ആ സംസാരം അല്‍പം നേരത്തേ ആകാമായിരുന്നു!
സദ്‌റുദ്ദീന്‍ വാഴക്കാട്
മകളുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസമായി. അവള്‍ കുറച്ചു പ്രയാസത്തിലാണ്. പുയ്യാപ്ലക്ക് മാനസികമായ ചില പ്രശ്‌നങ്ങളുണ്ടെന്നു മനസ്സിലായത് പിന്നീടാണ്. അവന്‍ ജോലി ചെയ്യുന്ന വിദേശത്തെ കമ്പനിയുടെ മാനേജറെ വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിയാനായത്. ഈ വിളി നേരത്തേ ആയിരുന്നെങ്കില്‍ എന്റെ മകള്‍ക്ക് ഈ ദുരവസ്ഥ വരില്ലായിരുന്നു”- ഈയിടെ ഒരു രക്ഷിതാവ് കണ്ണീരണിഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകള്‍. വിവാഹാനന്തരം ഏതാനും മാസങ്ങള്‍ക്കകം വധുവിന്റെയും വരന്റെയും രക്ഷിതാക്കള്‍ ഇതേ വേദന പങ്കുവെക്കുന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്. എന്താണ് ഇതിനു കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
വധൂവരന്‍മാരുടെ വ്യക്തിത്വം പ്രധാനമാണ്. ആവശ്യമായ അന്വേഷണങ്ങള്‍ നടത്താതെ, വേണ്ടത്ര അവധാനതയില്ലാതെ വിവാഹബന്ധങ്ങള്‍ രൂപപ്പെടുത്തുന്നത് ദാമ്പത്യപ്രശ്‌നങ്ങളുടെ കാരണങ്ങളില്‍ പ്രധാനമാണ്. പലര്‍ക്കും ഈ തെറ്റ് സംഭവിക്കുന്നുണ്ട് എന്നാണ് പല കുടുംബ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ മനസ്സിലായിട്ടുള്ളത്. അന്വേഷണങ്ങളിലെ സൂക്ഷ്മതക്കുറവ് തന്നെയാണ് ദാമ്പത്യബന്ധത്തിലെ ഒന്നാമത്തെ വില്ലന്‍. വിവാഹം രണ്ടു വ്യക്തികളും രണ്ടു കുടുംബങ്ങളും തമ്മിലുള്ള ബന്ധമാണ്. എന്നാല്‍, ഇരു കുടുംബങ്ങളുടെയും അവസ്ഥകള്‍ പരിശോധിക്കുന്നതോടൊപ്പം, ഏറെ പ്രാധാന്യത്തോടെ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വ്യക്തിത്വങ്ങളെ സംബന്ധിച്ചാണ് കൂടുതല്‍ സൂക്ഷ്മമായി അന്വേഷിക്കേണ്ടത്. വിവാഹം ഉദ്ദേശിക്കുന്ന കുട്ടികളുടെ സ്വഭാവം, പ്രകൃതം, താല്‍പര്യങ്ങള്‍, ശാരീരികാവസ്ഥ, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മമായിത്തന്നെ അറിയണം. അങ്ങനെ അറിയണമെങ്കില്‍ വിശദമായ അന്വേഷണം, ആവശ്യമായ സമയമെടുത്ത് നടക്കണം.
പക്ഷേ, ചില വിവാഹങ്ങളില്‍ സംഭവിക്കാറുള്ളത് ഇങ്ങനെയല്ല. കുട്ടികളുടെ മാതാപിതാക്കള്‍, വല്യുപ്പ, വല്യുമ്മ, അമ്മാവന്‍മാര്‍, സഹോദരങ്ങള്‍ തുടങ്ങിയവരുടെ വ്യക്തിത്വം കണ്ട് ചിലര്‍ വിവാഹം നടത്താറുണ്ട്. ”അവന്റെ പിതാവ് നല്ല വ്യക്തിയാണ്, ശാന്ത പ്രകൃതം, ആര്‍ക്കും കുറ്റം പറയാനില്ല. അന്വേഷിച്ചപ്പോള്‍ എല്ലാവരും പിതാവിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങള്‍ വിവാഹം നടത്തിയത്”- ഈയടുത്ത് ഒരു രക്ഷിതാവ് പറഞ്ഞതാണിത്! ”പിതാവിനാണോ നിങ്ങള്‍ മകളെ വിവാഹം ചെയ്തുകൊടുത്തത്, അതോ അയാളുടെ മകന്നോ?” ഞാന്‍ ചോദിച്ചു. ”മകനു തന്നെയാണല്ലോ. പക്ഷേ അവനെക്കുറിച്ച് കുറച്ചുകൂടി അന്വേഷിക്കേണ്ടതായിരുന്നു. എനിക്ക് സൂക്ഷ്മതക്കുറവ് സംഭവിച്ചിട്ടുണ്ട്”- അദ്ദേഹം സ്വന്തം വീഴ്ച സമ്മതിച്ചു. ഈ വീഴ്ചയ്ക്ക് പക്ഷേ, ആ കുടുംബം നല്‍കേണ്ടിവരുന്ന വില വളരെ വലുതാണ്.
നാട്ടില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും നേതാവുമായ ഒരാളുടെ മകന് മകളെ വിവാഹം ചെയ്തുകൊടുത്ത ഒരു രക്ഷിതാവും ഏറക്കുറേ ഇതേ അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. പലതരം പ്രശ്‌നങ്ങള്‍ ഉള്ളവനായിരുന്നു ആ മകന്‍! പക്ഷേ, ”അദ്ദേഹത്തിന്റെ മകനല്ലേ, നല്ല ബന്ധമായിരിക്കും! മകന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഒരു മതനേതാവായ അദ്ദേഹം അവനെക്കൊണ്ട് വിവാഹം കഴിപ്പിക്കില്ലല്ലോ”- ഇതാണ് പെണ്‍കുട്ടിയുടെ പിതാവ് ചിന്തിച്ചത്. അതുകൊണ്ട് അദ്ദേഹം കൂടുതലൊന്നും അന്വേഷിച്ചില്ല! വിവാഹം നടന്ന് ഏതാനും ആഴ്ചകള്‍ക്കകം തന്നെ അവന്റെ പ്രശ്‌നങ്ങള്‍ പൊങ്ങിവരാന്‍ തുടങ്ങി. അപ്പാഴാണ് അവനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലും മറ്റും ബന്ധപ്പെട്ട് അവനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചത്. അവന് മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ പാടില്ലായിരുന്നു എന്ന് പരിതപിക്കുന്ന ആ പിതാവ്, ‘അവന്റെ കമ്പനിയിലേക്ക് ഞാന്‍ നേരത്തേ വിളിച്ചാല്‍ മതിയായിരുന്നു’ എന്ന് പിന്നീട് വിലപിക്കുന്നതില്‍ അര്‍ഥമില്ലല്ലോ!
‘നിങ്ങള്‍ ഒരു സ്ത്രീയെ വിവാഹാന്വേഷണം നടത്തിയാല്‍, അവളെ ഇണയായി തെരഞ്ഞെടുക്കാന്‍ കാരണമാകുന്ന ഘടകങ്ങള്‍ അവളില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ അപ്രകാരം ചെയ്യട്ടെ’ എന്ന ആശയമുള്ള ഒരു നബിവചനം അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. താന്‍ വിവാഹം അന്വേഷിച്ച പെണ്‍കുട്ടിയെക്കുറിച്ച് രഹസ്യമായി സൂക്ഷ്മാന്വേഷണം നടത്തിയ അനുഭവം നബിയുടെ ശിഷ്യന്‍ ജാബിര്‍ പങ്കുവെച്ചതും കാണാം. ഈ സൂക്ഷ്മാന്വേഷണം പ്രവാചകന്‍ പഠിപ്പിച്ചതും ആണിനും പെണ്ണിനും ബാധകമാകുന്നതുമാണ്. സ്വകാര്യതകള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഏതൊരു അന്വേഷണവും നടത്താവൂ എന്നു മാത്രം. ഒരാളുടെയും അഭിമാനം ക്ഷതപ്പെടുത്താനും സ്വകാര്യത വെളിപ്പെടുത്താനും പാടില്ലാത്തതാണ്.
അവധാനത അനിവാര്യമാണ്
ഏതാനും മാസങ്ങളിലേക്കോ വര്‍ഷങ്ങളിലേക്കോ മാത്രമുള്ള താല്‍ക്കാലിക പരിപാടിയല്ല, ജീവിതകാലം മുഴുവന്‍ തുടരേണ്ട ആത്മബന്ധത്തിന്റെ ആധാരമാണല്ലോ വിവാഹം. ജീവിതകാലത്തേക്ക് മുഴുവനായുള്ള ഒരു ബന്ധം തീരുമാനിക്കാന്‍ അല്‍പം സാവകാശം ആവശ്യമല്ലേ? പല കാര്യങ്ങളും ഗൗരവത്തില്‍ ആലോചിക്കേണ്ടതില്ലേ? പെട്ടെന്ന് വിവാഹം നടന്നുകിട്ടുന്നതിനെ കുറിച്ച് ആധികൊള്ളുകയാണോ, വിവാഹാനന്തരമുള്ള ജീവിതത്തെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കുകയാണോ നാം ചെയ്യേണ്ടത്! വിവാഹത്തെ മുന്‍നിര്‍ത്തിയല്ല, ജീവിതത്തെ മുന്നില്‍ക്കണ്ടാണ് ആലോചനകള്‍ നടക്കേണ്ടത്. ‘ധൃതി പൈശാചികമാണ്’ എന്ന പ്രവാചക പാഠം വിവാഹ തീരുമാനങ്ങളില്‍ കൃത്യമായി ഉള്‍ക്കൊള്ളാനായാല്‍, പല ദാമ്പത്യ പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കുടുംബത്തിലെ മുതിര്‍ന്നവരുടെ സമ്മര്‍ദവും പ്രവാസജീവിതവും വിവാഹാന്വേഷണത്തിലെ ധൃതിയുടെ കാരണങ്ങളില്‍ പ്രധാനമാണ്. ‘അവന്‍ അടുത്ത മാസം വരും, ഒരു മാസത്തെ ലീവേ ഉള്ളൂ, അതിനുള്ളില്‍ എല്ലാം ശരിയാക്കണം’- പലരും പറയാറുള്ളതാണിത്. ചിലര്‍ പ്രധാന ബന്ധുക്കളുടെ യാത്രകള്‍ക്കും മറ്റും അനുസരിച്ചും വിവാഹബന്ധം ശരിയാക്കാന്‍ ശ്രമിക്കാറുണ്ട്. പ്രവാസികളായ മക്കളുടെയും ബന്ധുക്കളുടെയും അവധിക്ക് അനുസരിച്ച് വിവാഹച്ചടങ്ങുകള്‍ നടത്താം; പക്ഷേ, ഇണകളെ തീരുമാനിക്കാന്‍ പാടില്ല. ഇണകളെ തെരഞ്ഞെടുക്കുന്നത്, ഇരുവര്‍ക്കുമിടയിലെ ചേര്‍ച്ചകള്‍ പരിഗണിച്ചായിരിക്കണം; കമ്പനിയുടെ കലണ്ടറിലെ ലീവ് ദിനങ്ങള്‍ നോക്കിയാകരുത്.
കുടുംബത്തിലെ സമപ്രായക്കാരുടെ വിവാഹം നടക്കുന്നതിനാല്‍ മുതിര്‍ന്നവരില്‍ നിന്ന് ചില കുട്ടികള്‍ക്ക് അമിത സമ്മര്‍ദം ഉണ്ടാകാറുണ്ട്. വല്യുമ്മമാരും മുതിര്‍ന്ന സ്ത്രീകളുമാണ് സമ്മര്‍ദശക്തിയില്‍ പലപ്പോഴും മുന്നിലുണ്ടാവുക. അനിയത്തിയുടെ/അനിയന്റെ വിവാഹമാണ് മറ്റൊരു കാരണം. ശരിയാണ്, ഇത്തരം അവസ്ഥകളെല്ലാം പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, കിട്ടിയ ബന്ധം ധൃതിപിടിച്ച് തീരുമാനിക്കാന്‍ ഇതൊന്നും അടിസ്ഥാനമാക്കാന്‍ പാടില്ലാത്തതാണ്. ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ടാകും. ഏറക്കുറേ, അതിനു ചേര്‍ന്ന ഇണകളെ കിട്ടും വരെ കാത്തിരിക്കുക തന്നെ വേണം. സമപ്രായക്കാരുടെ വിവാഹം നടക്കുന്നുണ്ടോ എന്നതല്ല, യോജിച്ച ഇണയിലേക്ക് എത്തിയിട്ടുണ്ടോ എന്നതാണ് പരിഗണിക്കേണ്ടത്. അനിയത്തി/അനിയന്‍ വിവാഹപ്രായമാകുന്നു എന്നതല്ല, ജ്യേഷ്ഠത്തിക്കും ജ്യേഷ്ഠനും സംതൃപ്തമായ ബന്ധം ശരിയായിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ആദ്യം നല്ല ബന്ധം ആര്‍ക്ക് കിട്ടുന്നുവോ, അവരുടെ വിവാഹം ആദ്യം നടത്തിയാലും പ്രശ്‌നമില്ലാത്ത അവസ്ഥയിലേക്ക് സമൂഹം വളരുകയും ചെയ്യേണ്ടതുണ്ട്.
ആവശ്യത്തിനു സമയം
കൊടുക്കണം
അല്‍പം നേരത്തെത്തന്നെ അന്വേഷണങ്ങള്‍ തുടങ്ങുക എന്നതാണ് ധൃതി പിടിച്ചുള്ള വിവാഹതീരുമാനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം. അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ ആവശ്യമായ അവധാനത പുലര്‍ത്തുക മാത്രമല്ല, വധൂവരന്‍മാരാകാന്‍ ഒരുങ്ങുന്നവര്‍ക്ക് പരസ്പരം ബോധ്യപ്പെടാന്‍ ആവശ്യത്തിന് സമയം കൊടുക്കുകയും വേണം. ‘വിവാഹം ഉറപ്പിക്കും മുമ്പ് എനിക്ക് രണ്ടാമതൊന്നുകൂടി അവനോട് സംസാരിക്കാന്‍ നിങ്ങള്‍ അവസരം തന്നില്ലല്ലോ’ എന്ന് വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടി പിതാവിനോട് പരാതി പറഞ്ഞത്, അദ്ദേഹം തന്നെയാണ് എന്നോട് പങ്കുവെച്ചത്. ജീവിതകാലം മുഴുവന്‍ കൂടെ കൂട്ടേണ്ട ഒരാളെ, ഒരൊറ്റ കാഴ്ചയില്‍, മിനിറ്റുകളുടെ സംസാരം കൊണ്ടുതന്നെ തീരുമാനിക്കാം എന്നുവരുന്നത് എല്ലാവരുടെ കാര്യത്തിലും ശരിയാവില്ല, വിശേഷിച്ചും നമ്മുടെ കാലത്ത്.
മകളുടെ വിവാഹാന്വേഷണത്തിനിടയില്‍ ഒരു പിതാവ് എന്നെ കാണാന്‍ വന്നു. അവര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നുണ്ട്, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, പെണ്ണുകാണല്‍! പിതാവിന്റെ മുഖത്തെ ആധി എനിക്ക് വായിച്ചെടുക്കാന്‍ സാധിച്ചു. ”അവന്‍ കണ്ടിട്ട് പോകട്ടെ, നിങ്ങള്‍ അവളോടൊന്നും ചോദിക്കേണ്ട. രണ്ടുമൂന്നു ദിവസം സമയം കൊടുക്കുക, അവള്‍ ചിന്തിക്കട്ടെ. ശേഷം, അവള്‍ നിങ്ങളോട് ഇങ്ങോട്ട് പറയും”- ഇതായിരുന്നു എന്റെ നിര്‍ദേശം. അദ്ദേഹം അപ്രകാരം ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് അവള്‍ ആ ബന്ധം വേണ്ടെന്നു പറയുമ്പോള്‍, കാരണങ്ങള്‍ മാതാപിതാക്കള്‍ക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ടായിരുന്നു. അത് ശരിയായിരുന്നുതാനും.
സാധാരണയായി സംഭവിക്കുക ഇങ്ങനെയല്ല. ‘പെണ്ണുകാണല്‍’ ചടങ്ങ് തീരും മുമ്പേ, അല്ലെങ്കില്‍ കഴിഞ്ഞ ഉടനെ ചോദ്യം വരും: ”എന്താ, നിനക്ക് ഇഷ്ടമായോ?” ആവശ്യത്തിന് ആലോചിക്കാന്‍ സമയം കൊടുക്കാതെ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല. എന്നു മാത്രമല്ല, ആവശ്യമെങ്കില്‍ ഒന്നിലേറെ തവണ കണ്ട് സംസാരിക്കാനും വിവാഹാന്വേഷണവേളയില്‍ അവസരമുണ്ടാകണം.
എന്റെ സുഹൃത്തിന്റെ മകള്‍ക്ക് വന്ന ഒരു വിവാഹാന്വേഷണം. ഒരു തവണ കണ്ടു. വിവാഹം നടത്താമെന്ന ധാരണയിലേക്ക് പോവുകയായിരുന്നു രക്ഷിതാക്കള്‍. പക്ഷേ, അവളെ രണ്ടാമതൊരിക്കല്‍ കൂടി കാണണം എന്നായി പയ്യന്‍. അതിന് അവസരം നല്‍കാന്‍ രക്ഷിതാക്കള്‍ മടിച്ചില്ല. വലിയ ഗുണമാണ് ആ രണ്ടാം കാഴ്ചയ്ക്ക് ഉണ്ടായത്. ആദ്യ കൂടിക്കാഴ്ചയില്‍, രക്ഷിതാക്കളുടെ സാന്നിധ്യവും മറ്റു ചില സമ്മര്‍ദങ്ങളും കാരണം പറയാന്‍ കഴിയാതിരുന്ന ഒരു പ്രധാന കാര്യം അവന്‍ പങ്കുവെച്ചു. അവന് ഉണ്ടായിരുന്ന പ്രണയബന്ധമായിരുന്നു വിഷയം. അവനത് മനസ്സില്‍ നിന്ന് കളയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, സാധിക്കുന്നില്ല. കുറച്ചു കഴിഞ്ഞാല്‍ ഒരുപക്ഷേ സാധിക്കുമായിരിക്കാം. അതിന് ആ പെണ്‍കുട്ടിയെ പരീക്ഷണവസ്തുവാക്കുന്നത് ശരിയല്ല എന്ന് അവന്‍ തിരിച്ചറിഞ്ഞു. അവനത് അവളോട് തുറന്നുപറയാന്‍ കഴിഞ്ഞത് രണ്ടാമത്തെ കൂടിക്കാഴ്ചയിലാണെന്നു മാത്രം.
മാതൃകാപരമാണ് ഈ നടപടി. തന്റെ ആഗ്രഹങ്ങള്‍ പോലെ പ്രധാനമാണ് മറ്റുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളും എന്ന ഉയര്‍ന്ന നിലപാടാണിത്. തന്മയീഭാവം (ലാുമവ്യേ) എന്നു പറയുന്നത് ഇതിനെയാണ്.
നബിസന്നിധിയില്‍ നടന്ന ഒരു സംഭവമുണ്ട്: ഒരാള്‍ കയറിവന്ന്, താന്‍ ഒരു സ്ത്രീയെ വിവാഹം അന്വേഷിച്ചതായി അറിയിച്ചു. ‘നീ അവളെ ശരിക്കും നോക്കിയോ?’ നബിയുടെ ചോദ്യം. ‘ഇല്ലെ’ന്ന് അയാളുടെ മറുപടി. ‘നീ പോയി അവളെ ശരിക്കും കണ്ടിട്ട് വരൂ’- നബി അയാളെ പറഞ്ഞയച്ചു. ഒരിക്കലും കാണാത്ത ഒരു സ്ത്രീയെയായിരിക്കില്ലല്ലോ അയാള്‍ വിവാഹം അന്വേഷിച്ചത്. അയാള്‍ക്ക് അറിയാവുന്ന, അയാള്‍ കണ്ടിട്ടുള്ള പെണ്ണിനെയായിരിക്കും. അപ്പോള്‍ ‘നീ അവളെ നോക്കിയോ’ എന്നു നബി ചോദിച്ചത്, വെറും കാഴ്ചയെക്കുറിച്ചല്ല, അവളെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന അര്‍ഥത്തിലാണ്. വിവാഹം അന്വേഷിച്ച സ്ത്രീയുടെ അടുത്തേക്ക് മുഗീറ എന്ന ശിഷ്യനെ പറഞ്ഞയക്കുന്ന നബി, ‘നിങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധങ്ങള്‍ ഉണ്ടാകാന്‍ അതാണ് സൂക്ഷ്മത’ എന്ന് നബി പറയുന്നത് ഈയര്‍ഥത്തില്‍ മനസ്സിലാക്കാവുന്നതാണ്.