27 Saturday
July 2024
2024 July 27
1446 Mouharrem 20

മന്ത്രവാദവും അത്ഭുത ചികിത്സയും

പി കെ മൊയ്തീന്‍ സുല്ലമി


രോഗശമനത്തിന് അല്ലാഹുവോടുള്ള പ്രാര്‍ഥനക്കാണ് മന്ത്രം എന്നു പറയുക. ഇതിന് അറബി ഭാഷയില്‍ റുക്വ്‌യ എന്നാണ് പറയുന്നത്. ശാരീരിക ക്ഷമതക്കു വേണ്ടിയും രോഗം സുഖപ്പെടുത്തുന്നതിനും നബി(സ) മന്ത്ര പ്രാര്‍ഥന നടത്തിയിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. മന്ത്രവാ ദം അനിസ്‌ലാമികമാണ്. മന്ത്രം തന്നെയും പ്രാര്‍ഥന എന്ന അര്‍ഥ തലത്തിലാണ് പ്രമാണങ്ങളില്‍ വന്നിരിക്കുന്നത്. ആഇശ (റ) പറയുന്നു: ”നബി(സ) ഉറങ്ങാന്‍ കിടക്കുമ്പോള്‍ ‘മുഅവ്വദാത്ത്’ ഓതി കൈകളില്‍ ഊതുകയും അവകൊണ്ട് ശരീരം തട വുകയും ചെയ്യാറുണ്ടായിരുന്നു.” (ബുഖാരി, മുസ്‌ലിം) നബി (സ) രോഗാവസ്ഥയിലും അപ്രകാരം ഓതി ശരീരം തടവിയിരുന്നതായി ആഇശയില്‍(റ) നിന്നു സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
മന്ത്രവാദത്തില്‍ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്നതും ഹറാമായതും ഉണ്ട്. രോഗശമനത്തിനും മാനസിക വിഭ്രാന്തിക്കും മാട്ടുമാരണങ്ങളില്‍ നിന്നും കണ്ണേറില്‍ നിന്നും മോചനം ലഭിക്കുന്നതിനും പിശാചുക്കളുടെ പോക്കുവരവുകള്‍ നിയന്ത്രിക്കാനും കുടുംബശൈഥില്യം ഒഴിവാക്കാനും മറ്റും മന്ത്രവാദങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് പരസ്യം. അതിന് അവര്‍ ഉപയോഗപ്പെടുത്താറുള്ളത് ചെമ്പിന്‍ തകിട്, ഏലസ്, ഉറുക്ക്, വ്യത്യസ്ത രൂപങ്ങള്‍, നൂല്, കുപ്പി, വടി, വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ എന്നിവകളാണ്. മന്ത്രവാദികള്‍ ഏറ്റവുമധികം ദുരുപയോഗം ചെയ്യാറുള്ളത് ഖുര്‍ആന്‍ വചനങ്ങളെയാണ്.
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു ഇറക്കിയത് ശാരീരിക രോഗശമനം ഉദ്ദേശിച്ചല്ല. മറിച്ച് മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കാനാണ്. ”തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു” (ഇസ്‌റാഅ് 9). ഖുര്‍ആന്‍ ശിഫയാണ് എന്ന് പറഞ്ഞത് മനസ്സുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കാണ്. ശിര്‍ക്ക്, കുഫ്ര്‍, കാപട്യം, കിബ്ര്‍, അസൂയ, ഏഷണി, ലൈംഗിക വിഭ്രാന്തി തുടങ്ങിയ രോഗങ്ങള്‍ക്ക്. ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നു കിട്ടിയിരിക്കുന്നു.” (യൂനുസ് 57)
എന്നാല്‍ മന്ത്രവാദികള്‍ ഖുര്‍ആന്‍ കൊണ്ട് ചികിത്സ നടത്താറുണ്ട്. പഴയ കാലത്ത് സുഖപ്രസവത്തിനു സൂറത്ത് ‘ഇന്‍ശിഖാഖി’ലെ ആദ്യ അഞ്ചു വചനങ്ങള്‍ പിഞ്ഞാണത്തിലെഴുതിയ മഷി കുടിപ്പിക്കലായിരുന്നു ചികിത്സ. ഈ വചനങ്ങളില്‍ പ്രസവത്തെ സംബന്ധിക്കുന്ന ഒരു സൂചന പോലുമില്ല. ചങ്കില്‍ മുള്ളുതറച്ചാല്‍ വാഖിഅയിലെ 83, 84 വചനങ്ങള്‍ ഓതാനാണ് ഇവര്‍ നിര്‍ദേശിക്കാറുള്ളത്. ഈ വചനങ്ങളില്‍ പറയുന്നത് മനുഷ്യന്റെ മരണാവസ്ഥയിലുള്ള നിസ്സഹായാവസ്ഥയെക്കുറിച്ചാണ്. ഒരാള്‍ക്ക് തീ പൊള്ളിയാല്‍ ഇവര്‍ നിര്‍ദേശിക്കാറുള്ളത് അന്‍ബിയാഇലെ 69-ാം വചനമാണ്. ഇബ്‌റാഹിം നബി(അ)യുടെ ‘മുഅ്ജിസത്തു’മായി ബന്ധപ്പെട്ടതാണ് ഈ വചനം.
അല്ലാഹു പറയുന്നു: ”തുച്ഛമായ വിലക്ക് ഭൗതിക നേട്ടത്തിനു വേണ്ടി എന്റെ വചനങ്ങളെ നിങ്ങള്‍ വില്‍ക്കരുത്.” (അല്‍ബഖറ 4) നബി(സ) പറയുന്നു: ”ജനങ്ങളെ പറ്റിച്ചു തിന്നാന്‍ വേണ്ടി വല്ലവനും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന പക്ഷം (ഉപയോഗപ്പെടുത്തിയാല്‍) അന്ത്യദിനത്തില്‍ അവര്‍ മുഖത്ത് മാംസമില്ലാതെ എല്ലുകളുമായി വരുന്നതാണ്.” (ബൈഹഖി) രോഗത്തിന് ശമനമായി അല്ലാഹുവും റസൂലും നിശ്ചയിച്ചിട്ടുള്ളത് മന്ത്രമല്ല. മറിച്ച് മരുന്നാണ്. മരുന്ന് ഫലിക്കാനുള്ള പ്രാര്‍ഥനയാണ് മന്ത്രം. അതാണ് നബി(സ)യുടെ മാതൃകയും.
തേള്‍ കുത്തിയപ്പോള്‍ നബി(സ) മന്ത്രിക്കുകയല്ല ചെയ്തത്. ഉപ്പും വെള്ളവും ചേര്‍ത്ത ലായനി പുരട്ടുകയും ശേഷം ‘മുഅവ്വദതൈനി’ ഓതി പ്രാര്‍ഥിക്കുകയും ചെയ്തു. (ബൈഹഖി) ഉഹ്ദ് യുദ്ധ വേളയില്‍ പ്രവാചകന്റെ മുഖത്ത് പടത്തൊപ്പിയുടെ ആണി തറച്ച് രക്തമൊഴുകിയപ്പോള്‍ അത് നില്‍ക്കാന്‍ മന്ത്രവാദികളെ സമീപിക്കുകയല്ല, വൈദ്യന്മാരെ സമീപിച്ച് ചികിത്സിക്കുകയാണ് ചെയ്തത്. എന്നിട്ടും രക്തം നിന്നില്ല. അക്കാര്യം ഇബ്‌നുല്‍ ഖയ്യിം (റ) രേഖപ്പെടുത്തുന്നു: രക്തം നില്‍ക്കുന്നില്ലായെന്ന് ഫാത്തിമ(റ) കണ്ടപ്പോള്‍ അവര്‍ പായയുടെ ഒരു കഷ്ണം മുറിച്ചെടുക്കുകയും അത് ചുട്ടുകരിച്ച വെണ്ണീര്‍ മുറിവില്‍ ഒട്ടിച്ചുവെക്കുകയും രക്തം പിടിച്ചു നിര്‍ത്തുകയും ചെയ്തു.” (ബുഖാരി, സാദുല്‍മആദ് 4:49)
രോഗമായാല്‍ ചികിത്സിക്കാനാണ് നബി(സ)യുടെ കല്‍പന. നബി(സ) പറഞ്ഞു: ”എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിനുള്ള മരുന്ന് സേവിക്കുന്ന പക്ഷം അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നതാണ്” (മുസ്‌ലിം 2204).
രോഗമുണ്ടാക്കുന്നത് പിശാചാണ് എന്നാണ് മന്ത്രവാദികളുടെ ജല്‍പനം. അത് ശിര്‍ക്കന്‍ വാദമാണ്. രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷപ്പെടുന്നതാണ്” (ആലു ഇംറാന്‍ 186) പ്രവാചകന്‍ പറയുന്നു: ”അല്ലാഹു ശമനം ഇറക്കാതെ ഒരു രോഗവും ഇറക്കിയിട്ടില്ല.”(ബുഖാരി). ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: ”സ്വയം ചികിത്സയും തന്റെ കുടുബത്തോടും സന്തത സഹചാരികളോടും ചികിത്സിക്കാന്‍ കല്‍പിക്കലും നബി(സ)യുടെ ചര്യയില്‍പെട്ടതാണ്.” (സാദുല്‍മആദ് 4:10)
നബി(സ) മന്ത്ര പ്രാര്‍ഥന നടത്താന്‍ കല്‍പിച്ചിരുന്നു. അതും ചികിത്സക്കു ശേഷം. എന്നാല്‍ മറ്റുള്ളവരെക്കൊണ്ട് മന്ത്രിപ്പിക്കുന്നത് നബി(സ) പ്രോത്സാഹിപ്പിച്ചിട്ടില്ല. നബി പറയുന്നു: ”എഴുപതിനായിരത്തോളം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ലക്ഷണം നോക്കാത്തവരും മന്ത്രിപ്പിക്കാത്തവരുമാണ്.” (ബുഖാരി, മുസ്‌ലിം)
ഇമാം തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍, ‘പച്ചകുത്തുന്നവരും മന്ത്രിപ്പിക്കുന്നവരും അല്ലാഹുവില്‍ ഭരമേല്‍പിക്കാത്തവരാണ്’ എന്നു പറയുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ”പച്ചകുത്തുന്നവരും മന്ത്രിപ്പിക്കുന്നവരും അല്ലാഹുവിന് ‘തവക്കുല്‍’ ചെയ്യാത്തവരാണ്” (നസാഈ). ഈ വിഷയത്തില്‍ ഇബ്‌നു തൈമിയ്യ(റ) പറയുന്നു: ”നബി(സ)യുടെ ചര്യ സ്വയം മന്ത്രപ്രാര്‍ഥന നടത്തലായിരുന്നു. മറ്റുള്ള (സ്വഹാബത്തിന്റെ) വരുടെയും ചര്യ അപ്രകാരമായിരുന്നു. നബി(സ) ആരോടും തനിക്കു വേണ്ടി മന്ത്രിക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. തീര്‍ച്ചയായും അപ്രകാരം സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.” (ഫതാവ ഇബ്‌നി തൈമിയ്യ 1:328)
മന്ത്രവാദികളുടെ പ്രധാനപ്പെട്ട മറ്റൊരു തൊഴിലാണ് പിശാചിനെ അടിച്ചും മന്ത്രിച്ചും ശരീരത്തില്‍ നിന്നും ഇറക്കല്‍. അതിന് മന്ത്രവാദികള്‍ പറയുന്ന പേരാണ് ‘നുശ്‌റത്ത്’ (ശറഹു മുസ്‌ലിം 7:426) ‘പിശാചിനെ മനുഷ്യര്‍ കാണുന്നതല്ല’ (അഅ്‌റാഫ് 27) കാണാന്‍ കഴിയാത്ത വസ്തുവിനെ എങ്ങനെയാണ് ഇറക്കുക? ”ജാബിര്‍(റ) പ്രസ്താവിച്ചു: നബി(സ) യോട് പിശാചിനെ ഇറക്കുന്നത് സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: അത് (പിശാചിനെ ഇറക്കല്‍) പിശാചിന്റെ ഏര്‍പ്പാടില്‍ പെട്ടതാണ്’. (അബൂദാവൂദ്: 2868)
പിശാചിനെ ഇറക്കല്‍ സിഹ്‌റില്‍ പെട്ടതാണ് എന്നാണ് ഇമാം നവവി രേഖപ്പെടുത്തിയത്. ഹസന്‍(റ) പറയുന്നു: പിശാചിനെ ഇറക്കല്‍ സിഹ്്‌റില്‍ പെട്ടതാകുന്നു (ശറഹു മുസ്‌ലിം 7:426). ചില ഹദീസുകളില്‍ നബി(സ) ചില പ്രത്യേക രോഗങ്ങള്‍ക്ക് പ്രത്യേകം പ്രാര്‍ഥന നിര്‍വഹിക്കാന്‍ കല്‍പിച്ചത് ചികിത്സ വേണ്ടാ എന്ന നിലക്കല്ല. ചികിത്സക്കു ശേഷമാണ് പ്രാര്‍ഥനകള്‍.
മന്ത്രവാദത്തിന്റെ വകുപ്പില്‍ പെട്ട ചില കാര്യങ്ങള്‍ നബി(സ) നമുക്ക് വിശദീകരിച്ചു തരുന്നത് ശ്രദ്ധിക്കുക. ‘നബി (സ) പറഞ്ഞു: തീര്‍ച്ചയായും എല്ലാ പൈശാചിക മന്ത്രങ്ങളും, ഏലസ്സ്, ഉറുക്കുകളും ഭാര്യ ഭര്‍ത്താക്കന്മാരെ പരസ്പരം സ്‌നേഹിപ്പിക്കാനുള്ള സിഹ്‌റും ശിര്‍ക്കാകുന്നു’. (അഹ്മദ്, അബൂദാവൂദ്). ‘വല്ലവനും ഉറുക്ക് ശരീരത്തില്‍ ബന്ധിച്ചാല്‍ തീര്‍ച്ചയായും അവന്‍ ശിര്‍ക്കു ചെയ്തു.” (ഹാകിം)
ഭക്ഷണത്തില്‍ ഊതുന്ന രീതി മന്ത്രവാദികളുടേതാണ്. ഇസ്‌ലാം മ്ലേച്ഛമായി കാണുന്ന സംഗതിയാണത്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു” (അല്‍ബഖറ 222) നബി(സ) പറയുന്നു: ”ശുചിത്വം ഈമാനിന്റെ പകുതിയാണ്.” (ബുഖാരി, മുസ്‌ലിം). ”നിങ്ങളില്‍ ആരെങ്കിലും പാനീയം കുടിക്കുന്ന പക്ഷം അവന്‍ പാത്രത്തില്‍ ഊതരുത്.” (ബുഖാരി: 5630)
എന്നാല്‍ പാത്രത്തിന്റെ പുറത്ത് ഊതാവുന്നതാണ്. അനസ്(റ) പാത്രത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഊതാറുണ്ടായിരുന്നു (ബുഖാരി 5631). മേല്‍ പറഞ്ഞ രണ്ട് ഹദീസുകളും ഇബ്‌നുഹജര്‍ (റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഊത്ത് നിരോധിച്ചു കൊണ്ടുള്ള കല്‍പന പാത്രത്തിന്റെ ഉള്ളിലേക്ക് ഊതുന്നതിനെ സംബന്ധിച്ചാണ്. ഊതാനുള്ള അനുവാദം പാത്രത്തിന്റെ പുറം ഭാഗത്തേക്കുള്ളതുമാണ്.” (ഫത്ഹുല്‍ബാരി 12:654)
അപ്രകാരം തന്നെയാണ് ഇമാം മുസ്‌ലിം ഉദ്ധരിച്ചതും. അതിലെ ഒരധ്യായം ഇപ്രകാരമാണ്. ”പാത്രത്തില്‍ ഊതല്‍ വെറുക്കപ്പെട്ടതാണ് എന്നും പാത്രത്തിന്റെ പുറത്തേക്ക് മൂന്ന് പ്രവാശ്യം ഊതുന്നത് ഗുണകരമാണെന്നും വിശദീകരിക്കുന്ന അധ്യായം” (സ്വഹീഹു മുസ്്‌ലിം 7:217) അതില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക: ”പാത്രത്തില്‍ ഊതുന്നതിനെ നബി(സ) നിരോധിച്ചിരിക്കുന്നു.” (മുസ്‌ലിം 267) നബി(സ) പറഞ്ഞതായി ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: പാത്രത്തില്‍ ശ്വാസം വിടുന്നതും അല്ലെങ്കില്‍ ഊതുന്നതും നബി (സ) നിരോധിച്ചിരിക്കുന്നു. (തിര്‍മിദി) ശ്വാസം വിടല്‍ തന്നെയാണ് ഊതുകയെന്നതും. രണ്ടും ഒന്നു തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x