മന്ത്രവാദ മരണം ഉറക്കം നടിക്കുന്നവര്‍ കണ്ണു തുറക്കുമോ?
ശുക്കൂര്‍ കോണിക്കല്‍
മന്ത്രവാദ മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുമ്പോഴും കണ്ണ് മുറുക്കിചിമ്മി ഞങ്ങളൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ കഴിയുന്ന രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വങ്ങളുടെ സമീപനം തിരുത്തിയേ പറ്റൂ. സമൂഹത്തെ ഗ്രസിച്ച് കഴിഞ്ഞ അന്ധവിശ്വാസ അനാചാരങ്ങളെ നിര്‍ഭയമായി എതിര്‍ക്കാന്‍ ഈ നേതൃത്വങ്ങള്‍ക്ക് കഴിയാതിരിക്കുന്നതിലെ ലളിത യുക്തി എല്ലാവര്‍ക്കുമറിയാം. ആത്മീയ ചൂഷകരില്‍ നിന്നും ലഭിക്കുന്ന അവിഹിത സംഭാവനകളും വോട്ടു ബാങ്കും തന്നെ. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാറിന് അയച്ച സാഹചര്യത്തില്‍ എല്ലാവരും മറ്റ് താല്‍പര്യങ്ങള്‍ മാറ്റി വെച്ച് ബില്‍ നിയമമാക്കാന്‍ ഒന്നിച്ചണി നിരക്കേണ്ട സന്ദര്‍ഭമാണിത്. അന്ധവിശ്വാസ ദുരന്തങ്ങളെക്കുറിച്ച് എല്ലാവരും വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും പരിഹാരത്തിനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് മൗനം ദീക്ഷിക്കുകയും ഇടപെടാതെ മാറി നില്‍ക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ധീരമായി അഭിപ്രായം പറയുന്നവരെ ചൂഷക ലോബി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങളുടെ ഫലമായി മരണങ്ങളും പീഡനങ്ങളും തുടര്‍ക്കഥകള്‍ ആകുമ്പോഴും കുറ്റകരമായ മൗനം ഭീതിപ്പെടുത്തുന്നുണ്ട്. ഐ എസ് എം ന്റെ നേതൃത്വത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കുകയും സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെ നിരവധി പ്രതിഷേധ സമരങ്ങള്‍ സംസ്ഥാനത്ത് അലയടിക്കുകയും ചെയ്തിരുന്നു. നിയമസഭ സാമാജികര്‍ക്ക് ബില്ലിലെ നിര്‍ദ്ദേശങ്ങളുടെ കരട് തയ്യാറാക്കി നല്‍കുകയും നിയമസഭയില്‍ വിഷയം ചര്‍ച്ചയാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായാകാം നിയമ പരിഷ്‌കരണ കമ്മീഷന്റെ പുതിയ ചുവട് വെയ്പ്.
ഏതായാലും സമൂഹം ഒന്നിച്ച് ഈ ആത്മീയ ചൂഷകരെ ഒറ്റപ്പെടുത്തി അവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പുവരുത്താനുള്ള നിയമനിര്‍മാണം സാധ്യമാക്കാന്‍ കൈകോര്‍ക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങുന്ന അഭ്യസ്തവിദ്യരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരിലേക്ക് ചതിക്കുഴികളുടെ ആഴത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ ഇസ്ലാഹി പ്രസ്ഥാനവും സമാനമനസ്‌കരും മുന്നോട്ട് വരികയും ചെയ്യേണ്ടിയിരിക്കുന്നു.