19 Wednesday
June 2024
2024 June 19
1445 Dhoul-Hijja 12

മനുഷ്യ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഖുര്‍ആന്‍

ശംസുദ്ദീന്‍ പാലക്കോട്‌


വേദവെളിച്ചം ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും പ്രസരിക്കുന്നതിന്റെ പ്രസക്തി വര്‍ധിച്ച കാലഘട്ടമാണിത്. മനുഷ്യന്‍ കേവല ജൈവിക ചോദനകളിലേക്ക് വഴിതെറ്റിപ്പോകുന്ന അവസ്ഥ അഭ്യസ്തവിദ്യരില്‍ വരെ കണ്ടുവരുന്നു. വംശീയതയും വര്‍ഗീയതയും സമൂഹത്തില്‍ പടരുന്ന ദുര്‍ലക്ഷണങ്ങളും കണ്ടുവരുന്നു. അഴിമതിയും സ്വജനപക്ഷപാതവും കടുത്ത സ്വാര്‍ഥതയുടെയും ആര്‍ത്തിയുടെയും പ്രത്യുല്‍പന്നമാകുന്നു. കുടുംബം എന്ന യാഥാര്‍ഥ്യത്തെ നിരാകരിക്കുകയോ സങ്കുചിതമായ ഒരര്‍ഥതലത്തിലേക്ക് ചുരുക്കിക്കൊണ്ടുവരികയോ ചെയ്യുന്നു.
ഇതെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇരുട്ടാണ്. ഇരുട്ടു പരക്കുന്നതിനെ നിസ്സാരമായി കാണരുത്. നാനാജാതി ഇരുട്ടില്‍ നിന്ന് വേദപ്രോക്തമായ ദിവ്യവെളിച്ചം സമൂഹത്തില്‍ പ്രസരിക്കേണ്ടത് കാലഘട്ടത്തിന്റെ താല്‍പര്യമാണ്. അല്ലാഹു പ്രവാചകനെ നിയോഗിച്ചതും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചതും എല്ലാ വിഭാഗം ജനതയ്ക്കും ശരിയായ വെളിച്ചം കാണിച്ചുകൊടുക്കാന്‍ വേണ്ടിയാകുന്നു.
”മാനവരാശിയെ അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി താങ്കള്‍ക്ക് നാം അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനുമായിട്ടുള്ള അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്” (വി.ഖു. 14:1). മുഹമ്മദ് നബി(സ)യെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ ദിവ്യവചനം, മാനവരാശിക്ക് ആകമാനമുള്ളതാണ് വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ പകര്‍ന്നുതരുന്ന ദിവ്യവെളിച്ചം എന്ന കാര്യം അടിവരയിടുന്നു.
മാനവികത എന്ന
കേന്ദ്രബിന്ദു

മാനവികത എന്ന കേന്ദ്രബിന്ദുവില്‍ നിന്നുകൊണ്ടാണ് ഖുര്‍ആന്‍ വെളിച്ചത്തെ വിശദീകരിക്കുന്നത്. ”മനുഷ്യരേ, നിങ്ങളെ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വ്യത്യസ്ത സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഹുജുറാത്ത് 13).
സംഘവലുപ്പമോ ഗോത്രമഹിമയോ ഒന്നും മനുഷ്യര്‍ വേര്‍തിരിക്കപ്പെടാന്‍ കാരണമായിക്കൂടാ എന്നും, മനുഷ്യന്‍ എന്ന അര്‍ഥത്തിലുള്ള മാനവികത കാത്തുസൂക്ഷിക്കാന്‍ എല്ലാ വിഭാഗം മനുഷ്യരും എല്ലാ കാലത്തും ശ്രദ്ധിക്കണമെന്നുമാണ് ഈ സൂക്തത്തിന്റെ ഉള്‍സാരം. വ്യക്തികളുടെ നന്മയും മേന്മയും നിലകൊള്ളുന്നത് അവര്‍ ഏതു കുലത്തിലും വര്‍ഗത്തിലും ജനിച്ചു എന്നതിനെ ആശ്രയിച്ചല്ല. മറിച്ച് വ്യക്തികള്‍ ചെയ്യുന്ന ധര്‍മാധിഷ്ഠിതമായ നല്ല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്.
”ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ ഒരു മനുഷ്യ ജീവനെ കൊന്നുകളഞ്ഞ കൊലയാളി എന്ന നിലയ്‌ക്കോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മുഴുവന്‍ മനുഷ്യരെയും കൊലപ്പെടുത്തിയതിനു തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ ജീവന്‍ മുഴുവന്‍ രക്ഷിച്ചതിനു തുല്യമാകുന്നു” (അല്‍മാഇദ: 32).
ബനൂഇസ്‌റാഈല്‍ വംശത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ കൊലയാളി ആരെന്ന് വ്യക്തത വരുത്താന്‍ കഴിയാതെ പ്രയാസപ്പെട്ടപ്പോള്‍ അത്ഭുതകരമായ ഒരു പ്രതിഭാസത്തിലൂടെ മൂസാ നബി(അ) അത് തെളിയിച്ച ഒരു പശ്ചാത്തലം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇന്നു പല നാഗരിക സമൂഹങ്ങളിലും കുറ്റത്തിന്റെ ശിക്ഷയും അളവും ഗൗരവവും നിര്‍ണയിക്കുന്നത് കുറ്റം ചെയ്ത വ്യക്തിയുടെ വര്‍ഗവും വര്‍ണവും നോക്കിയിട്ടാണെന്ന കാര്യം നിരീക്ഷിക്കുമ്പോഴാണ് മേല്‍ സൂക്തത്തില്‍ അന്തര്‍ലീനമായ മാനവികതയുടെ വേദവെളിച്ചം പ്രകാശിതമാവുക.
സ്ത്രീ-പുരുഷ സമത്വം
സ്ത്രീയും പുരുഷനും എന്ന സമവായത്തില്‍ നിന്നാണ് മാനവരാശിയുടെ ഉല്‍പത്തിയും വികാസവും. സ്ത്രീയും പുരുഷനും വ്യത്യസ്ത വ്യക്തിത്വങ്ങളാണെങ്കിലും മനുഷ്യവംശത്തെ നിലനിര്‍ത്തുന്നതില്‍ ഇരുവര്‍ക്കും തുല്യപങ്കാളിത്തമാണ്. സ്ത്രീയില്ലാതെ പുരുഷനില്ല. പുരുഷനില്ലാതെ സ്ത്രീയുമില്ല. ഇരുവരും ചേര്‍ന്ന് ഇണചേര്‍ന്നാണ് പ്രത്യുല്‍പാദനം നടക്കേണ്ടത്. അഥവാ മനുഷ്യവംശത്തിന്റെ നിലനില്‍പിന്നാധാരം സ്ത്രീയുടെയും പുരുഷന്റെയും തുല്യ പങ്കാളിത്തമാണ്.
”മനുഷ്യരേ, ഒരേ അസ്തിത്വത്തില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വിന്യസിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. നിങ്ങള്‍ അന്യോന്യം സംവാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധത്തെയും നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു” (നിസാഅ് 1).
ആഹ്വാനം
മാനവരാശിയോട്

സ്ത്രീയുടെയും പുരുഷന്റെയും അവരിരുവരിലൂടെയും വികസിച്ചുവന്ന മാനവരാശിയെയും സൂചിപ്പിക്കുമ്പോള്‍ ഖുര്‍ആന്റെ ആഹ്വാനങ്ങളെല്ലാം വിശ്വാസികളോട് മാത്രമല്ല മാനവരാശിയോട് മൊത്തത്തിലാണെന്നു കാണാം. ‘മനുഷ്യരേ’ എന്ന് അഭിസംബോധന ചെയ്തിട്ടുള്ള സൂക്തങ്ങള്‍ (49:13, 4:1) ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യന്‍ എന്ന പരികല്‍പനയില്‍ മത-വര്‍ഗ-ദേശ-ഭാഷാ ഭേദങ്ങള്‍ ഇസ്‌ലാം പരിഗണിക്കുന്നില്ല എന്നാണിതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. മാത്രമല്ല, വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യന്‍ എന്ന പേരില്‍ തന്നെ ഒരധ്യായമുണ്ട്. മാനവരാശിക്ക് മൊത്തം ബാധകമായ ഒരു കാര്യമാണ് ഓരോ മനുഷ്യന്റെയും മുന്നില്‍ ഒരു ചിന്താ ചോദ്യമായി ഈ അധ്യായത്തിന്റെ ആദ്യ വചനം.

”പറയപ്പെടാവുന്ന ഒന്നുമല്ലാതിരുന്ന ഒരു കാലഘട്ടം ഓരോ മനുഷ്യന്റെ കാര്യത്തിലും കഴിഞ്ഞുപോയിട്ടില്ലേ? തീര്‍ച്ചയായും മനുഷ്യനെ നാം ഒരു സങ്കലിത ബീജത്തില്‍ നിന്നു സൃഷ്ടിച്ചു, അവനെ പരീക്ഷിക്കുന്നതിനായിട്ട്. അങ്ങനെ അവന് നാം ശരിയായ ജീവിതപാതയും കാണിച്ചുകൊടുത്തു. എന്നിട്ട് അവന്‍ നന്ദിയുള്ളവനോ നന്ദികെട്ടവനോ ആയിട്ട് രണ്ടാലൊരവസ്ഥയില്‍ ജീവിക്കുന്നു” (ഇന്‍സാന്‍ 1-3).
ഈ സൂക്തങ്ങളില്‍ മൂന്നു കാര്യങ്ങളാണ് പറയുന്നത്. ഒന്ന്: ഇന്ന് പലവിധ പദവികളിലും പേരുകളിലും വംശങ്ങളിലും അറിയപ്പെടുന്ന മനുഷ്യരെല്ലാം ഒരു കാലത്ത് ഒന്നുമല്ലാത്ത അവസ്ഥയില്‍ അതിനിസ്സാരമായ ഒരു ബീജകണം മാത്രമായിരുന്നു. രണ്ട്: മനുഷ്യന് ഇന്നു കാണുന്ന ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങളും യഥാസ്ഥാനത്ത് ഡിസൈന്‍ ചെയ്തത് അല്ലാഹുവാണ്. കണ്ണും കാതും കരളും കിഡ്‌നിയും അല്ലാഹു സ്ഥാപിച്ച സ്ഥലത്തല്ല വേണ്ടതെന്ന് സ്ഥാപിക്കാന്‍ ഇന്നേവരെ ഒരു ഭൗതികവാദിക്കും സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. മൂന്ന്: മനുഷ്യരുടെ മുന്നില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഏകദൈവത്വം അംഗീകരിച്ച് ജീവിക്കുക. അല്ലെങ്കില്‍ ദൈവധിക്കാരം കാട്ടി നന്ദികെട്ടവനായി ജീവിക്കുക. താന്തോന്നിത്ത ജീവിതത്തിന് പക്ഷേ ഈ ലോകത്തും പരലോകത്തും ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും.
കുടുംബത്തിന്റെ
പ്രസക്തി

മാനവികതയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം വ്യവസ്ഥാപിതമായ കുടുംബ സംവിധാനമാണ്. സ്ത്രീ-പുരുഷ ദ്വന്ദ്വങ്ങള്‍ കേവലമായ ജൈവഘടന മാത്രം പരിഗണിച്ച് പ്രത്യുല്‍പാദനം നടത്തുക എന്നതുമല്ല ഇസ്‌ലാമിന്റെ വിഭാവന. ആണും പെണ്ണും ആദര്‍ശബോധത്തോടെ വിവാഹിതരാവുകയും പരസ്പര ബഹുമാനത്തോടെ ഇണജീവിതം നയിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കുടുംബഘടന. വലിയ ഒരു കുടുംബഘടനയിലെ അംഗങ്ങള്‍ വേറെ കുടുംബഘടനയിലെ അംഗങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട് പുതിയ ഒരു കുടുംബം രൂപപ്പെടുന്നു. ഇവരിലൂടെ ഉണ്ടാകുന്ന മക്കള്‍ക്ക് കൃത്യമായ ഒരു മേല്‍വിലാസവുമുണ്ടാകും. ഇത് സാമൂഹിക ജീവിതത്തില്‍ വ്യക്തികളെ മേല്‍വിലാസമുള്ളവരായി അടയാളപ്പെടുത്തുന്നു. അതാണ് വിവാഹത്തിലൂടെ സംഭവിക്കുന്ന മനോഹരമായ സല്‍ഫലം.
കുടുംബവൃത്തം
വലുതാണ്

വിശുദ്ധ ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന കുടുംബം എന്ന വിഭാവന ഞാനും എന്റെ ഇണയും മക്കളും എന്ന ചെറിയ വൃത്തത്തില്‍ ഒതുങ്ങുന്നതല്ല. അതിന് ഇസ്‌ലാമിലെ കുടുംബഘടനയ്ക്ക് താഴേക്ക് വേരുകളും മുകളിലേക്ക് ശിഖരങ്ങളും പാര്‍ശ്വങ്ങളില്‍ ശാഖകളുമുണ്ട്. താഴേക്ക് നീണ്ടു നില്‍ക്കുന്ന വേരുകളാണ് മാതാപിതാക്കള്‍. മുകളിലേക്ക് വളരുന്ന ശിഖരങ്ങളാണ് മക്കള്‍. പാര്‍ശ്വങ്ങളിലേക്ക് വളരുന്ന ശാഖകളാകുന്നു ഇണയും സഹോദരങ്ങളും. ഖുര്‍ആന്‍ 4:7-11 സൂക്തങ്ങളില്‍ വിവരിച്ച അനന്തരാവകാശ പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം വേഗം ബോധ്യപ്പെടും.
അനന്തരാവകാശ
പട്ടികയിലെ മാനവികത

ഖുര്‍ആന്റെ വിഭാവന പ്രകാരം ഭാര്യയുടെ സ്വത്ത് മുഴുവന്‍ ഭര്‍ത്താവിനോ ഭര്‍ത്താവിന്റെ സ്വത്ത് മുഴുവന്‍ ഭാര്യക്കോ ഉള്ളതല്ല. മാതാപിതാക്കളുടെ സ്വത്ത് മുഴുവന്‍ മക്കള്‍ക്കോ മക്കളുടെ സ്വത്ത് മുഴുവന്‍ മാതാപിതാക്കള്‍ക്കോ ലഭിക്കുകയില്ല. അനന്തരാവകാശ പട്ടികയില്‍ കുടുംബത്തിന്റെ ശിഖരങ്ങളെയും വേരുകളെയും ശാഖകളെയും ഇസ്‌ലാം പരിഗണിച്ചിരിക്കുന്നു. സ്വാര്‍ഥരഹിതമായ മാനവിക സമീപനമാണ് ഇതില്‍ സഹൃദയര്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. പട്ടികയിലെ ലിസ്റ്റില്‍ പെടാത്ത അനാഥരും അഗതികളുമുണ്ടെങ്കില്‍ അവരെയും പരിഗണിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞ കാര്യവും ശ്രദ്ധേയം. (വിശദ ബോധ്യത്തിന് വിശുദ്ധ ഖുര്‍ആന്‍ 2:180, 4:8-10 കാണുക).
കുടുംബം എന്ന മഹിതസങ്കല്‍പത്തെ ഞാനും എന്റെ കെട്ട്യോളും കുട്ടികളും എന്ന ചെറിയ വൃത്തത്തില്‍ ചുരുട്ടിക്കൂട്ടി മനസ്സിലാക്കിയവര്‍ക്ക് ഇപ്പറഞ്ഞ ഖുര്‍ആനിക മാനവികത വേഗത്തില്‍ തിരിഞ്ഞുകൊള്ളണമെന്നില്ല. കാരണം അക്കൂട്ടര്‍ തന്റെ കാലശേഷം തന്റെ സ്വത്തില്‍ തന്റെ മക്കളോടൊപ്പം സ്വത്തില്‍ ദൈവം നിശ്ചയിച്ച വിഹിതം വാങ്ങാന്‍ തന്റെ ഉപ്പയും സഹോദരങ്ങളും വരുമല്ലോ എന്നോര്‍ത്ത് ആധി പിടിച്ചിരിക്കുകയാണല്ലോ!
പാവങ്ങളുടെ മതം
നോക്കരുത്

ഫഖീര്‍, മിസ്‌കീന്‍ എന്ന പദപ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ ധാരാളം കാണാം. സകാത്തിന്റെ എട്ട് അവകാശികളെപ്പറ്റി പറയുന്നേടത്തും (തൗബ: 60) മറ്റു സാമൂഹിക സേവനക്കാര്യം പരാമര്‍ശിക്കുന്നേടത്തും ഈ രണ്ട് പദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പാവങ്ങള്‍ എന്ന് പൊതുവെ ഈ രണ്ടു വിഭാഗത്തെ മലയാളത്തില്‍ വ്യവഹരിക്കാം. ഫഖീറിനെ പരമ ദരിദ്രര്‍ എന്നും മിസ്‌കീന്‍ എന്നതിനെ ദരിദ്രന്‍, സാധു എന്നൊക്കെ വിശദീകരിക്കുകയുമാകാം.
വിശുദ്ധ ഖുര്‍ആന്‍ ഫഖീര്‍, മിസ്‌കീന്‍ എന്നൊക്കെ പറയുകയും അവരെ ധനസ്ഥിതിയുള്ളവര്‍ സഹായിക്കണമെന്ന് പറയുകയും ചെയ്യുമ്പോള്‍ ‘മുസ്‌ലിമായ പാവങ്ങള്‍’ എന്ന അര്‍ഥധ്വനി പോലും അതിന് കല്‍പിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ”അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ സുഭിക്ഷ ഭക്ഷണം കഴിക്കുന്നവന്‍ മുസ്‌ലിമല്ല” എന്ന നബിവചനത്തെ ചേര്‍ത്തുവെച്ചു വേണം ഖുര്‍ആന്‍ പറഞ്ഞ പാവങ്ങളുടെ കാര്യം മനസ്സിലാക്കാന്‍. അയല്‍വാസിയുടെ മതം നോക്കിയിട്ടല്ല അവനെ സഹായിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്നാണ് പ്രവാചക വചന സാരാംശം. ഇത്രമേല്‍ പ്രവിശാലവും മഹിതവുമാണ് വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമും ഉയര്‍ത്തിക്കാണിക്കുന്ന മാനവികത.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x