20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

കമ്പോള അതിമോഹികളാണ് വിവാഹത്തെ എതിര്‍ക്കുന്നത്‌

മുര്‍ശിദ് പാലത്ത്‌


പ്രകൃതിയിലെ ചില യാദൃച്ഛിക മാറ്റങ്ങളില്‍ ഉരുവം കൊണ്ട അമീബയെന്ന ഏകകോശ ജീവിയില്‍ നിന്നുള്ള പരിണാമ ശൃംഖലയിലെ ഒരു അത്ഭുതക്കണ്ണി മാത്രമാണ് മനുഷ്യന്‍ എന്ന ശാസ്ത്ര സങ്കല്‍പ കഥാകാരന്മാര്‍ക്ക് ഇനിയും ദഹിച്ചിട്ടില്ലാത്ത ചരിത്രാനുഭവമാണ് മനുഷ്യരിലെ സ്ത്രീ-പുരുഷ വേര്‍തിരിവുകളും വിവാഹവും കുടുംബജീവിതവുമെല്ലാം. ഇതെല്ലാം വിവേചനപരമാണെന്നും പുരുഷാധിപത്യ മതകേന്ദ്രീകൃത വൈകൃതങ്ങളാണെന്നും മറ്റു ജന്തുക്കളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന ഇത്തരം കൈകടത്തലുകള്‍ പ്രകൃതിവിരുദ്ധമാണെന്നും ഇവയില്‍ നിന്ന് മനുഷ്യകുലത്തെ മുക്തമാക്കുമ്പോഴാണ് പുരോഗതി യാഥാര്‍ഥ്യമാവുക എന്നും ഇവര്‍ വാദിക്കുന്നു. ലോകത്ത് എല്ലാ നാഗരികതകളിലും ചെറുതോ വലുതോ ആയ രൂപത്തില്‍ നിലനിന്നുപോന്ന ഇത്തരം യാഥാര്‍ഥ്യങ്ങള്‍ പക്ഷേ എക്കാലത്തും ക്ഷിപ്രസുഖങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഇഷ്ടമില്ലാത്ത ജന്മങ്ങള്‍ക്ക് പഥ്യമായിരുന്നില്ല. വ്യാവസായിക വിപ്ലവത്തിന് ശേഷം ലോകത്ത് ഉദയംചെയ്ത ചില കമ്പോള സുഖപ്രസ്ഥാനങ്ങള്‍ ഈ മാനവിക സംവിധാനങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. എന്നാല്‍ ദൈവബോധവും ധര്‍മചിന്തയുമുള്ള മനുഷ്യര്‍ ഇതിനെ പ്രതിരോധിച്ച് നിന്നിട്ടുണ്ട്. കേരളത്തിലും യുക്തിചിന്തയുടെ പേരില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മറവില്‍ കലാസാഹിത്യങ്ങളുടെയും വിദ്യാഭ്യാസ കരിക്കുലം പരിഷ്‌കരണത്തിന്റെയും രൂപത്തില്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പിന്‍ബലത്തില്‍ ഈ അധാര്‍മിക ചിന്തകള്‍ക്ക് ശക്തമായ വേരോട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ വ്യാപകമാണ്.
വിവാഹം അശ്ലീലവും അപമാനവുമാണെന്നാണ് ഇവരുടെ വാദം. സ്ത്രീയെ അടിമയാക്കാനുള്ള കുതന്ത്രമാണ് ഇവിടെ നടക്കുന്നതെന്ന് ഇവര്‍ വാദിക്കുന്നു. പ്രകൃതി മനോഹരമായ ഈ മിശ്രണത്തിന് ബദലായി വിവാഹത്തിന് സ്ത്രീ-പുരുഷ ഇണക്കമല്ല, മൃഗ ലൈംഗിക ചോദനകളാണ് മാനദണ്ഡമാക്കപ്പെടേണ്ടതെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ വിവാഹ-കുടുംബരഹിത അവസ്ഥയെ പുരോഗമനമായി നിരീക്ഷിക്കുന്നവര്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും മനസ്സിലായിട്ടില്ല.
ലിബറലിസത്തിന്റെ വര്‍ണക്കുപ്പായത്തില്‍ മിന്നുന്ന തുറന്ന ലൈംഗികതക്ക് വിപണി കണ്ടെത്താന്‍ ധാര്‍മിക അപചയങ്ങളായ രതിവൈകൃതങ്ങള്‍ക്ക് സ്വവര്‍ഗ-ലൈംഗിക ന്യൂനപക്ഷ മഹത്വ ലേബലുകള്‍ അണിയിക്കുകയാണ്. മാനസിക-ശാരീരിക ചികിത്സയിലൂടെ പരിഹരിക്കപ്പെടേണ്ട ലൈംഗികവൈകല്യങ്ങളെ ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശപ്പോരാട്ടമെന്ന പൊതു ഇടം നല്കി സാമാന്യവത്കരിക്കുന്നതിന് പിന്നിലുള്ളത് ലോകത്തെ വന്‍ വ്യവസായമായ കുത്തഴിഞ്ഞ ലൈംഗിക അഴിഞ്ഞാട്ടങ്ങളുടെ വിപണിനിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ്-കാപിറ്റലിസ്റ്റ് വൈരുധ്യാധിഷ്ഠിത അവിഹിതകൂട്ടായ്മയാണെന്ന വൈചിത്ര്യവും നമുക്കിവിടെ കാണാം.

വിവാഹം വഴി പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, മകന്‍ തുടങ്ങിയ ഒരുകൂട്ടം പുരുഷന്മാരടങ്ങുന്ന കുടുംബത്തിന്റെ തണലില്‍ സുരക്ഷിതയാണ് സ്ത്രീ. പുരുഷനാകട്ടെ മാതാവ്, പെങ്ങള്‍, ഭാര്യ, മകള്‍ തുടങ്ങിയ കുറെ ഉത്തവാദിത്തങ്ങള്‍ക്ക് നടുവില്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ സ്ത്രീയെ മേനിക്കൊഴുപ്പിന്റെ വായ്‌നോക്കികള്‍ക്കെല്ലാം കൊത്തിവലിക്കാനോ പുരുഷനെ ആര്‍ത്തിക്കമ്പോളത്തിന്റെ കള്ളച്ചൂതുകളില്‍ തളച്ചിടാനോ സാധ്യമല്ല. ഇതിലുള്ള കലിപ്പാണ് ദാമ്പത്യ-കുടുംബ സംവിധാനങ്ങളെ പല്ലും നഖവുമുപയോഗിച്ച് തകര്‍ക്കാനുള്ള കമ്പോള അതിമോഹികളുടെ ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത്. മനുഷ്യരിലെ ഇണ സംവിധാനം മഹത്തായ ദൈവിക അനുഗ്രഹമാണ്. പരസ്പരം ഇണങ്ങിയും സഹകരിച്ചും ജീവിക്കേണ്ട പ്രകൃതമാണ് മാനവികത. അത് നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള ക്രമീകരണമാണ് ആണ്‍-പെണ്‍ ലിംഗങ്ങള്‍ക്കിടയിലുള്ള മാനസികവും ലൈംഗികവുമായ ആകര്‍ഷണം. അത് പ്രകൃതിയാണ്. അതുകൊണ്ടു തന്നെ ലൈംഗികത നിഷേധിക്കുന്ന ബ്രഹ്‌മചര്യം പ്രകൃതിവിരുദ്ധമാണ്. ഒരു മാസം നീണ്ടു നില്‍ക്കുന്ന വ്രതദിനങ്ങളില്‍ പോലും രാത്രിയില്‍ ഭാര്യാ സംസര്‍ഗമാകാമെന്ന് ഇസ്ലാം അറിയിക്കുന്നുണ്ട്.(2:187)
സാധാരണ നിലയില്‍ രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും തമ്മില്‍ കണ്ടുമുട്ടുമ്പോഴുണ്ടാകുന്നതില്‍ നിന്നു ഭിന്നമായി ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ഇടപഴകുമ്പോള്‍ ഇണയാകര്‍ഷണം നടക്കുന്നു. അവര്‍ പരസ്പരമുള്ള സ്പര്‍ശനം, ദര്‍ശനം, സംസാരം, കേള്‍വി എന്നിവയെല്ലാം ഇതിന് നിമിത്തമാകും.
എന്നാല്‍ മനുഷ്യനല്ലാത്ത ജന്തുക്കളില്‍ ലൈംഗികചോദന ഇതുപോലെ വ്യാപകമായി നിര്‍മിക്കപ്പെടുന്നില്ല. അത് പ്രകൃത്യാ തന്നെ നിയന്ത്രിതമാണ്. ഇവിടെയാണ് മനുഷ്യന് ബാഹ്യമായ ചില നിയന്ത്രണങ്ങള്‍ ആവശ്യമായി വരുന്നത്. മനുഷ്യന് നഗ്‌നതാ ബോധമുണ്ടായതും(6:22) ലൈംഗികകേളികള്‍ക്ക് മറ വേണമെന്ന് തോന്നുന്നതും ദൈവം അവരില്‍ സന്നിവേശിപ്പിച്ച ധാര്‍മികബോധത്തില്‍ നിന്നാണ്. വിവാഹം രക്തബന്ധുക്കള്‍ തമ്മില്‍ പാടില്ലെന്നും(24:31) ആദര്‍ശബന്ധുക്കളും(2:221) ധാര്‍മിക തുല്യത പുലര്‍ത്തുന്നവരുമായ(24:3) സ്ത്രീപുരുഷന്മാരാകണമെന്നും വിശുദ്ധ ഖുര്‍ആനിലൂടെ സ്രഷ്ടാവ് ഉണര്‍ത്തുന്നതും ഇതിന്റെ ഭാഗം തന്നെയാണ്.
മനുഷ്യന്‍ സമൂഹമായി ജീവിക്കേണ്ടവനാണ്. പ്രകൃതിയെ പോലും ദൈവിക പ്രതിനിധിയായി(ഖലീഫ) പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള അവന് സ്ത്രീപുരുഷബന്ധം ലൈംഗിക സുഖത്തിനോ കുഞ്ഞുങ്ങള്‍ക്കോ മറ്റു ചില മാനസിക-ശാരീരിക ആവശ്യങ്ങള്‍ക്കോ വേണ്ടി മാത്രമുള്ളതല്ല. ഇവിടെയാണ് ദാമ്പത്യം എന്ന കരാര്‍ ബന്ധവും കുടുംബം എന്ന സ്ഥാപനവും നിര്‍ബന്ധമാകുന്നത്. വിവാഹത്തിന് സ്ത്രീയും പുരുഷനുമാണ് വേണ്ടതെന്നും സ്ത്രീയുടെ പിതൃബന്ധുവായ രക്ഷിതാവോ അവരുടെ അഭാവത്തില്‍ സ്ത്രീ നിശ്ചയിക്കുന്ന പുരുഷ രക്ഷിതാവോ ആണ് വിവാഹക്കരാറില്‍ സ്ത്രീക്ക് വേണ്ടി പങ്കെടുക്കേണ്ടതെന്നും വരന്‍ വിവാഹസമ്മാനം നല്‍കണമെന്നും(4:4) ചടങ്ങ് പരസ്യമാക്കണമെന്നും ഇങ്ങനെ ഉണ്ടാക്കുന്ന വിവാഹ കരാര്‍ ഏറ്റവും പ്രബലമായ കരാറാണെന്നും (4:21) അത് അകാരണമായി മുറിക്കുന്നത് ആരായിരുന്നാലും കടുത്ത അപരാധമാണെന്നും ഇസ്ലാം താക്കീത് ചെയ്യുന്നു. എന്നാല്‍ രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ സമാധാനത്തോടെ ദാമ്പത്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുകയും വിശാലമാകേണ്ട വീട് ജയിലായി മാറുകയും ചെയ്യുമ്പോള്‍ മാന്യമായ വിവാഹമോചനക്കരാറിലൂടെ സ്വതന്ത്രരാകാനും ഇസ്ലാം അനുവദിക്കുന്നത് സ്രഷ്ടാവിന്റെ കാരുണ്യമാണ്.
ഇഷ്ടമുള്ളവര്‍ ആണായാലും പെണ്ണായാലും പരസ്പരം ചേര്‍ന്ന് ജീവിക്കുകയും ഇഷ്ടം മാറുമ്പോള്‍ പിരിയുകയും കുട്ടികളെ വേണമെങ്കില്‍ ഉത്പാദിപ്പിക്കുകയും അതിനെ വളര്‍ത്താന്‍ സര്‍ക്കാറിനെ ഏല്‍പിക്കുകയും ചെയ്യുന്ന ലിവിംഗ് ടുഗതര്‍ വാസ്തവത്തില്‍ വ്യഭിചാരത്തിന്റെ ഇരട്ടപ്പേരാണ്. ഷുഗര്‍ഡാഡിയും ബേബിയും കാസ്റ്റിംഗ് കൗച്ചുമെല്ലാം സമാന ലൈംഗിക അരാജകത്വമാണ്. ഇതാണ് സ്വാതന്ത്ര്യമെന്നു പറയുന്ന ലിബറലിസം സമ്പൂര്‍ണമായും പരാജയമാണെന്ന് പതിറ്റാണ്ടുകള്‍ മുമ്പേ ഇത് തുടങ്ങിവെച്ച സമൂഹങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അത്ഭുതപ്പെട്ടത് രാജ്യത്തെ കുടുംബഭദ്രതയിലായിരുന്നു. അത് തിരിച്ചുപിടിക്കാനാണ് തന്റെ നാട് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ പടിഞ്ഞാറിന്റെ ഉഛിഷ്ടങ്ങളെല്ലാം മൃഷ്ടാന്നമായി കാണുന്ന നമുക്ക് എന്നാണാവോ നേരം വെളുക്കുക.
സ്ത്രീപുരുഷ പാരസ്പര്യം മഹത്തായ ദൈവിക അനുഗ്രഹമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ദാമ്പത്യത്തെ മനുഷ്യകുലത്തിന്റെ സമാധാന ആസ്ഥാനമായാണ് അത് കാണുന്നത്. ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”(30:21)

Back to Top