മനുഷ്യന് ഇടമില്ലാത്ത പാതയോരങ്ങള്‍
റഊഫ് തലപ്പാറ
അടുത്തിടെയായി കാല്‍നടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തകളാണ് പത്രമാധ്യമങ്ങള്‍ മുഴുക്കെയും. പണാപഹരണവും കൊലപാതകങ്ങളുമൊക്കെ പിന്നിട്ട്, ഇപ്പോള്‍ തെരുവു നായ ആക്രമണത്തിലെത്തി നില്‍ ക്കുന്നു അത്. അങ്ങാടികള്‍ ഇപ്പോ ള്‍ തെരുവുനായ്ക്കളുടെ അധീനതയിലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്ക് റോഡിലിറങ്ങി നടക്കാ ന്‍ പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നിട്ടുണ്ട്.
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി തെരുവുനായ പ്രശ്‌നം മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ പരിഹാരം കാണേണ്ടതുണ്ട്. നായകള്‍ പെരുകുന്നതിന് ഒരു പ്രധാന കാരണം നായകള്‍ക്ക് ഭക്ഷണമായിത്തീരുന്ന മാലിന്യത്തിന്റെ ലഭ്യത വര്‍ധിക്കുന്നതാണ്. ഭക്ഷ്യ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളി ല്‍ കുമിഞ്ഞുകൂടാതിരിക്കാനുള്ള ജാഗ്രത നാം കാണിക്കേണ്ടതുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന് കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ സംസ്ഥാനത്ത് നിലവില്‍ വരേണ്ടത് അനിവാര്യമാണ്.
നായയുടെ കടിയേറ്റ് മരണപ്പെട്ട അനുഭവങ്ങള്‍ ഇത്തവണ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പേവിഷബാധയേറ്റാണ് മരിക്കുന്നത്. തെരുവുനായകളുടെ ക്രമാതീതമായ വര്‍ധനവിനപ്പുറം റാബിസ് വാക്‌സിന്റെ ഉപയോഗത്തിലുള്ള കൃത്യതയില്ലായ്മയാണ് മരണത്തിലേക്ക് സംഗതിയെ കൊണ്ടെത്തിച്ചിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
40% മുതല്‍ 70% വരെ പട്ടികള്‍ക്ക്, റാബീസിനെതിരെയുള്ള വാക്‌സിനുകള്‍ കൃത്യമായി നല്‍കാന്‍ സാധിച്ചാല്‍, അവയ്ക്കിടയില്‍ സജീവമായി നടക്കുന്ന വൈറസ് കൈമാറ്റത്തിന് തടയിടാനും, അതുവഴി മനുഷ്യനിലേക്ക് പേവിഷബാധ ഉണ്ടാവാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കാനും സാധിക്കും. സാങ്കേതികവും പ്രായോഗികവുമായ പലതരം തടസ്സങ്ങള്‍ കൊണ്ട് സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും തെരുവുനായ്ക്കളുടെ വന്ധ്യംകരണം മുടങ്ങിക്കിടക്കുകയാണ്. വന്ധ്യംകരണത്തോടൊപ്പം പട്ടികള്‍ക്ക് വാര്‍ഷിക വാക്‌സിനുകള്‍ കൂടി ഉറപ്പുവരുത്തുന്ന സമഗ്രസമീപനം, പേവിഷബാധ നിര്‍മാര്‍ജനത്തിന് ആവശ്യമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 18 പേവിഷബാധ മരണങ്ങളില്‍ 14 പേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല.
കടിക്കുമ്പോള്‍ ഉമിനീരിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന റാബീസ് വൈറസ്, നാഡികള്‍ വഴി തലച്ചോറില്‍ എത്തുന്നു. ഇടയ്ക്കിടെ കാല്‍പ്പാദങ്ങള്‍ നക്കിത്തുടച്ചു വൃത്തിയാക്കുന്ന ശീലമുള്ള മൃഗങ്ങള്‍ മാന്തിയാലും, നഖങ്ങളിലെ ഉമിനീരിലുള്ള വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കാം. തുടര്‍ന്ന് തലച്ചോറില്‍ ഉണ്ടാക്കുന്ന എന്‍സെഫലൈറ്റിസ് അഥവാ മസ്തിഷ്‌കവീക്കം പല വിധ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും തുടക്കം തലവേദനയോട് കൂടിയ ഒരു പനിയില്‍ നിന്നാണ്. ചിലര്‍ക്ക് കടിയേറ്റ ഭാഗത്ത് തരിപ്പോ ചൊറിച്ചിലോ അനുഭവപ്പെടാം. എന്നാല്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ, പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങള്‍, ഉറക്കമില്ലായ്മ, വിഭ്രാന്തി എന്നിവ പ്രകടിപ്പിക്കുന്നു. വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും വെള്ളം കാണുമ്പോഴുള്ള പേടിയായാണ് രോഗി പ്രകടിപ്പിക്കുക. അന്ത്യം പലപ്പോഴും ദാരുണമാണ്.
അവശേഷിക്കുന്ന ഒരു പ്രശ്നം, തെരുവുനായകള്‍ മൂലമുള്ള റാബീസിന്റെയും നായകളില്‍ നിന്നേല്‍ക്കുന്ന കടിയുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളിലെ കണക്ക് നോക്കിയാല്‍, കടിയേല്‍ക്കുന്നവരുടെ എണ്ണം രണ്ടും മൂന്നും ഇരട്ടിയായി കൂടിയിട്ടുണ്ട്. ഇതോടൊപ്പം, നായകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. എണ്ണം വര്‍ധിച്ചാല്‍ സ്വാഭാവികമായും കടിക്കുന്ന നായകളുടെ എണ്ണവും വര്‍ധിക്കും. ഇതാണ് സംഭവിക്കുന്നത്. തെരുവുനായകളുടെ എണ്ണത്തില്‍ ക്രമാതീതമായി ഉണ്ടായിട്ടുള്ള വര്‍ധനവിനെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും എന്നത് സുപ്രധാന ചോദ്യമാണ്. ആ ചോദ്യത്തെ അഭിമുഖീകരിക്കാതെ വാക്സിനെ ചുറ്റിപ്പറ്റി മാത്രം വര്‍ത്തമാനം പറഞ്ഞതുകൊണ്ട് കാര്യമില്ല.