12 Friday
April 2024
2024 April 12
1445 Chawwâl 3

മനുഷ്യന്റെ കാമഭ്രാന്തിനു പരിഹാരമുണ്ടോ?

ഇബ്‌റാഹീം ശംനാട്‌


ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ വിധി പ്രസ്താവിക്കവെ, നമ്മുടെ പരമോന്നത നീതിപീഠം ഉയര്‍ത്തിയ സുപ്രധാനമായ ചോദ്യമാണ് ‘മനുഷ്യന്റെ കാമഭ്രാന്തിന് പരിഹാരമുണ്ടോ’ എന്നത്. ഇന്ത്യയില്‍ ഓരോ 17 മിനിറ്റിലും അതിക്രൂരമായ ലൈംഗിക പീഡനം നടക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഓഫ് ഇന്ത്യയുടെ 2022ലെ റിപോര്‍ട്ട് പറയുന്നു. നമ്മുടെ പത്രമാധ്യമങ്ങള്‍ എടുത്തുനോക്കിയാല്‍ വ്യക്തമാവുന്ന അതേ കാര്യം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയും ഊന്നിപ്പറഞ്ഞു എന്നു മാത്രം.
രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമത്തിന്റെ ബീഭല്‍സത കണ്ട് രോഷാകുലനായ ന്യായാധിപന്റെ ചോദ്യമാണിതെങ്കിലും, ഈ കാമഭ്രാന്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിശകലനം ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കേണ്ടത് ഏവരുടെയും ബാധ്യതയാണ്. ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ നമുക്ക് തീര്‍ത്തും അന്യവും അപരിഷ്‌കൃതവുമായ ഈ കൃത്യം സമൂഹത്തില്‍ ഇത്ര വ്യാപകമായതെങ്ങനെ എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ കാരണം ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന വിഭാഗത്തെ മറ്റു പലതരം പീഡനങ്ങള്‍ക്കിരയാക്കുന്നതുപോലെ, അവരെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും അതിനു ശേഷം വധിച്ചുകളയുകയും ചെയ്യുന്ന സംഭവം സംഘ്പരിവാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വര്‍ധിച്ചിരിക്കുകയാണ്. അന്യജാതിയില്‍ പെട്ടവര്‍ പ്രണേതാക്കളായാലും സ്ഥിതി ഇതുതന്നെ. ഉത്തരേന്ത്യയില്‍ ഇത് പതിവുകാഴ്ചകളായി മാറിയിരിക്കുന്നു.
പ്രായ-ലിംഗഭേദമെന്യേ എല്ലാവരെയും കെണിയില്‍ അകപ്പെടുത്തുന്ന ചതിക്കുഴിയാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍. അശ്ലീലതയുടെ എന്തെല്ലാം കാഴ്ചകളാണ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസരണം ചെയ്യുന്നത്! സിനിമയുടെ സ്വാധീനവും ഇതില്‍ എടുത്തുപറയേണ്ട കാര്യം തന്നെയാണ്. മദ്യപാനവും ഈ പ്രവണതയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്.
സമൂഹത്തില്‍ ഉന്നതപദവിയിലുള്ളവരുടെ വഴിവിട്ട ലൈംഗികബന്ധങ്ങള്‍, യുവജനതയെ സംബന്ധിച്ചേടത്തോളം ലൈംഗിക ആഭാസത്തിനുള്ള മറ്റൊരു പ്രേരണയാണ്. ഇതിനു കൂട്ടുപിടിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം അഴിഞ്ഞാടുകയും അതിന്റെ ഫോട്ടോകള്‍ പ്രചരിക്കുകയും ചെയ്യുമ്പോള്‍ അപകടത്തിലാവുന്നത് സ്ത്രീകള്‍ തന്നെ.
പ്രത്യാഘാതങ്ങള്‍
ലൈംഗിക അതിക്രമങ്ങളുടെ പ്രത്യാഘാതങ്ങള്‍ നാം ദിനേന കാണുന്ന കാര്യമാണ്. പരശ്ശതം ഇരകളുടെ ജീവിതത്തിലേക്ക് കണ്ണോടിച്ചാല്‍ അക്കാര്യം ബോധ്യമാവുന്നതേയുള്ളൂ. ജാരസന്താനങ്ങളുടെ ജനനം, ഗര്‍ഭഛിദ്രം, കുടുംബ ശിഥിലീകരണം, ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹിക അരാജകത്വം തുടങ്ങിയവ മനുഷ്യന്റെ കാമഭ്രാന്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍ ചിലത് മാത്രം. സര്‍വോപരി, അത്തരക്കാരുടെ ജീവിതം തന്നെ ഹോമിക്കപ്പെടുന്നു. പിന്നീട് ഇവര്‍ ക്രിമിനലുകളായി ജീവിക്കേണ്ടിവരുന്ന അവസ്ഥ എത്ര ദാരുണമാണ്!
പ്രണയപ്പക മൂലമുണ്ടാവുന്ന കൊലപാതകങ്ങളും ആത്മഹത്യകളും ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കളംമാറിച്ചവിട്ടല്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് പുതുമയില്ലാത്ത കാര്യമാണ്. പ്രണയം നിരസിച്ചതിന്റെ പേരില്‍ സ്വയം ജീവനൊടുക്കുന്ന അവസ്ഥ, തട്ടിക്കൊണ്ടുപോകല്‍- ഇതൊക്കെ പതിവു കാഴ്ചകള്‍. അവസാനം പലരും ചേര്‍ന്ന് കൂട്ട ലൈംഗികാതിക്രമങ്ങള്‍ക്കിരയാക്കി, ചവച്ചരച്ച് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുന്നു. എന്നാലും ആരും ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് ദാരുണ സത്യം.
പരിഹാര മാര്‍ഗങ്ങള്‍
യുവത്വത്തിലേക്ക് കടക്കുന്നതോടെ വിവാഹത്തില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം കുടുംബാംഗങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ന് യുവതീയുവാക്കളില്‍ കുടുംബജീവിതത്തോടുള്ള വിരക്തി പ്രകടമാണ്. കുടുംബജീവിതം ഒരുതരം തടവറ പോലെയാണോ എന്ന് അവര്‍ സംശയിക്കുന്നു. അവഹേളനവും പ്രാരബ്ധങ്ങളുമാണ് അതിന്റെ ബാക്കിപത്രമെന്ന് അവര്‍ കരുതുന്നു. ഈ തെറ്റിദ്ധാരണ നീക്കി, പരസ്പരം താങ്ങും തണലുമാവുന്നതിന്റെ രംഗവേദിയാണ് കുടുംബമെന്ന് മുതിര്‍ന്നവര്‍ ജീവിതമാതൃകകളിലൂടെ കാണിച്ചുകൊടുത്തേ പറ്റൂ.
ഉദാരവത്കരണത്തിന്റെയും ലിബറല്‍ ചിന്താഗതികളുടെയും ഫലമായി ലിംഗസമത്വം, ഉദാര ലൈംഗികത തുടങ്ങിയ വീക്ഷണങ്ങള്‍ കാമ്പസുകളില്‍ തഴച്ചുവളരുകയാണ്. ഒരു നോട്ടം, ഒരു സംസാരം, ഒരു സ്പര്‍ശനം തുടങ്ങിയവയിലൂടെ വികസിക്കുന്ന ബന്ധമാണ് പ്രണയം. ആ പ്രണയമാണ് പിന്നീട് ലൈംഗികാഭാസങ്ങളിലേക്ക് എത്തിക്കുന്നത്. അപ്പോള്‍ പെണ്‍കുട്ടികളുമായി കൂടിക്കലര്‍ന്നിരിക്കുന്നതിന് പ്രേരണ നല്‍കുന്നവര്‍ ഉന്നംവെക്കുന്നത് ലൈംഗിക അരാജകത്വമാണ്.
ലൈംഗികാഭാസങ്ങള്‍ക്ക് തടയിടാനുള്ള വഴി കടുത്ത ശിക്ഷാനിയമം തന്നെയാണ്. അഴകൊഴമ്പന്‍ നിയമവും അതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ടെങ്കില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കും. വിദ്യാഭ്യാസ കരിക്കുലത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുകയും അതിന്റെ അതിര്‍വരമ്പുകള്‍ യുവതലമുറയെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീകളുടെയും മീഡിയകളുടെയും സ്വയം നിയന്ത്രണവും പ്രധാനം തന്നെയാണ്. മഴ വരുമ്പോള്‍ മഴക്കോട്ട് ധരിക്കുന്നതുപോലെ, സൗന്ദര്യം വെളിപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് ആക്കം വര്‍ധിക്കും.
പരലോകബോധത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുകയാണ് കാമഭ്രാന്തിനുള്ള മറ്റൊരു പരിഹാരം. ലൈംഗികതയും മൂല്യങ്ങളും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മൂല്യങ്ങളെ നിരാകരിക്കുന്നത് പരലോകത്ത് കടുത്ത ശിക്ഷക്ക് വിധേയമാവേണ്ടിവരുമെന്ന ബോധമാണത്. മനുഷ്യ മനസ്സുകളെ മാറ്റാനുള്ള ഏറ്റവും നല്ല വഴി ബോധവത്കരണം തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x