3 Tuesday
December 2024
2024 December 3
1446 Joumada II 1

കയ്യെഴുത്ത് പ്രതികളുടെ സഞ്ചാരവും വൈജ്ഞാനിക പ്രസരണവും

ഡോ. മനാന്‍ അഹ്മദ്


കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറും കമ്മിറ്റി ഓണ്‍ ഗ്ലോബല്‍ തോട്ട് അംഗവുമാണ് മനാന്‍ അഹ്മദ്. മുസ്ലിം വേള്‍ഡ് മാനുസ്‌ക്രിപ്റ്റ് (MWM) പ്രൊജക്റ്റിനെ സംബന്ധിച്ച അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
? പല തരത്തിലുമുള്ള സമ്പര്‍ക്കങ്ങളെയും സംക്രമണങ്ങളെയും ഈ മാനുസ്‌ക്രിപ്റ്റുകളില്‍ ചിലത് പ്രതിഫലിപ്പിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന ഏതാനും ഉദാഹരണങ്ങള്‍ പറയാമോ; അതുപോലെ തന്നെ ഇത് എങ്ങനെ അധ്യാപനത്തോട് ബന്ധപ്പെട്ടിരിക്കുന്നു എന്നും.
തീര്‍ച്ചയായും. ഞാനീ പറഞ്ഞതുതന്നെ ക്ലാസ്മുറിയില്‍ എങ്ങനെ മെറ്റീരിയല്‍ കള്‍ച്ചറിന്റെ സര്‍ഗപരത വികസിപ്പിക്കാനും ആഴത്തില്‍ മനസ്സിലാക്കാനുമായി വിനിയോഗിക്കാം എന്നതിനുള്ള ഉദാഹരണങ്ങളാണ്. ഒരു ഉദാഹരണം കൂടി പറയാം. MS Or 38 എന്ന മാനുസ്‌ക്രിപ്റ്റ് പരിഗണിക്കാം. പന്ത്രണ്ടാം നൂറ്റാണ്ടിലെ അങ്കഗണിതത്തെക്കുറിച്ചുള്ള പ്രസിദ്ധമായൊരു രേഖയുടെ തര്‍ജമയാണിത്. ഇതിന്റെ മൂലപാഠം 1150ല്‍ ഭാസ്‌കരാചാര്യന്‍ സംസ്‌കൃതത്തില്‍ എഴുതിയ ബോധന ഗ്രന്ഥമാണ്. നമ്മുടെ പക്കലുള്ള ഈ പകര്‍പ്പ് 1711ല്‍ ലാഹോറില്‍ വെച്ച് പകര്‍ത്തി എഴുതപ്പെട്ട അതിന്റെ പേര്‍ഷ്യന്‍ തര്‍ജമയാണ്. അതുതന്നെ മിക്കവാറും കുറച്ചുകൂടി മുമ്പത്തെ മറ്റൊരു പേര്‍ഷ്യന്‍ തര്‍ജമയെ ആധാരമാക്കിയായിരിക്കണം.
പേര്‍ഷ്യനിലേക്കുള്ള മൂലതര്‍ജമ 1587ല്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം മുഗള്‍ സാമ്രാജ്യത്തിലെ ആസ്ഥാന കവിയായ അബുല്‍ ഫൈസ് ചെയ്തതാണ്. ഞങ്ങളുടെ ശേഖരത്തിലെ ഈ കൈയെഴുത്തുപ്രതി ലാഹോര്‍ ഭരിച്ചിരുന്ന മുഹമ്മദ് ഷാക്ക് സമര്‍പ്പിച്ചിരിക്കുന്നതാണ്. ഇത് മുഗള്‍ സാമ്രാജ്യത്തിലെ ബഹദൂര്‍ ഷാ (1643-1712) ആയിരിക്കാനാണ് കൂടുതല്‍ സാധ്യത. 1712ല്‍ ബഹദൂര്‍ ഷാ അന്തരിക്കുന്നതിനു കേവലം ഒരു വര്‍ഷം മുമ്പായിരിക്കണം ഈ പ്രതി അദ്ദേഹത്തിന് സമര്‍പ്പിച്ചതും പിന്നീട് ഞങ്ങളുടെ ശേഖരത്തില്‍ എത്തിച്ചേര്‍ന്നതും.
മുഗള്‍ രാജസദസ്സില്‍ ശാസ്ത്രീയ ജ്ഞാനവും സാമൂഹിക നിയന്ത്രണങ്ങളും എങ്ങനെ ഇടകലര്‍ന്നു കിടന്നുവെന്നു വെളിവാക്കിത്തരുന്ന ആകര്‍ഷകമായൊരു ഉദാഹരണമാണ് ഈ തര്‍ജമ. ഇതൊരു ബോധന ഗ്രന്ഥമാണ്. അതുകൊണ്ട് ഇതില്‍ കുട്ടികള്‍ക്കുള്ള അഭ്യാസപ്രവര്‍ത്തനങ്ങള്‍, സഹായകമായ ഉത്തരങ്ങളും സൂചനകളും, സ്ഥിരമായി ഉപയോഗത്തിലിരുന്നതിന് തെളിവായുള്ള കുറിപ്പുകളും എല്ലാമുണ്ട്. ഇതെല്ലാം മുഗള്‍ കാലഘട്ടത്തില്‍ ഹിന്ദുസ്ഥാനില്‍ നിലവിലിരുന്ന ജ്ഞാനോല്‍പാദന-വിതരണ സംവിധാനങ്ങളുടെ ഘടനയെക്കുറിച്ച് വിവരംനല്‍കുന്നവയാണ്.

? ഈ ശേഖരത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ താങ്കള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
എനിക്ക് താല്‍പര്യമുള്ളതും ഞാന്‍ ക്ലാസില്‍ പഠിപ്പിച്ചിട്ടുള്ളതുമായ ചില മാനുസ്‌ക്രിപ്റ്റുകളുണ്ട്. എന്നാല്‍ ഈ ശേഖരം ഒന്നാകെ, പ്രത്യേകിച്ചും അവയുടെ ഉറവിടം എനിക്ക് താല്‍പര്യമുള്ളതാണ്. 20ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു സര്‍വകലാശാലകളില്‍ പൗരസ്ത്യ പഠനവിഭാഗങ്ങളിലുള്ള താല്‍പര്യത്തോട് ഈ മാനുസ്‌ക്രിപ്റ്റുകളുടെ ഉറവിടങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന ചോദ്യം എന്നെ വളരെ ആകര്‍ഷിക്കുന്നതാണ്. ഉത്തര പൗരസ്ത്യദേശത്തു പൊതുവേ പൗരസ്ത്യ പഠനങ്ങളിലുള്ള താല്‍പര്യം വളര്‍ന്ന വഴിയെ അത് പ്രതിഫലിപ്പിക്കുന്നു എന്ന കാര്യമാണ് ഈ ശേഖരത്തെ സംബന്ധിച്ച് കൗതുകകരമായുള്ളത്. കൂടുതലും മുന്‍കാലങ്ങളില്‍ രൂപംകൊണ്ട പല യൂറോപ്യന്‍ ഇസ്‌ലാമിക മാനുസ്‌ക്രിപ്റ്റ് ശേഖരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് താരതമ്യേന അടുത്ത കാലത്തുണ്ടായ ശേഖരമാണ്. അതും ഏറക്കുറേ ഈ യൂനിവേഴ്‌സിറ്റിയുടെ ബോധന താല്‍പര്യങ്ങളാല്‍ രൂപം കൊണ്ടത്.
സൗന്ദര്യാത്മകമോ വിരളമോ വിലപിടിപ്പുള്ളതോ എന്നു നോക്കിയല്ല, ബൗദ്ധിക മൂല്യം നോക്കിയാണ് ഈ ശേഖരത്തിലേക്ക് പല മാനുസ്‌ക്രിപ്റ്റുകളും ചേര്‍ത്തത്, അഥവാ സംഭാവന ചെയ്യപ്പെട്ടത്. അറബിക്, ഹീബ്രു, സിറിയക്, സംസ്‌കൃതം, അവസ്റ്റ എന്നിവ 18ാം നൂറ്റാണ്ട് മുതല്‍ തന്നെ പഠിപ്പിച്ചുതുടങ്ങിയിരുന്നു. നിയതമായി, ചിട്ടയോടെ 1880കളുടെ മധ്യത്തോടെ (ഒരുപക്ഷെ 1886-87 കാലത്ത്) അന്ന് ഓറിയന്റല്‍ ഡിപാര്‍ട്ട്‌മെന്റ് എന്നറിയപ്പെട്ട പഠനവിഭാഗത്തില്‍ പഠിപ്പിച്ചുതുടങ്ങി. ഓറിയന്റല്‍ ഡിപാര്‍ട്ട്‌മെന്റ് ആദ്യകാലത്തു ശ്രദ്ധ കേന്ദ്രീകരിച്ചുവന്നത് സെമിറ്റിക്, ഇന്‍ഡോ-ഇറാനിയന്‍ ഭാഷകളിലായിരുന്നു.
പിന്നീട് അര്‍മീനിയന്‍, തുര്‍ക്കിഷ്, പേര്‍ഷ്യന്‍, കുര്‍ദിഷ് എന്നിവയും ഉള്‍പ്പെടുത്തി വിപുലപ്പെടുത്തി. ഭാഷാപഠനങ്ങളിലും മതപഠനങ്ങളിലും, അതായത് ലോക മതങ്ങള്‍ എന്നൊരു പഠനവിഭാഗമായി ആയിരുന്നു ഈ ഡിപാര്‍ട്ട്‌മെന്റിന്റെ പ്രധാന താല്‍പര്യങ്ങള്‍. ഇത് എത്രത്തോളം പ്രസക്തമാണ്, അര്‍ഥഗര്‍ഭമാണ് എന്നാലോചിച്ചുനോക്കൂ.
ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക് മാനുസ്‌ക്രിപ്റ്റ് ശേഖരത്തിന്റെ ബൃഹദ് ഭാഗവുമായ സ്മിത്ത്/ പ്ലിംറ്റണ്‍ ശേഖരമുള്‍പ്പെടെ പല മുഖ്യ ശേഖരങ്ങളും ഇവിടത്തെ മാനുസ്‌ക്രിപ്റ്റ് ശേഖരത്തിന്റെ ഭാഗമായതോടെ അത് ഗണ്യമായി വളര്‍ന്നു. അതിനു പുറമേ ശ്രദ്ധേയമായ ചില ചെറിയ സംഭാവനകളും അക്വിസിഷനുകളും ചില പ്രതികള്‍ വാങ്ങലും ഉണ്ടായിട്ടുണ്ട്. റെയിന്‍ ഹാര്‍ഡില്‍ നിന്ന് വാങ്ങിയ ചില ഗംഭീര കൈയെഴുത്തു പ്രതികള്‍ അവയുടെ സൗന്ദര്യാത്മക മൂല്യം കാരണം വാങ്ങിയത് ഉദാഹരണം.
അതുകൊണ്ട് ഈ ശേഖരങ്ങളുടെ വന്ന വഴി, അവ എങ്ങനെ ഞങ്ങളുടെ ശേഖരത്തിലെത്തി എന്നു മാത്രമല്ല, അവ ശേഖരിക്കപ്പെടുന്നതിനും കൊളംബിയയിലേക്ക് എത്തുന്നതിനും മുമ്പത്തെ യാത്ര നിരീക്ഷിക്കുന്നത് കൗതുകകരമായിരിക്കും. അതിപ്രധാനമായ ചില പഠനരേഖകള്‍, അല്ലെങ്കില്‍ വിരളമായ സുന്ദരമായ രേഖകളുടെ ഉറവിടം തിരഞ്ഞുപോകുന്നതിന് ഇത് പ്രധാനമാണ്. എനിക്ക് അതേപോലെ തന്നെ താല്‍പര്യമുള്ളതാണ് രേഖകളുടെ ശകലങ്ങള്‍, അവ എങ്ങനെ അവതരിപ്പിക്കപ്പെട്ടു, ഉപയോഗിക്കപ്പെട്ടു, കൈമാറ്റം ചെയ്യപ്പെട്ടു എന്നിവയെല്ലാം. എനിക്ക് സങ്കീര്‍ണമായി തോന്നിയ ഒരു പേരാണ് ത ശേഖരം (ഡ്യൂയി ലൈബ്രറി സിസ്റ്റം അനുസരിച്ചു ഭാഷയുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയതും ഡ്യൂയി നമ്പറുകള്‍ക്ക് മുന്‍പില്‍ ത എന്ന് ഭാഷാ വര്‍ഗീകരണത്തെ കുറിക്കാനായി രേഖപ്പെടുത്തിയതുമായ ശേഖരം). വ്യവസ്ഥപ്പെടുത്താനായി എന്തെല്ലാം രീതികളാണ് അവലംബിച്ചത്, അവ വടക്കേ അമേരിക്കന്‍ സര്‍വകലാശാലകളിലെയും ലൈബ്രറികളിലെയും ജ്ഞാനോല്‍പാദനത്തിന്റെയും പ്രതിനിധാനത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് നമ്മോട് പറയുന്നത്? ഇഡഘ ന്റെ ശേഖരങ്ങളും നഗരത്തിലെയും വടക്കുകിഴക്കന്‍ ഭാഗങ്ങളിലെയും മറ്റു ശേഖരങ്ങളും തമ്മില്‍ എന്ത് ബന്ധമാണ് ഉണ്ടായിരുന്നത് എന്ന് കണ്ടെത്താന്‍ എനിക്ക് കൗതുകമുണ്ട്, ഉദാഹരണത്തിന് മോര്‍ഗന്‍ ലൈബ്രറി ശേഖരം, ചഥജഘ ശേഖരം എന്നിവയൊക്കെ തമ്മില്‍. ജൃീ്‌ലിമിരല അഥവാ ഉറവിടം എന്ന ആശയവും അത് near eastern, middle eastern, south asian സ്റ്റഡീസ് എന്നിവ ഈ രാജ്യത്ത് ആരംഭിച്ചതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അന്വേഷിക്കുന്നത് പ്രയോജനകരമായ സംരംഭമായിരിക്കും.

Back to Top