28 Thursday
March 2024
2024 March 28
1445 Ramadân 18

മാപ്പിള നാസ്തികരുടെ ഖുര്‍ആന്‍ വേട്ട

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ഇസ്‌ലാം വിമര്‍ശനം അതിന്റെ പ്രാരംഭ നാള്‍ മുതല്‍ തന്നെ ലോകത്ത് തുടക്കം കുറിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്‌ലാം വിമര്‍ശനത്തിന് ആധുനിക ലോകത്ത് വ്യത്യസ്ത മാനങ്ങളാണുള്ളത്. പുരാതന കാലങ്ങളില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ ലക്ഷ്യം വെച്ചിരുന്നത് ആശയതലത്തിലുള്ള ഏറ്റുമുട്ടലായിരുന്നുവെങ്കില്‍ ഇന്നത് ഇസ്‌ലാമിനെ എല്ലാ മേഖലയിലും പ്രതിസ്ഥാനത്തു നിര്‍ത്തി മുസ്‌ലിംകളെ അപരവത്കരിക്കലായി തീര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് മുസ്‌ലിംകളുടെ അധികാര സാമ്പത്തിക സ്രോതസ്സുകള്‍ തകര്‍ത്ത് അവര്‍ക്കു മേല്‍ ഇരിപ്പുറപ്പിക്കാനാണ് ആഗോള ഭീമന്മാര്‍ ഇസ്‌ലാം വിമര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനുവേണ്ടി ഇസ്‌ലാം, മുസ്‌ലിം എന്നീ രണ്ടു വാക്കുകള്‍ അവര്‍ വിപണനവത്കരിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ആശയതലത്തില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ പോലും മുസ്‌ലിം എന്ന പേരില്‍ നിലയുറപ്പിച്ചു കൊണ്ടാവുന്നു തങ്ങളുടെ വിമര്‍ശനത്തിന് മാര്‍ക്കറ്റ് തേടുന്നത്. കേരളത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് രൂപംകൊണ്ട മാപ്പിള നാസ്തികര്‍ തങ്ങളുടെ സംഘടനയ്ക്ക് നല്‍കിയ പേര് ‘എക്‌സ് മുസ്‌ലിം’ എന്നാകുന്നു. മുമ്പ് അവര്‍ മുസ്‌ലിംകളായിരുന്നു, ഇന്നവര്‍ മുസ്‌ലിംകളല്ല എന്നാണവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിട്ടും അവരുടെ സംഘടനയ്ക്ക് അവര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുകയും വെറുക്കുകയും ചെയ്യുന്ന മുസ്‌ലിം എന്ന പേരുതന്നെ നല്‍കുകയും ചെയ്തു. തങ്ങളുന്നയിക്കുന്ന വസ്തുതാ വിരുദ്ധമായ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് ഇതര യുക്തിവാദികള്‍ക്കിടയില്‍ മാര്‍ക്കറ്റ് ലഭിക്കണമെങ്കില്‍ ഈ പേരിന്റെ കരുത്ത് ഉപയോഗിക്കാം എന്ന കുബുദ്ധിയാണ് അതിനുള്ള പ്രേരകം. മുസ്‌ലിം വിരുദ്ധ ശക്തികളായ സയണിസത്തിന്റെയും ഫാസിസത്തിന്റെയും അതേ തന്ത്രം മാത്രമാണിത്. അതല്ലെങ്കില്‍ ഇസ്‌ലാമിനെ കൈവെടിഞ്ഞവര്‍ മുസ്‌ലിം എന്ന പേര് സ്വീകരിക്കേണ്ടതില്ലല്ലോ.
മലയാളത്തിലെ മാപ്പിള നാസ്തികര്‍ ഇസ്‌ലാമില്‍ നിന്ന് മുസ്‌ലിംകളെ അടര്‍ത്തി മാറ്റുന്നതിനു വേണ്ടി ഖുര്‍ആനിനെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. സൂചികൊണ്ട് പാറപ്പുറത്ത് കുത്തുമ്പോഴുണ്ടാകുന്ന നേട്ടത്തിനു വേണ്ടി ഖുര്‍ആനിനെ പരമാവധി തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. അവരുന്നയിക്കുന്ന പ്രധാനപ്പെട്ട ആരോപണങ്ങളാവുന്നു ഖുര്‍ആനിന് വ്യത്യസ്ത പതിപ്പുകളും ഒട്ടേറെ വ്യാകരണ തെറ്റുകളുമുണ്ടെന്ന കാര്യം.
ഖുര്‍ആനിന്റെ
വ്യത്യസ്ത പതിപ്പുകള്‍

”ലോകത്തെല്ലായിടത്തും ഒറ്റ ഖുര്‍ആനല്ലേ ഉണ്ടാവേണ്ടത്? എന്നാല്‍ സുഊദിയില്‍ ഉപയോഗിക്കുന്ന ഖുര്‍ആനല്ല ലിബിയയിലുള്ളത്. മൊറോക്കോയില്‍ മറ്റൊരു ഖുര്‍ആന്‍. സുഡാനില്‍ വേറൊന്ന്. വിവിധ നാടുകളില്‍ വിവിധ ഖുര്‍ആനുകള്‍. ഇവയിലെല്ലാം വാക്കുകള്‍ക്ക് ഉച്ചാരണഭേദവും ആശയ വ്യത്യാസങ്ങളുമുണ്ട്. ഉപരി ലോകത്തു നന്ന് ജിബ്‌രീല്‍ എന്ന മലക്ക് മുഖേന വളരെ സുരക്ഷിതമായും കൃത്യമായും നബി തിരുമേനിക്ക് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം ഒരു മാറ്റത്തിന് വിധേയമാകാതെ നിലനില്‍ക്കേണ്ടതായിരുന്നില്ലേ? ‘ഈ ഉദ്‌ബോധനത്തെ നാമാണ് അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ (15:9) എന്ന് പടച്ചവന്‍ അവകാശപ്പെടുമ്പോള്‍ വിശേഷിച്ചും. പിന്നെ എന്തുകൊണ്ടാണ് ഖാലൂന്റെ ഖുര്‍ആന്‍, ഹഫ്‌സിന്റെ ഖുര്‍ആന്‍, ദൗരിയുടെ ഖുര്‍ആന്‍, ശുഅ്ബയുടെ ഖുര്‍ആന്‍ എന്നിങ്ങനെ വിവിധ ഖുര്‍ആനുകളുണ്ടായത്?” (ഖുര്‍ആന്‍ ദൈവിക ഗ്രന്ഥം? ദാറുല്‍ ഹിക്മ കാപ്പാട്, പേജ് 5,6)
പൊതുവെ മുസ്‌ലിം സമൂഹത്തിന് അറിവില്ലാത്ത ഒരുകാര്യം ചൂഷണം ചെയ്തു കൊണ്ട് അവരെ ആശയക്കുഴപ്പത്തിലാക്കാനും ഖുര്‍ആനിന്റെ ദൈവിക സംരക്ഷണ വാദം പൊള്ളയാണെന്ന് സമര്‍ഥിക്കാനുമാണ് നാസ്തികര്‍ ശ്രമിക്കുന്നത്. പണ്ഡിതന്മാരല്ലാത്ത മുസ്‌ലിം പൊതുസമൂഹത്തിന് അറിയാത്ത ഒരു കാര്യമാവുന്നു ഖുര്‍ആന്‍ അവതരിച്ചത് അറബി ഭാഷയിലെ ഏഴ് ശൈലികളിലാണെന്നത്. ഖുര്‍ആന്‍ പഠനശാസ്ത്രത്തില്‍ (ഉലൂമുല്‍ ഖുര്‍ആന്‍) സബ്അത്തു അഹ്‌റുഫ് (ഏഴു പാഠദേദങ്ങള്‍) എന്നാണ് ഇത് അറിയപ്പെടുന്നത്.
ഖുര്‍ആന്‍ അവതരണ കാലത്തെ അറബികള്‍ നിരക്ഷരരും വിവിധ ഗോത്രങ്ങളായി കഴിയുന്നവരുമായിരുന്നു. അവരുടെ ഗോത്ര സംസ്‌കാരങ്ങളിലെന്ന പോലെ ഭാഷയിലും വ്യത്യാസമുണ്ടായിരുന്നു. ഒരു ആശയത്തിനു തന്നെ വ്യത്യസ്ത വാക്കുകളാണ് വ്യത്യസ്ത ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്നത്. ഇത് അറബിഭാഷയുടെ ന്യൂനതയല്ല. ലോക ഭാഷകളിലെല്ലാം ഈ സവിശേഷത കാണാന്‍ കഴിയും. തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന പല മലയാള വാക്കുകള്‍ക്കും വടക്കന്‍ കേരളത്തില്‍ എത്തുമ്പോഴേക്കും അര്‍ഥവ്യത്യാസം ഉണ്ടാകുന്നുണ്ട്.
ഖുര്‍ആന്‍ അവതരണ കാലത്തെ അറബി ഗോത്രങ്ങളില്‍ ഏഴ് ഗോത്രങ്ങളായിരുന്നു ഖുറൈശ്, യമന്‍, കിനാന, അസദ്, ഹുദൈല്‍, തമീം, ഖൈസ് ഈലാന്‍ എന്നിവ. ഈ ഏഴ് ഗോത്രങ്ങളുടെ ഭാഷയായിരുന്നു അറബി ഭാഷയായി അറിയപ്പെട്ടിരുന്നത്. വേറെയും ചില ഗോത്രങ്ങള്‍ അറേബ്യന്‍ മണലാരണ്യത്തിലുണ്ടായിരുന്നുവെങ്കിലും അവരും ഏഴ് ഗോത്രങ്ങളുടെ ഭാഷ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഖുര്‍ആന്‍ അവതരിച്ചത് ഈ ഏഴ് ഭാഷാശൈലികളിലാണ്.
പ്രവാചകന്റെ അംഗീകാരം
ജിബ്‌രീല്‍(അ) പ്രവാചകന് ഒരു ഖുര്‍ആന്‍ വചനം ഓതി കേള്‍പ്പിച്ചാല്‍ പ്രവാചകന്‍ തന്നെ അത് വ്യത്യസ്ത സ്വഹാബിമാര്‍ക്ക് വ്യത്യസ്ത പാഠഭേദങ്ങളില്‍ ഓതി കേള്‍പ്പിക്കുമായിരുന്നു. ഉമര്‍ ബിന്‍ ഖത്താബ്(റ) പറഞ്ഞു: പ്രവാചകന്റെ ജീവിതകാലത്ത് ഹിശാമിബ്‌നു ഹക്കീം സൂറത്തുല്‍ ഫുര്‍ഖാന്‍ ഓതുന്നത് ഞാന്‍ കേട്ടു. ഞാനദ്ദേഹത്തിന്റെ പാരായണം ശ്രദ്ധിച്ചു നിന്നു. അപ്പോള്‍ അദ്ദേഹമതാ എനിക്ക് പ്രവാചകന്‍ ഓതിത്തന്നിട്ടില്ലാത്ത ഒട്ടേറെ വ്യത്യാസത്തോടു കൂടി ഓതുന്നു. നമസ്‌കാരത്തില്‍ വച്ച് തന്നെ വഴക്കടിച്ചാലോ എന്ന് എനിക്ക് തോന്നി. എന്നാല്‍ വിരമിക്കുന്നതു വരെ ഞാന്‍ ക്ഷമിച്ചു. സലാം വീട്ടിയ ഉടനെ ഞാനദ്ദേഹത്തിന്റെ തട്ടം ചേര്‍ത്ത് കഴുത്തിന് പിടിച്ചു. ഞാന്‍ ചോദിച്ചു: നീ ഈ പാരായണം ചെയ്ത രൂപത്തില്‍ നിനക്ക് ആരാണ് ഇത് ഓതിത്തന്നത്?
അദ്ദേഹം പറഞ്ഞു: മുഹമ്മദ് നബിയാണ് എനിക്ക് ഓതിത്തന്നത്. ഞാന്‍ പറഞ്ഞു: കള്ളമാണ് നീ പറയുന്നത്. നീ ഓതിയതു പോലെയല്ല പ്രവാചകന്‍(സ) എനിക്ക് ഓതി തന്നത്. ഞാനദ്ദേഹത്തെ പ്രവാചകന്റെ അടുത്തേക്ക് കൊണ്ടുപോയി. ഞാന്‍ പറഞ്ഞു: പ്രവാചകരേ, നിങ്ങള്‍ എനിക്ക് പഠിപ്പിച്ചു തന്നിട്ടില്ലാത്ത ശൈലിയില്‍ സൂറത്തുല്‍ ഫുര്‍ഖാ ന്‍ ഇദ്ദേഹം പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടു. പ്രവാചകന്‍ പറഞ്ഞു: ഉമറേ, അദ്ദേഹത്തെ വിടൂ. ഹിശാമേ താങ്കള്‍ ഓതൂ. അപ്പോള്‍ അദ്ദേഹം ഞാന്‍ കേട്ട അതേ പാരായണം ഓതിക്കേള്‍പ്പിച്ചു. പ്രവാചകന്‍ പറഞ്ഞു: ഇപ്രകാരമാണ് അവതരിപ്പിക്കപ്പെട്ടത്. പിന്നീട് പ്രവാചകന്‍ പറഞ്ഞു: ഉമറേ, താങ്കള്‍ ഓതൂ. എന്നെ പ്രവാചകന്‍ പഠിപ്പിച്ച രീതിയില്‍ ഞാനും ഓതി. അദ്ദേഹം പറഞ്ഞു: ഇപ്രകാരവുമാണ് അവതരിപ്പിക്കപ്പെട്ടത്. തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏഴു പാഠഭേദങ്ങളോടുകൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പമായതനുസരിച്ച് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുവിന്‍. (ബുഖാരി 2257, മുസ്‌ലിം 818)
ഈ ഏഴു ഭാഷാശൈലികളെയാണ് ഖുര്‍ആനിന്റെ ഏഴ് വ്യത്യസ്ത പതിപ്പുകളായി ഇസ്‌ലാം വിമര്‍ശകര്‍ പര്‍വതീകരിക്കാറുള്ളത്. വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ അവര്‍ക്കു തോന്നിയതു പോലെ ഉണ്ടാക്കിയതാണ് ഈ പതിപ്പുകള്‍ എന്നാണ് അവരുടെ ആരോപണം. ഇത്തരം ആരോപണങ്ങള്‍ പുറംലോകത്തു നിന്ന് പകര്‍ത്തിയെടുത്ത് മലയാളക്കരയില്‍ അവതരിപ്പിക്കുകയാണ് മാപ്പിള നാസ്തികര്‍ ചെയ്യുന്നത്. കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ് 1977-ല്‍ പ്രസിദ്ധീകരിച്ച ജോര്‍ജ് ബര്‍ട്ടണ്‍ എഴുതിയ ഠവല രീഹഹലരശേീി ീള ഝൗൃമി എന്ന ഗ്രന്ഥമാണ് അവരുടെ അവലംബം. ബര്‍ട്ടന്റെ കണ്ടെത്തലുകളുടെ യാഥാര്‍ഥ്യം പരിശോധിക്കാന്‍ പോലുമുള്ള യുക്തിബോധം യുക്തിവാദികള്‍ക്ക് നഷ്ടപ്പെട്ടു പോയി. ഖുര്‍ആനിനെ വേട്ടയാടാന്‍ ഒരുങ്ങുന്നവര്‍ ഒരുതരം അന്ധത ബാധിച്ചതു പോലെയാണ് പെരുമാറുന്നത്. അവര്‍ക്കനുകൂലമായ എന്തെങ്കിലും കച്ചിത്തുരുമ്പ് ലഭിച്ചാല്‍ അതില്‍ വലിഞ്ഞു കയറാന്‍ ശ്രമിക്കും. അതിന്റെ ദുര്‍ബലതയെക്കുറിച്ചവര്‍ ആലോചിക്കുക പോലുമില്ല.
എന്നാല്‍ പ്രവാചകന്‍(സ) തന്നെയാണ് ഈ ഏഴ് വ്യത്യസ്തതകള്‍ അംഗീകരിച്ചു കൊണ്ട് അനുയായികളെ പഠിപ്പിച്ചത് എന്ന വസ്തുത ആരോപകര്‍ മനപ്പൂര്‍വം മറച്ചുവെക്കുന്നു. എന്താണ് ഖുര്‍ആന്‍ എന്നു പഠിപ്പിച്ചു തരാന്‍ നിയോഗിക്കപ്പെട്ട ആളുതന്നെ വ്യത്യസ്ത ഭാഷാശൈലിയും അംഗീകരിച്ചിട്ടുണ്ട് എങ്കില്‍ അതും ഖുര്‍ആനിന്റെ ഭാഗം തന്നെയല്ലേ. ”നാമാകുന്നു ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും” എന്ന അല്ലാഹുവിന്റെ പ്രഖ്യാപനത്തിന് വഹ്‌യിലൂടെത്തന്നെ അംഗീകാരം നല്‍കിയത് എങ്ങനെയാണ് വിരുദ്ധമാവുക? ഉദാഹരണമായി ഇന്ത്യയില്‍ വ്യത്യസ്ത നിറത്തിലും നീളത്തിലുമുള്ള നൂറ് രൂപ നോട്ടുകള്‍ നിലവിലുണ്ട്. അതിലെ യഥാര്‍ഥ നോട്ടും വ്യാജ നോട്ടും നാം തിരിച്ചറിയുന്നത് എങ്ങനെയാണ്? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പുവച്ച നോട്ടാണെങ്കില്‍ അത് വ്യാജനാണെന്ന് ആരും പറയുകയില്ല. കാരണം ഏതൊക്കെയാണ് ഇന്ത്യ രാജ്യത്തെ കറന്‍സികളെന്നു തീരുമാനിക്കാനുള്ള അധികാരം ആര്‍ ബി ഐ ഗവര്‍ണര്‍ക്കാവുന്നു. അദ്ദേഹം അംഗീകരിച്ച ഒരു നോട്ടെടുത്ത് ഇത് കള്ളനോട്ടാണെന്ന് ഒരാള്‍ വാദിക്കുന്നത് എത്രമാത്രം ദുര്‍ബലമാണോ അതിനേക്കാള്‍ ബാലിശമാകുന്നു ഖുര്‍ആനിനെ കുറിച്ചുള്ള നാസ്തികരുടെ ആരോപണം.
പിന്നെ എന്തുകൊണ്ടാണ് ഖാലൂന്റെ ഖുര്‍ആന്‍, ഹഫ്‌സിന്റെ ഖുര്‍ആന്‍, ദൗരിയുടെ ഖുര്‍ആന്‍, ശുഅ്ബയുടെ ഖുര്‍ആന്‍ എന്നിങ്ങനെ വിവിധ ഖുര്‍ആനുകളുണ്ടായത് എന്നവര്‍ ആവര്‍ത്തിച്ചു ചോദിക്കാറുണ്ട്. ഖുര്‍ആനിന്റെ കാര്യത്തില്‍ ഈ മഹാരഥന്മാര്‍ നിര്‍വഹിച്ച ദൗത്യം എന്താണെന്ന് മനസ്സിലാക്കിയാല്‍ ഈ ആരോപണ ചോദ്യത്തിന്റെയും മുനയൊടിയും. പ്രവാചകന്‍ അംഗീകരിച്ച ഏഴു പാഠഭേദങ്ങള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പാരായണം വിശ്വാസയോഗ്യമായ നിവേദകപരമ്പരയിലൂടെ ഉദ്ധരിച്ച നിവേദകന്മാരാണ് ഖാലൂന്‍, ഹഫ്‌സ്, ദൗരി, ശുഅ്ബ, ഖുന്‍ബുല്‍, വര്‍ഷ്, സൂസി, ഹിഷാം തുടങ്ങിയ ഖുര്‍ആന്‍ പാരായണക്കാര്‍. ഇവര്‍ പ്രവാചകന്റെ ഖുര്‍ആന്‍ പാരായണം നിവേദനം ചെയ്ത തങ്ങളുടെ ഗുരുവര്യന്മാരുടെ പാരായണ നിയമങ്ങള്‍ അടങ്ങിയ പാരായണം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെയ്തത്. അല്ലാതെ അവര്‍ സ്വന്തമായി പ്രവാചകന്‍ പഠിപ്പിക്കാത്ത ഖുര്‍ആന്‍ വചനങ്ങള്‍ ഉണ്ടാക്കുകയോ മാറ്റത്തിരുത്തലുകള്‍ വരുത്തുകയോ ചെയ്തിട്ടില്ല.
മുന്‍കാലങ്ങളില്‍ ഖുര്‍ആന്‍ വേട്ടക്കൊരുമ്പെട്ടവര്‍ക്കൊന്നും യഥാര്‍ഥത്തില്‍ ഖുര്‍ആനിനെ വിമര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. അസത്യങ്ങള്‍ നിരത്തി തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചിട്ടുള്ളൂ. മാപ്പിള നാസ്തികര്‍ക്കും ഇതിലപ്പുറം ഖുര്‍ആനിനെ സത്യസന്ധമായി വിമര്‍ശിക്കാന്‍ കഴിയുകയില്ല. തീര്‍ച്ച.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x