പ്രവാചകന്റെ വിവാഹങ്ങള്‍ പരിഹസിക്കുന്നവര്‍ തിരിച്ചറിയേണ്ടത്
ഉമര്‍ മാടശ്ശേരി,പുത്തലം
ഇരുപത്തിയഞ്ച് വയസ്സുള്ള അരോഗദൃഢഗാത്രനും സല്‍സ്വഭാവിയും സുന്ദരനുമായ മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ ആദ്യമായി വിവാഹം ചെയ്തത് 40 വയസ്സുള്ള ഖദീജ എന്ന മഹതിയെയായിരുന്നു. ഖദീജയുമായുള്ള വിവാഹബന്ധം ദൃഢവും സംതൃപ്തിയിലും സ്നേഹത്തിലും ആയിരുന്നു. ഒരിക്കല്‍ മുഹമ്മദ് നബി സുന്ദരിയും സുശീലയും ചെറുപ്പക്കാരിയുമായ ഭാര്യ ആഇശ ബീവിയുടെ മുന്നില്‍ നിന്ന് ‘എന്റെ ഖദീജ ഉണ്ടായിരുന്നെങ്കില്‍’ എന്ന് പറഞ്ഞുപോയി. നബിയേക്കാള്‍ 15 വയസ്സ് കൂടുതലുള്ള മരിച്ചുപോയ ഖദീജയുമായുള്ള വിവാഹബന്ധം എത്രത്തോളം ദൃഢമാണെന്നുള്ള കാര്യം സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. നബിയുടെ 50-ാം വയസ്സില്‍ ഖദീജ (65 വയസ്സ്) മരണമടഞ്ഞു.
ഖദീജ മരണപ്പെട്ടതിനുശേഷം മാത്രമാണ് നബി പിന്നീട് വിവാഹങ്ങള്‍ ചെയ്തത്. അതും ഇസ്ലാമിന്റെ ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം. യുദ്ധത്തില്‍ ശഹീദ് ആയ ഭാര്യ, ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ സ്വഗേഹത്തില്‍ നിന്ന് പുറത്തായവര്‍ (അബൂസുഫ്യാന്റെ മകള്‍), ഇസ്ലാമിനുവേണ്ടി ത്യാഗം സഹിച്ച് പലായനം ചെയ്ത് ഭര്‍ത്താവ് മരിച്ച മഹതി ഇവരൊക്കെയായിരുന്നു പിന്നീട് പ്രവാചക പത്‌നിമാരായത്. വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നാണ് ഖദീജ ബീവിയുടെ മരണശേഷം നബിയുടെ വിവാഹങ്ങള്‍ നടന്നത്. അത് ഇസ്ലാമിനെ വിവിധ ഗോത്രങ്ങളിലേക്ക് പരിചയപ്പെടുത്താനും അവര്‍ ഇസ്ലാമിലേക്ക് വരാനും ഇടയായിട്ടുണ്ട്.
വാര്‍ധക്യത്തില്‍ എത്തിയ പ്രവാചകന്‍ ചെറുപ്പക്കാരിയായ ആഇശാ ബീവിയെ വിവാഹം ചെയ്തതിനെ കുറിച്ചും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ നബിയേക്കാള്‍ പ്രായം കൂടിയ ഖദീജ, ഖദീജയുടെ മരണശേഷം ആദ്യവിവാഹം നബിയെക്കാള്‍ അഞ്ച് വയസ്സ് കൂടുതലുള്ള മഹതിയെയും കൂടി ആയിരുന്നു. ഇത് എന്തുകൊണ്ട് വിമര്‍ശകര്‍ സ്മരിക്കുന്നില്ല? ആഇശ(റ) ആരാണെന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം സ്വീകരിച്ച ആദ്യ പുരുഷന്‍, നബിയോടൊപ്പം ഏത് സാഹചര്യത്തിലും കൂടെയുള്ള മഹാന്‍, നബിയെ ചാണോട് ചാണ്‍ പിന്‍പറ്റിയ മഹാന്‍ എന്നിങ്ങനെയുള്ള അബൂബക്കര്‍ സിദ്ദീഖിന്റെ മകളാണ് ആഇശ.
നബിയുടെ വീട്ടില്‍ എത്ര ദിവസം തീ കത്തിയില്ല എന്ന് ഓര്‍ക്കുന്നുണ്ടോ. എന്നിട്ടും നബിയുടെ ഭാര്യമാര്‍ എല്ലാം സഹിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും പ്രീതി മോഹിച്ച് പട്ടിണിയും കഷ്ടപ്പാടും സഹിച്ച് ജീവിച്ചവരാണ്. അവരാണ് ഉമ്മഹാതുല്‍ മുഅ്മിനീന്‍ എന്ന് ഇസ്ലാം വിളിക്കുന്നവര്‍. ഇപ്പോള്‍ നമ്മുടെ നാടുകളില്‍ നടക്കുന്ന ബഹുഭാര്യാത്വ വിവാഹങ്ങളും അറബി നാടുകളില്‍ നടക്കുന്ന ചില വിവാഹങ്ങളും മുഹമ്മദ് നബിയുടെ വിവാഹങ്ങളുമായി താരതമ്യപ്പെടുത്തി വിലയിരുത്തരുത്. നബിയുടെ സുന്നത്തിനെ ദുര്‍ബലപ്പെടുത്തുന്ന വിവാഹങ്ങളാണ് അവയില്‍ ചിലത്.
മുഹമ്മദ് നബി 40 വയസ്സു മുതല്‍ അല്ലാഹുവിന്റെ ദൂതനാണ്. അതിനുശേഷം മുഹമ്മദ് നബിക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിച്ചതിനു ശേഷമേ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്തുകൊണ്ട് വിശപ്പുകൊണ്ട് വലഞ്ഞിട്ടും മുഹമ്മദ് നബി ഖജനാവില്‍ നിന്ന്് സ്വന്തം കുടുംബത്തിന് വിശപ്പടക്കാന്‍ അവിഹിതമായി ധനം അനുവദിച്ചില്ല, കൂടെയുള്ള സ്വന്തം അനുചരന്മാര്‍ക്ക് കൊടുത്തില്ല? തന്റെ ഏകമകളായ ഫാത്തിമ ബീവിയോട് നബി അരുളി: ‘ഫാത്തിമ നീയാണ് കളവ് നടത്തുന്നതെങ്കില്‍ നിന്റെ കൈ ഞാന്‍ ഛേദിക്കും’. ഇത്രയും സത്യസന്ധമായ ഭരണാധികാരി, കുടുംബനാഥന്‍, ഈ ലോകത്ത് വേറെ ആരെ കാണാന്‍ സാധിക്കും?