8 Friday
August 2025
2025 August 8
1447 Safar 13

മാരിറ്റല്‍ റേപ് എന്ന മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യം

റാഷിദ് മലപ്പുറം

പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സാന്നിധ്യത്തില്‍ മാത്രം വിജയകരമായിത്തീരുന്ന ഒന്നാണ് ദാമ്പത്യം. പരസ്പരം എന്ന വാക്കിനു ദാമ്പത്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. അത് ഏകപക്ഷീയമായ അടിച്ചമര്‍ത്തലുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിധേയമാകുമ്പോള്‍ കഠിനമായി മാറും. അവിടെ എല്ലാ ഇമ്പവും ചോര്‍ന്നുപോകും. പരസ്പരം ബഹുമാനിക്കുന്നിടത്തു മാത്രമേ സന്തുഷ്ടമായ ദാമ്പത്യം ഉടലെടുക്കൂ.
ലൈംഗികത ദാമ്പത്യത്തില്‍ വളരെ പ്രധാനമാണ്. എന്നാല്‍, അത് രണ്ടു പേര്‍ക്കുമിടയില്‍ സ്‌നേഹത്തോടെ സംഭവിക്കേണ്ട ഒന്നാണ്. മിക്കപ്പോഴും ഏതെങ്കിലും ഒരു പങ്കാളിയുടെ, കൂടുതലും പുരുഷന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അവസ്ഥയാണ് സംഭവിക്കാറ്. തന്റെ ഇണയില്‍ നിന്നുള്ള അതൃപ്തി ഭയന്ന് വഴങ്ങിക്കൊടുക്കുന്നവരാണ് അധികവും. ഒട്ടും താല്‍പര്യമില്ലാതെ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കപ്പെടുമ്പോഴാണല്ലോ റേപ് ആകുന്നത്. വിവാഹിതരായി എന്നതുകൊണ്ട് മാത്രം താല്‍പര്യമില്ലാതെ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കപ്പെടുന്നതും റേപ് തന്നെയാണെന്ന് വിവക്ഷിച്ച കോടതി അതിനെ മാരിറ്റല്‍ റേപ് എന്നാണ് വിളിച്ചിരിക്കുന്നത്.
ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകള്‍ കൊണ്ടോ ഇണയുമായി പൊരുത്തപ്പെട്ടുപോകാനുള്ള വൈഷമ്യങ്ങള്‍ കൊണ്ടോ ആയിരിക്കും മിക്കപ്പോഴും ഈ താല്‍പര്യമില്ലായ്മ സംഭവിക്കുന്നത്. കാരണങ്ങള്‍ മനസ്സിലാക്കാനും അവയ്ക്ക് വേണ്ട പരിഗണന നല്‍കാനും സാധിക്കാത്ത ഇണകള്‍ക്കിടയിലാണ് മാരിറ്റല്‍ റേപ് സംഭവിക്കുക. കോടതി മുന്നോട്ടുവെച്ച ഈ നിരീക്ഷണം ഏറെ ഗൗരവമര്‍ഹിക്കുന്നതു തന്നെയാണ്.
രണ്ടു വ്യക്തികള്‍ക്ക് ഉഭയസമ്മതപ്രകാരം ശിഷ്ടജീവിതം പങ്കുവയ്ക്കാനുള്ള സാമൂഹികാംഗീകാരമാണ് വിവാഹം. അതൊരു ലീഗല്‍ കോണ്‍ട്രാക്റ്റ് കൂടിയാണ്. ഇതില്‍ ഉള്‍പ്പെടുന്ന രണ്ടു വ്യക്തികള്‍ക്കും തുല്യസ്ഥാനമാണ്. രണ്ടു പേരുടെയും ലൈംഗിക അഭിരുചികള്‍ക്ക് നിരക്കുന്ന രീതിയില്‍ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും രണ്ടു പേരുടെയും സമ്മതപ്രകാരം മാത്രം സന്താനോല്‍പാദനം നടത്താനുമാണ് വിവാഹം എന്ന ലീഗല്‍ കോണ്‍ട്രാക്റ്റ് അനുവദിക്കുന്നത്.
ഒരു സ്ത്രീ വിവാഹശേഷം ഭര്‍ത്താവിന് ലൈംഗികബന്ധം നിഷേധിക്കുന്നു എന്നത് കൊടിയ അപരാധമായേ കണക്കാക്കപ്പെടൂ. അവള്‍ എത്രതന്നെ അവശതയിലാണെങ്കിലും മാനസികമായി വിഷമഘട്ടത്തിലാണെങ്കിലും അത് തെറ്റായാണ് കണക്കാക്കപ്പെടുന്നത്. അവള്‍ ‘ഒരു പെണ്ണിന്റെ കടമ നിര്‍വഹിക്കുന്നില്ല’ എന്ന പ്രയോഗത്തില്‍ തന്നെ പാട്രിയാര്‍ക്കിയുടെ സകല വൈരൂപ്യവും അടങ്ങിയിട്ടുണ്ട്. പരസ്പരം മനസ്സിലാക്കുന്നിടത്ത് സ്‌നേഹം പൂത്തുലയുകയും ഇരുവരുടെയും സമ്മതങ്ങളും വിസമ്മതങ്ങളും ഒരു വാക്കു പോലും ഉച്ചരിക്കാതെത്തന്നെ മനസ്സിലാവുകയും ചെയ്യും. ആരോഗ്യകരമായ കുടുംബജീവിതത്തിന് അതാണ് അത്യന്താപേക്ഷിതമായിട്ടുള്ളത്.

Back to Top