22 Sunday
December 2024
2024 December 22
1446 Joumada II 20

മാപ്പിളപ്പാട്ടിലെ അഹിതഭാഷ്യങ്ങള്‍

ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്


മലബാറിലെ മാപ്പിളമാര്‍ എന്നത് പഴയ കാലത്ത് അറബി-മലബാര്‍ മുസ്‌ലിം വിവാഹബന്ധത്തില്‍ നിന്നുണ്ടായ മുസ്‌ലിംകളുടെ വിശേഷണമായിരുന്നുവെങ്കിലും പിന്നീടത് കേരള മുസ്‌ലിംകള്‍ക്കാകമാനമുള്ള അപരനാമമായി മാറി. അതോടെ കാലാന്തരത്തില്‍ അവരുടേതായി രൂപപ്പെട്ടിരുന്ന ഒരു ഭാഷയും ലിപിയും (അറബിമലയാളം) ഭാഷാസാഹിത്യവും മാപ്പിളപ്പാട്ട് എന്ന പേരില്‍ സമുദായത്തില്‍ സാര്‍വത്രികമായിത്തീരുകയും ചെയ്തു. മാലകള്‍ക്കും മദ്ഹ് ഗാനങ്ങള്‍ക്കുമൊപ്പം ഖിസ്സ, ഗസല്‍, നസീബ് രീതികളിലും പടപ്പാട്ട്, കല്യാണപ്പാട്ട്, സീറപ്പാട്ട് തുടങ്ങി അനേകം ഉപശാഖകളായും അത് വിപുലീകൃതമായി. പ്രമേയപരമായി ഭക്തിയില്‍ നിന്നു തുടങ്ങി ഒടുവില്‍ മധുരപ്പതിനേഴില്‍ ലങ്കിമറിയുന്ന, മൂന്നക്ഷരപ്പേരുള്ള മരതകക്കനികളിലെത്തി. ഒരു ഭക്തിപ്രസ്ഥാനത്തിന്റെ ജുഗുപ്‌സാവഹമായ പരിണാമമായിരുന്നു അങ്ങനെ നടന്നത്. അവിടവും വിട്ട് സാഹിത്യത്തിന്റെ ആധുനിക പ്രവണതകള്‍ക്കൊപ്പം തനിമലയാളം സ്വീകരിച്ച് ഏതാനും അറബിപദങ്ങളുടെ ചേരുവകൊണ്ടു മാത്രം മാപ്പിളപ്പാട്ടാകുന്ന പതനത്തിലെത്തിനില്‍ക്കുന്ന കാഴ്ചയത്രേ മാപ്പിളപ്പാട്ടിന് ഇന്നുള്ളത്.
ആശയതലം
മാപ്പിളപ്പാട്ടിനെ മുസ്‌ലിം സമുദായത്തിന്റെ പൈതൃക കലയായി പരിഗണിക്കുന്നതില്‍ ചരിത്രപരമായിത്തന്നെ പന്തികേടുണ്ട്. ഏതാണ്ട് രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് ഇശല്‍ബദ്ധമായ മാപ്പിളപ്പാട്ടിന് വേരുകളില്ല. മുസ്‌ലിം സമുദായത്തില്‍ അന്നുണ്ടായിരുന്ന ആശയഗതി ഉള്‍ക്കൊണ്ട് മുസ്‌ലിംകളാല്‍ രൂപപ്പെടുത്തപ്പെട്ട ഒരു ഗാനശൈലി എന്നതു മാത്രമാണ് സമുദായവുമായി അതിനുള്ള ബന്ധം. സമുദായം ഗുരുതരമായ ആശയഭ്രംശത്തിലായിരുന്ന ഒരു കാലഘട്ടത്തിലെ സന്തതിയായതിനാല്‍ തന്നെ ആ അപഭ്രംശങ്ങളെല്ലാം ആശയതലത്തില്‍ മാപ്പിളപ്പാട്ടും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത് തനി ബഹുദൈവത്വപരമായ (ശിര്‍ക്ക്) ആശയഗതി വരെ എത്തും. അനാചാര (ബിദ്അത്ത്) ആശയങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തനിമയാര്‍ന്ന ഒരു മാപ്പിളപ്പാട്ടിലെ രണ്ടു വരി:
”ജവാദും ഖരിസ്താന്‍/കൊടുത്ത പീതാംബര്‍/ജദ്ദുള്ള മുഹ്‌യിദ്ദീന്‍ തുണവേണമള്ളാ…” മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന പുണ്യവാളന്റെ (വലിയ്യ്) തുണ ആഗ്രഹിക്കുന്ന ഈ ആശയം ഇസ്‌ലാമിന്റെ ആണിക്കല്ലായ തൗഹീദിന് (ഏകദൈവവിശ്വാസവും ആരാധനയും) വിരുദ്ധമാണ്. ”മനസ്സിന്റെ വേദന മാറ്റിത്തരുവിന്‍-മുത്ത്/ഏര്‍വാടി ശുഹദാക്കളേ…” രക്തസാക്ഷികളെ വിളിച്ച് മനോവേദന മാറ്റിത്തരാന്‍ അര്‍ഥിച്ചാല്‍ അത് ഇസ്‌ലാമിക വിശ്വാസത്തിന് കടകവിരുദ്ധമാണ്. മാലപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും അടങ്ങുന്ന മാപ്പിളപ്പാട്ടിന്റെ അനേകം ശാഖകളില്‍ അനാചാരങ്ങളും അത്യുക്തികളും അന്ധവിശ്വാസങ്ങളും അടിമുടി കാണാനാകും. കുപ്പിപ്പാട്ട്, കുറത്തിപ്പാട്ട് പോലുള്ള ശീഈ കള്ളക്കഥകള്‍ പ്രസിദ്ധങ്ങളാണല്ലോ.
അശ്ലീലം
സഭ്യേതരശൈലി ഒറിജിനലിലും പില്‍ക്കാലത്ത് പിറന്ന ഡ്യൂപ്ലിക്കേറ്റ് രചനകളിലും എത്രയെങ്കിലുമാണ്. ”…നല്‍കുഞ്ഞിക്കിണ്ണമോ കണ്ണാടി/ കട്ടിമഷിയിട്ട വട്ടമുലയാണേ…” എന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യരല്ല മാലാഖദൂതന്‍ തന്നെ വന്നു പാടിയാലും ധാര്‍മിക-സദാചാര മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇസ്‌ലാമിക സാംസ്‌കാരിക പാരമ്പര്യം കാത്തുവരുന്ന മുസ്‌ലിമിന് അത് സ്വീകാര്യമാകില്ല. വാമൊഴിയായി പ്രചരിച്ച ഒട്ടേറെ നാടന്‍ ശീലുകളുമുണ്ട് മാപ്പിളപ്പാട്ടിന്. ഭരണിപ്പാട്ടുകളെയും വെല്ലുന്ന ശുദ്ധ അശ്ലീലങ്ങളത്രേ അവയിലേറെയും. ഇത്തരം ഈരടികള്‍, തനിമ ചാര്‍ത്തപ്പെടുന്ന പഴയകാല മാപ്പിളപ്പാട്ടുകാരുടെ രചനകളില്‍ തന്നെ എത്രയെത്രയാണുള്ളത്! പ്രണയകാവ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന അത്തരം ചില പാട്ടുകളിലെ ഏതാനും വരികള്‍ കാണുക:
”പട്ടുലിബാസും ധരിച്ച്
പൊന്തിടും നെഞ്ഞ്-ഓളെ
പത്രാസ് കണ്ട് ഞാനും
നൊട്ടിനുണഞ്ഞ്….”
”സാരസക്കനി ഉറുമാമ്പഴമൊ
മുലയും ഒത്തിട്ടെ-ചെപ്പാനെ-പളു-
ങ്ക്ക്കുടമൊ ചെരിയാതുലയാതെ
നിപ്പാനെ…”
”കേശം കഠിനം കറുപ്പ് കിം,
അധരത്തില്‍ ചുവപ്പ്
കേവലം ഭംഗിയുണ്ട്
സ്തനങ്ങളെ നില്‍പ്-പുരുഷരെ
ക്രീഡക്ക് ചതുരമായ
മികച്ചൊരു കോപ്പ്…”

അശ്ലീലമയമായ ഈ കാമുകീസ്തനവര്‍ണനകളെ എങ്ങനെ പ്രണയഗാനമായി കരുതാനാകുമെന്നറിയില്ല. കാമുകിയുടെ സൗന്ദര്യവര്‍ണനയായുള്ള രചനകള്‍ മുച്ചൂടും ഇങ്ങനെ അതിരുകള്‍ ഭേദിച്ച് കാമവും തനിശൃംഗാരവുമായി, കാമുകിയുടെ അംഗപ്രത്യംഗ വര്‍ണനയായി തരംതാഴ്ന്നവയാണ്. ചില ഉദാഹരണങ്ങള്‍ കൂടി:
”അതിന്റെ പിറ്റേന്നാള്‍
ഉറങ്ങും നേരത്ത്
കനിന്ത് ബീവിയെ
കിനാവില്‍ കോഫിത്ത്
പിടിത്ത് മുഖം നാറ്റി-കൊത്തി-
പ്പിടിത്തപ്പായസം തീറ്റി…”
”അന്തിനേരത്തൊന്നുറങ്ങാന്‍
അത്തലം വന്നോളാ
ആവതുള്ള നാളതില്‍
ഞാനപ്പഴം തിന്നോളാ…”
”ബാലരെ വലയിലിന്നോളം
പിണഞ്ഞിട്ടില്ല
ബന്ന്‌നോക്കിപ്പോയതൊയ്യെ
കോള് തിന്നിട്ടില്ല…”

മോയിന്‍കുട്ടി വൈദ്യരുടെ പ്രശസ്തമായ ‘ബദ്‌റുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാലി’ലെ കാമിനീവര്‍ണനയിലെ ഒരീരടി ഇങ്ങനെ:
”കാമിനി ജിന്‍-മനു പൂമാതര്‍കള്‍
കണ്ടാല്‍ മതിമറന്ന് ഇന്‍സാല്‍
എത്തും…”

ഇതിലെ ‘ഇന്‍സാല്‍’ എന്ന അറബിപദത്തിന്റെ അര്‍ഥം പെട്ടെന്ന് തിരിയാത്തത് നമ്മുടെ ഭാഗ്യം എന്നേ പറയേണ്ടതുള്ളൂ. ഇത്തരം പാട്ടുകളിലെ ഇതര ഭാഷാ പ്രയോഗങ്ങളുടെ അര്‍ഥം കൂടി അന്വേഷിക്കുമ്പോഴാണ് അശ്ലീലം മനസ്സിലാവുക. മറ്റൊരിടത്ത് ഒരു സുന്ദരിയെ വൈദ്യര്‍ വര്‍ണിക്കുന്നു:
”മധുരകക്കന്നി മലര്‍ന്ത്
കിടന്തെന്‍തെ
കൈബത്ത്‌നത്താനെ-അണൈത്ത്
മത്തെകൈ സീറോടണൈത്തി
രുപാദവും
നീട്ടിപ്പിണൈത്താനെ….
മാതളം ഏന്‍ന്തളകൊങ്കയും മാറും
തടകി മണത്താനെ….”

വര്‍ത്തമാനകാലത്തെ ഒരു മുമ്പന്‍ മാപ്പിള ഗായകന്റെ മാസ്റ്റര്‍പീസ് കേള്‍ക്കാത്തവരുണ്ടാകില്ല:
”പുന്നാരക്കരളേ നിന്‍
പൂമണിമാറത്ത്
പൊന്നോല കൊണ്ട്
മെടഞ്ഞൊരു കൊട്ടയില്‍
പൊത്തിവെച്ചുള്ളൊരാ
മല്‍ഗോവ മാമ്പഴം
വിറ്റതോ വില്‍ക്കുവാന്‍
വെച്ചതോ ഏതാണ്
ഏതാണ് രാജാത്തീ…”

ഇതൊക്കെയാണോ പുനരുദ്ധരിക്കപ്പെടുന്ന മഹത്തായ മാപ്പിള സാംസ്‌കാരിക പൈതൃകക്കനി! അറബിയും മറ്റുമായ ഇതര ഭാഷാപദങ്ങളുടെയും വക്രിച്ച ഭാഷാശൈലിയുടെയും ആധിക്യം ഇതര സമുദായക്കാര്‍ക്കു മുമ്പില്‍ വഷളത്തം കുറയ്ക്കുന്നത് കൃപ!

മഹതികള്‍ക്കും രക്ഷയില്ല
അഹിതകരമായ മറ്റൊരു പ്രവണതയത്രേ പ്രവാചക പത്‌നിമാരും പുത്രിമാരും സഹാബാ മഹതികളും അവഹേളിക്കപ്പെടുന്ന സ്ഥിതി. അവരെ മണവാട്ടിമാരും തോഴിമാരുമാക്കി ഉടയാടകളും ശരീരസൗന്ദര്യവും വര്‍ണിച്ച് ഒട്ടേറെ കല്യാണപ്പാട്ടുകളുണ്ട്. സാത്വികകളായ ‘പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ തന്നെ (33:6) പറഞ്ഞിട്ടുള്ളത്. അവരെ ‘തരുണീമണി’മാരും ‘പുതുനാരി’ മാരുമാക്കി അംഗപ്രത്യംഗ വര്‍ണന നടത്തുക വിശ്വാസികള്‍ക്ക് എങ്ങനെ ചേരും!
ആസ്വാദനലഹരിയിലാണ് ആലാപനക്കാരും രചയിതാക്കളും സംഗീതക്കാരും ചുവടുവെപ്പുകാരും ശ്രോതാക്കളും എല്ലാവരും. പൂര്‍വാപര ചിന്തയോ സൂക്ഷ്മതയോ ആര്‍ക്കും ചിന്ത്യമേയല്ല.
മിഅ്‌റാജ് (പ്രവാചകന്റെ ആകാശാരോഹണം) വിവരണമായി ഒരു കവി എഴുതി: ”ആരംബ ത്വാഹാവിന്‍ മുമ്പില്‍/ ജിബ്‌രീല്‍ വന്നിട്ടോതിയേ/ അല്ലാഹു ഈ രാവില്‍ നബിയെ/ കാണാനേറ്റം പൂതിയേ…!”
മരുമകനെ കണ്ടിട്ട് ഒരുപാട് നാളായി. പൂതി പെരുത്ത് അമ്മായിയമ്മ (പെണ്ണിന്റെ ഉമ്മ) മരുമകനോട് അത്രത്തോളം ഒന്ന് ചെല്ലാന്‍ ആവശ്യപ്പെട്ട് ആളെ പറഞ്ഞയക്കും പോലെയല്ലാതെ മറ്റെന്താണ് മേല്‍ കഥനം? അല്ലാഹുവിനെയും നബിയെയും ജിബ്‌രീലിനെയുമെല്ലാം ആരായിട്ടാണ് ബഹുമാന്യനായ(?) മാപ്പിള കവി മനസ്സിലാക്കിയിരിക്കുന്നത്! ഇത്തരം കെടുമ്പുകള്‍ കണ്ടെത്തപ്പെടേണ്ടതും വര്‍ജിക്കപ്പെടേണ്ടതുമല്ലെന്നോ?
പുതുരചനകള്‍
റങ്ക്, ചൊങ്ക്, സീനത്ത്, ഹാജത്ത്, ഖല്‍ബ്, ഹുബ്ബ് എന്നിങ്ങനെ കുറേ അറബി-പേര്‍ഷ്യന്‍ പദങ്ങളും ഫാത്തിമ, റസിയ, ശാഹിദ, മഹ്‌റുബ… എന്നിങ്ങനെ കുറേ മുസ്‌ലിം പെണ്‍കുട്ടികളുടെ പേരും വെച്ച് കിന്നരിച്ചുകൊണ്ട് മാപ്പിളപ്പാട്ട് എന്ന പേരില്‍ ഇശലോ മറ്റു കാവ്യനിയമങ്ങളോ പാലിക്കാതെയുള്ള പുത്തന്‍ കേള്‍വികളും സമുദായത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ളവയല്ല. പലതിലെയും അറബിഭാഷാ പ്രയോഗങ്ങള്‍ അറബി വ്യാകരണ നിയമങ്ങള്‍ക്ക് അനുസൃതവുമല്ല.
ഒപ്പന
മാപ്പിളപ്പാട്ട് പടര്‍ന്നുകയറുന്ന ഒരു മുള്‍മരമത്രേ ഒപ്പനയെന്ന പ്രകടനകല. പൊതു സ്റ്റേജുകളിലാകുമ്പോള്‍ ‘തനി പട്ടച്ചാരായം’ എന്ന് അതിനെ വിശേഷിപ്പിക്കേണ്ടിവരും. ഇന്നത്തെ ചാനല്‍ കലോത്സവ സ്റ്റേജുകളിലെ ഒപ്പനകള്‍ മാപ്പിള സംസ്‌കാരത്തിന്റെ വിളമ്പുപാത്രമല്ല, അതിന്റെ ആളിക്കത്തുന്ന ചിതയാണ്.
ഒപ്പന എന്ന ഒരു മാപ്പിള കലാരൂപമുണ്ട്. പക്ഷേ അത് വീടിന്റെ സ്വകാര്യതയില്‍ നടക്കുന്ന ഒരാഘോഷവിനോദമാണ്. കല്യാണങ്ങള്‍ക്കും പെരുന്നാളുകള്‍ പോലുള്ള വിശേഷാവസരങ്ങളിലും പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി ഒപ്പന കളിക്കും. അന്യപുരുഷന്മാര്‍ക്ക് അങ്ങോട്ട് പ്രവേശനമേയില്ല. ഈ കലയാണ് ഇന്ന് പൊതു സ്റ്റേജിലും സ്‌ക്രീനിലും യുവതീയുവാക്കള്‍ മിനുങ്ങുന്ന അല്‍പവസ്ത്രധാരിണികളായി ഇടകലര്‍ന്നും സംഗീതോപകരണങ്ങളുടെ ബഹളത്തോടെയും മാപ്പിളപ്പാട്ടിന്റെ അടിക്കടി ഇശല്‍ മാറുന്ന ശൃംഗാര ഈരടികളോടെയും തിമിര്‍ക്കപ്പെടുന്നത്.
ഇക്കാണുന്നതും കേള്‍ക്കുന്നതും മാപ്പിളപ്പാട്ടിന്റെ ശബ്ദമോ മുഖമോ അല്ല. നല്ല മാപ്പിളപ്പാട്ടുകള്‍ ധാരാളമുണ്ട്. സാംസ്‌കാരിക രചനകള്‍ മാത്രമുള്ള ടി ഉബൈദ്, പുന്നയൂര്‍ക്കുളം വി ബാപ്പു, ഇങ്ങേതലക്കല്‍ കവി പി ടി അബ്ദുറഹ്മാന്‍, ഒ എം കരുവാരക്കുണ്ട്, എസ് എ ജമീല്‍, ജി പി കുഞ്ഞബ്ദുല്ല പോലുള്ള പ്രതിഭാശാലികളായ അനേകം കവികളുമുണ്ട്.

നെല്ലും പതിരും
ഇപ്പറഞ്ഞതിനെ മാപ്പിളപ്പാട്ട് മൊത്തം വര്‍ജ്യമാണെന്നു പറഞ്ഞതായി വ്യാഖ്യാനിക്കില്ലെന്ന് കരുതട്ടെ. മാപ്പിളപ്പാട്ടിലെ കെടുമ്പുകളോടും അവയെ ചൂഷണം ചെയ്യുന്ന ദുഷ്പ്രവണതയോടും ഒരിസ്‌ലാമിക സാംസ്‌കാരിക മനസ്സിന്റെ ധര്‍മരോഷം എന്നേയുള്ളൂ. ഇസ്‌ലാമിക ആദര്‍ശത്തിനും പാരമ്പര്യത്തിനും സംസ്‌കൃതിക്കും മുതല്‍ക്കൂട്ടായ രചനകള്‍ മാപ്പിളപ്പാട്ടില്‍ ധാരാളമുണ്ട്. പ്രാചീനരും അര്‍വാചീനരുമായി ഒട്ടേറെ സദ്‌വൃത്തരായ പാട്ടെഴുത്തുകാരുമുണ്ട്. മാപ്പിള സംസ്‌കാരത്തിനും പാരമ്പര്യത്തിനും അഭിമാനിക്കാവുന്ന സര്‍ഗസംഭാവനകളാണവ. നിര്‍ഭാഗ്യമെന്നു പറയട്ടെ, അവയ്ക്കു പിന്നാലെയല്ല, ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും/ ചോര തന്നെ കൊതുകിനു കൗതുകം’ എന്ന വിധം അവയിലെ അനഭികാമ്യങ്ങളെ ആശ്ലേഷിക്കാനാണ് തലമുറകള്‍ എപ്പോഴും തിടുക്കം കാണിച്ചിട്ടുള്ളത്. ഈ പ്രവണതയെ ചെറുക്കാതിരുന്നുകൂടാ.
അതോടൊപ്പം, ഇന്നുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദൗത്യം പൂര്‍ത്തീകരിക്കപ്പെടേണ്ടതായുമുണ്ട്. പഴയതും പുതിയതും ഉള്‍പ്പെടെ മാപ്പിളപ്പാട്ട് സാഹിത്യത്തിലെ മുഴുവന്‍ രചനകളും പരിശോധനാവിധേയമാക്കപ്പെടുക എന്നതാണത്. ആശയതലത്തിലും സാംസ്‌കാരികമായും ഇസ്‌ലാമിക വിശ്വാസാചാരങ്ങളുടെ ഉരകല്ലില്‍ രചനകള്‍ മാറ്റുരയ്ക്കപ്പെടണം. പതിരുകള്‍ പാറ്റിക്കളയപ്പെടണം. കതിര്‍മണികള്‍ മാത്രം അഭിമാനപൂര്‍വം വാരിക്കെട്ടാന്‍ കഴിയണം. ആരുണ്ട് അതിന് എന്ന വിളി സമുദായം കേള്‍ക്കാത്തിടത്തോളം കാലം മാപ്പിളപ്പാട്ടിന് അപച്യുതിയില്‍ നിന്ന് മോചനമില്ല.

Back to Top