മന്ത്രവാദ ചികിത്സകരെ നിയന്ത്രിക്കണം
ടി കെ മൊയ്തീന്‍ മുത്തന്നൂര്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന മന്ത്രവാദ-ആത്മീയ-സിദ്ധ കേന്ദ്രങ്ങളുടെ മറവില്‍ ജിന്ന്-പിശാച് അടിച്ചിറക്കലും സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നടന്നുകൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ രണ്ടു സ്ത്രീകളുടെ കൊലപാതകം.
സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൂടി പ്രലോഭനം നടത്തി, മുമ്പ് 75കാരിയെ പീഡിപ്പിച്ച, മുഹമ്മദ് ഷാഫി എന്ന സിദ്ധനാണ് ഈ കൊലപാതക സംഭവത്തിലെ വില്ലന്‍. മറ്റു സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നരബലികളെ വെല്ലുന്ന തരത്തിലാണിപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളും ആധുനിക വാര്‍ത്താമാധ്യമങ്ങളും ഉപയോഗിച്ച് ആളുകളെ വലയില്‍ വീഴ്ത്തുന്ന ഇത്തരം സിദ്ധന്മാരുടെയും ജോത്സ്യന്മാരുടെയും തട്ടിപ്പുകള്‍ക്കെതിരെ ഗവണ്മെന്റും നിയമപാലകരും ശക്തമായ നടപടി സ്വീകരിക്കണം.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന ഗവണ്മെന്റിന്റെ പ്രഖ്യാപനം ചായക്കോപ്പയിലെ കൊടുങ്കാറ്റായി നില്‍ക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരുന്ന ബുദ്ധിജീവികളെന്ന് അവകാശപ്പെട്ടിരുന്ന ഇടതു പ്രസ്ഥാനക്കാര്‍ മന്ത്രവാദ-സിദ്ധ കേന്ദ്രങ്ങള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുമ്പ് സമരവും പ്രകടനങ്ങളും നടത്തിയിരുന്നത് ഓര്‍ക്കുകയാണ്. യുക്തിവാദികളെന്ന് അവകാശപ്പെടുന്ന ഇവരൊക്കെ ചരമമടഞ്ഞവരെ കൈകൂപ്പി ഭക്തി പ്രകടിപ്പിക്കുന്നവരും 13 എന്ന അക്കത്തെ ഭയപ്പെടുന്നവരുമാണല്ലോ. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുകയും ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യണം.