈശികളില്‍ നിലനിന്നിരുന്ന പല കുഴപ്പങ്ങള്‍ക്കും അവയെ ശമിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിരുന്ന, എല്ലാവരാലും ആദരിക്കപ്പെട്ടിരുന്ന ഒരു സ്ത്രീയായിരുന്നു അവര്‍. അവരുടെ ഭര്‍ത്താവ് എന്ന നിലയില്‍ നബിയുടെ പ്രവാചകത്വത്തിനു ശേഷം അദ്ദേഹത്തിനു വേണ്ട സംരക്ഷണം ലഭിക്കുമെന്ന സ്രഷ്ടാവിന്റെ കണക്കുകൂട്ടലായിരിക്കാം ഒരു കാരണം.
രണ്ട്, നബി(സ) അനാഥനും ദരിദ്രനുമായിരുന്നു. ഖദീജ(റ)യുമായുള്ള വിവാഹബന്ധത്തിലൂടെയാണ് അല്ലാഹു നബി(സ)ക്ക് ദാരിദ്ര്യത്തില്‍ നിന്നു മോചനം നല്‍കിയത്. അക്കാര്യം ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്: ”താങ്കളെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു” (ളുഹാ 8).
നബി(സ) രണ്ടാമതായി വിവാഹം ചെയ്തത് സൗദ(റ)യെയാണ്. ഖദീജ(റ) മരണപ്പെട്ട ശേഷമായിരുന്നു ഇത്. പ്രവാചകന്‍ വിവാഹം ചെയ്യുമ്പോള്‍ സൗദ(റ)യുടെ പ്രായം 60 വയസ്സാണ്. അവര്‍ അമിതമായ തടിയുള്ള പ്രകൃതക്കാരിയും സമൂഹത്തിന്റെ കണ്ണില്‍ സൗന്ദര്യം കുറവായ സ്ത്രീയുമായിരുന്നു. അവരുടെ മുന്‍ ഭര്‍ത്താവായിരുന്ന സക്‌റാനുബ്‌നു അംറിന്റെ മരണശേഷമാണ് നബി(സ) അവരെ വിവാഹം ചെയ്തത്. അവര്‍ മുസ്‌ലിമായതിന്റെ പേരില്‍ കുടുംബത്തിന്റെ കഠിനമായ മര്‍ദനത്തിനു വിധേയയാകുമോ എന്ന ഭയമാണ് നബി(സ)യെ അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്.
മൂന്ന്, ആഇശ(റ). നബി(സ)യുടെ ജീവിതത്തില്‍ ഒരു കന്യകയെ വിവാഹം കഴിക്കുന്നത് ആഇശ(റ)യെ മാത്രമായിരുന്നു. നബി(സ) ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത് ആഇശ(റ)യുമായുള്ള വിവാഹബന്ധത്തെ തുടര്‍ന്നാണ്. നബി(സ) അവരെ വിവാഹം കഴിക്കുന്നത് അഥവാ വിവാഹബന്ധ ഉടമ്പടിയില്‍ ഏര്‍പ്പെടുന്നത് അവരുടെ ആറാം വയസ്സിലാണ്. നബി(സ) അവരുമായി കുടുംബജീവിതം നയിക്കുന്നത് പ്രായപൂര്‍ത്തി എത്തിയതിനു ശേഷം ഒമ്പതാം വയസ്സിലുമാണ്.
‘ഡിസ്‌കവര്‍ ദ ട്രൂത്ത്’ എന്ന വെബ്‌സൈറ്റില്‍ ക്രിസ്ത്യാനികളുടെ വിവാഹപ്രായത്തെക്കുറിച്ച് രേഖപ്പെടുത്തിയതിന്റെ ആശയം ശ്രദ്ധിക്കുക: ”ബൈബിളിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാവുകയെന്നതാണ് വിവാഹപ്രായം.” അതുപോലെ ‘വെബ്‌സൈറ്റ് ഇന്ത്യാ ഫോറംസ്’ എന്ന വെബ്‌സൈറ്റില്‍ അരണ്യകാന്ത എന്ന പുസ്തത്തില്‍ തുളസീദാസ് ശ്രീരാമന്‍ സീതയെ വിവാഹം കഴിച്ച പ്രായം ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: And it also mentioned somewhere in Aranyak and which says that Sitaji was 5 years and Ramji 13 years at the time of marriage. ഇതില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത് ശ്രീരാമന്‍ സീതയെ കല്യാണം കഴിക്കുന്നത് 13 വയസ്സിലും അന്ന് സീതയുടെ വയസ്സ് 5 ആണെന്നുമാണ്.
ആഇശ(റ)ക്ക് ഒമ്പതാം വയസ്സില്‍ പ്രായപൂര്‍ത്തി ആയിട്ടുണ്ടായിരുന്നു. നബി(സ) ആഇശ(റ)യുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കാരണം അല്ലാഹുവിന്റെ സ്വപ്‌നത്തിലൂടെയുള്ള വഹ്‌യാണ്. നബി(സ) അവരോടു തന്നെ പറയുകയുണ്ടായി: ”അല്ലാഹു രണ്ടു തവണ നിന്നെ എനിക്ക് സ്വപ്‌നത്തില്‍ കാണിക്കുകയുണ്ടായി” (ബുഖാരി, അല്‍ബിദായത്തു വന്നിഹായ 3:151). രണ്ടാമത്തെ കാരണം അബൂബക്കറു(റ)മായുള്ള ഇസ്‌ലാമിക സാഹോദര്യബന്ധമായിരുന്നു. മൂന്നാമത്തെ കാരണം ആഇശ(റ)യുടെ കഴിവും ബുദ്ധിശക്തിയുമായിരുന്നു. തന്റെ മരണശേഷം ഇസ്‌ലാമിന്റെ യഥാര്‍ഥ ചര്യകള്‍ ലോകത്തിന് സംഭാവന ചെയ്യണമെന്ന ചിന്ത. അത് വിജയിക്കുകയും ചെയ്തു. പ്രവാചക പത്‌നിമാരില്‍ ഏറ്റവുമധികം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആഇശ(റ)യില്‍ നിന്നാണ്.
നാലാമതായി നബി(സ) വിവാഹം ചെയ്തത് ഉമറി(റ)ന്റെ മകള്‍ ഹഫ്‌സ്വ(റ)യെയാണ്. അവരുടെ ഭര്‍ത്താവ് ഖുനൈസ് മരണപ്പെട്ടപ്പോള്‍ മകള്‍ വിധവയായതില്‍ ഉമര്‍(റ) ദുഃഖിച്ചു. ഇത് മനസ്സിലാക്കിയ നബി(സ), ഉമറി(റ)നോടുള്ള ഇസ്‌ലാമിക സാഹോദര്യം ശക്തിപ്പെടുത്താനാണ് നബി(സ) ഹഫ്‌സ്വ(റ)യെ വിവാഹം കഴിച്ചത്.
അഞ്ചാമതായി നബി(സ) വിവാഹം കഴിച്ചത് അബൂസലമയുടെ ഭാര്യ ഉമ്മുസലമ(റ)യെ ആയിരുന്നു. അബൂസലമ നബി(സ)യുടെ അമ്മായിയുടെ പുത്രനായിരുന്നു. ഉമ്മുസലമ(റ) നാല് മക്കളുള്ള, പ്രായം ചെന്ന ഒരു സ്ത്രീയായിരുന്നു. നബി(സ) അവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയാണ് ചെയ്തത്.
ആറാമതായി നബി(സ) വിവാഹം ചെയ്തത് ജഹ്ശിന്റെ മകള്‍ സൈനബിനെയായിരുന്നു. ആദ്യം അവരെ വിവാഹം കഴിച്ചത് നബി(സ)യുടെ പോറ്റുമകന്‍ സെയ്ദ്(റ) ആയിരുന്നു. അവര്‍ തമ്മില്‍ യോജിച്ചുപോകുന്നില്ല എന്നു കണ്ടപ്പോള്‍ നബി(സ) അല്ലാഹുവിന്റെ കല്‍പനയോടെ അവരെ വിവാഹം ചെയ്തു. ആ വിവാഹത്തില്‍ മുസ്‌ലിംകള്‍ക്ക് ഒരുപാട് പാഠമുണ്ട്. അഥവാ ദത്തുപുത്രന്മാര്‍ യഥാര്‍ഥ പുത്രന്മാരല്ല. ദത്തെടുത്തവന്‍ യഥാര്‍ഥ പിതാക്കളുമല്ല. യഥാര്‍ഥ പിതാവാണെങ്കില്‍ മൂന്നു ത്വലാഖ് ചൊല്ലിയ പെണ്ണിനെ പിതാവ് വിവാഹം കഴിക്കുകയില്ലല്ലോ. നബി(സ) സെയ്ദി(റ)ന്റെ യഥാര്‍ഥ പിതാവല്ല എന്ന് ലോകം മനസ്സിലാക്കാനായിരുന്നു നബി(സ) സൈനബി(റ)നെ വിവാഹം ചെയ്തത്.
ഏഴാമതായി നബി(സ) വിവാഹം കഴിച്ചത് ബനൂമുസ്ത്വലഖ് ഗോത്രത്തില്‍ പെട്ട ജുവൈരിയയെ ആയിരുന്നു. അവര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവളായിരുന്നു. നയതന്ത്രമെന്ന നിലക്കായിരുന്നു അവരെ വിവാഹം കഴിച്ചത്. അക്കാരണത്താല്‍ ബനൂമുസ്ത്വലഖ് ഗോത്രക്കാര്‍ മുഴുവന്‍ മുസ്‌ലിംകളായി. നയതന്ത്രം എന്ന നിലയിലായിരുന്നു നബി(സ) അബൂസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബയെയും ബനുനളീര്‍ ഗോത്രക്കാരിയായ സ്വഫിയ്യ(റ)യെയും മൈമൂന(റ)യെയും വിവാഹം ചെയ്തത്. അത് വിജയിക്കുകയും ചെയ്തു. അബൂസുഫ്‌യാന്‍ മുസ്‌ലിമായി. സ്വഫിയ്യ(റ) യുദ്ധത്തില്‍ പിടിക്കപ്പെട്ട ബന്ധനസ്ഥയായിരുന്നു. നബി(സ) അവരെ വിവാഹം കഴിച്ചതിനാല്‍ ബനൂനളീര്‍ ഗോത്രക്കാരെല്ലാം മുസ്‌ലിംകളായി.
ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ അടുത്ത ബന്ധുവായിരുന്നു മൈമൂന(റ). അവര്‍ക്ക് അന്‍പതോളം വയസ്സുണ്ടായിരുന്നു. ഖാലിദ് ഇസ്‌ലാമിലേക്ക് വരാന്‍ നബി(സ) അതിയായി ആഗ്രഹിച്ചിരുന്നു. മൈമൂന(റ)യെ വിവാഹം കഴിച്ചതിനാല്‍ ഖാലിദ്(റ) ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. നബി(സ)ക്ക് പതിനൊന്നാമതായി ഒരു ഭാര്യയും കൂടിയുണ്ട്. അവരാണ് മാരിയ എന്ന അടിമസ്ത്രീ. അവരെ നബി(സ)ക്ക് ഈജിപ്തിലെ രാജാവ് സമ്മാനമായി നല്‍കിയതാണ്. രാജാവ് തന്നെ നബി(സ)ക്കു വേണ്ടി മഹ്ര്‍ നല്‍കി വിവാഹം കഴിപ്പിച്ചുകൊടുക്കുകയാണ് ചെയ്തത്.

3 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x