27 Friday
December 2024
2024 December 27
1446 Joumada II 25

മഖാസിദുശ്ശരീഅയും നിര്‍മിത ബുദ്ധിയും

നജീബ് തവനൂര്‍


ഭൂമിയിലെ മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ സവിശേഷമായ ചിന്താശേഷിയാണ്. പഠന-പരീക്ഷണങ്ങളിലൂടെ പുതിയ കാര്യങ്ങള്‍ കണ്ടെത്താനും നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച് പുതുസാധ്യതകളെ തേടാനും പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാനും മനുഷ്യകുലം നിരന്തരം പരിശ്രമിക്കുന്നു. ആ പരിശ്രമങ്ങളുടെ ഒരു ഫലമായിരുന്നു യന്ത്രങ്ങളുടെ കണ്ടെത്തല്‍. ഇങ്ങനെ കണ്ടെത്തിയ യന്ത്രങ്ങള്‍ക്ക് മനുഷ്യനെപ്പോലെ പെരുമാറാനാകുമോ? അങ്ങനെയെങ്കില്‍ അത് തുറന്നിടുന്ന അനന്ത സാധ്യതകളില്ലേ? ഇത്തരം ചോദ്യങ്ങളും അന്വേഷണങ്ങളുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണ്ടെത്തലിലേക്ക് മനുഷ്യനെ നയിച്ചത്.
നമ്മുടെ നിത്യോപയോഗ വസ്തുക്കളില്‍ പലതും ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. മെഷീന്‍ ലേര്‍ണിംഗ്, സ്പീച് റെകഗ്‌നിഷന്‍, ഫേസ് റെകഗ്‌നിഷന്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ്, ന്യൂറല്‍ നെറ്റ് വര്‍ക്‌സ്, റോബോട്ടിക്‌സ് തുടങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേഖലകള്‍ ഇന്ന് അതിവിശാലമാണ്. സാധ്യതകളുടെ പ്രപഞ്ചം തുറന്നിടുന്നതോടൊപ്പം തന്നെ ഒരുപാട് ആശങ്കകളും അത് ഉയര്‍ത്തുന്നുണ്ട്.
ആ ആശങ്കകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാനുഷിക മൂല്യങ്ങളെയും ധാര്‍മിക-സദാചാര മൂല്യങ്ങളെയും പരിഗണിക്കാത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്.
ഇസ്ലാമും സദാചാര മൂല്യങ്ങളും
ഏകദൈവ വിശ്വാസത്തിലടിസ്ഥാനമായ ഇസ്ലാമിക ദര്‍ശനം ഒരു വ്യക്തിയുടെ വിശ്വാസത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം തന്നെ അവന്റെ സാമൂഹിക ഇടപെടലുകളെയും പെരുമാറ്റങ്ങളെയും ശുദ്ധീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. സ്വഭാവങ്ങളെയും (അഖ്‌ലാഖ്) പെരുമാറ്റ മര്യാദകളെയും (ആദാബ്) ഏറ്റവും നല്ലരീതിയിലേക്ക് മാറ്റി എടുക്കാന്‍ വേണ്ട പരിശീലന പാഠങ്ങളായിരുന്നു പ്രവാചക ജീവിതമാകെ. ഉത്തമ സ്വഭാവ സംസ്‌കാരം സ്ഥാപിക്കല്‍ തന്റെ നിയോഗത്തിന്റെ ലക്ഷ്യമായി അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്. അത്യുന്നത സ്വഭാവമുള്ള വ്യക്തിയായി അദ്ദേഹത്തെ വിശുദ്ധ ഖുര്‍ആന്‍ നമുക്ക് മാതൃകയായി പ്രഖ്യാപിക്കുകയും ചെയ്തു.
ശാസ്ത്ര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്ന സത്യവിശ്വാസി മറ്റേത് മേഖലയിലും ഇടപഴകുംപോലെ തന്നെ ഇവിടെയും സദാചാരമൂല്യങ്ങളും സ്വഭാവ മഹിമയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. മത മൂല്യങ്ങളുടെ വെളിച്ചത്തില്‍ സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കാനും കരുണ, സ്‌നേഹം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ തിരിച്ചറിയാനും മനുഷ്യനേ കഴിയൂ എന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനങ്ങള്‍ക്ക് അതിനൊന്നും സാധിക്കില്ലെന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചത്തില്‍ അത്തരം സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് സത്യവിശ്വാസി ബോധവാനാകേണ്ടതുണ്ട്.
സ്വകാര്യത കവരുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അവ ചോര്‍ത്തുന്നതും അവന്‍ പോലും അറിയാതെ അവനെ ഒരു ഡിജിറ്റല്‍ നിരീക്ഷണ വലയത്തില്‍ അകപ്പെടുത്തുന്നു എന്നതുമാണ്.
സൗജന്യമായി നല്‍കപ്പെടുന്ന പല സേവനങ്ങള്‍ക്കും പകരമായി നമ്മുടെ വ്യക്തി വിവരങ്ങള്‍ തിരിച്ച് വാങ്ങുന്ന പല കമ്പനികളും അതിനെ കച്ചവട പ്രൊമോഷന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ബിഗ് 5 എന്നറിയപ്പെടുന്ന ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫേസ്ബുക്ക്, ആപ്പിള്‍ എന്നീ കമ്പനികളെല്ലാം ഇത്തരത്തിലുള്ള സര്‍വീലന്‍സ് എക്കോണമിയെ ഉപയോഗപ്പെടുത്തുന്ന കമ്പനികളാണ്. സ്മാര്‍ട്ട് സിസ്റ്റംസ് എന്നറിയപ്പെടുന്ന, ഇമേജ് റെക്ഗ്‌നിഷനും, ഫേസ് റെക്ഗ്‌നിഷനും എല്ലാം ഉപയോഗപ്പെടുത്തുന്നവയുടെ വരവോടെ ഈ വിവര ശേഖരണം മറ്റൊരു തലത്തിലേക്ക് കടന്നിട്ടുണ്ട്.
കൃതിമത്വം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു അപകടം അതിലുപയോഗിക്കുന്ന കൃതിമത്വ സംവിധാനമാണ്. ലഭ്യമായ വിവരങ്ങളുടെ പിന്‍ബലത്തില്‍ ആവശ്യമായ കാര്യങ്ങളില്‍ കൃതിമത്വം നല്‍കി തങ്ങളുദ്ദേശിക്കുന്ന രൂപത്തിലേക്ക് അതിനെ എത്തിക്കാനുള്ള അല്‍ഗൊരിതമാണ് ഇതിലുപയോഗിക്കുന്നത്. സാധന സാമഗ്രികളുടെയും സേവനങ്ങളുടെയും വിപണനത്തിന് ഇത്തരം മാനിപുലേറ്റഡ് ഡാറ്റ ഉപയോഗപ്പെടുത്തുന്നുണ്ട്.

നിലപാടുകളെ
സ്വാധീനിക്കല്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തങ്ങള്‍ക്ക് ആവശ്യമായ ഡാറ്റകള്‍ സ്വരൂപിച്ച് നേരത്തെ തയ്യാറാക്കിയ അല്‍ഗൊരിതത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നിലപാടുകളും ഉപഭോക്താവിലേക്ക് അടിച്ചേല്‍പിക്കാന്‍ ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കും. കുത്തക കമ്പനികള്‍ക്ക് നമ്മുടെ ഉപഭോഗ സംസ്‌ക്കാരത്തെ സ്വാധീനിക്കാന്‍ കഴിയുന്നത് ഇത്തരത്തിലാണ്.
പ്രസിദ്ധ എഴുത്തുകാരനായ വൈ എന്‍ ഹറാറി Homo Deus എന്ന പുസ്തകത്തില്‍ ഉന്നയിക്കുന്ന ഒരു വാദം ഇവിടെ പ്രസക്തമാണ്. എന്നെക്കാള്‍ എന്നെ അറിയുന്ന, ഏറെ ബുദ്ധിശേഷിയുള്ളതും എന്നാല്‍ സാമൂഹിക ബോധ്യങ്ങള്‍ ഒന്നുമില്ലാത്തതുമായ ഒരു അല്‍ഗൊരിതം ഞാനിടപഴകുന്ന സമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നാളെ വരുത്താവുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കാനാകില്ല എന്നാണത്.
ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന് ഇസ്ലാം നല്‍കുന്ന പ്രധാന്യം വളരെ വലുതാണ്. സത്യവും അസത്യവും കൃത്യമായി പഠിപ്പിച്ച ഇസ്ലാം മത മൂല്യങ്ങളുടെ പ്രസക്തി ഊന്നി പറയുകയും ആ മതത്തിന്റെ കാര്യത്തില്‍ പോലും ബലാല്‍കാരം പാടില്ല എന്നുമാണ് പഠിപ്പിക്കുന്നത്. വ്യക്തിയുടെ അഭിമാനത്തിന് പവിത്രതയുണ്ടെന്നാണ് വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തിലൂടെ പ്രവാചകന്‍ പഠിപ്പിച്ചത്. വികാര വിചാരങ്ങളെ വില്‍പ്പനച്ചരക്കാക്കാന്‍ കാത്തുനില്‍ക്കുന്ന ലൈംഗിഗ സൈറ്റുകള്‍ക്കും മറ്റും വ്യക്തി വിവരങ്ങള്‍ കൈമാറുക വഴി വ്യക്തിയെ വഴികേടിലേക്ക് നയിക്കാനുള്ള സാഹചര്യങ്ങള്‍ ഇത്തരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.” (വിശുദ്ധ ഖുര്‍ആന്‍ 33:70)
”നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.” (വിശുദ്ധ ഖുര്‍ആന്‍ 2:42) തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ കൃത്രിമത്വ സാങ്കേതികത ഉപയോഗപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ വിശ്വാസികള്‍ കരുതണമെന്ന് പഠിപ്പിക്കുന്നു. മത മൂല്യങ്ങളെ മുറുകെ പിടിച്ചായിരിക്കണം ഏത് ശാസ്ത്ര സാങ്കേതിക വിദ്യയെയും വിശ്വാസികള്‍ ഉപയോഗപ്പെടുത്തേണ്ടത്.
മഖാസിദുശ്ശരീഅയുടെ പങ്ക്
ഏതൊരു പുതിയ സാങ്കേതികവിദ്യയും പോലെ, ഇത് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അത് ഇസ്‌ലാമിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നുമുള്ള ചര്‍ച്ച പ്രസക്തമാണ്. മഖാസിദുശ്ശരീഅ അല്ലെങ്കില്‍ ഇസ്‌ലാമിക നിയമത്തിന്റെ ലക്ഷ്യങ്ങള്‍, എന്നത് മതം, ജീവന്‍, ബുദ്ധി, സ്വത്ത്, അന്തസ്സ് എന്നിവയുടെ സംരക്ഷണമാണ്.
ദ്രുതഗതിയിലുള്ള വികസനത്തിന്റെ ഫലമായി ആരോഗ്യ സംരക്ഷണം, ബാങ്കിംഗ്, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ നിരവധി വ്യവസായങ്ങളില്‍ കൃത്രിമബുദ്ധി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്ത് വിവരങ്ങളാണ് ശേഖരിക്കുന്നത്, ആര്‍ക്കൊക്കെ അതിലേക്ക് ആക്‌സസ് ഉണ്ട്, വിവരങ്ങള്‍ എത്രത്തോളം സൂക്ഷിച്ചിരിക്കുന്നു, എവിടെ, എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതിലുണ്ട്. സമൂഹത്തിന്റെ കൂടുതല്‍ മേഖലകളില്‍ ‘എ ഐ’ സംവിധാനങ്ങള്‍ നടപ്പിലാക്കുകയും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്നതിനാല്‍, സ്വകാര്യത എന്ന ആശയം വ്യക്തിഗത ഉപയോക്താവിനെ ബാധിക്കുന്ന ഒരു പ്രശ്‌നം എന്നതിലുപരി ഒരു വലിയ സാമൂഹിക പ്രശ്‌നമായി കാണണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മഖാസിദുശ്ശരീഅയുടെ വിവിധ വശങ്ങളെ സ്വാധീനിക്കാന്‍ കഴിവുണ്ട് എന്നത് വസ്തുതയാണ്. വ്യക്തിപരമായ സ്വകാര്യത, തൊഴില്‍, സാമൂഹിക നീതി എന്നിവ ഉള്‍പ്പെടെയുള്ള മനുഷ്യജീവിതം ഇവിടെ പ്രസക്തമാകുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തില്‍ ധാര്‍മിക തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കാന്‍ മഖാസിദുശ്ശരീഅക്ക് സാധിക്കും. ആളുകളുടെ അവകാശങ്ങളുടെ സംരക്ഷണം, പ്രത്യേകിച്ച് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ശരീഅത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. മനുഷ്യാന്തസ്സ് സംരക്ഷിക്കാന്‍ ഏതവസ്ഥയിലും സാധിക്കണം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ കൃത്രിമബുദ്ധി ഉപയോഗിക്കരുത്.
മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ പോലെയുള്ളത് അന്തസ്സിനെ ബാധിക്കുന്ന വിധത്തിലാകരുത്. വംശമോ ലിംഗഭേദമോ അടിസ്ഥാനമാക്കിയുള്ള വിവേചനം ഉണ്ടാവരുത്. സാമൂഹിക വിവേചനം ഇല്ലാതെ എല്ലാ വ്യക്തികളോടും പെരുമാറേണ്ടതിന്റെ പ്രാധാന്യം ശരീഅത്ത് ഊന്നിപ്പറയുന്നുണ്ട്. ശരീഅത്ത് മനുഷ്യന്റെ അന്തസ്സിന്റെ സംരക്ഷണത്തോടൊപ്പം വ്യക്തിപരവും സാമൂഹികവുമായ ക്ഷേമം പിന്തുടരുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. അതിനാല്‍, മഖാസിദുശ്ശരീഅ അടിസ്ഥാനമാക്കിയ ഇസ്‌ലാമിക തത്ത്വങ്ങള്‍ കൃത്രിമ ബുദ്ധിയുടെ ഉപയോഗത്തിന് കൃത്യമായ ഒരു ചട്ടക്കൂട് നല്‍കുന്നു.
എ ഐ പരീക്ഷണങ്ങളുടെ നൈതികത സംബന്ധിച്ച ചോദ്യങ്ങളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. യഥാര്‍ഥ റോഡുകളില്‍ സ്വയംഭരണ കാറുകളില്‍ ഉപയോഗിക്കുന്ന എ ഐ മോഡല്‍ പരീക്ഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അതാണോ ധാര്‍മികം എന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്യുന്നു. മെഡിസിന്‍, സര്‍ജറി മേഖലകളില്‍ സമാനമായ ഒരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഭാവിയില്‍ ഒരു മെഡിക്കല്‍ റോബോട്ടിനെ (നിയന്ത്രിത സാഹചര്യങ്ങളിലും അനുകരണങ്ങളിലും നന്നായി പരിശീലിപ്പിച്ചത്) യഥാര്‍ത്ഥ ആളുകളില്‍ പരീക്ഷിക്കണോ വേണ്ടയോ എന്നത് തര്‍ക്കവിഷയമാണ്. പരീക്ഷണങ്ങളില്‍ മനുഷ്യ വിഷയങ്ങളെ ഉപയോഗിക്കുന്നതിന്റെ നൈതികതയെ ചുറ്റിപ്പറ്റി എപ്പോഴും തര്‍ക്കങ്ങളുണ്ടെങ്കിലും, ഈ സാഹചര്യം സങ്കീര്‍ണമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
എ ഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പരിണാമത്തിന്റെ ആഘാതം കൈകാര്യം ചെയ്യുന്നതിനായി, വിവിധ മേഖലകളുടെ സഹകരണവും ഇന്റര്‍ ഡിസിപ്ലിനറിയായുള്ള ഗവേഷണവും അനിവാര്യമാണ്. വിവിധ നൈതിക കാഴ്ചപ്പാടുകളും അച്ചടക്കങ്ങളും, പ്രത്യേകിച്ച് ഇസ്‌ലാമിക വീക്ഷണകോണില്‍ നിന്നുള്ളവ ഈ മേഖലയില്‍ പരിഗണിക്കണം. തത്ത്വചിന്ത, ശാസ്ത്രം, എഞ്ചിനീയറിംഗ്, രാഷ്ട്രീയം, സാഹിത്യം, സമൂഹം, മതം, വൈദ്യം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ശ്രദ്ധേയരായ നിരവധി പണ്ഡിതന്മാരെയും പ്രശ്‌നപരിഹാരങ്ങളും സംഭാവന ചെയ്ത ഇസ്‌ലാമിക നാഗരിക ചരിത്രം ഇവിടെ പ്രസക്തമാണ്. ഇക്കാര്യത്തില്‍ ഇന്റലിജെന്‍സ് ഡെവലപ്പര്‍മാരും പോളിസി മേക്കര്‍മാരും ഇസ്‌ലാമിക നാഗരികത മുമ്പ് ആഗോള നാഗരികതയ്ക്ക് നല്‍കിയ അമൂല്യമായ സംഭാവന തിരിച്ചറിയേണ്ടതുണ്ട്.
(Journal of Contemporary Maqasid Studies പ്രസിദ്ധീകരിച്ച അല്‍മദീന ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിസിറ്റിയിലെ യാസര്‍ ടര്‍ഷാനിയുടെ Maqasid AlShari’ah and the Ethics of Artificial Intelligence: Contemporary Challenges എന്ന ഗവേഷണ പ്രബന്ധത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്)

Back to Top