19 Tuesday
November 2024
2024 November 19
1446 Joumada I 17

വിവാഹാഘോഷങ്ങള്‍ ധൂര്‍ത്തുത്സവങ്ങളാകുന്നുവോ?

ഹബീബ്‌റഹ്‌മാന്‍ കരുവന്‍പൊയില്‍


അടുത്തിടെ നടന്ന കാസര്‍ക്കോട്ടുള്ള സഹപാഠിയുടെ മകന്റെ വിവാഹത്തിന് തലേ ദിവസമാണ് പങ്കെടുക്കാന്‍ സൗകര്യപ്പെട്ടത്. പിറ്റേന്നുള്ള ഭക്ഷണത്തിനായി സ്റ്റോര്‍റൂമിലും തൊട്ടടുത്തുമായി കൊണ്ടുവെച്ച സാധനങ്ങളില്‍ എന്റെ കണ്ണുടക്കി. 250 കിലോ ബിരിയാണി അരി, 100 കിലോ മന്തി അരി, 100 കിലോ ആട്ട, 100 കിലോ പത്തിരിപ്പൊടി, രണ്ടു ക്വിന്റല്‍ കോഴി, ഒന്നര ക്വിന്റലുള്ള ഒരു പോത്ത്, രണ്ടു ആട്ടിന്‍ കുട്ടികള്‍. ഒറ്റ നോട്ടത്തില്‍ ഇത്രയുമാണ് ഞാന്‍ കണ്ടത്. ഇത് കൂടാതെ ഒട്ടനവധി ചേരുവകള്‍ വേറെയും. ഞാന്‍ വെറുതെ അവനോട് ചോദിച്ചു. ആകെ എത്രയാളുകളെയാണ് ക്ഷണിച്ചത്. അവന്റെ മറുപടി: ‘2500 നും 3000 ത്തിനും ഇടയില്‍ വരും’. ഞാന്‍ ആലോചിച്ചപ്പോള്‍ ചുരുങ്ങിയത് ഒരു 5000 പേര്‍ക്കെങ്കിലുമുള്ള ഭക്ഷ്യവിഭവങ്ങളൊരുക്കാന്‍ മാത്രമുള്ള സാധനങ്ങള്‍ അവിടെയുണ്ട്. നല്ല ആരോഗ്യമുള്ള പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരു സമയം 350 ഗ്രാം മുതല്‍ 600 ഗ്രാം വരെയുള്ള ഭക്ഷണമേ കഴിക്കൂ. അല്ലെങ്കില്‍ അതേ ഒരു മനുഷ്യന് ഒരേ സമയം തിന്നാന്‍ സാധിക്കൂ. അപ്പോള്‍ പിന്നെ ഈ വിഭവങ്ങളെല്ലാം?! ഒരനുഭവം കൂടി പങ്കുവെക്കാം. വിദേശത്തു നിന്ന് വന്ന സുഹൃത്തിന്റെ മകന്‍ കൊണ്ടുവന്ന ഒരു വാച്ച് എന്നെ കാണിച്ചിട്ട് സുഹൃത്ത് പറഞ്ഞു. 1,20,000 രൂപ വിലയുള്ള വാച്ചാണിത്. അവന് പെണ്ണുകാണാന്‍ പോകുമ്പോള്‍ മിഠായി കൊടുക്കല്‍ സമയത്ത് പെണ്‍കുട്ടിക്ക് നല്‍കാന്‍ വേണ്ടി വാങ്ങിയതാണ്.
മനുഷ്യ കുലത്തിന്റെ നിലനില്പിനാധാരമായ അടിസ്ഥാന സംവിധാനമാണ് കുടുംബം. ഒരു പുരുഷനും ഒരു സ്ത്രീയും പരസ്പരം ബന്ധം സ്ഥാപിക്കുന്ന വിവാഹമാണ് കുടുംബത്തിന്റെ പ്രഥമ ബിന്ദു. ആ ബിന്ദു മുഖേനയാണ് മനുഷ്യകുലം വളര്‍ന്നു വികസിക്കുന്നത്. കുടുംബങ്ങളും സമൂഹങ്ങളും തലമുറകളും പിറവിയെടുക്കുന്നത്.
വിവാഹമെന്ന പവിത്രവും പരിപാവനവുമായ സംബന്ധത്തിലൂടെ മാത്രമേ മനുഷ്യകുലം നിലനില്‍ക്കൂ എന്നര്‍ഥം. ആണും പെണ്ണും തമ്മില്‍ നടക്കുന്ന ഈ വൈവാഹിക ബന്ധത്തിലൂടെയാണ് കുട്ടികളുണ്ടാകുന്നത്. അവര്‍ ഒരു കുടുംബമാകുന്നത്. അങ്ങനെ അവര്‍ പരന്ന് പടര്‍ന്ന് പന്തലിക്കുന്നത്. മനുഷ്യകുലത്തിന്റെ നിലനില്‍പിനു തന്നെ അടിസ്ഥാനമായ അങ്ങേയറ്റം പവിത്രവും പരിപാവനവുമായ ഈ വിവാഹമെന്ന പ്രഥമവും പ്രധാനവുമായ സംവിധാനത്തെയാണ് പലരുമിന്ന് പരിഹാസപാത്രമാക്കുന്നതും പ്രതിലോമപരമാക്കുന്നതും.
വിവാഹാന്വേഷണം മുതല്‍ തന്നെ അനാചാരങ്ങളുടെയും മാമൂലുകളുടെയും ദുര്‍വ്യയങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും പ്രവണത തുടങ്ങുകയായി. അത് വിവാഹത്തിന്റെ ഓരോ ഘട്ടത്തിലും ശക്തി പ്രാപിച്ച് മനുഷ്യകുലത്തിന് തന്നെ ദ്രോഹകരമാകുന്ന പൊങ്ങച്ച പ്രകടനങ്ങളായി മാറുന്നു. ഇതില്‍ ഏതെങ്കിലും മതക്കാരോ ജാതിക്കാരോ വിഭാഗക്കാരോ ഒഴിവാകുന്നില്ല. എങ്കിലും മുസ്‌ലിംകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്.
ഇസ്ലാമില്‍ വധൂ-വരന്മാരുടെ സമ്മതവും പൊരുത്തവുമുണ്ടെങ്കില്‍ വധുവിന്റെ രക്ഷാധികാരിയും വരനും രണ്ടു സാക്ഷികളും ഉള്‍പ്പെടെ നാലാള്‍ മാത്രം മതി വിവാഹം സാധുവാകാന്‍. മഹര്‍ അഥവാ വിവാഹമൂല്യമായി എത്ര ചെറുതായാലും വലുതായാലും കുഴപ്പമില്ലാത്ത (നിര്‍ണിതമല്ലാത്ത) ഒരു ഉപഹാരം വരന്‍ വധുവിന് നല്‍കണം. ഇതോടെ ബലിഷ്ഠമായ വിവാഹ കരാര്‍ പൂര്‍ത്തിയായി.
ഹൈന്ദവ ധര്‍മമനുസരിച്ച് വിവാഹം അമ്പലത്തില്‍ വെച്ചും വീട്ടില്‍ വെച്ചും നടത്താം. വിവാഹ മണ്ഡപവും പൂജാരിയും നിര്‍ബന്ധം. പെണ്ണിന്റെയും ആണിന്റെയും ഭാഗത്തു നിന്ന് രണ്ടു സാക്ഷികള്‍ വീതം വേണം. വരന്‍ വധുവിന്റെ കഴുത്തില്‍ താലിയണിയിക്കണം. വധുവിനും വീട്ടുകാര്‍ക്കും വസ്ത്രം വാങ്ങണം. മിതമായി ഇത്രേയുള്ളൂ. ജാതി വ്യത്യാസങ്ങള്‍ക്കനുസരിച്ച് ആചാരങ്ങളില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടാകാമെന്ന് മാത്രം.
ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചേടത്തോളമുള്ള മത ചടങ്ങും വളരെ ലളിതമാണ്. ആദ്യം വധുവും വരനും അടുത്ത കുടുംബാംഗങ്ങളും പള്ളിയില്‍ അച്ഛന്റെ മുമ്പില്‍ മനസമ്മതം തേടണം. ഇതിന് രണ്ടു ഭാഗത്തുനിന്നു ഓരോ സാക്ഷികള്‍ വേണം. പിന്നീടുള്ള വിവാഹ ചടങ്ങുകളും പള്ളിയിലായിരിക്കും. ദൈവത്തെ സാക്ഷി നിര്‍ത്തി അള്‍ത്താരയുടെ മുമ്പില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ വധുവും വരനും വിവാഹമോതിരങ്ങള്‍ കൈമാറും. ഏതാനും ഗ്രാമുള്ള സ്വര്‍ണത്തിന്റെ താലി വരന്‍ വധുവിനെ അണിയിക്കും. ഒപ്പം മന്ത്രകോടി സാരി വധുവിന്റെ തലയില്‍ ചാര്‍ത്തും. രണ്ടു സാക്ഷികള്‍ മുഖേന പള്ളിയിലെ വിവാഹ രജിസ്റ്ററില്‍ ഒപ്പു വെക്കും. ഇതോടെ വിവാഹമായി. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ചിലപ്പോള്‍ ചില്ലറ വ്യത്യാസങ്ങള്‍ കണ്ടേക്കുമെന്ന് മാത്രം.
ഇതിലൊന്നിലും വിശ്വാസമില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ഓഫീസില്‍ പോയി വരനും വധുവിനും വിവാഹ രജിസ്റ്ററില്‍ ഒപ്പു വെക്കാം. ഇത്രേയുള്ളൂ യഥാര്‍ഥത്തില്‍ വിവാഹവും അതിന്റെ ഔദ്യോഗിക ചടങ്ങുകളും. പക്ഷെ ഇന്നോ?! ഇപ്പറഞ്ഞ നാലു രീതിയില്‍ വിവാഹം നടക്കുന്നത് നിങ്ങള്‍ക്കാര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ? വധൂ-വരന്മാരെയും വീട്ടുകാരെയും കുടുംബത്തെയും നാട്ടുകാരെയും മാത്രമല്ല സമൂഹത്തെ വരെ ദുര്യോഗത്തിലും ബുദ്ധിമുട്ടിലുമാക്കുന്ന എന്തെല്ലാം ചടങ്ങുകളും മാമൂലുകളും ധൂര്‍ത്തും പൊങ്ങച്ച പ്രകടനങ്ങളുമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മാന്യതയുടെയും മര്യാദയുടെയും സകല സീമകളും ലംഘിച്ച് തലമുറക്കും കാലത്തിനുമനുസരിച്ച് അതങ്ങനെ അധോഗതിയിലേക്ക് പുരോഗമിക്കുന്നു!
പെണ്ണുകാണല്‍ ചടങ്ങുവരെ ലക്ഷങ്ങള്‍ പൊടിപൊടിക്കുന്ന സമ്പ്രദായമാണിന്ന്. വിലകൂടിയ വസ്ത്രങ്ങളണിഞ്ഞ് വരന്റെ കുടുംബക്കാരൊന്നടങ്കം വൈവിധ്യങ്ങളുടെ ഘോഷയാത്രയായി മിഠായി കൊടുക്കല്‍ ചടങ്ങ്. വിവാഹ ദിനത്തെക്കാള്‍ കേമമായ ഭക്ഷ്യ വിഭവങ്ങളാണ് അന്നൊരുക്കുന്നത്. പിന്നീട് മെഹന്തിക്കല്യാണവും മഞ്ഞക്കല്യാണവും ഫോട്ടോ കൈമാറ്റ കല്യാണവും തലേന്നാള്‍ കല്യാണവുമൊക്കെയായി കല്യാണങ്ങളുടെ പൊടിപൂരം. ഇതിലൊക്കെ പൊങ്ങച്ചവും ധൂര്‍ത്തുമല്ലാതെ വല്ല നന്മയുമുണ്ടോ?

വിവാഹം ഉറപ്പിച്ചാല്‍ പിന്നെ ചടങ്ങുകളുടെ പരമ്പര തുടങ്ങുകയായി. ഈ അടുത്തിടെ വൈറലായ ഒരു വിവാഹ ക്ഷണ വീഡിയോ കണ്ടു. വിവാഹത്തിന് ക്ഷണിക്കാന്‍ പോകുന്നത് തന്നെ വാദ്യമേളങ്ങളോടെയാണ്. വരനെയും വധുവിനെയും കുറിച്ചുള്ള വിശദമായ ആല്‍ബങ്ങളും വീഡിയോകളും. ഒപ്പം തറവാട് കുടുംബ മഹിമകളും! അറപ്പും വെറുപ്പും തോന്നുന്ന ആഭാസങ്ങള്‍.
വിവാഹമായാല്‍ പിന്നെ ആഘോഷങ്ങളുടെ പൊടിപൂരമാണ്. മെഹന്തി തുടങ്ങി ഉത്തരേന്ത്യയിലെയും വിദേശത്തെയും ആചാരങ്ങള്‍ വരെ ഇറക്കുമതി ചെയ്ത് നാലഞ്ചു ദിവസത്തെ വിവാഹ മാമാങ്കമാണ് പലയിടത്തും കൊണ്ടാടപ്പെടുന്നത്. നടേ പറഞ്ഞ ഭക്ഷ്യ വിഭവങ്ങളുടെ കാര്യം തന്നെയെടുക്കാം. രണ്ടായിരമോ മൂവ്വായിരമോ ആളുകളെ വിളിക്കുന്ന വിവാഹത്തിന് അതിന്റെ ഇരട്ടിയിലധികം ആളുകള്‍ക്കുള്ള ഭക്ഷണമാണ് തയാറാക്കുന്നത്. അതുതന്നെ വിഭവ സമൃദ്ധം എന്നൊന്നും പറഞ്ഞാല്‍ പോരാ. ഏറി വന്നാല്‍ മൂന്നോ നാലോ ഐറ്റം മതിയാവുന്നിടത്താണ് അഞ്ച് മുതല്‍ പത്ത് വരെ വിഭവ വൈവിധ്യങ്ങള്‍. അഥവാ മത്സ്യം, കോഴി, മാംസം, വെജിറ്റബിള്‍ എന്നിവ ഓരോന്നിന്റെയും വൈജാത്യ വിഭവങ്ങള്‍! ഭക്ഷണത്തിന് തൊട്ടുമുമ്പും പിമ്പും ശീതള പാനീയങ്ങളുടെയും ചുടു പാനീയങ്ങളുടെയും നീണ്ട നിര. ഒടുവില്‍ കുന്നോളം മധുര പലഹാരങ്ങളും. വിളിച്ച 2000 പേരില്‍ 20-30 ശതമാനം പേര്‍ അസുഖങ്ങള്‍ കാരണം ഇതൊന്നും തൊടുകയുമില്ല!
വിവാഹാലങ്കാരങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ചും പറയണോ? ഏറ്റവും വിലപിടിപ്പുള്ള കോസ്റ്റിയൂമുകളും കോസ്മെറ്റിക്കുകളും വധൂ-വരന്മാര്‍ മാത്രമല്ല, വീട്ടുകാരും കുടുംബക്കാരും കല്യാണത്തിനു വരുന്ന മുഴുവന്‍ പേരും ഉപയോഗിക്കുന്നു. ബന്ധുക്കളൊക്കെ ഒരേ രീതിയിലുള്ള വസ്ത്രം ധരിക്കുക എന്നതൊക്കെ പഴഞ്ചനായി. അതിനേക്കാള്‍ പുതിയ പുത്തന്‍ ട്രെന്റുകളാണിപ്പോള്‍ വളരുന്നത്. ഇത്തരം ഡ്രസ്സുകളൊന്നും ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ ഉപയോഗിക്കാന്‍ പാടില്ലത്രേ!
ആണുങ്ങളുടെ പുതിയാപ്പിള പോക്കിന്റെ വാര്‍ത്തകളാണല്ലോ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. കഴുതപ്പുറത്തും കുതിരപ്പുറത്തും മുതല്‍ ജെസിബിയിലും ഹെലികോപ്റ്ററിലും വരെ അത് എത്തി നില്‍ക്കുന്നു. ഇത്തരം പുതിയാപ്പിള പോക്കില്‍ ഗതാഗത സംവിധാനം വരെ താറുമാറാകുന്ന വാര്‍ത്തകളാണല്ലോ നമ്മള്‍ കേള്‍ക്കുന്നത്. എല്ലായിടത്തും റെയില്‍പാളമില്ലാത്തത് മഹാ ഭാഗ്യമെന്നേ പറയേണ്ടൂ. ഒന്നോ രണ്ടോ ബസ് വിളിച്ച് ഒന്നിച്ച് പാട്ടും കഥകളുമായി രസകരമായി പോകേണ്ടതിന് പകരം ഓരോരുത്തരും ഓരോ പുതുപുത്തന്‍ കാറില്‍ വെവ്വേറെ പോകുന്നു. അനാവശ്യമായി എത്രമാത്രം പെട്രോള്‍. മറ്റ് ചെലവുകള്‍. അതിനേക്കാളൊക്കെ ഉപരി എത്രമാത്രം ട്രാഫിക് ജാമുകള്‍! എത്രമാത്രം; സമയ നഷ്ടങ്ങള്‍!
ഇത്തരം വിവാഹങ്ങളുടെ ഏറ്റവും ഭീകര വശം വിവാഹിതരാകുന്ന ചെറുപ്പക്കാരോ ചെറുപ്പക്കാരികളോ ആയിരിക്കില്ല ഇതിനൊന്നും ചെലവ് കണ്ടെത്തുന്നത് എന്നതാണ്. അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ഒക്കെ ആയിരിക്കും. എന്നിട്ട് ഈ ധൂര്‍ത്തില്‍ പൊടിഞ്ഞ പണം കണ്ടെത്താന്‍ അവര്‍ നെട്ടോട്ടമോടുന്നു. ജീവിതാവസാനം വരെ ഇതിന്റെ പ്രയാസങ്ങളുമായി കഴിയുന്നു. വേറെയും കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവാഹമൊക്കെ ഓര്‍ത്ത് ഉറക്കത്തില്‍ പോലും ഞെട്ടി ഉണരുന്നു. ഒരു പക്ഷെ ഈ ഭാരിച്ച കടങ്ങളൊക്കെ അവരുടെ മരണാനന്തരവും വീട്ടേണ്ടി വരുന്നു. വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും പാരീസിലേക്കുമൊക്കെ ഹണിമൂണ്‍ ഊരുചുറ്റുന്ന വധൂ-വരന്മാരുണ്ടോ ഇത് വല്ലതും അറിയുന്നു!
സമൂഹത്തില്‍ വിവാഹ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന ധൂര്‍ത്തും മറ്റു പേക്കൂത്തുകളും വളരെ ലളിതവും പരിപാവനവുമായ ഒരു കര്‍മത്തിന്റെ ചൈതന്യം കളഞ്ഞു കുളിക്കുന്ന തരത്തിലുള്ള നിരവധി അനാചാരങ്ങളിലേക്കും ആഭാസങ്ങളിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കല്യാണാലോചന മുതലുള്ള മാമൂലുകളും ധൂര്‍ത്തും ദുര്‍വ്യയവും ഒഴിവാക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഓരോരുത്തര്‍ക്കും അവരുടെ ബന്ധങ്ങള്‍ക്കും കഴിവിനുമനുസരിച്ച് വിവാഹം നടത്താമെങ്കിലും അനാവശ്യവും അനാശാസ്യവുമായ മുഴുവന്‍ പ്രവണതകളും തിരസ്‌കരിക്കപ്പെടണം. ഇക്കാര്യത്തിലുള്ള അനുകരണ ഭ്രമം ഒഴിവാക്കിയേ തീരൂ. ഇന്ന് ഭൂരിപക്ഷമാളുകളും സമൂഹത്തില്‍ നിലയും വിലയും പൊങ്ങച്ചവും പ്രകടിപ്പിക്കാനുള്ള വേദിയാക്കി വിവാഹത്തെയും വിവാഹാഘോഷത്തെയും മാറ്റുന്നു. അമിതമായ സ്വര്‍ണ ഭ്രമവും അമിത ഭക്ഷ്യ വിഭവങ്ങളുമൊക്കെ ചുരുക്കപ്പെടേണ്ടത് നിര്‍ബന്ധമാണ്. വിവാഹവും ലാഭം കൊയ്യാവുന്ന ബിസിനസ്സാക്കി മാറ്റുന്ന കമ്പോള സംസ്‌കാരത്തെ ചെറുക്കണം.

Back to Top