27 Saturday
July 2024
2024 July 27
1446 Mouharrem 20

മാര്‍ക്കറ്റിംഗ് മേഖലയിലെ ചതിക്കെണികള്‍

ജമീല്‍ മുഹമ്മദ്‌


മലര്‍പ്പൊടിക്കാരന്റെ സ്വപ്നാടന കച്ചവടത്തെ കുറിച്ചുള്ള പഴേ കഥ നാമൊരുപാടു കേട്ടതാണ്. ഇപ്പോള്‍ സ്വപ്നങ്ങള്‍ വില്‍പന നടത്തി കച്ചവടം ചെയ്യുന്ന കണ്ണികളുടെ പെരുമഴയാണ്.
സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കി, മോഹവലയമുണ്ടാക്കി നാട്ടിന്‍പുറങ്ങളില്‍ വേരുപിടിച്ച നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ പത്തു വര്‍ഷത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ കീശയില്‍ നിന്നൂറ്റിയെടുത്തത്. ഏതു സുമോഹന വാഗ്ദാനങ്ങളിലും എളുപ്പത്തില്‍ തലവെച്ചു കൊടുക്കാന്‍ മലയാളികള്‍ വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുന്നു.
ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി പൊലീസ് മേധാവി സമീപകാലത്ത് വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാകും യഥാര്‍ഥ കണക്കെന്ന് വ്യക്തമാണ്. മാനക്കേടു ഭയന്ന് പുറത്തു പറയാത്തവരുടെയും കേസ് കൊടുക്കാത്തവരുടെയും കണക്കു കൂടി ഈ പട്ടികയില്‍ ചേര്‍ക്കപ്പെടുമ്പോള്‍ തട്ടിപ്പു തുക ഇനിയും കോടികള്‍ വരും. കാസര്‍കോട് ജില്ലയില്‍ മണി ചെയിന്‍ തട്ടിപ്പു നടത്തിയ രണ്ടു പേരെ മെയ് മാസത്തല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മലേഷ്യന്‍ ആസ്ഥാനമായ മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരില്‍ പലരില്‍ നിന്നായി അഞ്ഞൂറു കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. നിരവധി പരാതികള്‍ പിന്നീടും ഉയര്‍ന്നു വന്നു.
മണി ചെയിന്‍, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി പല വേഷങ്ങള്‍ കെട്ടിയാണ് കമ്പനികള്‍ രംഗത്തെത്തുന്നത്. മണി ചെയിന്‍ മാര്‍ക്കറ്റിംഗ് രാജ്യത്തു നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. അതുകൊണ്ട് പുതിയ പേരുകളും രൂപവും സ്വീകരിച്ചാണ് പലരും ആളുകളെ സമീപിക്കുന്നതും വലയില്‍ വീഴ്ത്തുന്നതും. നിയമനടപടികളില്‍ നിന്നു രക്ഷ നേടാനായി ഉല്പന്നങ്ങളും സേവനങ്ങളും മുന്നില്‍ വെച്ചാണ് ഇവ കണ്ണികള്‍ വിപുലീകരിക്കുന്നത്.
ആര്‍ എം പി, ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്ത കെയര്‍, കോണിബയോ, ഗുഡ്വേ, ക്യുനെറ്റ്… ആളുകള്‍ക്ക് താഴെ ആളുകളെ ചേര്‍ത്ത് കണ്ണി വലുതാക്കി ബിസിനസസ് വ്യാപിപ്പിക്കുന്ന കമ്പനികളാണിവയെല്ലാം. സാമാന്യം നല്ല വില ഈടാക്കി, തരക്കേടില്ലാത്ത ഉല്പന്നങ്ങള്‍ ഡയരക്ട് മാര്‍ക്കറ്റിംഗിലൂടെ (ഇടനില ഏജന്‍സികളും ഡീലര്‍മാരുമില്ലാത്ത വില്പന രീതി) വില്പന നടത്തി ബിസിനസ് ചെയ്യുന്ന കമ്പനികളും ഇതിലുണ്ട്.
സമീപ കാലത്ത് ഏറ്റവും കൂടുതല്‍ ആക്ഷേപവും പരാതിയും ഉയര്‍ന്ന കമ്പനിയാണ് ക്യു നെറ്റ്.
ഹോങ്കോംഗ് ആസ്ഥാനമായ കമ്പനി ഏഷ്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് അധിഷ്ഠിത ഡയരക്ട് സെല്ലിംഗ് കമ്പനിയാണെന്ന് അവകാശപ്പെടുന്നു. ക്യു ഐ ഗ്രൂപ്പ് കമ്പനികളുടെ സബ്‌സിഡിയറി കമ്പനിയാണിത്. 25 രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ടെന്ന് ക്യു നെറ്റ് വെബ്സൈറ്റ് പറയുന്നുണ്ട്.
മള്‍ട്ടി ലെവല്‍ കമ്പനികളും ഡയരക്ട് സെല്ലിംഗ്- നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളും പയറ്റുന്ന രീതി തന്നെയാണ് ക്യുനെറ്റിന്റെ പ്രമോട്ടര്‍മാരും പ്രയോഗിക്കുന്നത്. പിരമിഡ് സ്‌കീം എന്നു പശ്ചാത്യ രാജ്യങ്ങളില്‍ അറിയപ്പെടുന്ന രീതി തന്നെയാണിതെന്ന് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു.
സാമ്പത്തിക സ്വാതന്ത്ര്യം, ആഗ്രഹം പോലെ വിനോദാവസരങ്ങള്‍, സ്വപ്‌നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം… അങ്ങനെയങ്ങനെ അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി മനംമയക്കി കൂടെക്കൂട്ടുന്നതാണ് പൊതുവായി കാണുന്ന തന്ത്രം. ആഢംബര കാറും സ്വകാര്യ ബീച്ചിലെ വില്ലയും വിദേശയാത്രകളും സ്റ്റാര്‍ ഹോട്ടലുകളിലെ വിരുന്നുകളും തുടങ്ങിയ വാഗ്ദാനങ്ങള്‍ക്ക് ഇവിടെയും കുറവില്ല.
‘നിങ്ങളുടെ ജോലിയെയും പഠനത്തെയും തടസ്സപ്പെടുത്താതെ, ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നല്ലൊരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ ആരംഭിക്കാന്‍ സാധിക്കും. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍ ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല. കൂടാതെ ബിസിനസ് ചെയ്യാനും വിപുലപ്പെടുത്താനുമുള്ള എല്ലാ പിന്തുണയും കമ്പനി ഉറപ്പു നല്‍കുന്നു. നിങ്ങള്‍ക്കു മുന്നില്‍ വന്നിരിക്കുന്നത് അപൂര്‍വമായ ഒരവസരമാണ്. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വന്തമാക്കാനുള്ള വലിയ അവസരം…’
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫറുകളാണിത്. വാക്കും പ്രയോഗങ്ങളും രീതികളും മാറി വരുമെങ്കിലും പത്തിരുപത് വര്‍ഷമായി ഇവിടെ സ്വീകരിച്ചുവരുന്ന രീതികളുടെ പൊതു സ്വഭാവമിതു തന്നെ.
ഉല്ന്നങ്ങള്‍ വില്പന നടത്തിയും നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തിയുമാണ് ബിസിനസ് വളരുന്നതെന്നാണ് വിശദീകരണം. ഇത്തരം കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്പന്നങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്നതോ കടകള്‍ വഴി വില്‍ക്കുന്നതോ നാം കാണാറില്ല. എന്നാല്‍ മോഡി കെയര്‍, എലഗെന്‍സ് പോലുള്ള കമ്പനികളുടെ പ്രതിനിധികള്‍ ഉല്പന്നങ്ങള്‍ വ്യാപകമായ തോതില്‍ വില്പന നടത്തി വരുന്നുണ്ട്.
എത്ര ഗുണമേന്മയുണ്ടെങ്കിലും സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവര്‍ക്കു മാത്രം താങ്ങാവുന്ന ഉയര്‍ന്ന വിലയാണ് ഉല്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഒരു വാച്ചിന് ഒന്നേ കാല്‍ ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെയാണ് ക്യുനെറ്റ് കമ്പനി ഈടാക്കുന്നത് എന്നത് ഒരു ഉദാഹരണം. കമ്പനി അവകാശപ്പെടുന്നതല്ലാതെ ഗുണമേന്മ നിര്‍ണയിക്കാന്‍ മറ്റു സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അതേക്കുറിച്ച് കണ്ണടച്ചു വിശ്വസിച്ചാല്‍ തന്നെ ഈ ഉല്പന്നങ്ങള്‍ എത്ര പേര്‍ക്കു വാങ്ങാന്‍ കഴിയുമെന്ന ചോദ്യത്തിനു മുന്നില്‍ നിരാശരായിരിക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
ഉല്പന്നം വില്പന നടത്തി ബിസിനസ് വളര്‍ത്തുകയെന്നത് ഒരു തരത്തിലും നടക്കാത്ത സ്വപ്‌നമാണ് എന്ന് വൈകാതെ തിരിച്ചറിയും. പിന്നീട് ഇടതു- വലത് ലെഗുകളില്‍ ആളെച്ചേര്‍ത്ത് കമ്മിഷന്‍ വഴി എന്തെങ്കിലും ഈടാക്കണമെന്ന പുതിയ തിയറി ഇവരെ പഠിപ്പിക്കുന്നു. കമ്പനിക്കെതിരെ പരാതിപ്പെട്ടാല്‍ ഒറ്റപ്പെടുമെന്നും സഹായിക്കാനാരുമുണ്ടാകില്ലെന്നും എല്ലാം നഷ്ടമാകുമെന്നും വിശ്വസിപ്പിക്കുന്നു. മിണ്ടാതിരുന്നാല്‍ നല്ലത്. അല്ലെങ്കില്‍ ചിലപ്പോള്‍ കൈയൂക്കു കൊണ്ടോ സ്വാധീനം കൊണ്ടോ പരാതികള്‍ വെള്ളക്കടലാസുകള്‍ മാത്രമായി മാറുന്ന അത്ഭുത വിദ്യയും കാണുന്നുണ്ട്. നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കപ്പെട്ടെങ്കിലും ഇത്തരം കമ്പനികള്‍ക്കെതിരെയുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. തിരൂര്‍, കുറ്റിപ്പുറം ഭാഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നുവെന്നും മലപ്പുറം പൊലീസ് സൂപ്രണ്ട് സുജിത് ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ക്യുനെറ്റില്‍ ഡീലര്‍ഷിപ്പ് എടുക്കുന്നയാള്‍ക്ക് ഇന്റിപെന്‍ഡന്റ് റപ്രസന്റെറ്റീവ് (ഐ ആര്‍) എന്നാണ് പറയുക. സാധാരണ ബിസിനസില്‍ ഒരു വ്യാപാരിക്കോ ഡീലര്‍ക്കോ നേരിട്ട് വില്‍ക്കുന്ന ഉല്പന്നങ്ങളില്‍ നിന്നും നല്‍കുന്ന സേവനങ്ങളില്‍ നിന്നുമാണ് ലാഭം ലഭിക്കുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ ഇടപാടുകള്‍ തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.
വരുമാനം മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ധിക്കും. കേട്ടാല്‍ അത്ഭുതം തോന്നുന്ന കണക്കെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം. ഇത്രയും ഉയര്‍ന്ന വരുമാനം ഉല്‍പങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ലെന്നുറപ്പാണെങ്കിലും മോഹ വാഗ്ദാനങ്ങളില്‍ ഡിസ്ട്രിബ്യൂട്ടര്‍ വീണുപോകുന്നു. സെലിബ്രിറ്റികളും സമൂഹത്തിലെ ഉന്നതരും കമ്പനിയുടെ പ്രചാരകരായെത്തുന്ന ചിത്രങ്ങളും വിഡിയോകളും ഇഷ്ടം പോലെയുണ്ടാകും.
ഏതു തട്ടിപ്പിനും നിന്നുകൊടുക്കാന്‍ മലയാളികള്‍ വീണ്ടും തയ്യാറാണെന്ന് ഓരോ സംഭവങ്ങളും ബോധ്യപ്പെടുത്തുന്നു. പെട്ടെന്നു പണമുണ്ടാക്കാനുള്ള മലയാളിയുടെ അത്യാഗ്രഹമാണ് ഇത്തരം കുറുക്കു വഴികളിലേക്കു നയിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. സാമ്പത്തിക പരാധീനതകളും കോവിഡ് പോലുള്ള സാഹചര്യങ്ങള്‍ തീര്‍ത്ത തൊഴില്‍ നഷ്ടവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കും മലയാളിയെ നിരാശപ്പെടുത്തിയിട്ടുണ്ട്. ശരാശരിയോ അതിനു മുകളിലോ നിലവാരത്തില്‍ ജീവിച്ചവര്‍ക്ക് താഴ്ന്ന നിലവാരത്തിലേക്ക് ഒരു തിരിച്ചുപോക്കിനെ കുറിച്ച് ആലോചിക്കാന്‍ കഴിയാത്തതും കുറുക്കുവഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു.
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെടുകയോ വരുമാനം ഇടിയുകയോ ചെയ്ത് ആളുകള്‍ ആശങ്കയിലായ കാലത്താണ് ക്യുനെറ്റ് അതിവേഗം വല വികസിപ്പിച്ചത്. ഉയര്‍ന്ന ലാഭവും സ്വപ്ന സമാനമായ ആഢംബരവും മുന്തിയ ജീവിത രീതിയും തുടങ്ങി ആകര്‍ഷിക്കാവുന്ന വാഗ്ദാനങ്ങളാണ് ക്യുനെറ്റ് പ്രതിനിധികളെന്നു കരുതുന്ന ‘അപ്ലൈനുകള്‍’ ഡീലര്‍മാര്‍ക്കു നല്‍കുന്നത്. ശരാശരി മൂന്നു ലക്ഷം മുതല്‍ പന്ത്രണ്ടു ലക്ഷം വരെ നിക്ഷേപിച്ചവരാണ് മലയാളികളിലേറെയും. അതിനു പലര്‍ക്കും ലഭിച്ചത് ലക്ഷങ്ങള്‍ വില വരുന്ന വാച്ചും പ്രോട്ടീന്‍ പൗഡറും ചായപ്പൊടിയും പോലുള്ള ഉല്പന്നങ്ങളാണ്. അതിശയിപ്പിക്കുന്ന വിലയാണ് ഏറ്റവും വലിയ ഹൈലൈറ്റ്!
പഴുതുകളില്ലാത്ത എഗ്രിമെന്റുകളിലൂടെ പരാതിക്കാരനെ നിരായുധനാക്കുന്ന തന്ത്രവും ഇവരുടെ പ്രത്യേകതയാണ്. ലക്ഷങ്ങള്‍ മുടക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍ കമ്പനിയുടെ ഫ്രാഞ്ചൈസിയോ പാര്‍ട്ണറോ തൊഴിലാളിയോ ഏജന്റോ ഷെയര്‍ ഹോള്‍ഡറോ ഒന്നുമല്ലെന്നാണ് കരാര്‍. ഇതൊക്കെ എഴുതിയ കാര്യങ്ങള്‍ക്കു ചുവടെ തങ്ങളുടെ ഉത്തമ വിശ്വാസത്തിലും അറിവിലും ആണെന്ന് സ്വയം ബോധ്യപ്പെട്ടാണ് ഇവര്‍ കമ്പനിയുമായി കരാറിലൊപ്പിടുന്നത്. സാധനങ്ങള്‍ വാങ്ങി വില്പന നടത്തുകയാണ് ബിസിനസ് എന്നും ഈ എഗ്രിമെന്റുകളില്‍ വ്യക്തമാക്കപ്പെടുന്നു. ഇതോടെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതക്കു മങ്ങലേല്‍ക്കുന്നു.
പ്രമോട്ടര്‍മാര്‍ നല്‍കുന്ന മോഹവാഗ്ദാനങ്ങള്‍ കമ്പനിയുടെ അറിവോടെയോ സമ്മതത്തോടെയോ ആകണമെന്നില്ല. കാരണം കമ്പനിയുടെ വെബ്സൈറ്റ് ഇത്തരം യാതൊരുവിധ വാഗ്ദാനങ്ങളും നല്‍കുന്നില്ല. വ്യക്തികള്‍ തമ്മിലുള്ള വൈകാരികമായ അടുപ്പവും ഇഷ്ടവും എല്ലാം നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ ഉപയോഗപ്പെടുത്തപ്പെടുന്നു എന്നത് പലരും പങ്കുവെക്കുന്ന വലിയ സങ്കടമാണ്. എല്ലാം അറിയുന്നവര്‍ തന്നെ, വ്യക്തികളുടെ സാഹചര്യവും ഇമോഷനും ചൂഷണം ചെയ്താണ് കണ്ണി വലുതാക്കുന്നത്.
വിവിധ പേരുകളിലുള്ള ബിസിനസ് തന്ത്രങ്ങള്‍ക്കു മുന്നില്‍ മലയാളികള്‍ നിരന്തരം തലവെച്ചു കൊടുക്കുകയാണ്. കച്ചവടത്തില്‍ അത്ഭുതങ്ങളോ മാജിക്കോ ഇല്ലെന്നവര്‍ മറന്നുപോകുന്നു. വ്യാജ പുരാവസ്തു കച്ചവടക്കാരന്റെ മുമ്പില്‍ സ്തബ്ധരായി കമിഴ്ന്നടിച്ചു വീണവര്‍ മലയാളികളായിരുന്നു. സമൂഹത്തിലെ ഉന്നതരും പ്രബലരും ആയിരുന്നു അതിലേറെയും എന്നു നാമറിഞ്ഞു. വായിക്കാനറിയാം, ബുദ്ധിയുണ്ട് എങ്കിലും മലയാളികളെ എളുപ്പം പറ്റിക്കാന്‍ സാധിക്കും.
എത്ര തട്ടിപ്പുകളുടെ വാര്‍ത്തകളാണ് നമ്മുടെയൊക്കെ മുമ്പിലൂടെ കടന്നുപോകുന്നത്. എന്നാല്‍ എല്ലാം നാം വേഗം മറന്നുപോകും. മോഹന വാദ്ഗാനങ്ങള്‍ നടപ്പുള്ള കാര്യമാണോ എന്നു യുക്തിസഹമായി ആലോചിക്കാന്‍ നമുക്കു കഴിയാതെ പോകുന്നു. തട്ടിപ്പു സംഘങ്ങള്‍ക്കെതിരെ കൃത്യമായ പരാതികള്‍ നല്‍കപ്പെടാത്തതും ഉയരുന്ന പരാതികളില്‍ കൃത്യമായ അന്വേഷണങ്ങളും നടപടികളും ഉണ്ടാവാത്തതും പുതിയ കണ്ണികള്‍ക്ക് വഴികള്‍ തുറന്നിടുന്നു.
സുതാര്യതയില്ലാതെയും മനസ്സിലാകാത്ത മാതൃകകളിലൂടെയും അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയും ലാഭവും വാഗ്ദാനം ചെയ്തു പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികളോട് മുഖം തിരിക്കാന്‍ ഇനിയെങ്കിലും മലയാളിക്കു കഴിഞ്ഞാല്‍ വഞ്ചിതരാകുന്നവരുടെ എണ്ണം കുറയും. ആഞ്ഞുവലിച്ചാലും നീളാത്ത കണ്ണികള്‍ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ച നിരവധി പേര്‍ നമുക്കു ചുറ്റുമുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x