മഖ്ബൂല്‍, മര്‍ദൂദ് ഹദീസുകളെ വേര്‍തിരിക്കുന്നതെങ്ങനെ?
അബ്ദുല്‍അലി മദനി
ധാരാളം പരമ്പരകളിലൂടെ വിശ്വസ്തരാല്‍ ഉദ്ധരിക്കപ്പെട്ടതും സംശയരഹിതമായി സ്ഥിരീകരിക്കപ്പെട്ടതുമായ ഹദീസുകളാണ് മുതവാതിര്‍. ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ മുതവാതിറാണ്. ഹദീസുകളില്‍ മുതവാതിറും അല്ലാത്തവയും ഉണ്ടാകും. ഖുര്‍ആന്‍ പോലെ മികവുറ്റ സ്വഭാവമുള്ള ഹദീസുകളെ മുതവാതിറിന്റെ ഗണത്തില്‍ പരിഗണിക്കും. ഹദീസുകളില്‍ മുതവാതിര്‍ നന്നേ കുറവാണ്. മുതവാതിറല്ലാത്ത ഹദീസുകള്‍ക്കു പറയുന്ന പേരാണ് ആഹാദ്/ ഖബര്‍ വാഹിദ്.
ആറു ലക്ഷത്തോളം ഹദീസുകള്‍ ശേഖരിച്ച ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ നാലായിരത്തോളം ഹദീസുകള്‍ മാത്രമാണ് ക്രോഡീകരിച്ചത്. അധ്യായങ്ങളുടെ പേരു മാറുമ്പോള്‍ ഹദീസുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. നബി(സ)യുടെ വാക്കുകളെല്ലാം വഹ്‌യാണെന്നും അതെല്ലാം മുതവാതിറാണെന്നും ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല. ബുഖാരിയും മുസ്‌ലിമും സംയുക്തമായി റിപ്പോര്‍ട്ട് ചെയ്ത ‘മുത്തഫഖുന്‍ അലൈഹി’യായ ഹദീസ് ഖുര്‍ആനിനേക്കാളോ ഖുര്‍ആനിനു സമമോ ആകുമെന്ന് അവര്‍ പറഞ്ഞിട്ടില്ല. മുത്തഫഖുന്‍ അലൈഹിയെന്നാല്‍ മുതവാതിറായ ഹദീസുകളെന്നും പറയാവതല്ല. ആഹാദ് ആയ ഹദീസുകള്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്ന് പണ്ഡിതന്മാര്‍ക്ക് അഭിപ്രായമില്ല. അവയുടെ ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കേണ്ടവ പരിഹരിക്കാമെന്നാണ് മുഹദ്ദിസുകളുടെ നിലപാട്.
ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ഹദീസുകളെ ഉപയോഗപ്പെടുത്താം. ഹദീസുകളുടെ പോരായ്മകള്‍ കണ്ടെത്തുന്നതിനോ അതിനായി മാറ്റിവെക്കുന്നതിനോ നിരൂപണം നടത്തുന്നതിനോ ഹദീസ് നിഷേധമെന്ന് പറയാവതല്ല. കാരണം ഖുര്‍ആന്‍ വചനങ്ങളുടെ ആശയം പൂര്‍ണമായി ഗ്രഹിച്ചെടുക്കാന്‍ ഹദീസുകളെ പ്രമാണമായി സ്വീകരിക്കുമ്പോഴാണ് സാധിക്കുക. ഹദീസുകള്‍ പ്രമാണമായി അംഗീകരിക്കാത്തവര്‍ ഹദീസ് നിഷേധികള്‍ തന്നെയാവും. ഈ വസ്തുത മുഹദ്ദിസുകള്‍ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമാണ്.
ഖുര്‍ആന്‍ വചനങ്ങള്‍ക്ക് എതിരായ ആശയം ധ്വനിപ്പിക്കുന്ന വല്ലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കാണാനിടയായാല്‍ അത് മാറ്റിവെക്കേണ്ടതാണ്. ഖുര്‍ആന്‍ ആയത്തുകള്‍ തമ്മില്‍ ഒന്നും എതിരായി വരില്ല. എന്നാല്‍ രണ്ട് വ്യത്യസ്ത ഹദീസുകള്‍ പരസ്പരം എതിരായ വിധം കാണാനിടയായാല്‍ അത് കൂട്ടിച്ചേര്‍ത്ത് പരിഗണിക്കാന്‍ മുഹദ്ദിസുകള്‍ക്ക് ബാധ്യതയുണ്ട്. ഒന്നുകില്‍ അവയെ പരിശോധിച്ച് ആദ്യത്തേതിനെ ദുര്‍ബലമാക്കി രണ്ടാമത്തേതിനെ പരിഗണിക്കും. ഇവിടെ സാങ്കേതികമായി ഒന്ന് നാസിഖും മറ്റേത് മന്‍സൂഖുമാകും.
ആഹാദായ ഹദീസുകളില്‍ മഖ്ബൂലും (സ്വീകാര്യമായവ) മര്‍ദൂദും (തള്ളേണ്ടവ) ഉണ്ടാകും. മുതവാതിര്‍ മുഴുവനും മഖ്ബൂലാണ്. എന്നാല്‍ ആഹാദുകളെ പരിശോധിച്ച് ഒരിക്കലും സ്വീകാര്യമാവില്ലെന്ന് ഉറപ്പായാല്‍ മാത്രമാണ് തള്ളപ്പെടുക. ഇത്തരം ഘട്ടത്തിലാണ് നിദാനശാസ്ത്ര അറിവുകള്‍ സൂചിപ്പിച്ച സാങ്കേതിക പദങ്ങള്‍ വിലയിരുത്തുക.
ഖുദ്‌സിയായ ഹദീസ്
ഹദീസുകളിലെ സുപ്രധാനമായ ഇനമാണ് ഖുദ്‌സിയായ ഹദീസുകള്‍. പ്രവാചകന്‍ അല്ലാഹുവില്‍ നിന്ന് അറിഞ്ഞു, കേട്ട്, നേരിട്ട് പഠിച്ചെടുത്തു എന്നീ ശൈലിയില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണ് ഖുദ്‌സിയായ ഹദീസുകള്‍. ഇവ ഖുര്‍ആന്‍ പോലെ പാരായണം ചെയ്യപ്പെടുന്നതൊന്നുമല്ല. മുതവാതിറിന്റെ പദവിയോളം ഉയരാത്തവയും ഖുദ്‌സീ ഹദീസുകളിലുണ്ട്. ഈ പേരു തന്നെ മുഹദ്ദിസുകള്‍ നല്‍കിയതാണ്.
ഖുര്‍ആനും ഖുദ്‌സിയായ ഹദീസും തമ്മിലുള്ള വ്യത്യാസങ്ങള്‍: (1) ഖുര്‍ആനിന്റെ പദങ്ങളും അക്ഷരങ്ങളും ആശയവും അല്ലാഹുവിന്റേതാണ്. ഖുദ്‌സിയായ ഹദീസുകള്‍ മറ്റു ഹദീസുകളെപ്പോലെത്തന്നെ നബിയുടെ പദങ്ങളാണ്. (2) ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടുന്നത് പ്രതിഫലാര്‍ഹമാണ്. ഖുദ്‌സിയായ ഹദീസുകള്‍ പാരായണം ചെയ്യപ്പെടുന്നവയല്ല. (3) ഖുര്‍ആന്‍ മുഴുവനും മുതവാതിറാണ്. ഖുദ്‌സിയായ ഹദീസുകള്‍ അങ്ങനെയല്ല. ഖുര്‍ആനും ഹദീസും ഒന്നാണെന്നും അവയെല്ലാം ഒരേപോലെ വഹ്‌യാണെന്നും പറയുന്ന വാദം ശരിയല്ലെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
അബൂദര്‍റില്‍(റ) നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ച ‘എന്റെ അടിമകളേ, അക്രമം പ്രവര്‍ത്തിക്കല്‍ ഞാന്‍ എന്റെ മേല്‍ ഹറാമാക്കിയപോലെ നിങ്ങളും നിങ്ങള്‍ക്കിടയില്‍ അക്രമപ്രവര്‍ത്തനം പാടില്ല’ എന്ന് അര്‍ഥം വരുന്ന ഹദീസാണ് ഖുദ്‌സിയായ ഹദീസിന് തെളിവായി പറയപ്പെടുന്നത്. ഇങ്ങനെ അല്ലാഹു പറഞ്ഞു എന്ന നിലയ്ക്കാണ് പ്രവാചകന്‍ ഇത് പ്രഖ്യാപിച്ചിട്ടുള്ളത്.
മഖ്ബൂലായ ഹദീസുകളെത്തന്നെ അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സ്വഹീഹ്, ഹസന്‍ എന്നീ രണ്ട് വിധമായി മുഹദ്ദിസുകള്‍ വേര്‍തിരിക്കുന്നുണ്ട്. ഈ വിഭാഗങ്ങളെ അവയുടെ മികവിലുള്ള ഏറ്റക്കുറവനുസരിച്ച് പല ഇനങ്ങളായി വീണ്ടും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു അവസ്ഥ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കില്ലാത്തതിനാല്‍ തന്നെ ഖുര്‍ആനും ഹദീസും ഒന്നാണെന്ന വാദം ശരിയാവാതെപോകുന്നു.
സ്വഹീഹ് എന്നാല്‍ ഹദീസുകളിലെ ഒന്നാംകിട ഹദീസുകളാണ്. ഹസന്‍ എന്നത് സ്വഹീഹിന്റെ അത്രതന്നെ ഉയര്‍ന്നവയല്ല. സ്വഹീഹിന്റെ നിബന്ധനകള്‍ മുഴുവനും പൂര്‍ണമായി ഹസനില്‍ ഉണ്ടാവില്ല. എന്നിരുന്നാലും ഈ രണ്ട് വിഭാഗവും മഖ്ബൂലിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക. നിദാനശാസ്ത്ര പണ്ഡിതന്മാര്‍ സ്വഹീഹിനെയും ഹസനിനെയും രണ്ടു വിഭാഗമാക്കിത്തിരിക്കുന്നുണ്ട്. സ്വഹീഹ് ലിദാത്തിഹി, സ്വഹീഹ് ലിഗയ്‌രിഹി, ഹസന്‍ ലിദാത്തിഹി, ഹസന്‍ ലിഗയ്‌രിഹി എന്നിവയാണവ.
ഒരു ഹദീസ് സ്വഹീഹാവാന്‍ അഞ്ച് നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്: 1) നിവേദന പരമ്പര കണ്ണി മുറിയാതെ ചേര്‍ന്നതാവുക. (2) നിവേദകന്മാര്‍ നീതിമാന്മാരാവുക. 3) റിപ്പോര്‍ട്ടര്‍മാര്‍ ഹദീസ് ഹൃദിസ്ഥമാക്കുന്നതിലും അത് സൂക്ഷിക്കുന്നതിലും പൂര്‍ണതയുള്ളവരാവുക. 4) ഒരു റിപ്പോര്‍ട്ടര്‍ അദ്ദേഹത്തേക്കാള്‍ യോഗ്യതയുള്ള മറ്റൊരു നിവേദകനുമായി എതിരാവാതിരിക്കുക. 5) ഹദീസുകളുടെ സ്വീകാര്യതയ്ക്ക് കോട്ടം തട്ടുന്ന ഒരു നിമിത്തവും ഉണ്ടാവാതിരിക്കുക എന്നിവയാണവ. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടമായാല്‍ അതിനെ സ്വഹീഹായതായി പരിഗണിക്കുകയില്ല. പക്ഷേ, അവയെ ഒറ്റയടിക്ക് തള്ളുകയുമില്ല. വീണ്ടും പരിശോധനകളിലൂടെ സ്വീകാര്യത നല്‍കാനാകുമോ എന്നു നോക്കാനാണത്.
നബിചര്യകളെ അപഗ്രഥിച്ചു പഠനം നടത്തിയ ഗ്രന്ഥങ്ങള്‍ ജാമിഅ്, മുജമ്മഅ്, മുസ്‌നദ്, മുസന്നഫ്, സുനന്‍, മുസ്തഖ്‌റജ്, അഹ്കാം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു. ഹദീസ് ക്രോഡീകരണരംഗത്ത് വ്യാപൃതരായ മുഹദ്ദിസുകളുടെ മാനദണ്ഡങ്ങളുടെ ശക്തിയും മികവും കണക്കിലെടുത്ത് വ്യത്യസ്തമായ സ്ഥാനങ്ങള്‍ നല്‍കപ്പെടുന്നതായും കാണാം. ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നാമത്തേത് ഇമാം മാലികിന്റെ(റ) മുവത്വയാണെങ്കിലും അതിന് മറ്റെല്ലാ ഹദീസ് ഗ്രന്ഥങ്ങളേക്കാളും ഒന്നാം സ്ഥാനം നല്‍കപ്പെടുന്നില്ല. ഹദീസുകളെപ്പോലെത്തന്നെ കര്‍മശാസ്ത്ര അറിവുകള്‍ അതില്‍ കൂടിക്കലരുന്നതും സ്വഹാബികളുടെ വാക്കുകള്‍ ധാരാളമായി അതില്‍ ഉദ്ധരിക്കപ്പെടുന്നതുമാണ് അതിന് കാരണം.
നബി(സ)യുടെയും സ്വഹാബത്തിന്റെയും കാലഘട്ടത്തില്‍ നബിചര്യ എന്നതിന് സുന്നത്തു റസൂലില്ലാഹ് എന്നാണ് പ്രയോഗിച്ചിരുന്നത്. ഹദീസ് എന്ന പദമായിരുന്നില്ല. പിന്നീട് മുസ്‌ലിം ലോകത്ത് നിദാനശാസ്ത്രവും സാങ്കേതിക പ്രയോഗങ്ങളും ഉടലെടുത്തപ്പോള്‍ പ്രശസ്തമായൊരു പദപ്രയോഗമാണ് ഹദീസ്, ഖബര്‍, അസര്‍ എന്നിവ. ഇതില്‍ ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും മഹത്വങ്ങളും കല്‍പിക്കപ്പെടുന്നതിനാല്‍ നബിചര്യക്ക് യാതൊരു കോട്ടവും സംഭവിക്കുന്നില്ല.
സ്വഹീഹായ രണ്ട് ഹദീസുകള്‍ പരസ്പരം എതിരാണെന്ന് തോന്നുംവിധം കാണപ്പെട്ടാല്‍ അവയില്‍ ആദ്യത്തേതും അവസാനത്തേതും ഏതാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കണം. തിയ്യതി, സ്ഥലം, സമയം മുതലായവയാണതിന് പരിഗണിക്കുക. ഇത്തരം ഹദീസുകളില്‍ ഒന്നിനെ മറ്റേതിനെക്കാള്‍ സ്ഥിരപ്പെടുത്തണം. ഇതിനാണ് നാസിഖ്, മന്‍സൂഖ് എന്ന് പറയുക. ഇത്തരം ഘട്ടത്തില്‍ ആദ്യം നബി(സ) പറഞ്ഞത് മന്‍സൂഖും രണ്ടാമത് പറഞ്ഞത് നാസിഖുമായിരിക്കും. മുഹദ്ദിസുകള്‍ ശേഖരിക്കുന്ന ഹദീസുകളില്‍ ചിലത് ക്രോഡീകരിക്കുന്നതില്‍ നിന്ന് അവര്‍ ഒഴിച്ചുനിര്‍ത്തുന്നത് അതിന്റെ സ്വീകാര്യതയെപ്പറ്റി ഉറപ്പു ലഭിക്കാതെ വരുന്നതിനാലാണ്. ഇങ്ങനെ മാറ്റിവെക്കുന്നതുമൂലം മതത്തില്‍ നിന്ന് പുറത്തുപോവുകയോ ഹദീസ് നിഷേധിയാവുകയോ ഇല്ല.
ഹദീസുകളുടെ പ്രധാന ഭാഗമായ മത്‌നുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കെതിരാവുംവിധം വല്ലതും ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ അത്തരം ഹദീസുകളും നിവേദനം ചെയ്ത റിപ്പോര്‍ട്ടമാരുടെ മികവോ അത് ക്രോഡീകരിച്ച ഗ്രന്ഥങ്ങളുടെ പ്രത്യേകതയോ ഉയര്‍ത്തിക്കാട്ടി മികച്ചതാകണമെന്നില്ലെന്നാണ് നിദാനശാസ്ത്രക്കാരുടെ നിലപാട്. കാരണം, ഖുര്‍ആനല്ലാത്ത മറ്റു ഗ്രന്ഥങ്ങളെല്ലാം പാപസുരക്ഷിതരല്ലാത്ത മനുഷ്യരാല്‍ ക്രോഡീകൃതമായവയാണ്. അതിനാല്‍ തന്നെ ന്യൂനതകളും അപാകതകളും ഉണ്ടാവാം.
മുഹദ്ദിസുകള്‍ ഹദീസുകള്‍ക്ക് കണ്ടെത്തിയ ന്യൂനതകള്‍ സൂചിപ്പിക്കുന്നത് സാധാരണയാണ്. അതൊന്നും ഹദീസ് നിഷേധമല്ല. ബൈഹഖി, ദാറഖുത്‌നി, ഹാകിം, ഇബ്‌നു ഹിബ്ബാന്‍, തിര്‍മിദി, അബൂദാവൂദ് മുതലായവരെല്ലാം ഹദീസുകള്‍ക്ക് അവരവര്‍ കണ്ടെത്തിയ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസ്‌റാഅ്, മിഅ്‌റാജ്, ചന്ദ്രന്‍ പിളര്‍ന്ന സംഭവം, നബിയുടെ നെഞ്ച് പിളര്‍ത്തിയത്, സിഹ്‌റുമായി ബന്ധപ്പെട്ട ഹദീസ്, കുരങ്ങിന് ശിക്ഷ നല്‍കിയെന്നത്, നായ പാത്രത്തില്‍ തലയിടുന്നത്, അബൂലഹബിന്റെ വിരലുകള്‍ക്കിടയിലൂടെ നരകത്തില്‍ വെള്ളം ലഭിക്കുമെന്നത്, അജ്‌വ കാരക്ക, പാനീയത്തില്‍ ഈച്ച വീണത്, അന്ത്യദിന ലക്ഷണങ്ങള്‍, മീസാന്‍, സ്വിറാത്ത്, ഖബര്‍ ശിക്ഷകള്‍, ദജ്ജാല്‍ തുടങ്ങിയ പലതിലും വന്നിട്ടുള്ള ഹദീസുകള്‍ ഈ വിധം നിരൂപണവിധേയമായവയാണ്. വിശ്വാസ- കര്‍മ കാര്യങ്ങള്‍ ഉറപ്പാക്കുന്നേടത്ത് സൂക്ഷ്മത പുലര്‍ത്താന്‍ വേണ്ടിയാണിതെല്ലാം.
ശീഇകള്‍, ഖവാരിജുകള്‍, മുഅ്തസിലികള്‍, മദ്ഹബുകാര്‍, ത്വരീഖത്തുകള്‍, രാഷ്ട്രീയക്കാര്‍, കച്ചവടക്കാര്‍, കഥാപ്രസംഗകര്‍ തുടങ്ങിയവര്‍ പ്രവാചകന്റെ മേല്‍ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യാജവും ദുര്‍ബലവുമായ പലതും നിരൂപണവിധേയമായിട്ടുണ്ട്. അവയില്‍ ഒട്ടനേകം റിപ്പോര്‍ട്ടുകള്‍ വ്യാജവും ഊഹവും നിറഞ്ഞവയാണ്. ഇത്തരം ദുര്‍ബല-വ്യാജ ഉദ്ധരണികളെ ആരെങ്കിലും തള്ളിപ്പറയുന്നത് ഹദീസ് നിഷേധമെന്ന് പറയാവതല്ല. ഇവയെ ആരെങ്കിലും ആദരിക്കുന്നത് പ്രവാചകനെ മഹത്വപ്പെടുത്തലുമാകില്ല.
എന്നാല്‍ വ്യാജമായതിനെ മഹത്വപ്പെടുത്തിയവര്‍ അവരുടെ അതിരുവിട്ട ഭക്തിപ്രകടനത്താല്‍ ചില ആരാധനകള്‍ പോലും ദീനില്‍ കടത്തിക്കൂട്ടിയിട്ടുണ്ട്. പ്രവാചകനും സ്വഹാബത്തും അനുഷ്ഠിക്കാത്ത നോമ്പുകളും നമസ്‌കാരങ്ങളും ദാനധര്‍മങ്ങളും പോലും. ഈ പ്രവണത വര്‍ധിച്ചതിന്റെ കാരണമായി ഖബര്‍ വാഹിദായ ഹദീസുകള്‍ കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങളെ പോലും ദുര്‍ബലപ്പെടുത്തലുണ്ടായി. തന്മൂലം അല്ലാഹു ഖുര്‍ആനില്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധ നിയമമാക്കിയെന്ന് പ്രഖ്യാപിച്ച മതവിധി പോലും ഇത്തരക്കാര്‍ അവഗണിച്ചുവെന്നതാണ് സത്യം.
തള്ളപ്പെടുന്ന
ഹദീസുകള്‍
മര്‍ദൂദ് (തള്ളപ്പെടുന്ന) ആയ ഹദീസുകള്‍ ദഈഫ്, മുഅല്ലഖ്, മുഅ്ദ്വല്‍, മുദല്ലസ്, മുദ്ത്വറബ്, മുന്‍ഖത്തിഅ്, മുന്‍കര്‍, മൗദ്വൂഅ് തുടങ്ങിയ പേരുകളിലാണ് അറിയപ്പെടുക. ഇതില്‍ ഏറ്റവും ഗുരുതരമായത് മൗദ്വൂഅ് ആയവയാണ്. കെട്ടിച്ചമച്ചതോ വ്യാജ പരമ്പരകളുണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്നതോ ആണിത്. ചില തല്‍പരകക്ഷികള്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് പ്രവാചകന്റെ പേരില്‍ നിര്‍മിച്ചുണ്ടാക്കുന്നതാണിത്.
ഖുര്‍ആനില്‍ മര്‍ദൂദ് എന്ന ഒന്നില്ല, എല്ലാം മഖ്ബൂലാണ്. ഹദീസുകൡലെ അസ്വീകാര്യമായ മര്‍ദൂദിന്റെ വ്യത്യസ്ത പേരുകളൊന്നും ഖുര്‍ആനിനെ സംബന്ധിച്ച് ഇല്ലാത്തതാണ്. ഖുര്‍ആന്‍ പോലെ തന്നെയാണ് ഹദീസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹദീസിലുള്ളതുപോലെയുള്ള മര്‍ദൂദ് ഖുര്‍ആനിലും ഉണ്ടെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഈ ചിന്ത ഒരിക്കലും ശരിയല്ലല്ലോ. അതിനാല്‍ ഖുര്‍ആന്‍ ഒന്നാം പ്രമാണവും സ്ഥിരപ്പെട്ട സുന്നത്ത് രണ്ടാം പ്രമാണവുമെന്നതാണ് അംഗീകരിച്ചിട്ടുള്ളത്.
ബുദ്ധിയും ചിന്തയും ഉപയോഗിക്കാത്തവര്‍ നരകാവകാശിയാകുമെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം കാണാം. (വി.ഖു. 67:10, 7:179). മനുഷ്യബുദ്ധിക്കും ചിന്തക്കും അപ്പുറത്തുള്ള വസ്തുതകള്‍ തന്നെയാണ് പ്രവാചകന്മാര്‍ അറിയിക്കുന്നത്. എന്നാലും ബുദ്ധിയുള്ളവരോടാണല്ലോ മതവിധികള്‍ സംബോധന ചെയ്യുന്നത്. ബുദ്ധിയെ നിരാകരിച്ചുകൊണ്ടുള്ള ഒരു കാര്യവും മതം പഠിപ്പിക്കുന്നുമില്ല. മനുഷ്യബുദ്ധിയെ നേരായ വിധം ഉപയോഗപ്പെടുത്തുന്നത് യുക്തിവാദവുമല്ല. മറിച്ച്, കാര്യങ്ങളെ വളച്ചൊടിക്കുന്നതും കോട്ടിമാട്ടുന്നതുമാണ് വക്രബുദ്ധി. ഖുര്‍ആന്‍ സൂക്തങ്ങള്‍ പരസ്പരം എതിരാവില്ല. എന്നാല്‍ ഹദീസുകളില്‍ അപൂര്‍വം അങ്ങനെ കണ്ടേക്കാം. അപ്പോള്‍ അവയുടെ പശ്ചാത്തലം നോക്കി കൂട്ടിയോജിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം ഘട്ടത്തില്‍ ചില ഹദീസുകള്‍ ഒഴിച്ചുനിര്‍ത്തേണ്ടതായും വരാം.
പ്രവാചകന്റെ തീരുമാനങ്ങളൊന്നും ബുദ്ധിമാന്മാര്‍ തള്ളിപ്പറയുകയില്ല. ഖുര്‍ആനിനേക്കാള്‍ ഹദീസുകള്‍ക്ക് അപ്രമാദിത്വം കൊടുക്കുന്നവരും അവരുടെ ബുദ്ധി ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ. മുത്തഫഖുന്‍ അലൈഹിയായ ഹദീസാണെങ്കില്‍ തന്നെയും അതിന് ഖുര്‍ആനിനേക്കാള്‍ മികച്ച മുന്‍ഗണന നല്‍കാവതല്ല. ഹദീസ് രണ്ടാം പ്രമാണമാണെന്ന് പറഞ്ഞാല്‍ രണ്ടാം നമ്പര്‍ പ്രമാണമെന്നല്ല. ഖബര്‍ വാഹിദും ഖുര്‍ആനും തമ്മില്‍ താരതമ്യം ചെയ്തു ഖുര്‍ആനിനെ പിന്നോട്ടാക്കാന്‍ പാടില്ലാത്തതാണ്. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ഹദീസ് വേണ്ടതില്ലെന്ന അതിവാദമാണ് ഹദീസ് നിഷേധം.